ശരദ് പവാറും നരേന്ദ്ര മോദിയും
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ എൻസിപി (എസ്പി) നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. ബില്ലിനെ അനുകൂലിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് രണ്ട് നേതാക്കൾ പാർട്ടിയുടെ പ്രാഥമിക അംഗത്വവും സംഘടനാ ചുമതലകളും രാജിവെച്ചു. പാർട്ടിയുടെ സോഷ്യൽ മീഡിയാ സെൽ മഹാരാഷ്ട്ര ജനറൽ സെക്രട്ടറിയായ രമേശ്വർ ഖാംക്കറും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഭയ് സിംഗ് ജഗ്താപുമാണ് പാർട്ടി വിട്ടത്.
അതേസമയം ബില്ലിലെ വ്യവസ്ഥകൾ വിശദമായി പരിശോധിച്ചശേഷം മാത്രമേ പാർട്ടി ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കൂവെന്ന് വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ വ്യക്തമാക്കി. പാർട്ടിയുടെ സോഷ്യൽ മീഡിയാ സെൽ മഹാരാഷ്ട്ര ജനറൽ സെക്രട്ടറിയായ രമേശ്വർ ഖാംക്കറാണ് ആദ്യം രാജിക്കത്ത് നൽകിയത്. ബിജെപി സർക്കാരിന്റെ ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്വന്തം രാഷ്ട്രീയ ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് പദവിയിൽ തുടരാൻ കഴിയില്ലെന്നും രാജിക്കത്തിൽ കുറിച്ചു.
എൻസിപി പിളർന്ന സമയത്ത് ശരദ് പവാറിനൊപ്പം ഉറച്ചുനിന്ന നേതാവാണ് ജഗ്താപ്. പാർട്ടിയുടെ പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം വീടുതോറും എത്തിക്കുന്നതിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. മണ്ഡല പുനർനിർണയം എംപിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനോ വനിതാ സംവരണം നടപ്പാക്കുന്നതിനോ മാത്രമുള്ള നീക്കമല്ലെന്നാണ് ജഗ്താപിന്റെ ആരോപണം. ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തികൾ ബിജെപിക്ക് അനുകൂലമായ രീതിയിൽ പുനർനിർണയിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെ രാജ്യത്തുനിന്ന് പൂർണമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുമായി കൈകോർക്കുന്നതിനേക്കാൾ നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നതാണെന്നും രാജിക്കത്തിൽ അദ്ദേഹം പരിഹസിച്ചു. അതേസമയം പാർട്ടി ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾക്കിടയിലും ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്ന് സുപ്രിയ സുലെ വ്യക്തമാക്കി. ബില്ലിലെ വ്യവസ്ഥകൾ വിശദമായി പരിശോധിച്ചശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും അവർ അറിയിച്ചു.
Tags : PoliticalDevelopments DelimitationBill SupriyaSule PoliticalCrisis PartyResignations MaharashtraPolitics