Kerala
കണ്ണൂർ: തലശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചില്ഡ്രന്സ് ഹോമില് നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു.
പൊലിസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. കുട്ടികളെ കണ്ടെത്താൻ പൊലിസ് അന്വേഷണം ഊർജിതമാക്കി. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെണ്കുട്ടികളെ കാണാതായത്.
പെണ്കുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഇതിലൊരാള് പുറത്ത് പോയിരുന്നു. അധികം വൈകാതെ ഇവരെ കണ്ടെത്തുമെന്നാണ് പൊലിസ് പറയുന്നത്.
Tech
ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ ഡ്യുവോ വിപണിയിലെത്തി. അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്ന ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ അറിയാം.
7.6-ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഫോൾഡിംഗ് ഡിസ്പ്ലേ. 120Hz ProMotion, Always-On ഫീച്ചറുകളും ഗ്ലെയർ കുറയ്ക്കാനായി നാനോ-ടെക്സ്ചർ ഫിനിഷുമുണ്ട്.ഫോൾഡ് ചെയ്തിരിക്കുമ്പോൾ ഉപയോഗിക്കാൻ 5.4-ഇഞ്ച് കവർ ഡിസ്പ്ലേ. 100ലധികം ഘടകങ്ങൾ ഉപയോഗിച്ച് നിർമിച്ച ഹിഞ്ച് സിസ്റ്റം സുഗമമായി തുറക്കാനും അടയ്ക്കാനും സഹായിക്കുന്നു.
ഡിസ്പ്ലേയിൽ പഞ്ച-ഹോളുകൾ ഒന്നുമില്ലാതെ വൃത്തിയുള്ള സ്ക്രീൻ അനുഭവം നൽകുന്നു. ഏറ്റവും പുതിയ 2nm A20 പ്രോ ചിപ്പിന്റെ മികവിലാണ് പ്രവർത്തനം. ചൂട് കുറയ്ക്കാൻ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവുമുണ്ട്.ഫോൾഡബിൾ വലിയ സ്ക്രീനിനായി പ്രത്യേകമായി റീഡിസൈൻ ചെയ്ത ഐഒഎസ് 27.
48MP ഡ്യുവൽ ഫ്യൂഷൻ ക്യാമറ സിസ്റ്റം (48MP മെയിൻ + 48MP അൾട്രാ-വൈഡ്).ഫോൾഡബിൾ ഡിസൈൻ ഉപയോഗിച്ച് മികച്ച ആംഗിളുകളിൽ ഫോട്ടോകളും വിഡിയോകളും എടുക്കാനും, പിൻക്യാമറ ഉപയോഗിച്ച് തത്സമയ പ്രിവ്യൂവോടെ സെൽഫിയെടുക്കാനും സാധിക്കും.
രണ്ട് ബാറ്ററി സെല്ലുകൾ ചേർന്ന സിസ്റ്റം വഴി കൂടുതൽ ബാറ്ററി ലൈഫ് ലഭ്യമാകുന്നു.പുറത്തെ ഡിസ്പ്ലേയിൽ 44 മണിക്കൂർ വരെയും അകത്തെ വലിയ ഡിസ്പ്ലേയിൽ 31 മണിക്കൂർ വരെയും വീഡിയോ പ്ലേബാക്ക് സമയവും ലഭിക്കും.
ഗ്രേഡ് 5 ടൈറ്റാനിയം ഫ്രെയിമും ഹിഞ്ച് കവറും.മുൻവശത്ത് സെറാമിക് ഷീൽഡ് 2 സംരക്ഷണവും ജല-പൊടി പ്രതിരോധത്തിനായി IP68 റേറ്റിംഗും നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ 256GB: ₹2,99,900, 512GB: ₹3,24,900, 1TB: ₹3,74,900, 2TB: ₹4,49,900 എന്നിങ്ങനെ
4 സ്റ്റോറേജ് വേരിയന്റുകളിലും നൈറ്റ് സ്കൈ, സ്റ്റാർ വൈറ്റ് എന്നീ നിറങ്ങളിലും ലഭ്യമാണ്.
District News
മാവേലിക്കര: ഒന്നിച്ചിരുന്ന് സംസാരിക്കാനും പാടാനും അവസരം ഒരുക്കുന്ന, ഒന്നായി പാടാം പദ്ധതിക്ക് തുടക്കമിട്ട് തെക്കേക്കര പല്ലാരിമംഗലം കൊക്കാട്ട് ജി. കൃഷ്ണപിള്ള ഗ്രന്ഥശാല. എല്ലാ മാസവും ഏതെങ്കിലും ഒരു ദിവസം എല്ലാവർക്കും ഒത്തുചേരാനുള്ള പദ്ധതി, സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രിയ വിനോദ് മുഖ്യപ്രഭാഷണം നടത്തി. ബിന്ദു ടീച്ചർ, പ്രഭ രാജേഷ്, പ്രഫ.ടി.എം. സുകുമാര ബാബു, ഗോപകുമാർ വാത്തികുളം, ശ്രീകുമാർ ഓലകെട്ടി, ബീന ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അച്യുതൻ ചാങ്കൂർ, പങ്കജാക്ഷി, അനിൽ ശ്രീരംഗം, വിജയകുമാർ, എ. ശശിധരമേനോൻ, ശിവൻപിള്ള, പങ്കജാക്ഷിയമ്മ, ജാനകി, ജി. മധുസൂദനൻ നായർ, എം.വി. സുശീലൻ, രാജേന്ദ്രപ്രസാദ്, വസന്തകുമാരി, സരളകുമാരി, ജി. തങ്കച്ചൻ, ശിവരാമപിള്ള, മാവേലിക്കര ബാലചന്ദ്രൻ, ഗീത വാസുദേവൻ, വിജയചന്ദ്രൻ എന്നിവരെ ആദരിച്ചു.
National
ന്യൂഡൽഹി: ജിഎസ്എൽവി എഫ് -17 വിക്ഷേപണം വിജയമായതിനു പിന്നാലെ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടമാണിതെന്നും ബഹിരാകാശ മേഖലയിലെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണ്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്നു പുലർച്ചെ 2.55നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി എഫ് -17 കുതിച്ചുയർന്നത്. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.
വിക്ഷേപണത്തിനു മുന്നോടിയായി 52 മീറ്റർ ഉയരമുള്ള മൂന്നു ഘട്ടങ്ങളുള്ള ജിഎസ്എൽവി-എഫ്17 റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ച് തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 ഉപഗ്രഹം പത്തു വർഷത്തെ ആയുസ് ലക്ഷ്യമിട്ടാണ് നിർമിച്ചിരിക്കുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഇമേജിംഗ് ഉപഗ്രഹമാണിത്.
സാധാരണ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥങ്ങളിൽ കറങ്ങുമ്പോൾ ഒരു നിശ്ചിത പ്രദേശത്തിന്റെ ദൃശ്യങ്ങൾ ഇടവിട്ടു മാത്രമേ ലഭ്യമാകൂ. എന്നാൽ ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ഇഒഎസ്-05 ഉപഗ്രഹത്തിന് രാജ്യത്തെ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. ഇത് കൊടുങ്കാറ്റ്, പ്രളയം, മിന്നൽ പ്രളയങ്ങൾ, ഇടിമിന്നൽ എന്നിവ കൃത്യമായി മുൻകൂട്ടി അറിയാനും കാർഷിക-വനാതിർത്തി നിരീക്ഷണങ്ങൾക്കും കാലാവസ്ഥാ വിശകലനങ്ങൾക്കും രാജ്യത്തിന് വൻ കരുത്താകും.
ശ്രദ്ധാകേന്ദ്രമായി വീണ്ടും ജിഎസ്എൽവി
ജിഎസ്എൽവി റോക്കറ്റിന്റെ 19-ാമത് ദൗത്യമാണിത്. 420.5 ടൺ ഭാരവുമുള്ള ഈ റോക്കറ്റിന്റെ പ്രധാന കരുത്ത് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പർ സ്റ്റേജാണ്. തുടക്കകാലത്തെ ചില അസ്ഥിരതകൾ കാരണം ‘നോട്ടി ബോയ്’എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജിഎസ്എൽവി, പിന്നീട് ബാക്ക് ടു ബാക്ക് വിജയങ്ങളിലൂടെ ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണവാഹനങ്ങളിൽ ഒന്നായി മാറുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നേരിട്ട തിരിച്ചടികൾ മറികടന്ന് ബഹിരാകാശ ഗവേഷണരംഗത്ത് തങ്ങളുടെ പഴയ കരുത്ത് വീണ്ടെടുക്കാൻ ഐഎസ്ആർഒയ്ക്ക് ഈ ജിഎസ്എൽവി ദൗത്യത്തിന്റെ വിജയത്തോടെയായി.
Tech
ന്യൂ ഡൽഹി: ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 സീരീസിന്റെ ആഗോള ലോഞ്ച് സെപ്റ്റംബർ 9ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10:30ന് നടക്കുന്ന ചടങ്ങിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, കൂടാതെ ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ 'ഐഫോൺ ഫോൾഡ്' എന്നിവയും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ എന്നീ പുതിയ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഡിസ്പ്ലേയിലെ ഡൈനാമിക് ഐലൻഡിന്റെ വലിപ്പം മുൻ മോഡലുകളെ അപേക്ഷിച്ച് ചെറുതായിരിക്കും. കൂടുതൽ വേഗതയും മികച്ച പ്രകടനവും നൽകുന്ന 2nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച A20 Pro ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്.
ഇത് മുൻ പ്രൊസസറിനേക്കാൾ 18 ശതമാനം വേഗത കൂടിയതും 30 ശതമാനം കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിക്കുന്നതുമാണ്. ഐഫോൺ 18 പ്രോ മാക്സിൽ 5,425mAh വരെശേഷിയുള്ള ശക്തമായ ബാറ്ററി ഉണ്ടാകും. ആപ്പിൾ തന്നെ നിർമിച്ച സി2 മോഡം ഉപയോഗിക്കുന്നതിനാൽ ബാറ്ററി ബാക്കപ്പ് ഗണ്യമായി വർധിക്കും.
സാഹചര്യങ്ങൾക്കനുസരിച്ച് വെളിച്ചം ക്രമീകരിക്കാൻ സാധിക്കുന്ന വേരിയബിൾ അപ്പർച്ചർ കാമറ സാങ്കേതികവിദ്യ ഐഫോൺ 18 പ്രോ മാക്സിൽ ഉൾപ്പെടുത്തിയേക്കും. മൂന്ന് 48 മെഗാപിക്സൽ പ്രധാന ക്യാമറകളും 18 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിലുണ്ടാവുക.
യുഎസിൽ 1,199 ഡോളർ മുതൽ വില ആരംഭിച്ചേക്കാവുന്ന ഐഫോൺ 18 പ്രോയ്ക്ക് ഇന്ത്യയിൽ ഏകദേശം 1,39,900 രൂപയായിരിക്കും ആരംഭ വില. പ്രോ മാക്സ് മോഡലിന് 1,54,900 രൂപയോളം വില പ്രതീക്ഷിക്കാം.
Business
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഷാർജയിലേക്ക് ഇൻഡിഗോയുടെ ഷെഡ്യൂൾഡ് ചരക്കുവിമാന സർവീസ് ആരംഭിച്ചു. എയർബസ് എ 321 വിഭാഗത്തിലുള്ള ചരക്കുവിമാനമാണ് കൊച്ചി-ഷാർജ റൂട്ടിൽ സർവീസ് നടത്തുന്നത്.
നിലവിൽ ആഴ്ചയിൽ ഒരു സർവീസാണ് ഉണ്ടാകുക. തുടർന്ന് സർവീസുകളുടെ എണ്ണം ആഴ്ചയിൽ മൂന്നായി ഉയർത്താനാണു പദ്ധതി.
വാണിജ്യ ചരക്കുകൾക്കും സമയബന്ധിതമായി എത്തിക്കേണ്ട ചരക്കുകൾക്കും പുതിയ സർവീസ് പ്രയോജനപ്പെടും. ഷാർജ വഴി യുഎഇയിലെയും ഗൾഫ് മേഖലയിലെയും മറ്റു വിപണികളിലേക്കും ചരക്കുകൾ എത്തിക്കുന്നതിനു കയറ്റുമതിക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൊച്ചിയെ ഒരു പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം അന്താരാഷ്ട്ര കാർഗോ കണക്ടിവിറ്റി പിന്തുണ നൽകുമെന്നും കേരളത്തിലെ കയറ്റുമതിക്കാർക്കും വ്യവസായങ്ങൾക്കും ഗൾഫ് വിപണികളിലേക്കു ചരക്കുകൾ എത്തിക്കുന്നതിന് പുതിയ സർവീസ് കൂടുതൽ അവസരമൊരുക്കുമെന്നും സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
പഴങ്ങൾ, പച്ചക്കറികൾ ഉൾപ്പടെയുള്ള പെരിഷബിൾസ്, സമുദ്രോത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ, സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ട മറ്റു വാണിജ്യ ചരക്കുകൾ എന്നിവ സിയാലിന്റെ കാർഗോ സൗകര്യങ്ങളിലൂടെ കൈകാര്യം ചെയ്യുന്നുണ്ട്.
കയറ്റുമതി, വ്യാപാര-ലോജിസ്റ്റിക്സ് മേഖലകളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ച് കാർഗോ അടിസ്ഥാനസൗകര്യങ്ങളും എയർലൈൻ ശൃംഖലയും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സിയാൽ തുടരുകയാണ്.
സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി ഡാനിയേൽ, സന്തോഷ് ജെ. പൂവാട്ടിൽ, കാർഗോ ഹെഡ് സതീഷ് കുമാർ പൈ, ഇൻഡിഗോ കാർഗോ വൈസ് പ്രസിഡന്റ് വിപിൻ കുമാർ മോഹ്ല, ഇൻഡിഗോ അസോസിയറ്റ് വൈസ് പ്രസിഡന്റ്-സെയിൽസ് (വെസ്റ്റ് ആൻഡ് സൗത്ത്) ബിജു ശങ്കർ, ഡയറക്ടർ-കാർഗോ ഓപ്പറേഷൻസ് (വെസ്റ്റ് ആൻഡ് സൗത്ത്) ജുബിലന്റ് ജോൺസൺ, ഡയറക്ടർ-സെയിൽസ് (നോർത്ത് ആൻഡ് ഈസ്റ്റ്) സതീഷ് മിശ്ര എന്നിവർ പങ്കെടുത്തു.
NRI
ഡാളസ്: അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ "മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ നിർവഹിക്കും.
ശനിയാഴ്ച രാവിലെ 10.30ന് ഡാളസ് കേരള അസോസിയേഷൻ ഹാളിൽ വച്ചാണ് പ്രകാശനം നടക്കുന്നത്. കെഎൽഎസ് പ്രസിഡന്റ് അനശ്വർ മാമ്പിള്ളി ആധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ പുസ്തകത്തിന്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡന്റുമായ ജോസ് ഓച്ചാലിക്ക് നൽകിയാണ് പ്രകാശനം നിർവഹിക്കുന്നത്.
കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, പി.പി. ചെറിയാൻ, സി. വി. ജോർജ്, സാറാ ചെറിയാൻ, മീനു എലിസബത്ത്, അനൂപ കോശി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.
കേരള അസോസിയേഷൻ സെക്രട്ടറി മഞ്ചിത്ത് കൈനിക്കര നന്ദി പ്രകാശിപ്പിക്കും. കേരള അസോസിയേഷൻ ലൈബ്രറിക്കും പുസ്തകത്തിന്റെ കോപ്പി നൽകും.
ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നീ സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽക്കാട് പൂക്കുമ്പോൾ (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.
ബഹ്റിനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 4പിഎം ന്യൂസ് പേപ്പറിൽ അഞ്ചുവർഷത്തോളം കോളമിസ്റ്റായിരുന്നു. ദല - കൊച്ചുവാവ സാഹിത്യ പുരസ്കാരം, സ്പന്ദനം സാഹിത്യ പുരസ്കാരം, ഗാന്ധി സേവാ സമാജ് നോവൽ പുരസ്കാരം, മാർത്തോമ്മ പ്രതിഭാ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപരിചയം എന്ന പക്തി ഇമലയാളിയിൽ 25 ലക്കത്തിലെത്തി നിൽക്കുന്നു.
ഡാളസിലെ മെക്കന്നിയിലാണ് ബാജി ഓടംവേലി കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ: മിനി വറുഗീസ്, മക്കൾ: ഡാൻ കോശി, ദയ അന്ന. email :- [email protected].
ബാജി ഓടംവേലിയുടെ 20 കഥകളുടെ ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പത്തനംതിട്ടയിലുള്ള സാഹിതി പബ്ലിക്കേഷൻസാണ്. സാമുവേൽ പനവേലിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ബാജി ഓടംവേലി - 915 613 6566.
Tech
ന്യൂഡൽഹി: ടെക് ഭീമനായ ഗൂഗിളിന്റെ ഏറ്റവും പുതിയ ഫിറ്റ്നസ് ബെൻഡ് 'ഫിറ്റ്ബിറ്റ് എയർ' (Fitbit Air) ഒക്ടോബറിൽ ഇന്ത്യൻ വിപണിയിലെത്തും. പിക്സൽ 11 സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ചിന് പിന്നാലെയാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫിറ്റ്നസ് ബ്രാൻഡായ 'വൂപ്പ്' മോഡലുകൾക്ക് സമാനമായി സ്ക്രീനില്ലാത്ത ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
വെറും 12 ഗ്രാം മാത്രം ഭാരമുള്ള ഈ വെയറബിളിൽ ഡിസ്പ്ലേ നൽകിയിട്ടില്ല. പകരം ഉപയോക്താക്കളുടെ ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഘട്ടങ്ങൾ, സ്ട്രെസ് ലെവൽ, വർക്ക്ഔട്ടുകൾ എന്നിവ കൃത്യമായി ട്രാക്ക് ചെയ്ത് വിവരങ്ങൾ നൽകുകയാണ് ഇത് ചെയ്യുന്നത്. നടത്തം, ഓട്ടം, സൈക്ലിംഗ് ഉൾപ്പെടെ 140ലധികം കായിക വിനോദങ്ങളും വ്യായാമങ്ങളും സ്വയം തിരിച്ചറിയാനുള്ള ശേഷി ഇതിനുണ്ട്.
പുതുതായി പരിഷ്കരിച്ച 'ഗൂഗിൾ ഹെൽത്ത്' ആപ്പുമായി ബന്ധപ്പിച്ചാണ് ഫിറ്റ്ബിറ്റ് എയർ പ്രവർത്തിക്കുന്നത്. വരിക്കാരാകാതെ തന്നെ അടിസ്ഥാന ഫിറ്റ്നസ് വിവരങ്ങൾ ലഭ്യമാകുമെങ്കിലും, എഐ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത നിർദ്ദേശങ്ങൾക്കായി 'ഗൂഗിൾ ഹെൽത്ത് പ്രീമിയം' പ്ലാനിന്റെ സൗജന്യ ട്രയലും ഗൂഗിൾ നൽകുന്നുണ്ട്.
അമേരിക്കയിൽ 99 ഡോളർ (ഏകദേശം ₹9,450) വിലയുള്ള ഫിറ്റ്ബിറ്റ് എയറിന്റെ ഇന്ത്യയിലെ ഔദ്യോഗിക വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സമാനമായ മറ്റു വെയറബിളുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
International
ബീജിംഗ്: വിക്ഷേപിച്ച് 90 സെക്കൻഡിനുള്ളിൽ ചൈനയുടെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ലോംഗ് മാർച്ച് 7എ റോക്കറ്റാണ് വിക്ഷേപിച്ച് 85 സെക്കൻഡ് തികയും മുമ്പേ ആകാശത്ത് പൊട്ടിത്തെറിച്ചത്. ഓഗസ്റ്റ് 10ന് ഹൈനാൻ പ്രവിശ്യയിലെ വെൻചാംഗ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 85 സെക്കൻഡിനുള്ളിൽ റോക്കറ്റ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ഫലമായി ആകാശത്ത് വലിയ തീഗോളവും പുകയും അവശിഷ്ടങ്ങളും രൂപപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റോക്കറ്റ് തകർന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷനാണ് റോക്കറ്റ് വിക്ഷേപിച്ചത്. കമ്പനി ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാൽ റോക്കറ്റും അതിലുണ്ടായിരുന്ന ഉപഗ്രഹവും പൂർണമായി നഷ്ടപ്പെട്ടിരിക്കാമെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിനാൽ ദൗത്യം പൂർണ പരാജയമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്.
2020ൽ അരങ്ങേറ്റം കുറിച്ച ലോംഗ് മാർച്ച് 7എയുടെ 18-ാമത്തെ ദൗത്യമായിരുന്നു ഇത്. ആദ്യ വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. എൻജിനിലുണ്ടായ തകരാറായിരുന്നു അന്നത്തെ അപകടത്തിന് കാരണമെന്ന് ചൈന പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ റോക്കറ്റ് അതിൻരെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ തകർന്നു. സാധാരണയായി വിക്ഷേപണം കഴിഞ്ഞ് ഏകദേശം മൂന്ന് മിനിറ്റിനുള്ളിലാണ് ആദ്യ ഘട്ട വേർപെടൽ നടക്കുന്നത്. എന്നാൽ ഈ ദൗത്യത്തിൽ 85 സെക്കൻഡിനുള്ളിൽ തന്നെ അപകടം സംഭവിച്ചു.
Tech
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പരമ്പരയായ പിക്സൽ 11 സീരീസ് ഓഗസ്റ്റ് 12ന് ആഗോളതലത്തിൽ പുറത്തിറങ്ങും. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്.എൽ, പിക്സൽ 11 പ്രോ ഫോൾഡ് എന്നീ നാല് ഫോണുകളാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്. ചിപ്പ് പ്രതിസന്ധിയും മെമ്മറി ഘടകങ്ങളുടെ വിലവർദ്ധനവും കാരണം മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ സീരീസിന് വില വർധിക്കാൻ സാധ്യതയുണ്ട്.
പൂർണമായും അപ്ഗ്രേഡ് ചെയ്ത പുതിയ ടെൻസർ G6 (Tensor G6) പ്രൊസസറാണ് ഈ ഫോണുകൾക്ക് കരുത്തേകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഈ ചിപ്പ് സഹായിക്കും. 120Hz റിഫ്രഷ് റേറ്റും ഉയർന്ന ബ്രൈറ്റ്നസുമുള്ള മികച്ച ഡിസ്പ്ലേ പാനലുകളാണ് എല്ലാ മോഡലുകളിലും നൽകിയിരിക്കുന്നത്.
ക്യാമറ വിഭാഗത്തിൽ പിക്സൽ 11 പ്രോ മോഡലുകളിൽ 50MP പ്രൈമറി ക്യാമറ, 48MP അൾട്രാ-വൈഡ്, 48MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. അടിസ്ഥാന മോഡലായ പിക്സൽ 11ൽ 48MP പ്രൈമറി ക്യാമറയും 13MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. കൂടാതെ കൂടുതൽ കാര്യക്ഷമമായ ബാറ്ററി ലൈഫുംQi2 വയർലെസ് ചാർജിംഗ് പിന്തുണയും പുതിയ ഫോണുകളിലുണ്ടാകും.
Tech
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐ തങ്ങളുടെ ആദ്യത്തെ ഹാർഡ്വെയർ ഉൽപ്പന്നമായ സ്മാർട്ട് സ്പീക്കർ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ആപ്പിളിന്റെ മുൻ പ്രമുഖ ഡിസൈനർ ജോണി ഐവിന്റെ ഐഒ എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് നിർമിക്കുന്ന ഈ ഉപകരണത്തിന് 300 മുതൽ 400 ഡോളർ വരെ (ഏകദേശം 25,000 മുതൽ 34,000 ഇന്ത്യൻ രൂപ വരെ) വിലവരുമെന്നാണ് വിപണി സൂചനകൾ.
ഹോക്കി പക്കിന്റെ വലിപ്പമുള്ള, വളയത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം പോർട്ടബിളും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമാണ്. ഡിസ്പ്ലേ ഇല്ലാത്ത ഈ സ്പീക്കറിൽ ക്യാമറ സംവിധാനങ്ങളും പരിസരം നിരീക്ഷിക്കാനുള്ള സെൻസറുകളും അടങ്ങിയിട്ടുണ്ട്.
ഉപയോക്താക്കളോട് സംവദിക്കുമ്പോൾ കൂടുതൽ ജീവസ്സുറ്റ അനുഭവം നൽകുന്നതിനായി സ്വയം ചലിക്കാൻ ശേഷിയുള്ള ഭാഗങ്ങളും ഇതിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 2027ൽ പ്രതീക്ഷിക്കുന്ന ഈ ഉപകരണം വിപണിയിലെ നിലവിലെ മറ്റ് സ്മാർട്ട് സ്പീക്കറുകളേക്കാൾ ഉയർന്ന വിലയിലാണ് എത്തുന്നത്.
Tech
ന്യൂഡൽഹി: സാംസങ്ങിന്റെ പുതിയ സ്മാർട്ട്ഫോണായ 'ഗാലക്സി F70 പ്രോ' ഓഗസ്റ്റ് 3ന് ഇന്ത്യയിൽ പുറത്തിറക്കും. ഫ്ലിപ്പ്കാർട്ട്, സാംസങ് ഔദ്യോഗിക ഓൺ ലൈൻ സ്റ്റോർ എന്നിവ വഴി ഫോൺ വിൽപ്പനയ്ക്കെത്തും. സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റിന്റെ കരുത്തിൽ എത്തുന്ന ഫോണിൽ 8ജീബി വരെ റാപ്പും 256ജീബി വരെ ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള FHD+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്ലസ് സംരക്ഷണം എന്നിവയാണ് പ്രധാന ഡിസ്പ്ലേ ഫീച്ചറുകൾ. 50MP പ്രൈമറി ക്യാമറ , 5MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. സാംസങ്ങിന്റെ വൺ യുഐ 8.5 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഈ മോഡലിന് 6 വർഷത്തെ ഒഎസ് അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓറ ഗ്രീൻ, ആൽഫ ബ്ലാക്ക് എന്നീ നിറങ്ങളിൽ എത്തുന്ന ഫോണിന്റെ 6ജീബി/128ജീബി പതിപ്പിന് 25,999 രൂപയും, 8ജീബി/128ജീബി പതിപ്പിന് 29,999 രൂപയും, ഉയർന്ന 8ജീബി/256ജീബി മോഡലിന് 34,999 രൂപയുമാണ് വില വരുന്നത്.
District News
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ആഗോള പരമാധ്യക്ഷൻ മാർ ആവ തൃതീയൻ പാത്രിയാർക്കീസിന്റെ ഭാരതസന്ദർശനത്തിന്റെയും മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പട്ടാഭിഷേക ചടങ്ങിന്റെയും ഓർമ നിലനിർത്തുന്നതിനായി സഭ പ്രസിദ്ധീകരിച്ച ഹുബ്ബേ ദ് ആവ എന്ന സുവനീറിന്റെ പ്രകാശനവും വിതരണോദ്ഘാടനവും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊച്ചി അതിരൂപത മെത്രാപ്പോലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് നിർവഹിച്ചു.
തൃശൂർ കാൽഡിയൻ സെന്ററിൽ ചേർന്ന യോഗത്തിൽ സഭാമേലധ്യക്ഷൻ മാർ ഓഗിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ചേതന മ്യൂസിക് ആൻഡ് സ്റ്റുഡിയോസ് ഡയറക്ടർ ഫാ. തോമസ് ചക്കാലമറ്റത്ത് സിഎംഐ, തൃശൂർ എബനേസർ മാർത്തോമ പള്ളി വികാരി ഫാ. സാജു ചാക്കോ എന്നിവർ സുവനീർ ഏറ്റുവാങ്ങി. സുവനീർ കമ്മിറ്റി ചെയർമാൻ ഫാ.കെ.ആർ. ഇനാശു, ചീഫ് എഡിറ്റർ അഡ്വ. ടി.ടി. ഡേവി, വികാരി ജനറാൾ ഫാ.ജോസ് ജേക്കബ് വേങ്ങാശേരി, ട്രസ്റ്റി ബോർഡ് മെന്പർ പി.എ. വില്യംസ്, ജനറൽ കണ്വീനർ ജേക്കബ് ബേബി ഒലക്കേങ്കിൽ എന്നിവർ പ്രസംഗിച്ചു.
Business
കൊച്ചി: സപ്ലൈകോ ആലിന് ബ്രാന്ഡില് ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 1.30ന് എറണാകുളം ഗസ്റ്റ് ഹൗസില് മന്ത്രി അനൂപ് ജേക്കബ് നിര്വഹിക്കും.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന് ഷെറിന് ഏബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വര്ഷത്തെ നോട്ടുബുക്കുകള് പുറത്തിറക്കുന്നത്.
ചടങ്ങിൽ മേയര് വി.കെ. മിനിമോള് അധ്യക്ഷത വഹിക്കും. ആലിന്റെ മാതാപിതാക്കളായ അരുണ് ഏബ്രഹാം, ഷെറിന് ആന് ജോണ് എന്നിവരെ ആദരിക്കും.
ടി.ജെ. വിനോദ് എംഎല്എ, ഹൈബി ഈഡന് എംപി, കോര്പറേഷന് കൗണ്സിലര് അഗസ്റ്റിന് സെബാസ്റ്റ്യന്, സപ്ലൈകോ മാനേജിംഗ് ഡയറക്ടര് വി.എം. ജയകൃഷ്ണന്, ജനറല് മാനേജര് എം.യു. ബിജു തുടങ്ങിയവര് പങ്കെടുക്കും. നോട്ടുബുക്കുകളുടെ കവര് ഡിസൈനിംഗ് പൂര്ത്തീകരിച്ച തേവര സേക്രഡ് ഹാര്ട്ട് കോളജിലെ വിദ്യാര്ഥികളെയും യോഗത്തില് അനുമോദിക്കും.
Business
കൊച്ചി: ടൈറ്റന്റെ പെർഫ്യൂം ബ്രാൻഡായ സ്കിൻ പുതിയ യുണിസെക്സ് സുഗന്ധലേപനമായ അമാൽഫി റിവിയേര പുറത്തിറക്കി. യുണിസെക്സ്, ജെൻഡർ-ന്യൂട്രൽ പെർഫ്യൂമുകളിൽ ബ്രാൻഡിന്റെ ആദ്യ ചുവടുവയ്പാണിത്. പ്രശസ്ത പെർഫ്യൂമർ സന്തോഷ് ഷിൻഡെയാണ് ഈ പെർഫ്യൂം തയാറാക്കിയിരിക്കുന്നത്. 90 മില്ലിക്ക് 3,095 രൂപയാണു വില.
Business
കൊച്ചി: റെനോ ഗ്രൂപ്പ് 2030നകം ഇന്ത്യയില് ഏഴു മോഡലുകളുള്ള പുതിയ പോര്ട്ട്ഫോളിയോ (ഫ്യൂച്ചര്റെഡി )അവതരിപ്പിക്കുമെന്ന് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു.
ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യന് സന്ദര്ശനം പൂര്ത്തിയാക്കി മടങ്ങവേയാണു പ്രഖ്യാപനം.
സ്ട്രോംഗ് ഹൈബ്രിഡ് മുതല് പൂര്ണമായും വൈദ്യുതിയില് ഓടുന്ന ഇലക്ട്രിക് വാഹനങ്ങള് വരെ റെനോ ഇന്ത്യയില് അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
NRI
മിഡ്ലാൻഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച യുഡിഎഫ് പ്രചാരണ വീഡിയോ ഗാനം സമൂഹമാധ്യമങ്ങൾ മുഖേന പുറത്തിറക്കുമെന്ന് കമ്മിറ്റി അറിയിച്ചു. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി വിവിധ യുഡിഎഫ് നേതാക്കൾ സംരംഭത്തിന് ആശംസകളും പിന്തുണയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ സർക്കാർ തുടർന്നു വരുന്ന ജനദ്രോഹ നയങ്ങൾ വിവരിച്ചുകൊണ്ടും മാറ്റത്തിനായുള്ള ആഹ്വാനം ഉയർത്തിക്കൊണ്ടുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
യുകെയിലെ പ്രമുഖ കോൺഗ്രസ് സംഘടനാ നേതാവും സിനിമ സംവിധായകൻ, നിർമാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനുമായ മുൻ അധ്യാപകൻ ഫിലിപ്പ് കെ. ജോൺ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
സംഗീതം ഒരുക്കിയത് ഫെമിൻ ഫ്രാൻസിസ്. യുവഗായികയും ആലുവ സ്വദേശിനിയുമായ ശ്രദ്ധ ദിനേശാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി.ടി. ജോസഫ് (ഓർക്കസ്ട്രേഷൻ), കെ.പി. അരുൺ (മിക്സിംഗ്), മെട്രോ സ്റ്റുഡിയോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കർമ്മസേനയും സോഷ്യൽ മീഡിയ/വാർ റൂം ടീമും 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾക്കായി ശക്തമായ പ്രചാരണം കഴിഞ്ഞ ദിവസങ്ങളായി നടത്തിവരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ മണ്ഡലങ്ങളെ അടിസ്ഥാനമാക്കി അവലോകനങ്ങളും ചർച്ചകളും സംഘടിപ്പിക്കുമെന്ന് ക്യാമ്പയിൻ കമ്മിറ്റി സംഘാടകരായ ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, മണികണ്ഠൻ ഐക്കാട്, സോണി ചാക്കോ, മിഥുൻ മോഹൻ, സൈമൺ ചെറിയാൻ, ഷിജോ, അനുരാഗ് എആർ എന്നിവർ അറിയിച്ചു.
"പടയൊരുക്കം - മാറ്റത്തിനായി ഒരുമിക്കാം' എന്ന സന്ദേശവുമായി 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ ഉറപ്പാക്കുകയാണ് ഈ കാമ്പയിൻ ലക്ഷ്യം. പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.
കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിനായുള്ള പ്രചാരണത്തിന് കൂടുതൽ ശക്തി പകരുന്നതായിരിക്കും ഈ വീഡിയോ ഗാനമെന്ന് സംഘാടകർ വ്യക്തമാക്കി. എല്ലാവരും വീഡിയോ കാണുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർഥിച്ചു.
"കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്ന മുദ്രാവാക്യത്തോടെയാണ് കാമ്പയിൻ മുന്നോട്ട് പോകുന്നത്.
Auto
ബ്രിട്ടീഷ് പ്രീമിയം കാർ ബ്രാൻഡായ മിനി കൂപ്പർ പുതിയ മിനി വിക്ടറി എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഐതിഹാസികമായ 1965ലെ മോണ്ടി കാർലോ റാലി വിജയത്തിന്റെ സ്മരണാർഥമാണ് മിനി കൂപ്പർ എസ് വിക്ടറി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
57.5 ലക്ഷം രൂപ എക്സ്-ഷോറൂം വിലവരുന്ന ഈ സ്പോർട്സ് ഹാച്ച്ബാക്ക് പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രീതിയിലാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.
ടിമോ മാക്കിനനും പോൾ ഈസ്റ്ററും ചേർന്ന് 1965ൽ നേടിയ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് ചില്ലി റെഡ് നിറവും ബോണറ്റിലും റൂഫിലും പിന്നിലുമായി വെള്ള നിറത്തിലുള്ള റേസിംഗ് സ്ട്രൈപ്പുകളും നൽകിയിട്ടുണ്ട്.
കൂടാതെ, സൈഡിലെ 52 ഗ്രാഫിക്സ്, സി-പില്ലറിലെ 1965 ബാഡ്ജ്, 18 ഇഞ്ച് ജെസിഡബ്ല്യു ലാപ് സ്പോക്ക് അലോയ് വീലുകൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. ഡിജിറ്റൽ കൺട്രോളുകൾക്കും റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾക്കും മുൻഗണന നൽകുന്ന മിനിമലിസ്റ്റിക് ഡിസൈനാണുള്ളത്.
സ്പോർട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകളുള്ള സ്റ്റിയറിംഗ് വീൽ, 240 എംഎം സർക്കുലർ ഒഎൽഇഡി ടച്ച്സ്ക്രീൻ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയാണ് കാന്പിൻ സവിശേഷതകൾ.
204 എച്ച്പി കരുത്തും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും കരുത്ത് പകരുന്ന ഈ വാഹനത്തിന് 6.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
അഡാപ്റ്റീവ് സസ്പെൻഷൻ, ജെസിഡബ്ല്യു സ്പോർട്സ് ബ്രേക്കുകൾ, വിവിധ ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയോട് കൂടിയാണ് ഈ കാർ മിനി അവതരിപ്പിച്ചിരിക്കുന്നത്.
Business
കോട്ടയം: തുടര് വികസന പദ്ധതിക്കു തുടക്കമിടാനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പര് പ്രൊഡക്ട്സ് ലിമിറ്റഡ് (കെപിപിഎല്). ഉത്്പാദനശേഷി വര്ധിപ്പിക്കലിന്റെയും ഉത്്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന്റെയും ഉദ്ഘാടനം നാളെ മന്ത്രി പി. രാജീവ് നിര്വഹിക്കും.
741 കോടി മുതല്മുടക്കുള്ള വികസനപ്രവര്ത്തനങ്ങള്ക്ക് സര്ക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോര്പറഷന്റെ (കെഎസ്ഐഡിസി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കണ്സോര്ഷ്യം വഴി ലഭ്യമാക്കും.
കടലാസ് ഉത്പന്നങ്ങളുടെ നിര്മാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉത്പാദനനിര വിപുലീകരിക്കുന്നത്. സ്പെഷാലിറ്റി പേപ്പറുകളും ഉയര്ന്ന നിലവാരത്തിലുള്ള പാക്കേജിംഗ് പേപ്പറുകളുമാണു പദ്ധതിയുടെ ഭാഗമായി നിര്മിക്കുന്നത്. പേപ്പര് ഉത്പന്നങ്ങളുടെ ഉയര്ന്നുവരുന്ന ആവശ്യകത മുന്നില് കണ്ടാണ് കെപിപിഎല് പുതിയ ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നത്. സ്പെഷാല്റ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണ്. പേപ്പര് ക്ലസ്റ്റര് രൂപീകരിച്ച് സാധ്യതകളെ പൂര്ണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി കുറഞ്ഞ ചെലവില് ഉയര്ന്ന ഗുണമേന്മയോടെ കടലാസ് ഉത്പന്നങ്ങള് ലഭ്യമാക്കാന് കെപിപിഎല്ലിന്റെ പുതിയ സംരംഭത്തിലൂടെ കഴിയും.
വിപണി ആവശ്യങ്ങളും പ്ലാസ്റ്റിക്ക് നിരോധനം ഉള്പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേര്ന്ന് ഉയര്ന്ന നിലവാരത്തിലുള്ള പേപ്പര് ഉത്പന്നങ്ങള്ക്ക് വലിയ വളര്ച്ചാ സാധ്യതയാണു കണക്കാക്കുന്നത്. പദ്ധതി പൂര്ത്തീകരിച്ച് പ്ലാന്റുകള് പൂര്ണമായും പ്രവര്ത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല് മാറും. 24 മാസത്തിനുള്ളില് പദ്ധതി പൂര്ത്തിയാക്കുമെന്ന് സി.കെ. ആശ എംഎല്എ പറഞ്ഞു. 2019ല് കേന്ദ്ര സര്ക്കാര് അടച്ചുപൂട്ടിയ വെള്ളൂര് ഹിന്ദുസ്ഥാന് ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സര്ക്കാര് ഏറ്റെടുത്ത് കെപിപിഎല്ലായി പ്രവര്ത്തനമാരംഭിക്കുകയായിരുന്നു.
നാളെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില് മന്ത്രി വി.എന്. വാസവന് അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, ഫ്രാന്സിസ് ജോര്ജ്, എംഎല്എമാരായ സി.കെ. ആശ, മോന്സ് ജോസഫ്, തിരുവഞ്ചൂര് രാധാകൃഷ്ണന്, കെപിപിഎല് ചെയര്മാനും വ്യവസായ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് തുടങ്ങിയവര് പങ്കെടുക്കും.
National
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയം. വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണപാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാംഘട്ടത്തിൽ നിയന്ത്രണം നഷ്ടമാകുകയും ചെയ്തു.
ഐഎസ്ആർഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്ഷേപിച്ച് 380 സെക്കൻഡിന് ശേഷം മൂന്നാം ഘട്ടത്തിലാണ് നിയന്ത്രണം നഷ്ടമായതെന്ന് എക്സിലൂടെ ഐഎസ്ആർഒ അറിയിച്ചു.
ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണമായിരുന്നു ഇത്. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്എൽവി വിക്ഷേപണം പരാജയപ്പെടുന്നത്.
കഴിഞ്ഞവർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത്.
National
ബംഗളൂരു: പുതുവര്ഷത്തിലെ ആദ്യ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്ഒ. പിഎസ്എല്വി-സി 62 ദൗത്യം പന്ത്രണ്ടിനു നടക്കും.
രാവിലെ 10:17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്പര് ലോഞ്ച് പാഡില്നിന്നാണു വിക്ഷേപണം.
ഇന്ത്യ, മൗറീഷ്യസ്, ലക്സംബര്ഗ്, യുഎഇ, സിംഗപ്പൂര്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സ്റ്റാര്ട്ടപ്പുകളില്നിന്നും ഗവേഷണ സ്ഥാപനങ്ങളില്നിന്നുമുള്ള 17 പേലോഡുകളുമായാണ് പിഎസ്എല്വിയുടെ യാത്ര.
പൊതുജനങ്ങൾക്കും വിക്ഷേപണം കാണാനുള്ള സൗകര്യം ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്. ഇതിനായി lvg.shar.gov.in എന്ന വെബ്സൈറ്റുവഴി രജിസ്റ്റർ ചെയ്യണം.
NRI
എഡ്മിന്റൺ: സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി ഒന്ന് വൈകുന്നേരം നാലിന് എഡ്മിന്റൺ സെന്റ് അൽഫോൻസ സീറോമലബാർ ചർച്ച് മീറ്റിംഗ് ഹാളിലാണ് പരിപാടി.
മലയാളി സമൂഹത്തിലെ നേതൃനിരയിൽ സജീവമായവർക്കും പ്രഫഷണൽ, ബിസിനസ് രംഗങ്ങളിലുമുള്ളവർക്കും നവകുടിയേറ്റക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം പങ്കെടുക്കാം. കാനഡയിലെ മലയാളികളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണമാണ് സിസിഎംഎയുടെ ലക്ഷ്യം.
വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ നേതൃത്വത്തിലാണ് സിസിഎംഎയ്ക്ക് രൂപംനൽകിയത്. ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് അംഗത്വമെടുക്കാനും അവസരമുണ്ടെന്ന് സിസിഎംഎ പ്രസിഡന്റും നാഷണൽ കൗൺസിൽ ചെയറുമായ പ്രവീൺ വർക്കി അറിയിച്ചു.
കഴിഞ്ഞ നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് ഒന്റാരിയോയിലെ മോണോയിൽ ലീഡർഷിപ്പ്, ബിസിനസ് സമ്മിറ്റും പിന്നീട് ഹാമിൽട്ടണിൽ ബിസിനസ് മീറ്റും നടത്തിയിരുന്നു. കാനഡയിലെ എല്ലാ പ്രോവിൻസുകളിലും സിസിഎംഎ ചാപ്റ്ററുകൾ തുടങ്ങാനുള്ള പ്രവർത്തനം നടത്തുന്നു .
ബിസിനസുകാരെയും സംരംഭകരെയും കൂട്ടിയിണക്കുന്നതിനായി ബിസിനസ് ഡവലപ്മെന്റ് കൗൺസിലും പുതിയ തലമുറയിൽനിന്ന് നേതൃനിരയെ കണ്ടെത്തുന്നതിനായി യംഗ് ലീഡേഴ്സ് നെറ്റ് വർക്കും സിസിഎംഎയുടെ ഭാഗമായുണ്ട്.
ഇൻവെസ്റ്റേഴ്സ് മീറ്റ്, എൻആർഐ ആസ്തി സംരക്ഷണ സേവനങ്ങൾ, സ്റ്റാർട്ട് അപ്, നവസംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക, ഫ്രാഞ്ചൈസി മാതൃകകൾ തുടങ്ങിയവയാണ് ബിസിനസ് ഡവലപ്മെന്റ് കൗൺസിലിന്റെ ചുമതലകൾ. ഇതിന്റെ ഭാഗമായി കനേഡിയൻ മലയാളി ചേംബർ ഓഫ് കൊമേഴ്സും രൂപീകരിച്ചിരുന്നു.
ആൽബർട്ട ചാപ്റ്റർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവീൺ വർക്കി (519 870 5783), അനൂപ് ജോർജ് (780 218 8249) എന്നിവരിൽനിന്ന് ലഭ്യമാകും.
വെബ്സൈറ്റ് മുഖേന രജിസ്റ്ററും ചെയ്യാം: www.canadianmalayaliaffairs.ca
National
ന്യൂഡൽഹി: ഒരേ ലോഞ്ചറിൽനിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ബുധനാഴ്ച രാവിലെ 10.30ഓടെ ഒഡീഷ തീരത്തെ ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇരട്ട വിക്ഷേപണം നടത്തിയത്.
കൃത്യത ഉറപ്പാക്കാൻ അത്യാധുനിക നാവിഗേഷൻ സംവിധാനം ഉൾക്കൊള്ളുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർധ ബാലിസ്റ്റിക് മിസൈലാണ് പ്രളയ്. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ഈ മിസൈലുകൾക്ക് കഴിയും.
ഉദ്ദേശിച്ച പാതയിലൂടെ രണ്ട് മിസൈലുകളും സഞ്ചരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണമാണ് നടത്തിയത്.