ന്യൂഡൽഹി: ഭരണമുന്നണിയായ എൻഡിഎയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ബിജെപിയുമായി ഉണ്ടായിട്ടില്ലെന്ന് എൻസിപി (ശരദ് പവാർ) നേതാവായ സുപ്രിയ സുലെ.
മണ്ഡലപുനർനിർണയ ബില്ലിലടക്കം എൻസിപി (എസ്പി) എൻഡിഎയെ പിന്തുണച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പാർട്ടിയുടെ നിലപാട് സുപ്രിയ സുലെ വ്യക്തമാക്കിയത്.
മണ്ഡലപുനർനിർണയത്തിനെ പിന്തുണയ്ക്കണമോയെന്നതിൽ പാർട്ടി ഔദ്യോഗിക നിലപാടെടുത്തിട്ടില്ലെന്നു വ്യക്തമാക്കിയ സുപ്രിയ ബില്ലിനെ എൻസിപി (എസ്പി) പിന്തുണയ്ക്കുമെന്ന അഭ്യൂഹത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് വിശേഷിപ്പിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ ചൊവ്വാഴ്ച രാത്രി അജിത് പവാറിന്റെ എൻസിപിയിലെയും ശരദ് പവാറിന്റെ എൻസിപിയിലെയും നേതാക്കൾ വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയതിനു പിന്നാലെയായിരുന്നു അഭ്യൂഹങ്ങൾക്ക് ചൂടുപിടിച്ചത്.
എന്നാൽ കൂടിക്കാഴ്ചയിൽ രഹസ്യാത്മകതയും രാഷ്ട്രീയതന്ത്രവുമില്ലെന്നാണ് സുപ്രിയ ഇന്നലെ പറഞ്ഞത്. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വർധന അംഗീകരിക്കുകയും അതിന്റെ നടത്തിപ്പിന് വ്യക്തമായ രൂപരേഖയുണ്ടാക്കുകയും ചെയ്താൽ മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നത് പരിഗണിക്കുമെന്ന് സുപ്രിയ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശിവസേന (ഉദ്ധവ്) എംപി അരവിന്ദ് സാവന്ത്, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി എന്നിവരെ ഡൽഹിയിലേക്കു വിളിപ്പിച്ചെന്നും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ബില്ലിനെപ്പറ്റി തങ്ങളോട് വിശദീകരിച്ചുവെന്നും സുപ്രിയ പറഞ്ഞു.