ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിൽ അനുകൂല നിലപാടെടുത്ത ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യാ സഖ്യത്തിന്റെ നീക്കം ഫലം കണ്ടില്ല. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി ചെന്നൈയിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ച അവസാനിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ മടങ്ങി. ഊഷ്മളമായ സ്വീകരണം നൽകിയെങ്കിലും നിലപാടിൽ മാറ്റം വരുത്താൻ സ്റ്റാലിൻ തയാറായില്ലെന്നാണ് വിവരം.
തനിക്ക് ആരോടും ദേഷ്യമില്ലെന്ന് വ്യക്തമാക്കിയ സ്റ്റാലിൻ ഇന്ത്യാ സഖ്യനേതാക്കളെ ഊഷ്മളമായാണ് സ്വീകരിച്ചത്. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാട് ആരോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലപാട് മാറ്റണമെന്ന നേതാക്കളുടെ അനുനയശ്രമങ്ങൾക്ക് സ്റ്റാലിൻ വഴങ്ങിയില്ല. വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് തയാറല്ലെന്ന് കൂടിക്കാഴ്ചയിൽ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
അതേസമയം മറ്റേതെങ്കിലും ക്രിയാത്മക നിർദേശം മുന്നോട്ടുവച്ചാൽ പരിഗണിക്കാമെന്നും കോൺഗ്രസ് നേതൃത്വം സ്റ്റാലിനെ അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനത്തിനു വേണ്ടി കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്ന് ഡിഎംകെ എംപി ദയാനിധിമാരൻ ചർച്ചയിൽ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കനിമൊഴി, ടി.ആർ. ബാലു, എ ,രാജ, ദയാനിധി മാരൻ എന്നിവരടങ്ങുന്ന ഡിഎംകെ നേതാക്കൾ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യാ സഖ്യനേതാക്കൾ ചെന്നൈയിലെത്തിയത്.
Tags : M.K.Stalin DMK Congress TamilNaduPolitics Chennai