മാർ തോമസ് ഇലവനാൽ
കൊച്ചി: സീറോമലബാർ സഭയുടെ പൗരസ്ത്യരത്നം 2026 അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും ദീർഘനാൾ സഭയുടെ ആരാധനക്രമ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ തോമസ് ഇലവനാൽ അർഹനായി.
സഭയുടെ തനതായ ആരാധനക്രമ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിനിടയിൽ ആഴമേറിയ അവബോധം വളർത്തുന്നതിലും മാർ തോമസ് ഇലവനാൽ നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ചാണു പുരസ്കാരം.
50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ സമാപനസമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മാനിക്കും.
പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ മികച്ച സംഭാവനകൾ നൽകുന്ന സഭാംഗങ്ങൾക്ക് രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഉന്നത പുരസ്കാരമാണിത്.
തലശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ആരാധനക്രമ പ്രഫസറുമായിരുന്ന ഫാ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് അവാർഡ് ഏർപ്പെടുത്തിയത്.
ആരാധനക്രമ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കമ്മീഷൻ എപ്പിസ്കോപ്പൽ അംഗങ്ങളായ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ബിഷപ് മാർ ജോസഫ് കൊടക്കല്ലിൽ, സീറോമലബാർ സഭ കൂരിയ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ആരാധനക്രമ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ജിഫി മേക്കാട്ടുകുളം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.
Tags : Mar Thomas Eleventh Syro Malabar Church Paurasthya Ratnam Award