എക്സ്ബോക്സ്
ന്യൂഡൽഹി: ഗെയിമിംഗ് ഭീമന്മാരായ എക്സ്ബോക്സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി 2027 സാമ്പത്തിക വർഷത്തോടെ ഏകദേശം 3,200 തൊഴിലവസരങ്ങൾ കമ്പനി വെട്ടിക്കുറയ്ക്കും. ഇതിൽ 1,600 ജീവനക്കാരെ ഉടനടി കമ്പനിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള പിരിച്ചുവിടലുകൾ ഈ വർഷത്തിനുള്ളിൽ ഘട്ടങ്ങളായി നടപ്പിലാക്കുമെന്നും കമ്പനി അറിയിച്ചു.
എക്സ്ബോക്സ് ഡിവിഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണിതെന്ന് എക്സ്ബോക്സ് സിഇഒ ആശാ ശർമ ജീവനക്കാർക്കയച്ച ഔദ്യോഗിക സന്ദേശത്തിൽ വ്യക്തമാക്കി. കമ്പനിയുടെ നിലവിലെ ബിസിനസ് സാഹചര്യം അത്ര ആരോഗ്യകരമല്ല എന്ന് ആശാ ശർമ ജീവനക്കാരെ അറിയിച്ചു. മറ്റ് സമാന പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് എക്സ്ബോക്സിന്റെ പ്രവർത്തന ലാഭം മൂന്ന് മുതൽ പത്ത് മടങ്ങ് വരെ കുറവാണ്. മത്സരരംഗത്തുള്ള മറ്റ് കമ്പനികളെ അപേക്ഷിച്ച് ഉയർന്ന നിർമാണചെലവാണ് എക്സ്ബോക്സിനുള്ളത്.
കമ്പനിയുടെ പ്രധാന സേവനങ്ങളായ ഗെയിം പാസ്, മൾട്ടി-പ്ലാറ്റ്ഫോം വിപുലീകരണം എന്നിവയിലൂടെ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാൻ സാധിച്ചില്ല."ഇത് തികച്ചും വേദനാജനകമായ തീരുമാനമാണെന്ന് എനിക്കറിയാം," കമ്പനിയിൽ കരിയർ കെട്ടിപ്പടുത്ത നിരവധി ജീവനക്കാരെ ഈ തീരുമാനം ബാധിക്കുമെന്നത് ഖേദകരമാണെന്നും ആശാ ശർമ കൂട്ടിച്ചേർത്തു.
ആക്ടിവിഷൻ , ബെഥെസ്ഡ, ബ്ലിസാർഡ്, കിംഗ്, മോജാങ് , എക്സ്ബോക്സ് ഗെയിം സ്റ്റുഡിയോസ് എന്നിവയെല്ലാം ഈ വെട്ടിക്കുറയ്ക്കലിന്റെ പരിധിയിൽ വരും. എന്നാൽ, നിലവിൽ പ്രഖ്യാപിച്ച പ്രൊജക്ടുകളോ ഗെയിമുകളോ ഒന്നും തന്നെ റദാക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നാല് പ്രമുഖ ഗെയിമിംഗ് സ്റ്റുഡിയോകൾ എക്സ്ബോക്സിന് കീഴിൽ നിന്ന് പുറത്തുപോകും. കോംപൽഷൻ ഗെയിംസ്, ഡബിൾ ഫൈൻ പ്രൊഡക്ഷൻസ് എന്നിവ വീണ്ടും സ്വതന്ത്ര മാനേജ്മെന്റുകളായി മാറും. നിഞ്ച തിയറി, അൺഡെഡ് ലാബ്സ് എന്നിവ പുതിയ ഉടമസ്ഥരിലേക്ക് മാറും.
ഇതോടൊപ്പം കമ്പനിയുടെ ആഭ്യന്തര മാനേജ്മെന്റ് ഘടനയിലും വലിയ മാറ്റങ്ങൾ വരുത്തും. നിലവിൽ ചില വിഭാഗങ്ങളിൽ 14 ലെവലുകൾ വരെയുള്ള മാനേജ്മെന്റ് തസ്തികകൾ ഉള്ളത് പരമാവധി അഞ്ചോ മൂന്നോ ആയി ചുരുക്കും. കൂടാതെ വിതരണക്കാർക്കായുള്ള ചെലവ് പകുതിയായി കുറയ്ക്കാനും കമ്പനി തീരുമാനിച്ചു.
പുനഃസംഘടനയുടെ ഭാഗമായി ഹെലൻ ചിയാങ്ങിനെ എക്സ്ബോക്സിന്റെ ആദ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചു. ഉള്ളടക്കം, ഹാർഡ്വെയർ, പ്ലാറ്റ്ഫോം, സേവനങ്ങൾ എന്നിവയുടെ പൂർണ ചുമതല ഇനി ഹെലനായിരിക്കും. അതേസമയം, 17 വർഷത്തെ സേവനത്തിന് ശേഷം ഡേവ് മക്കാർത്തി കമ്പനിയിൽ നിന്ന് വിരമിക്കുകയാണ്.
Tags : tech xbox gaming layoffs jobcuts