Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ 26നു നടക്കേണ്ട മത്സരത്തിന്റെ വേദി മാറ്റി.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വേദി മാറ്റുകയായിരുന്നു. ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ്.
ഏപ്രില്‍ 26നുള്ള മത്സരം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ വൈകുന്നേരം 3.30നു നടക്കും. മേയ് 21ന് ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന ഇരുടീമിന്റെയും റിവേഴ്സ് ഫിക്സ്ചര്‍, അമ്മദാബാദിലേക്കും മാറ്റി. രാത്രി 7.30നായിരുന്നു അന്നത്തെ മത്സരം. ബിസിസിഐയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Sports
ബംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിൽ ആര്‍സിബിക്ക് ജയം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 43 റണ്‍സിന്റെ തകർപ്പൻ ജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയത്.
സ്കോര്‍: ആര്‍സിബി 250/3, ചെന്നൈ 207/10 (19.4). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സടിച്ചപ്പോള്‍ ചെന്നൈയ്ക്ക് 19.4 ഓവറില്‍ 207 റണ്‍സിന് എല്ലാവരും കൂടാരം കയറി.
50 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ബംഗളൂരുവിനായി ഭുവനേശ്വർ കുമാർ മൂന്നും ജേക്കബ് ഡഫി, അഭിനന്ദൻ സിംഗ്, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ സീസണിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്.
സിബി ദേവ്ദത്ത് പടിക്കലിന്റെയും (50) ടിം ഡേവിഡിന്റെയും (25 പന്തിൽ 70) രജത് പാട്ടീദാറിന്റെയും (48) മികവിലാണ് ആര്‍സിബി കൂറ്റൻ സ്കോറിലേക്കെത്തിയത്. ചെന്നൈയ്ക്കായി ഖലീൽ അഹമ്മദും അൻഷുൽ കംബോജും ശിവം ദുബെയും ഓരോവിക്കറ്റ് വീഴ്ത്തി.
ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാം ജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറി. ഐപിഎല്ലില്‍ ആദ്യമായാണ് സീസണിലെ ആദ്യ മൂന്നുകളികളും ചെന്നൈ തോല്‍ക്കുന്നത്.
Sports
ചെന്നൈ: ഐപിഎൽ 2026ൽ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ തന്റെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വെറും ഏഴ് റൺസെടുത്ത് സഞ്ജു പുറത്തായി.
മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ സഞ്ജു ക്രീസ് വിട്ടു. സേവ്യർ ബാർട്ട്ലെറ്റ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രൻ സിംഗിന് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. ഏഴ് പന്തുകളിൽ നിന്ന് ഒരു ഫോറടക്കമാണ് താരം ഏഴ് റൺസ് നേടിയത്.
ചെന്നൈ ടീമിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ ആ മത്സരത്തിൽ ഏഴ് പന്തിൽ ആറ് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അന്ന് നാന്ദ്രെ ബർഗറുടെ പന്തിൽ താരം ബോൾഡാവുകയായിരുന്നു.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ചെന്നൈ ടീമിൽ മാത്യു ഷോർട്ടിന് പകരം പ്രശാന്ത് വീർ ഇടംപിടിച്ചപ്പോൾ പഞ്ചാബ് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.
ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ സഞ്ജുവിനെ കാത്തിരുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്തത് താരത്തിന് വലിയ തിരിച്ചടിയായി.
Sports
ചെന്നൈ: ഐപിഎൽ 2026ൽ തങ്ങളുടെ ആദ്യ ഹോം മാച്ചിനായി ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷം പഞ്ചാബ് കിംഗ്സിനെതിരെ ഒരു വിജയം ലക്ഷ്യമിട്ടാണ് ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന സിഎസ്കെ ഇന്ന് കളത്തിലിറങ്ങുന്നത്.
ഒരുകാലത്ത് സിഎസ്കെയുടെ ഉരുക്കുകോട്ടയായിരുന്ന ചെപ്പോക്കിൽ കഴിഞ്ഞ സീസണിലെ ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് വിജയിക്കാൻ കഴിഞ്ഞത്. ഈ മോശം റെക്കോർഡ് മറികടക്കാനാണ് ടീം ശ്രമിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ട സിഎസ്കെക്ക് ബാറ്റിംഗ് നിരയിലെ പതർച്ച വെല്ലുവിളിയാണ്. സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ഓപ്പണിംഗിൽ ഫോം കണ്ടെത്തേണ്ടതുണ്ട്.
എം.എസ്. ധോണി ഇന്നത്തെ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. എങ്കിലും പരിശീലനത്തിനിറങ്ങിയ ധോണിയുടെ വീഡിയോ ആരാധകർക്കിടയിൽ ആവേശം പകരുന്നുണ്ട്. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്സ് എത്തുന്നത്. കൈത്തണ്ടയ്ക്ക് പരിക്കേറ്റ ശ്രേയസ് അയ്യർ ഇന്ന് കളിക്കുമെന്ന് സഹപരിശീലകൻ ബ്രാഡ് ഹാഡിൻ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഏഴിലും സിഎസ്കെയെ പരാജയപ്പെടുത്താൻ പഞ്ചാബ് കിംഗ്സിനായിട്ടുണ്ട്. 2024 മേയ് അഞ്ചിന് ധർമ്മശാലയിൽ വെച്ച് നടന്ന മത്സരത്തിലാണ് സിഎസ്കെ അവസാനമായി പഞ്ചാബിനെതിരെ വിജയിച്ചത്. ചെപ്പോക്കിൽ ഇന്ന് രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്.
Sports
ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ശ്വാസം മുട്ടിച്ച് രാജസ്ഥാൻ റോയൽസ് ബൗളർമാർ. ബാർസപര സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ വെറും 127 റൺസിന് രാജസ്ഥാൻ ബൗളർമാർ എറിഞ്ഞൊതുക്കി.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയുടെ ബാറ്റിംഗ് നട്ടെല്ല് ഒടിച്ച രാജസ്ഥാൻ ബൗളിംഗ് നിരയിൽ ജോഫ്ര ആർച്ചറും നന്ദ്രെ ബർഗറും രവീന്ദ്ര ജഡേജയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
മൂന്ന് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. ജോഫ്ര ആർച്ചറും നന്ദ്രെ ബർഗറും ചേർന്ന് ഓരോ വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാന് മികച്ച തുടക്കം നൽകി. ഏഴ് പന്തിൽ ആറ് റൺസ് മാത്രം എടുത്ത് സഞ്ജു പുറത്തായതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് നിര ഒന്നടങ്കം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടെത്.
രവീന്ദ്ര ജഡേജ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ആറ് വിക്കറ്റിന് 57 റൺസ് എന്ന നിലയിലായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് അവസാന വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്തു.അവസാന ഓവറുകളിലെ പോരാട്ടമാണ് ടീമിന്റെ സ്കോർ 120 കടത്തിയതെങ്കിലും 19.4 ഓവറിൽ 127 റൺസിന് ചെന്നൈ ഓൾ ഔട്ടായി. രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിന് 128 റൺസാണ് വിജയലക്ഷ്യം.
National
ചെന്നൈ: ചെന്നൈ ജില്ലയിലെ 16 സീറ്റുകളിൽ 13ൽ ഡിഎംകെ-അണ്ണാ ഡിഎംകെ പോരാട്ടം. ഡിഎംകെയുടെ ശക്തികേന്ദ്രമായ ചെന്നൈയിൽ കരുത്തരായ സ്ഥാനാർഥികളെയാണ് അണ്ണാ ഡിഎംകെ രംഗത്തിറക്കിയിരിക്കുന്നത്. 2021ൽ ചെന്നൈയിലെ 16ൽ 15 മണ്ഡലങ്ങളും വിജയിച്ചത് ഡിഎംകെയാണ്.
ബിഎസ്പി നേതാവ് ആംസ്ട്രോംഗിന്റെ ഭാര്യ പോർക്കോടി തിരു വി കാ നഗറിൽ മത്സരിക്കും. ഡിഎംകെയിലെ കെ.എസ്. രവിചന്ദ്രനാണ് എതിർ സ്ഥാനാർഥി. കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ നേരിടുന്നത് പി. സന്താനകൃഷ്ണനാണ്. ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ ആദി രാജാറാം ആണ് അണ്ണാ ഡിഎംകെ സ്ഥാനാർഥി.
മുതിർന്ന നേതാവ് ഡി. ജയകുമാറും ചെന്നൈയിലെ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. ചെന്നൈയിലെ മൈലാപ്പൂർ, സെയ്ദാപേട്ട്, പെരന്പൂർ സീറ്റുകൾ യഥാക്രമം ബിജെപി, എഎംഎംകെ, പിഎംകെ കക്ഷികൾക്കാണ് അണ്ണാ ഡിഎംകെ നല്‍കിയിരിക്കുന്നത്. പെരന്പൂരിലാണ് ടിവികെ അധ്യക്ഷൻ വിജയ് ജനവിധി തേടുന്നത്.
Sports
ചെന്നൈ: ഐപിഎൽ സീസണിൽ ചെന്നൈയുടെ ഓപ്പണിംഗ് കോംബിനേഷൻ വെളിപ്പെടുത്തി നായകൻ ഋതുരാജ് ഗെയ്ക്വാദ്. സഞ്ജു സാംസണും താനുമായിരിക്കും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയെന്ന് ഗെയ്ക്വാദ് പറഞ്ഞു. കഴിഞ്ഞ സീസണിൽ യുവതാരം ആയുഷ് മാത്രെ ചെന്നൈയ്ക്കായി ഓപ്പണറുടെ റോളിൽ തിളങ്ങിയിരുന്നു.
എന്നാൽ ആയുഷ് മൂന്നാമനാകും. ഐപിഎൽ ക്യാപ്റ്റൻമാരുടെ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ചെന്നൈ ക്യാപ്റ്റന്റെ വെളിപ്പെടുത്തൽ. ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് നാലാമനാകും. അണ്ടർ 19 ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായ ആയുഷ് മാത്രെ ഓപ്പണറുടെ റോളിലാണു കളിച്ചിരുന്നത്.
എന്നാൽ സഞ്ജു എത്തിയതോടെ ടീം കോംബിനേഷനിൽ മാറ്റം വരുത്തുകയായിരുന്നു. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസിൽ നിന്നാണ് സഞ്ജു ചെന്നെയിലെത്തിയത്.
National
ചെന്നൈ: ഡിഎംകെയുടെ ശക്തിദുർഗമായ ചെന്നൈ നഗരത്തിലെ സീറ്റുകൾ പിടിച്ചെടുക്കാനൊരുങ്ങി നടൻ വിജയിന്റെ പാർട്ടിയായ ടിവികെ. 2021ൽ ചെന്നൈ നഗരത്തിലെ 16 സീറ്റുകളും വിജയിച്ചത് ഡിഎംകെയായിരുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയുടെ മണ്ഡലമായ ചെപ്പോക്ക്-തിരുവല്ലിക്കേനിയും ചെന്നൈ നഗരത്തിലാണ്. മന്ത്രിമാരായ പി.കെ. ശേഖർ ബാബു (ഹാർബർ), മാ സുബ്രഹ്മണ്യൻ (സെയ്ദാപേട്ട്) എന്നിവരും ചെന്നൈ നഗരത്തിൽനിന്നാണു വിജയിച്ചത്.
ചെന്നൈ നഗരത്തിലെ പെരന്പൂരിൽ നടൻ വിജയ് മത്സരിക്കണമെന്നാണു ടിവികെ നേതാക്കളുടെ താത്പര്യം. പാർട്ടി ജനറൽ സെക്രട്ടറിമാായ ബുസി എൻ. ആനന്ദ് ടി നഗറിലും ആധവ് അർജുന വില്ലിവാക്കത്തും മത്സരിക്കാനൊരുങ്ങുകയാണ്.
അണ്ണാ ഡിഎംകെയിൽനിന്നു ടിവികെയിലെത്തിയ ജെ.സി.ഡി. പ്രഭാകർ തൗസന്റ്സ് ലൈറ്റ്സിൽ മത്സരിച്ചേക്കും. തമിഴ്നാട്ടിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് ഇന്നലെയും വിജയ് ആവർത്തിച്ചു.
എൻഡിഎ സഖ്യം ഇല്ലെന്നു സ്ഥിരീകരിച്ച് വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായി സഖ്യമില്ലെന്ന് സ്ഥിരീകരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സഖ്യത്തിന് ടിവികെ തയാറാകുമെന്ന പ്രചാരണം അണികളെ ആശയക്കുഴപ്പത്തിലെത്തിക്കുന്നുണ്ടെന്നും മാമല്ലപുരത്ത് ഇഫ്താർ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
മതേതര, സാമൂഹ്യനീതി തത്വങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ടിവികെ തയാറല്ല. മാത്രമല്ല ടിവികെയുടെ നേതൃത്വത്തിലുള്ള സർക്കാർ മാത്രമാണ് ലക്ഷ്യം. ഒരു മുന്നണിയുടെയും ബി ടീമായി പ്രവർത്തിക്കാനില്ലെന്നും എൻഡിഎയെ പേരെടുത്തു പറയാതെ വിജയ് പറഞ്ഞു.
Kerala
ആളൂർ: യുകെയിലേക്കു വീസയും ജോലിയും ശരിയാക്കി നൽകാമെന്നുപറഞ്ഞ് 8,85,000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് ഈറോഡ് സ്വദേശി ശങ്കർ ഗണേഷ്(36) ആണ് ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്.
2023ൽ കൊറ്റനെല്ലൂർ തുമ്പൂർ സ്വദേശിക്ക് യുകെയിലേക്കു വീസയും ജോലിയും ശരിയാക്കാമെന്നുപറഞ്ഞു പണംവാങ്ങിയശേഷം വഞ്ചിക്കുകയായിരുന്നു. പണം തിരികെ നൽകാഞ്ഞതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സംഭവശേഷം പ്രതി വിദേശത്തേക്കു കടന്നതിനെത്തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രതി ദുബായിൽനിന്നു ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം ചെന്നൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു.
National
ചെന്നൈ: തിരുപ്പോരൂരിനടുത്ത് 12-ാം വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു. സംഭവത്തിൽ മമ്പാക്കത്ത് സ്വദേശി വിനോദ് കുമാറി (45) നെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ യുഎഇയ്ക്കെതിരെ ന്യൂസിലാന്‍ഡിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.
മലയാളി താരം അലിഷാന്‍ ഷറഫുവിന്റെയും (55) ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെയും (66) അര്‍ധ സെഞ്ചുറികളാണ് അവർക്ക് കരുത്തായത്. മായങ്ക് കുമാർ (21) റൺസ്നേടി. കിവീസിനായി മാറ്റ് ഹെൻറി രണ്ടുവിക്കറ്റ് വീഴ്ത്തി.
ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. യുഎഇയുടെ ആദ്യ മത്സരമാണിത്.
National
ചെന്നൈ: ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് വേദിയായ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ പോലീസ് വിസിൽ വിലക്കിയെന്ന് ആരോപണം. നടൻ വിജയ്യുടെ പാർട്ടിയായ ടിവികെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് വിസിൽ.
മത്സരത്തിന് എത്തിയ കാണികളോട് വിസിൽ സ്റ്റേഡിയത്തിൽ കയറ്റാൻ പറ്റില്ലെന്ന് പോലീസ് അറിയിച്ചുവെന്നാണ് പരാതി. വിജയ് ആരാധകർ രാഷ്ട്രീയ പ്രചരണം സ്റ്റേഡിയത്തിൽ നടത്തുമോ എന്ന ഭയമാണ് ഡിഎംകെ സർക്കാരിനെന്നാണ് ഉയരുന്ന വിമർശനം.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. വിസിൽ കയറ്റരുതെന്ന തീരുമാനം പോലീസിന്റേത് മാത്രമാണെന്നും തങ്ങൾക്ക് അതിൽ യാതൊരു പങ്കുമില്ലെന്നുമാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.
National
ചെന്നൈ: അഡയാർ മേഖലയിൽ നിന്നുള്ള ചത്ത പക്ഷികളുടെ സാമ്പിളുകളിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തി. നൂറുകണക്കിന് കാക്കളെയാണ് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അടിയന്തര കത്തയച്ചു.
രോഗവ്യാപനം തടയാൻ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്ന "വൺ ഹെൽത്ത്' രീതി നടപ്പിലാക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ചത്ത കാക്കകളെയോ മറ്റ് പക്ഷികളെയോ യാതൊരു കാരണവശാലും നേരിട്ട് തൊടാൻ പാടില്ല.
പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക അധികൃതരെ അറിയിക്കണമെന്നാണ് നിർദേശം.
ചത്ത പക്ഷികളെ ബയോ-സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ച് കത്തിച്ചു കളയുകയോ ആഴത്തിൽ കുഴിച്ചുമൂടുകയോ ചെയ്യണം. ഇത് വന്യജീവികളോ തെരുവ് നായകളോ കടക്കാത്ത വിധത്തിലായിരിക്കണം. അറിഞ്ഞോ അറിയാതെയോ പക്ഷികളെ സ്പർശിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
മാംസം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. കോഴി ഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. തൊഴിലാളികൾ ഫാമുകളിൽ പ്രവേശിക്കുമ്പോൾ അണുനാശിനികൾ ഉപയോഗിക്കണം.
National
ചെന്നൈ: ഒരു മാസത്തിന് ശേഷം പാർട്ടി യോഗത്തിൽ പങ്കെടുക്കാനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. ഇന്ന് രാവിലെ 10.30ഓടെ മഹാബലിപുരത്താണ് യോഗം. സിബിഐ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് വിജയ് ടിവികെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കുന്നത്.
ജനനായകൻ, സിബിഐ ചോദ്യംചെയ്യൽ വിഷയങ്ങളിൽ വിജയ് പ്രതികരിക്കുമോ എന്നതിന്റെ ആകാംക്ഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ടിവികെ പ്രവർത്തനങ്ങലിൽ വീണ്ടും സജീവമാകുകയാണ് വിജയ്.
ടിവികെയ്ക്ക് തെരഞ്ഞടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നം അനുവദിച്ചതിനുശേഷമുള്ള ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്. ഡിസംബർ 18ന് ഈറോഡിൽ നടന്ന പൊതുയോഗത്തിൽ ആണ് വിജയ് ഒടുവിൽ രാഷ്ട്രീയം പറഞ്ഞത്.
നാല് ദിവസങ്ങൾക്ക് ശേഷം മഹാബലിപുരത്ത് ടിവികെയൂടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തെങ്കിലും ബൈബിൾ വചനങ്ങളോടെ പ്രസംഗം ഒതുക്കിയിരുന്നു. അവസാന ചിത്രമായ ജനനായകന്റെ റിലീസ് സെൻസർ ബോർഡ് കുരുക്കിൽ കുടുങ്ങിയത് തിരിച്ചടിയായിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചൊവ്വാഴ്ച ഉത്തരവ് പറയുമെങ്കിലും സുപ്രീം കോടതിയിലേക്ക് നിയമപോരാട്ടം നീളാനാണ് സാധ്യത. ഇതിനിടയിൽ കരൂർ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ സിബിഐയുടെ ഡൽഹി ഓഫീസിൽ വിജയ് ഹാജരാവുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: മധുരയിലെ തിരുപ്പറംകുണ്ഡ്രം കുന്നിലെ കൽത്തൂണിൽ ദീപം തെളിക്കാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചതിനെ സ്വാഗതം ചെയ്തു ബിജെപി.
ദീപം തെളിക്കാമെന്ന കോടതി ഉത്തരവിനെതിരേ ഡിഎംകെ അപ്പീൽ നൽകിയത് ഹിന്ദുവിരുദ്ധ മനോഭാവത്തിനുപുറമെ ഹിന്ദുവിനെതിരേയും സനാതനധർമത്തിനെതിരേയുമുള്ള പക്ഷപാതത്തിന്റെ വ്യക്തമായ പ്രതിഫലനമാണെന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
കോടതിവിധിക്കെതിരേ അപ്പീൽ നൽകിയതിലൂടെ ഡിഎംകെയുടെയും ഇന്ത്യാസഖ്യത്തിലെ അവരുടെ സുഹൃത്തുക്കളുടെയും ഹിന്ദു മതത്തോടുള്ള വെറുപ്പ് പ്രകടമായെന്നും വിധി പുറപ്പെടുവിച്ച ജഡ്ജിയെ നീക്കം ചെയ്യാൻ പ്രതിപക്ഷനേതാക്കൾ ഇംപീച്ച്മെന്റ് പ്രമേയത്തിൽ ഒപ്പിട്ടത് ഇതു വ്യക്തമാക്കുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിയുടെ മുഖ്യ ചുമതലക്കാരൻകൂടിയായ പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്ന ചെന്നൈ സ്വദേശിയായ വ്യവസായി ഡി. മണിയില്‍ നിന്നു മൊഴിയെടുക്കാന്‍ എസ്ഐടി സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു.
പ്രവാസി വ്യവസായി എസ്ഐടിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡി മണിയിലേക്കു നീങ്ങിയത്.
നാല് പഞ്ചലോഹവിഗ്രങ്ങള്‍ ശബരിമലയില്‍ നിന്നു കടത്തിയെന്നും ഇതിന് ഇടനിലക്കാരനായി നിന്നത് ഉണ്ണികൃഷ്ണന് പോറ്റിയായിരുന്നെന്നുമാണ് പ്രവാസി വ്യവസായി എസ്ഐടിക്ക് മൊഴി നല്‍കിയത്.
2020 ഒക്ടോബര്‍ 26 ന് വിഗ്രഹങ്ങള്‍ വില്‍പ്പന നടത്തിയതിനുള്ള പണം കൈമാറ്റം നടന്നുവെന്നും ശബരിമലയിലെ ഭരണചുമതലയുള്ള ഒരു ഉന്നതനും ഉണ്ണിക്കൃഷ്ണന് പോറ്റിയും ഡി. മണിയും മാത്രമായിരുന്നു പണം കൈമാറ്റസമയത്ത് ഉണ്ടായിരുന്നതെന്നാണ് പ്രവാസിയുടെ മൊഴി.
വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്തിയെന്നും കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നതെന്നായിരുന്നു വ്യവസായിയുടെ മൊഴി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് ശബരിമല സ്വര്‍ണക്കള്ളക്കടത്തില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് എസ്ഐടിക്ക് ആദ്യം മൊഴി നല്‍കിയത്.
500 കോടിയുടെ ഇടപാടാണ് നടന്നതെന്നും തന്നോട് ഇക്കാര്യം പറഞ്ഞത് പ്രവാസി വ്യവസായിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഈ വ്യവസായിയില്‍നിന്ന് എസ്ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.
അദ്ദേഹവും സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. ഡി. മണിയുടെ ബന്ധവും വ്യവസായി എസ്ഐടിയോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ഡി. മണിയിലേക്ക് നീങ്ങിയത്.
National
ചെന്നൈ: മൂന്ന് കോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ ഉത്രകൊലക്കേസ് മോഡലിൽ കൊലപ്പെടുത്തിയ ആൺമക്കൾ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലാണു സംഭവം.
പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സർക്കാർ സ്കൂളിലെ ലാബ് അസിസ്റ്റന്റ് ഗണേശനാണ് (56) കൊല്ലപ്പെട്ടത്.
പാമ്പ് കടിയേറ്റ ഗണേശനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിലുള്ള പോലീസിന്റെ സംശയമാണ് കൊലപാതകം ചുരുളഴിയാൻ ഇടയാക്കിയത്. സംഭവത്തിൽ ഗണേശന്റെ മക്കളായ മോഹൻരാജും ഹരിഹരനും അറസ്റ്റിലായി.
പാമ്പുകടിയേറ്റ ഉടനെ പിതാവിനെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ മക്കൾ തയാറായില്ല. എന്നാൽ മരണം സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഇൻഷ്വറൻസ് കമ്പനിയിൽ വിളിച്ച് മക്കൾ ഇൻഷ്വറൻസ് തുക ക്ലെയിം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഗണേശന് 11 ഇൻഷുറൻസ് പോളിസികളുണ്ടായിരുന്നു. ഇതിൽ നാലെണ്ണം മരണശേഷം ലഭിക്കുന്ന മൂന്ന് കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസികളായിരുന്നു.
National
ചെന്നൈ: ചെന്നൈ അണ്ണാശാലയിലെ ബിഎസ്എൻഎൽ ഓഫീസിൽ വൻ അഗ്നിബാധ. അഗ്നിസുരക്ഷാസേനയുടെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ബഹുനില മന്ദിരത്തിന്റെ രണ്ടാംനിലയിലാണു തീപിടിച്ചത്.
ഓൺലൈൻ ബില്ലിംഗ്, 108 ആംബുലൻസ് ഉൾപ്പെടെ സേവനങ്ങൾ ഇതേത്തുടർന്ന് തടസപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു. പോലീസ് അന്വേഷണം തുടങ്ങി.
National
ചെന്നൈ: ദിത്വ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ചെന്നൈയിലും വ്യാപക മഴ.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വില്ലുപുരം, കടലൂര്‍, തിരുവണ്ണാമല എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്തു.
ചെന്നൈയിലുള്ള റെഡ് ഹില്‍സിലെ ഒറ്റപ്പെട്ട വീടുകളില്‍നിന്ന് ഒമ്പതു പേരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാനത്തെ പല ജില്ലകളിലെയും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം ജില്ലകളിലും മഴ പെയ്തു.
പ്രതികൂല കാലാവസ്ഥയെ മറികടന്ന് തിരുവണ്ണാമലയിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ ഇന്നലെ പുലര്‍ച്ചെ കുന്നിന് പ്രദേശത്തെ വാര്‍ഷിക കാര്‍ത്തിക ദീപം ഉത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
National
ചെന്നൈ: മെട്രോ ട്രെയിന്‍ സര്‍വീസിനിടെ തുരങ്കപാതയ്ക്കുള്ളില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.
ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിന്നുപോയതോടെ യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി. തുരങ്കത്തിനുള്ളിലൂടെ നടന്നാണ് യാത്രക്കാര്‍ സമീപത്തെ ഹൈക്കോടതി സ്റ്റേഷനിലെത്തിയത്.
വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലൂലൈനിലാണ് ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തുരങ്കത്തിനുള്ളില്വച്ച് ട്രെയിന്‍ നിന്നുപോയതെന്നാണ് അധികൃതരുടെ വിശദീകരണം.
പെട്ടെന്ന് ട്രെയിന്‍ നിന്നുപോയതിന് പിന്നാലെ ട്രെയിനുള്ളിലെ വൈദ്യുതി നിലച്ചതായും യാത്രക്കാര്‍ പറഞ്ഞു. ഏകദേശം പത്തുമിനിറ്റോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിപ്പോയനിലയിലായിരുന്നു.
യാത്രക്കാര്‍ തുരങ്കത്തിലൂടെ നടന്നുപോകുന്നതിന്റെയും ട്രെയിനില്‍ കുടുങ്ങിപ്പോയതിന്റെയും വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
National
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദത്തെ തുടർന്നു ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്.
ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈ, തിരുവള്ളൂർ ചെങ്കൽപ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ മുതൽ ചെന്നൈയിൽ അപ്രതീക്ഷിത മഴയാണ് പെയ്തത്. എട്ട് മണിക്കൂറോളം മഴ നിർത്താതെ പെയ്തതോടെ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി.
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ചെന്നൈയുടെ തെക്കൻ പ്രദേശങ്ങളിൽ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്ര ഒറ്റപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്ന് ചെന്നൈയ്ക്ക് പുറമേ തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. 24 മണിക്കൂറിൽ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ.
National
ചെന്നൈ: തമിഴ്നാട്ടില്‍ വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്ന് അപകടം. ചെന്നൈ താംബരത്തിന് സമീപം തിരുപ്പോരൂരില്‍ ആണ് വിമാനം തകര്‍ന്നു വീണത്.
താംബരം വ്യോമസേനാ താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ പിസി-7 പിലാറ്റസ് വിഭാഗത്തില്‍പ്പെട്ട ബേസിക് ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാല്‍ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല.
അപകടത്തെ കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പത്രക്കുറിപ്പില്‍ അറിയിച്ചു.
Editorial
രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
തകർന്നുവീണ സിസ്റ്റത്തിൽ ശ്വാസംമുട്ടി 40 പേർകൂടി മരിച്ചു. ശനിയാഴ്ച തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി ടിവികെ (തമിഴക വെട്രി കഴകം) കരൂരിൽ നടത്തിയ റാലിയിൽ പങ്കെടുത്തവരും കാഴ്ചക്കാരുമാണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്.
രാഷ്ട്രീയത്തിലും മതത്തിലും ആശ്വാസം തേടി തിങ്ങിക്കൂടുന്ന മനുഷ്യർ തിരക്കിൽ ശ്വാസംമുട്ടി മരിക്കുന്നത് ആദ്യമല്ല; അവസാനത്തേതുമായിരിക്കില്ല. കാരണം, ഒന്നിനു പിറകെ മറ്റൊന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്പോഴും സർക്കാരുകൾ ഒരു മുൻകരുതലും സ്വീകരിക്കുന്നില്ല.
ഒരിറ്റു വെള്ളത്തിനും ഒടുവിലൊരു ശ്വാസത്തിനുമായുള്ള മനുഷ്യരുടെ പിടച്ചിൽ നിഷ്ക്രിയ ഭരണകൂടങ്ങളെയും അതിന്റെ ഉത്പന്നമായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും നോവിക്കുന്നില്ല. രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
നാമക്കലിലെ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി ഏഴോടെയാണ് ടിവികെ പ്രസിഡന്റ് വിജയ് കരൂരിലെത്തിയത്. കരൂർ വേലുച്ചാമിപുരത്ത് ഉച്ചയ്ക്കു നടക്കേണ്ടിയിരുന്ന റാലി വൈകിയതോടെ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നവരും പിന്നീട് എത്തിയവരുമായി ആൾക്കൂട്ടം പെരുകി. 10,000 പേരെ പ്രതീക്ഷിച്ചിടത്ത് 1.5 ലക്ഷം പേർ എത്തിയെന്നാണ് ചില കണക്കുകൾ.
നാമക്കലിൽനിന്ന് മറ്റു വാഹനങ്ങളിൽ വിജയ്യെ പിന്തുടർന്നെത്തിയവരും തിരക്കു വർധിപ്പിച്ചു. ഇതിനിടെ ഒരു മരക്കൊന്പ് ഒടിഞ്ഞുവീണതോടെ ആളുകൾ ചിതറിയോടിയെന്നും ഏതാണ്ട് അതേസമയത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നുമൊക്കെ റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിനുമുമ്പ് കല്ലേറുണ്ടായെന്നും വേദിക്കടുത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച ടിവികെ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗൂഢാലോചനാ സിദ്ധാന്തങ്ങളും പാർട്ടികളുടെ ആരോപണ-പ്രത്യാരോപണങ്ങളുമൊക്കെ ഇത്തരം ആൾക്കൂട്ട ദുരന്തങ്ങളുടെ പിന്നാലെ പതിവുള്ളതാണ്. അതിന്റെ യാഥാർഥ്യങ്ങൾ തെളിഞ്ഞാലും, തിരുത്തലുകൾ നടത്തി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരു നടപടിയും ഉണ്ടാകില്ല.
കഴിഞ്ഞ ജൂൺ നാലിനാണ് ഐപിഎല്ലിൽ ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണപരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. മേയ് മൂന്നിന് ഉത്തരഗോവയിലെ ശ്രീ ലായ്റായി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴുപേർ മരിക്കുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 15ന് അർധരാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 കുംഭമേള തീർഥാടകരെങ്കിലും മരിച്ചു. ജനുവരി 29ന് മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ 30 പേരാണ് പ്രയാഗ്രാജിൽ തിരക്കിൽപ്പെട്ടു മരിച്ചത്. ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു പേർ മരിച്ചത് ജനുവരി എട്ടിന്. ഇതൊക്കെ ഇക്കൊല്ലം മാത്രം സംഭവിച്ചതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കിൽ ഈ മനുഷ്യനിർമിത ദുരന്തങ്ങൾ ഇങ്ങനെ തുടർക്കഥയാകില്ലായിരുന്നു.
കരൂർ ദുരന്തത്തിൽ സർക്കാരും വിജയ്യും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനവും പരിക്കേറ്റവർക്ക് ചികിത്സാസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതാവശ്യമാണ്. പക്ഷേ, ദുരന്തത്തിൽനിന്നു പാഠങ്ങൾ പഠിച്ച് ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും, അഴിമതിയില്ലാത്തതും കർശനവുമായ നടപടിക്രമങ്ങളും അതുപോലെതന്നെ പ്രധാനമാണ്. തമിഴ് രാഷ്ട്രീയത്തിൽ പുതിയ മുന്നേറ്റത്തിനിറങ്ങിയിരിക്കുന്ന ടിവികെയുടെ പ്രാദേശിക നേതാക്കൾക്കെതിരേ മാത്രമല്ല, പ്രസിഡന്റ് വിജയ്ക്കെതിരേയും കേസെടുക്കണം.
രാവിലെ മുതൽ വേലുച്ചാമിപുരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിനു സാക്ഷിയായിട്ടും അനുമതി റദ്ദാക്കാതിരുന്ന ഉദ്യോഗസ്ഥരെയെല്ലാം പ്രതികളാക്കണം. മാതൃകാപരമായ ശിക്ഷയുണ്ടായാൽ മരണം വിതയ്ക്കുന്ന കെടുകാര്യസ്ഥത ഒരുപരിധിവരെയെങ്കിലും കുറയും. ജനങ്ങളും തിരിച്ചറിയണം, യഥാർഥ രാഷ്ട്രീയത്തെയും മതത്തെയുമൊന്നും ശ്വാസംമുട്ടിക്കുന്ന ആൾക്കൂട്ടങ്ങളിലല്ല തിരയേണ്ടത്. ആൾദൈവങ്ങളൊന്നും നിങ്ങളില്ലാതാകുന്ന വീടിനു തണലാകില്ല.
രാജ്യത്ത്, ഒന്‍പതു മാസത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്ന ആറാമത്തെ വലിയ ദുരന്തമാണ് കരൂരിലേത്. ഏതാനും സസ്പെൻഷനുകൾ ഒഴിച്ചാൽ ബാക്കി അഞ്ചിലും അന്വേഷണവും നടപടികളുമൊക്കെ ഇഴയുകയാണ്. ആ പട്ടികയിലേക്ക് കരൂരിനെയും ചേർത്തുവയ്ക്കാനാണെങ്കിൽ ഏഴാമത്തേത് എവിടെ, എത്ര മരണം എന്നുകൂടിയേ എഴുതിച്ചേർക്കേണ്ടതുള്ളൂ. ജനം കരുതിയിരിക്കുക.
National
ചെന്നൈ: കാഞ്ചിപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി. നിലമ്പൂർ സ്വദേശി മുഹമ്മദ് അഷ്മിലിനെയാണ് (20) കാണാതായത്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. പത്ത് പേരടങ്ങിയ വിദ്യാർഥി സംഘമാണ് കരിങ്കൽ ക്വാറിയോട് ചേർന്നുളള കുളത്തിൽ കുളിക്കാനായി എത്തിയത്. ഇതിനിടെ അഷ്മിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
രാത്രി എട്ട് വരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
കുളത്തിന് 300 അടി താഴ്ചയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിനെത്തിയതായിരുന്നു വിദ്യാർഥികൾ.