പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്മാർട്ട്ഫോണുകൾക്കായി 'മ്യൂസ് എഐ' അസിസ്റ്റന്റ് അവതരിപ്പിച്ച് വെറും ഒരു മാസത്തിനകം ഐപാഡിനായി പ്രത്യേക ആപ്പ് പുറത്തിറക്കി മെറ്റ. കൂടാതെ വിൻഡോസ് ഉപയോക്താക്കൾക്കായുള്ള പതിപ്പും ഉടൻ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു.
സെപ്റ്റംബർ 8ന് അവതരിപ്പിച്ചതുമുതൽ ഇതുവരെ 6.6 ദശലക്ഷത്തിലധികം തവണയാണ് മ്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടത്. വെറുമൊരു ചാറ്റ്ബോട്ട് എന്നതിലുപരി കാര്യങ്ങൾ സ്വയം ചെയ്തുതീർക്കാൻ കഴിയുന്ന ഒരു എഐ ഏജന്റായാണ് മ്യൂസ് പ്രവർത്തിക്കുന്നത്.
ഫ്ലൈറ്റ് ബുക്ക് ചെയ്യുക, കലണ്ടർ നിയന്ത്രിക്കുക, ബില്ലുകൾ അടയ്ക്കുക, ഇമെയിലുകൾ അയക്കുക തുടങ്ങിയ കാര്യങ്ങൾ ഇത് ചെയ്യും.'മ്യൂസ് സെക്യൂർ വിഎം' എന്ന പ്രത്യേക ക്ലൗഡ് സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവർത്തനം. പണം ചെലവഴിക്കുന്നത് പോലുള്ള സുപ്രധാന കാര്യങ്ങൾ ചെയ്യും മുമ്പ് ഉപയോക്താക്കളുടെ അനുമതി തേടാൻ മ്യൂസ് പ്രോഗ്രാം ചെയ്തിരിക്കുന്നു.
കാൻവ, ഡ്രോപ്പ്ബോക്സ്, ഫിഗ്മ, സൂം , അസാന, നോഷൻ, ഗ്രാനോള തുടങ്ങിയ നിരവധി പ്രമുഖ വർക്ക് ടൂളുകളുമായി മ്യൂസിനെ ബന്ധിപ്പിക്കാൻ സാധിക്കും. കൂടാതെ വാൾമാർട്ട്, ബെസ്റ്റ് ബൈ തുടങ്ങിയ വലിയ സ്ഥാപനങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്താനും ഇത് സഹായിക്കും.
സ്മാർട്ട്ഫോണുകൾ, മാക്, ഐപാഡ്, വെബ്, വാട്സാപ്പ് എന്നിവയ്ക്ക് പുറമെയാണ് ഇപ്പോൾ ഐപാഡിലേക്കും ഈ സേവനം എത്തിയിരിക്കുന്നത്.
Tags : technology meta muse museai ipad windows