ദീപക് ദുഡ്ഡി
ന്യൂഡൽഹി: യുക്രെയ്ൻ തീരത്ത് പോർച്ചുഗീസ് പതാകയുള്ള കപ്പലിൽ നിന്ന് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാന ഭിവാനി സ്വദേശിയായ ദീപക് ദുഡ്ഡി(20)യെയാണ് കാണാതായത്.
ഒഡേസ തീരത്തുവച്ച് കപ്പലിൽനിന്ന് കടലിൽ വീണതായാണ് സംശയം. സംഭവത്തിൽ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
ജൂലൈ രണ്ടിനാണ് ഒഡേസയ്ക്ക് സമീപം ഡ്യൂട്ടിയിലായിരുന്ന ദീപക്കിനെ കാണാതാകുന്നത്.ദീപക്കിനെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്ന് കപ്പലിന്‍റെ ഉടമസ്ഥരായ ടർക്കിഷ് കമ്പനി കുടുംബത്തിന് അയച്ച ഇമെയിലിൽ പറയുന്നു.
ഉടൻ യുക്രെയ്ൻ തീരസംരക്ഷണ സേനയുടെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ രാത്രിയായതോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ താൽക്കാലികമായി നിർത്തി.
കാണാതാകുന്നതിനു തൊട്ടുമുമ്പ് ദീപക് വീട്ടിലേക്ക് വിഡിയോ കോൾ ചെയ്തിരുന്നു. താൻ സുരക്ഷിതനാണെന്നാണ് ദീപക് വീട്ടുകാരോട് പറഞ്ഞത്. എന്നാൽ സംഭവത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ദീപക് കഴിഞ്ഞ ഒൻപതര മാസമായി മർച്ചന്‍റ് നേവിയിൽ ജോലി ചെയ്തു വരികയാണ്. അടുത്ത ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.