വി.ഡി. സതീശൻ
തിരുവനന്തപുരം: ഡൽഹിയിൽ കേരളത്തിന്‍റെ "യഥാർഥ അംബാസിഡർമാരായി' എല്ലാ എംപിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ചേർന്ന എംപിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ എംപിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്‍റ് സമ്മേളനത്തിന് മുൻപ് സംസ്ഥാനത്തിന്‍റെ മുൻഗണനാവിഷയങ്ങൾ തയാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
പാർലമെന്‍റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്‍റെ പൊതുവായ താത്പര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എംപിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.
കേരളം ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലാണ്. കേരളത്തിൽ ഇപ്പോൾ വലിയ തരത്തിലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങളാണ് നടക്കുന്നത്. യുവജനങ്ങളുടെ എണ്ണം കുറയുകയും പ്രായമേറിയവരുടെ സംഖ്യ വലുതായി വരികയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉയർന്ന ആയുർദൈർഘ്യമാണ് ഇതിന് പ്രധാന കാരണം.
സംസ്ഥാനത്തിന്‍റെ ഇക്കോണമിയെയും പദ്ധതികളെയും ബാധിക്കുന്ന ഈ വിഷയം മുൻനിർത്തിയാണ് ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചത്. ഇതൊരു വെൽഫെയർ പ്രോജക്റ്റ് മാത്രമല്ലെന്നും മുതിർന്ന പൗരന്മാരെ വീടിനകത്ത് ഒതുക്കാതെ സംസ്ഥാനത്തിന്‍റെ വികസനത്തിൽ സജീവ പങ്കാളികളാക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്‌നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം.
നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്‍റഗ്രേറ്റ് ചെയ്ത് 27 ഓളം ഏവിയേഷൻ പ്രോജക്ടുകൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും അതിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ സമ്പത് വ്യവസ്ഥ നിലവിൽ വലിയ കടബാധ്യത നേരിടുകയാണ്. ഖജനാവ് നിറഞ്ഞാൽ മാത്രമേ വികസന പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ ഭംഗിയായി മുൻപോട്ട് കൊണ്ടുപോകണമെങ്കിൽ സംസ്ഥാനത്ത് നല്ല രീതിയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഉണ്ടാകണം. ഇതിന് കേന്ദ്ര സർക്കാരിന്‍റെ പൂർണമായ സഹായം ആവശ്യമാണ്.
കേന്ദ്ര സർക്കാരിന്‍റെ പ്രധാന വരുമാനം സംസ്ഥാനങ്ങളിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള ജിഎസ്ടിയുടെ 50 ശതമാനവും ഇൻകം ടാക്‌സ് മുഴുവനും കേന്ദ്രത്തിലേക്കാണ് പോകുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന് അവകാശപ്പെട്ട കൃത്യമായ പങ്ക് വാങ്ങിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. പല ഗ്രാന്‍റുകളും കുറഞ്ഞതോടെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ സർക്കാർ നേരിടുന്നത്. ഈ കുറവ് വേറെ ഏതെങ്കിലും തരത്തിൽ നികത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അടുത്തിടെ ഡൽഹിയിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യ മന്ത്രി, തുറമുഖമന്ത്രി എന്നിവരെ നേരിൽ കണ്ട് മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചിരുന്നു. കേരളത്തെ ഇന്‍റഗ്രേറ്റഡ് മാരിടൈം ഏവിയേഷൻ ഗേറ്റ്‌വേ ആക്കി മാറ്റുന്നതിന് കേന്ദ്ര സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കടമെടുപ്പുമായി ബന്ധപ്പെട്ടും വലിയ പ്രതിസന്ധിയുണ്ട്. വൈദ്യുതി മേഖലയിൽ ഉൾപ്പെടെ തുടങ്ങിയ ധാരാളം പ്രോജക്ടുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ.
ദേശീയപാതാ നിർമാണത്തിനായി സംസ്ഥാന സർക്കാർ 5,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ പോർട്ട് കണക്ടിവിറ്റിക്കായി ഔട്ടർ റിംഗ് റോഡിനായി മാത്രം 3,000 കോടിയിലധികം രൂപ സംസ്ഥാനം നൽകേണ്ടി വരും.
കേന്ദ്രത്തിലേക്ക് തിരിച്ചുപോയ ഈ പണം കൂടി കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ അവർ തത്വത്തിൽ അത് അംഗീകരിച്ചിട്ടുണ്ടെന്നും അതിനെ പ്രായോഗിക തലത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയങ്ങളിലെല്ലാം എംപിമാരുടെ പിന്തുണ ആവശ്യമാണ്. ഈ വിവരങ്ങളെല്ലാം എംപിമാർക്ക് അതത് സമയത്ത് അപ്‌ഡേറ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു പ്രത്യേക ഡാഷ് ബോർഡ് സംവിധാനം ഉണ്ടാക്കും. ഈ ഡാഷ് ബോർഡിൽ കേന്ദ്ര പ്രോജക്ടുകളുടെ നിലവിലെ പൊസിഷൻ, ലാൻഡ് അക്വിസിഷൻ വിവരങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ പറ്റും. കൂടാതെ കേന്ദ്ര സ്‌കീമുകൾക്കായി ഒരു നോഡൽ ഓഫീസറെ കൂടി അഡീഷണലായി നിയമിക്കും.
കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം ലഭ്യമാക്കാനും പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമുള്ള ഈ മെക്കാനിസം നല്ല രീതിയിൽ കൊണ്ടുപോകുമെന്നും എല്ലാവരും ഒരു ടീമായി നിന്ന് കേരളത്തിന്‍റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കൂട്ടായ പരിശ്രമം നടത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Tags : Ambassadors VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash