തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: പരന്തൂറിൽ വിമാനത്താവളം നിർമിക്കാനുള്ള ഡിഎംകെ സർക്കാരിന്റെ പദ്ധതി തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു. പരന്തൂർ പ്രദേശത്തെ ഭൂമി വിമാനത്താവളത്തിന്റെ റൺവേ നിർമാണത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ ഈ നിർണായക തീരുമാനം.
പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് ജലാശയങ്ങൾ ഏറെയുള്ളതിനാൽ നിർമാണം പ്രായോഗികമല്ലെന്ന് വ്യവസായ മന്ത്രി നിർമ്മൽ കുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരന്തൂറിന് പകരം വിമാനത്താവളത്തിനായി മറ്റൊരു അനുയോജ്യമായ സ്ഥലം ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് 2022 ഓഗസ്റ്റിലാണ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ 4,970 കോടി രൂപ ചെലവിൽ പരന്തൂറിൽ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെയും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെയും പ്രദേശത്തെ കർഷകരും പരിസ്ഥിതി പ്രവർത്തകരും രംഗത്തുവന്നിരുന്നു.
പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇപ്പോൾ പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ടിവികെ സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിഎംകെ കടുത്ത വിമർശനം ഉന്നയിച്ചു. വിമാനത്താവളത്തിനായി കണ്ണടച്ചല്ല പരന്തൂർ തെരഞ്ഞെടുത്തതെന്നും പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണതെന്നും ഡിഎംകെ വക്താവ് എ. ശരവണൻ പറഞ്ഞു.
Tags : Parandur Airport Project Greenfield Airport TVK DMK M.K. Stalin Vijay