ഓപ്പൺ എഐ
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺഎഐ തങ്ങളുടെ അത്യാധുനിക എഐ മോഡലുകളായ 'ജിപിടി-5.6 സോൾ', ടെറ, ലൂണ എന്നിവ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം വിശ്വസ്തരായ ചില പങ്കാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ മോഡലുകളാണ് ഇപ്പോൾ എല്ലാവർക്കുമായി തുറന്നുനൽകുന്നത്. ഹാപ്പി ബിൽഡിംഗ് എന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇന്നലെ നടന്ന പ്രഖ്യാപനത്തിൽ 'ജിപിടി-ലൈവ്' എന്ന പേരിൽ പുതിയ തലമുറ വോയ്സ് മോഡലുകളും കമ്പനി അവതരിപ്പിച്ചു. ഒരേസമയം കേൾക്കാനും സംസാരിക്കാനും കഴിവുള്ള ഈ മോഡലുകൾ, ഉപയോക്താക്കൾക്ക് ഒരു മനുഷ്യനുമായി സംസാരിക്കുന്നതുപോലുള്ള അനുഭവം സമ്മാനിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. ഇതിന്റെ രണ്ട് പതിപ്പുകളായ ജിപിടി ലൈവ്-1 , ജിപിടി ലൈവ്-1 മിനി എന്നിവ ലോകമെമ്പാടുമുള്ള ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി.
ജൂണിൽ ജിപിടി-5.6 സീരീസ് പുറത്തിറക്കിയപ്പോൾ, സർക്കാരിന്റെ അനുമതിയുള്ള ചില സംഘടനകൾക്ക് മാത്രമാണ് ഓപ്പൺഎഐ ഇതിലേക്ക് പ്രവേശനം നൽകിയിരുന്നത്. എന്നാൽ സാങ്കേതികവിദ്യ എല്ലാവരിലും എത്തണമെന്നാണ് കമ്പനിയുടെ നിലപാടെന്ന് വ്യക്തമാക്കിയ ഓപ്പൺഎഐ, ഇത്തരത്തിലുള്ള സർക്കാർ നിയന്ത്രണങ്ങൾ സ്ഥിരമായ ഒരു കീഴ്വഴക്കമായി മാറരുതെന്ന് ആവശ്യപ്പെട്ടു. ഇത് ഉപയോക്താക്കൾ, ഡെവലപ്പർമാർ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവരിലേക്ക് മികച്ച ടൂളുകൾ എത്തുന്നതിനെ തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാണിച്ചു.
ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രോപിക് തങ്ങളുടെ ക്ലോഡ് ഫേബിൾ 5, 'മിത്തോസ് 5' മോഡലുകളുടെ ആക്സസ് പുനസ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഓപ്പൺഎഐയുടെയും പ്രഖ്യാപനം വരുന്നത്. യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ കയറ്റുമതി നിയന്ത്രണ നിർദ്ദേശങ്ങളെത്തുടർന്ന് ആന്ത്രോപിക്കിന് ദിവസങ്ങളോളം ഈ മോഡലുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിരുന്നു.
ഓപ്പൺഎഐയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മോഡലാണ് 'ജിപിടി-5.6 സോൾ' എന്ന് കമ്പനി അവകാശപ്പെടുന്നു. കോഡിംഗ്, ബയോളജി, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഈ മോഡൽ മുൻപത്തേക്കാൾ ഏറെ മികവ് പുലർത്തുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഈ മോഡലുകളുടെ പ്രിവ്യൂ ആക്സസ് ആഗോളതലത്തിൽ വ്യാപിപ്പിച്ചതായും കമ്പനി അറിയിച്ചു.
Tags : technology openai