പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽനിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചർച്ചയിലൂടെ പരിഹരിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തതു കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്.
വിഷയത്തിന്റെ ഗൗരവം സർക്കാർ മനസിലാക്കിയാണു തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി 10നു ചർച്ച നടത്തുന്നത്. ലേബർ കോഡ് അനുസരിച്ചാണെങ്കിലും കോറോ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായതു നിയമവിരുദ്ധമായ സമീപനമാണ്. മുന്നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനം അടച്ചുപൂട്ടുന്നതിനു മുൻപ് വകുപ്പിനെ അറിയിക്കണം എന്നതാണു നിയമം.
സംസ്ഥാന സർക്കാരിനു തുറന്ന സമീപനമാണ്, അതുകൊണ്ട് കമ്പനിക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതിനേക്കാൾ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുക എന്നതാണു ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സർക്കാർ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : Business Entrepreneur Market Corro health