അവലംബം: ഗുഗുൾ മാപ്പ്. ഏപ്രിലിലെ ചിത്രം
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മീനാക്ഷി പാലത്തിന് ഇരുവശങ്ങളിലായി കുടുങ്ങിക്കിടക്കുന്ന പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതിന് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലും ചൂരൽമല പള്ളി ഹാളിലും സൗകര്യമൊരുക്കി. സ്കൂളിലേക്കു പോയ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിൽ രാത്രിയോടെ എത്തിച്ചു.
പ്രദേശത്ത് മഴയുള്ളതിനാൽ തുരങ്കപാതയുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം നേരത്തേ നിർദേശം നൽകിയതിനാൽ നിർമാണജോലികൾ നടക്കുന്നുണ്ടായിരുന്നില്ല. ഏറാട്ടുകുണ്ട്, അട്ടമല, മമ്മിക്കുന്ന്, അംബേദ്കർ ഉന്നതിയിലെ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും. മീനാക്ഷി പാലത്തിൽനിന്നു മണ്ണ് നീക്കം ചെയ്ത ശേഷം പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഐ.സി. ബാലകൃഷ്ണൻ എഎൽഎയുടെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. അവലോകന യോഗത്തിൽ തിരുവന്പാടി എംഎൽഎ സി.കെ. കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി ദേവ മനോഹർ, എഡിഎം കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, വാർഡ് അംഗം ജിതിൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സ്വപ്നപദ്ധതി
കൽപ്പറ്റ: കേരളത്തിലെ സ്വപ്ന പദ്ധതികളിലൊന്നാണ് മേപ്പാടി-കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത. താമരശേരി ചുരത്തിലെ കനത്ത ഗതാഗതക്കുരുക്കിനും വികസന പരിമിതികൾക്കും ശാശ്വത പരിഹാരമെന്ന നിലയിൽ വിഭാവനം ചെയ്തതാണ് തുരങ്കപാത. നിർമാണം പൂർത്തിയാകുന്പോൾ ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ തുരങ്കപാതയായി ഇതു മാറും. 8.7 കിലോമീറ്റർ വരുന്ന റോഡിൽ 6.8 കിലോമീറ്ററോളം ഇരട്ട തുരങ്കമാണ്. കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കുള്ള യാത്രാദൂരത്തിൽ ഏതാണ്ട് 30 കിലോമീറ്ററോളം കുറവ് വരും.
യാത്ര സമയം ഒരു മണിക്കൂറിലധികം ലാഭിക്കാൻ സാധിക്കും.കൊങ്കണ് റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ് ഈ പദ്ധതിയുടെ നിർമാണ ചുമതലയും ഡിസൈനിംഗും നിർവഹിക്കുന്നത്. കിഫ്ബി വഴി ഏതാണ്ട് രണ്ടായിരത്തിലധികം കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. തുരങ്കത്തിനുള്ളിൽ ആധുനിക വെന്റിലേഷൻ സംവിധാനം, സിസിടിവി നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിൽ പുറത്തു കടക്കാനുള്ള പാതകൾ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.
മനുഷ്യനിർമിത ദുരന്തം: മന്ത്രി സിദ്ദിഖ്
കൽപ്പറ്റ: കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിൽ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊജിതമായി തുടരുകയാണെന്ന് മന്ത്രി ടി. സിദ്ദിഖ്. ഇതൊരു പ്രകൃതിദത്ത ഉരുൾപൊട്ടലല്ലെന്നും ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്നും മന്ത്രി പറഞ്ഞു. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴി ക്രമീകരിക്കുന്നതിനായി സ്ഥലത്ത് തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം.
മണ്ണ് മാറ്റാൻ നിർദേശിച്ചിരുന്നു: പൊതുമരാമത്ത് മന്ത്രി
ന്യൂഡൽഹി: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ലെന്നു വകുപ്പുമന്ത്രി പി.കെ. ബഷീർ.
അപകടം നടന്ന തുരങ്കനിർമാണം നടക്കുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ സൈറ്റല്ലെന്നും നിർമാണ ക്രമീകരണമുൾപ്പെടെയുള്ള എല്ലാ മേൽനോട്ടവും കൊങ്കൺ റെയിൽവേയ്ക്കാണെന്നും പി.കെ. ബഷീർ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദുരന്തം ദാരുണവും ഞെട്ടിക്കുന്നതും:പിണറായി വിജയൻ
തിരുവനന്തപുരം : വയനാട് മേപ്പാടി തുരങ്കപാത നിർമാണ മേഖലയിൽ മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിക്കുന്നതുമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുന്നു. ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവർക്കു സർക്കാർ സൗജന്യമായി വിദഗ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി: സുരേഷ് ഗോപി
പാലക്കാട്: വയനാട് അപകടം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രദേശത്തെ മണ്ണു മാറ്റാൻ നിർദേശം നൽകിയിട്ടും അതു പാലിച്ചില്ലെങ്കിൽ വലിയ വീഴ്ചയാണെന്നും ഇത്തരം സംഭവങ്ങളിൽ സർക്കാർ നടപടിയെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷാപ്രവർത്തനം ഊർജിതം
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കി. എൻഡിആർഎഫ്, ഫയർ ഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മീനങ്ങാടിയിൽനിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയതോടൊപ്പം കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള എൻഡിആർഎഫ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
എൻഡിആർഎഫിന്റെ 30 അംഗസംഘം വീതമാണ് വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നും അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്. ഇതിനു പുറമെ തൃശൂരിൽനിന്ന് എൻഡിആർഎഫിന്റെ സംഘത്തെ കോഴിക്കോട്ടേക്കു വിന്യസിച്ചിട്ടുണ്ട്. പാണ്ടിക്കാട്ടുനിന്ന് എസ്ഡിആർഎഫിന്റെ 50 അംഗ സംഘത്തെയും നിയോഗിച്ചു. ആത്മ, സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ നൂറംഗ ടീമും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്.
രക്ഷാപ്രവർത്തനത്തിന് എത്തിക്കാനുള്ള യന്ത്രങ്ങൾ എത്തിക്കാനും നിർദേശം നൽകി. അഞ്ച് ജെസിബികളും മറ്റ് യന്ത്രങ്ങളും മണ്ണ് നീക്കം നടത്തുന്നുണ്ട്. അടിയന്തര സഹാചര്യത്തിൽ ഉപയോഗിക്കുന്നതിനായി ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിന്റെ 100 അംഗ സംഘത്തെ സ്റ്റാൻഡ് ബൈയായി നിർത്തിയിട്ടുണ്ടെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
മുഖ്യമന്ത്രി ഇന്നെത്തും
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കുമെന്ന് മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബാം ചെയ്യുന്ന മൃതദേഹങ്ങൾ ബ ന്ധു ക്കൾക്ക് കൈമാറും.
Tags : Kalladi landslide Residents made safe