ഇന്ത്യാ സഖ്യ നേതാക്കൾ സ്റ്റാലിനുമായി ചർച്ച നടത്തുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കൗതുകകരവും അതേസമയം നാടകീയവുമായ സഖ്യചരിത്രങ്ങളിലൊന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ദ്രാവിഡ മുന്നേറ്റ കഴകവും തമ്മിലുള്ളത്. പതിറ്റാണ്ടുകൾ നീണ്ട ഈ രാഷ്ട്രീയബന്ധം പലപ്പോഴും ഊഷ്മളമായ സൗഹൃദത്തിനും അത്രതന്നെ ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും വേർപിരിയലിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അധികാര രാഷ്ട്രീയത്തിലെ താത്പര്യങ്ങളും പ്രാദേശിക രാഷ്ട്രീയത്തിന്റെ സമ്മർദങ്ങളും ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളുമാണ് ഈ ബന്ധത്തിന്റെ ഗതിവിഗതികൾ നിർണയിച്ചത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലി കോൺഗ്രസ് നേതൃത്വവും ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ചെന്നൈയിലെത്തി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ കോൺഗ്രസ്-ഡിഎംകെ ബന്ധം വീണ്ടും നിർണായക വഴിത്തിരിവിലാണ്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മമത ബാനർജി തുടങ്ങിയ നേതാക്കളുടെ ചെന്നൈ സന്ദർശനം കേവലം രാഷ്ട്രീയ കൂടിക്കാഴ്ചയല്ല സഖ്യത്തിലെ വിള്ളൽ പരിഹരിക്കാനുള്ള നിർണായക നീക്കം കൂടിയാണ്.
അധികാര രാഷ്ട്രീയത്തിൽ മാറിമറിഞ്ഞ ബന്ധം
തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം നിർണായക ശക്തിയായി വളർന്നതോടെ 1967ൽ കോൺഗ്രസിന് അധികാരം നഷ്ടമായി. സംസ്ഥാനത്ത് കോൺഗ്രസിന്റെ ദീർഘകാല രാഷ്ട്രീയ ആധിപത്യത്തിന് അന്ത്യം കുറിച്ച ആ തെരഞ്ഞെടുപ്പിൽ വിജയക്കൊടി നാട്ടിയത് ഡിഎംകെയായിരുന്നു. ഇതോടെ ഇരുപാർട്ടികളും തമ്മിൽ രാഷ്ട്രീയമായ അകൽച്ച ശക്തമായി. എന്നാൽ ദേശീയ രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങൾ അധികം വൈകാതെ ഇന്ദിരാഗാന്ധിയെയും എം.കരുണാനിധിയെയും വീണ്ടും ഒരുമിപ്പിച്ചു.
1971 ൽ രൂപപ്പെട്ട ഈ അടുപ്പം അടിയന്തരാവസ്ഥക്കാലത്ത് തകർന്നെങ്കിലും 1980ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ ഇരുപാർട്ടികളും വീണ്ടും സഖ്യത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ പരസ്യമായി രംഗത്തെത്തിയ അപൂർവം നേതാക്കളിൽ ഒരാളായിരുന്നു കരുണാനിധി. തുടർന്ന് 1976 ഇന്ദിരാഗാന്ധി കരുണാനിധി മന്ത്രിസഭയെ പിരിച്ചുവിട്ടു. ഇതോടെ കോൺഗ്രസും ഡിഎംകെയും കടുത്ത രാഷ്ട്രീയ ശത്രുതയിലായി.
മാറിമറിഞ്ഞ ദേശീയ രാഷ്ട്രീയ സമവാക്യങ്ങൾ
1977ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായി സഹകരിച്ചാണ് ഡിഎംകെ മത്സരിച്ചതെങ്കിലും പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടി വന്നു. എഐഎഡിഎംകെ-കോൺഗ്രസ് കൂട്ടുകെട്ട് മേൽക്കൈ നേടി. തമിഴ്നാട്ടിൽ എംജിആർ ശക്തനായ രാഷ്ട്രീയ എതിരാളിയായി ഉയർന്നതോടെ ഡിഎംകെയുടെ മുന്നിലുള്ള വെല്ലുവിളിയും വർധിച്ചു. ഇതിനിടെ ദേശീയ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങളുണ്ടായി.
1977ൽ അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാരിന് ആഭ്യന്തര കലഹങ്ങളെ അതിജീവിക്കാനായില്ല. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ രണ്ടുവർഷത്തിനുശേഷം സർക്കാർ നിലംപതിച്ചു. തുടർന്നുവന്ന കേന്ദ്രമന്ത്രിസഭയിൽ എംജിആർ പങ്കാളിയായതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ വീണ്ടും മാറി.
നെഹ്റുവിന്റെ മകളേ വരൂ... മറീന ബീച്ചിലെ രാഷ്ട്രീയ മഞ്ഞുരുക്കം
അങ്ങനെ അടിയന്തരാവസ്ഥക്കാലത്ത് കടുത്ത ശത്രുതയിലായിരുന്ന ഇന്ദിരാഗാന്ധിയും കരുണാനിധിയും വീണ്ടും അനുരഞ്ജനത്തിന്റെ വഴിയിലെത്തി. ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇന്ദിരാഗാന്ധിയെ സ്വീകരിച്ചുകൊണ്ട് കരുണാനിധി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. നെഹ്റുവിന്റെ മകളേ വരൂ, സ്ഥിരതയുള്ള ഒരു ഭരണം തരൂ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ വാചകങ്ങളിലൊന്നായി മാറി. ഈ മുദ്രാവാക്യവും സഖ്യവും തമിഴ്നാട്ടിൽ വലിയ തരംഗമുണ്ടാക്കി.
1980ലെ തെരഞ്ഞെടുപ്പും സഖ്യത്തിന്റെ മുന്നേറ്റവും
ഈ രാഷ്ട്രീയ അടുപ്പം 1980 ജനുവരിയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായക സഖ്യമായി രൂപപ്പെട്ടു. തമിഴ്നാട്ടിലെ 39 സീറ്റുകളിൽ കോൺഗ്രസ് 22 എണ്ണത്തിലും ഡിഎംകെ 16 എണ്ണത്തിലും മത്സരിക്കാനും ശേഷിച്ച ഒരു സീറ്റ് മുസ്ലിം ലീഗിന് നൽകാനുമായിരുന്നു ധാരണ. തെരഞ്ഞെടുപ്പ് ഫലം സഖ്യത്തിന്റെ പ്രതീക്ഷകൾക്കുമപ്പുറമായി. ആകെയുള്ള 39 സീറ്റുകളിൽ 37 എണ്ണവും കോൺഗ്രസ്-ഡിഎംകെ സഖ്യവും മുസ്ലിം ലീഗും ചേർന്ന് സ്വന്തമാക്കി.
കോൺഗ്രസിന് 20 സീറ്റും ഡിഎംകെയ്ക്ക് 16 സീറ്റും മുസ്ലിം ലീഗിന് ഒരു സീറ്റും ലഭിച്ചു. തമിഴ്നാട്ടിൽ ഇന്ദിരാഗാന്ധി-കരുണാനിധി കൂട്ടുകെട്ട് സൃഷ്ടിച്ച രാഷ്ട്രീയ തരംഗത്തിന്റെ തെളിവായിരുന്നു ഈ വിജയം. അങ്ങനെ ഒരിക്കൽ പരസ്പരം പോരടിച്ചിരുന്ന രണ്ട് രാഷ്ട്രീയ ശക്തികൾ വീണ്ടും അധികാര രാഷ്ട്രീയത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കൈകോർത്തു.
വീണ്ടും ഇണങ്ങിയും പിണങ്ങിയും
എന്നാൽ ഈ സൗഹൃദത്തിനും അധികം നീണ്ടുനിൽക്കാനായില്ല. 1990കളിൽ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ജെയിൻ കമ്മിഷൻ റിപ്പോർട്ടിനെത്തുടർന്ന് കോൺഗ്രസ് ഡിഎംകെയുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ചു.പിന്നീട് 2004ൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ യുപിഎ രൂപീകരിച്ചപ്പോഴാണ് ഇരുപാർട്ടികളും വീണ്ടും ഒരുമിച്ചത്. ഡിഎംകെ യുപിഎയിലെ പ്രധാന സഖ്യകക്ഷിയായി മാറുകയും 2004 മുതൽ 2013 വരെ കേന്ദ്രഭരണത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
എന്നാൽ ശ്രീലങ്കൻ തമിഴ് പ്രശ്നവും 2ജി സ്പെക്ട്രം വിവാദവും വീണ്ടും ബന്ധത്തിൽ വിള്ളലുണ്ടാക്കി. 2013ൽ ഡിഎംകെ യുപിഎ വിട്ടതോടെ സഖ്യം അവസാനിച്ചു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തു. 2016ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് കോൺഗ്രസും ഡിഎംകെയും വീണ്ടും ഒന്നിച്ചത്. പിന്നീട് 2019ലെയും 2024ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം മികച്ച വിജയം നേടി.
ഈ ബന്ധത്തിന് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ മുഖം നൽകിയത് എം.കെ. സ്റ്റാലിനും രാഹുൽ ഗാന്ധിയുമായിരുന്നു. 2018ൽ പ്രതിപക്ഷ നിരയിലെ പല നേതാക്കളും മടിച്ചുനിന്നപ്പോൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ആദ്യം നിർദേശിച്ചത് സ്റ്റാലിനായിരുന്നു. രാഹുൽ ഗാന്ധി സ്റ്റാലിനെ സഹോദരൻ എന്ന് വിശേഷിപ്പിച്ചതും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. തമിഴ്നാട്ടിലെ കോൺഗ്രസ്-ഡിഎംകെ സഖ്യം പിന്നീട് ഇന്ത്യ സഖ്യത്തിന്റെ പ്രധാന രാഷ്ട്രീയ അടിത്തറകളിലൊന്നായി മാറി. ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി ഇരുപാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു.
വർഷങ്ങൾ നീണ്ട സൗഹൃദത്തിൽ വിള്ളൽ
എന്നാൽ 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഈ രാഷ്ട്രീയ സൗഹൃദത്തിന് അപ്രതീക്ഷിതമായ തിരിച്ചടിയായി. നടൻ വിജയ്യുടെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ടു. കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുണ്ടായിരുന്ന വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തങ്ങളുടെ അഞ്ച് എംഎൽഎമാരുടെ പിന്തുണ നൽകി. വർഷങ്ങളോളം ഒപ്പം നിന്ന തങ്ങളെ അറിയിക്കുകപോലും ചെയ്യാതെയാണ് കോൺഗ്രസ് ടിവികെയ്ക്കൊപ്പം പോയതെന്നായിരുന്നു ഡിഎംകെയുടെ പ്രധാന ആരോപണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റാലിൻ അഞ്ചുതവണ വിളിച്ചിട്ടും രാഹുൽ ഗാന്ധി തിരിച്ചുവിളിച്ചില്ലെന്ന വെളിപ്പെടുത്തലുകളും ഇരുപാർട്ടികൾക്കുമിടയിലെ അകൽച്ച വർധിപ്പിച്ചു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിനൊപ്പം വ്യക്തിപരമായ ആശയവിനിമയത്തിലെ അകൽച്ചയും ബന്ധത്തെ കൂടുതൽ വഷളാക്കി. ഇതോടെ ഡിഎംകെ ഇന്ത്യ സഖ്യത്തിൽനിന്ന് അകലുകയും പാർലമെന്റിൽ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെടുകയും ചെയ്തു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് വലിയ പ്രാധാന്യമുള്ള ഘട്ടത്തിൽ തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ നീക്കം കോൺഗ്രസിനും തിരിച്ചടിയായി.
സൗഹൃദം തിരിച്ചുവരുമോ, അതോ രാഷ്ട്രീയ അകൽച്ചയോ?
കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം പരിശോധിച്ചാൽ താത്പര്യങ്ങൾ ഒത്തുചേരുമ്പോൾ കൈകോർക്കുകയും അഭിപ്രായവ്യത്യാസങ്ങൾ ശക്തമാകുമ്പോൾ അകലുകയും ചെയ്ത നിരവധി സന്ദർഭങ്ങൾ കാണാം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രതിസന്ധിയും സഖ്യത്തിന്റെ സ്ഥിരമായ അന്ത്യമായി വിലയിരുത്താനാവില്ല.
എന്നാൽ 2026 ലെ തമിഴ്നാട് രാഷ്ട്രീയത്തിൽ കോൺഗ്രസ് സ്വീകരിച്ച പുതിയ നിലപാടും ഡിഎംകെയുടെ അതൃപ്തിയും ബന്ധത്തിന്റെ പഴയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. ചെന്നൈയിലെ കൂടിക്കാഴ്ചയുടെ ഫലം തമിഴ്നാട്ടിലെ കോൺഗ്രസ്-ഡിഎംകെ ബന്ധത്തിന്റെ ഭാവി മാത്രമല്ല, ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഐക്യവും പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ദിശയും നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തും. പതിറ്റാണ്ടുകളായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുപോയ ഈ രാഷ്ട്രീയ ബന്ധം വീണ്ടും ഒരു നിർണായക പരീക്ഷണഘട്ടത്തിലാണ്.
Tags : TamilNaduPolitics M.K.Stalin DMK Congress Chennai PoliticalMeeting DelimitationBill