ഹിരോഷിമ നഗരം.
1945 ഓഗസ്റ്റ് ആറ്; മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ ദിനം. നേരം പുലരുന്പോൾ, ഹിരോഷിമാ നഗരത്തിലെ ജീവിതം യുദ്ധഭീതികൾക്കിടയിലും സാധാരണമായിരുന്നു. പ്രാദേശികസമയം 8.15ന് അതു സംഭവിച്ചു, ലോകത്തിലെ ആദ്യത്തെ അണുബോംബ് ആക്രമണം. അമേരിക്കയുടെ യുദ്ധവിമാനം വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ്, ഹിരോഷിമ നഗരത്തെ വിഴുങ്ങി. അഗ്നിയും പുകപടലങ്ങളും ആകാശത്തോളം ഉയർന്നു. ഒന്നരലക്ഷത്തോളം പേരാണ് ആ ദുരന്തത്തിന് ഇരയായത്. ആ മഹാദുരത്തിന് ഓഗസ്റ്റ് ആറിന് 81 വർഷം പൂർത്തിയാകുകയാണ്.
ഇപ്പോൾ, ആ ദുരന്തനഗരത്തിൽ പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണു ശാസ്ത്രലോകം. അണുബോംബ് സ്ഫോടനം സൃഷ്ടിച്ച അതിതീവ്രമായ അന്തരീക്ഷത്തില്‍, ഭൂമിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ലോഹക്കൂട്ട് രൂപപ്പെട്ടതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യ നിര്‍മിതമായ അതിതീവ്ര പ്രക്രിയകളിലൂടെ മുന്‍പ് കണ്ടിട്ടില്ലാത്ത പുതിയ പദാര്‍ഥങ്ങള്‍ രൂപപ്പെടാം എന്നതിന്റെ തെളിവാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഹിരോഷിമൈറ്റുകള്
ആറ്റംബോംബ് സ്ഫോടനത്തിനുശേഷം ഹിരോഷിമ കടൽത്തീരത്തെ മണല്‍ത്തരികളിലെ ഹിരോഷിമൈറ്റുകള് എന്നു വിളിക്കപ്പെടുന്ന ചെറിയ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ശാസ്ത്രജ്ഞര്‍ അസാധാരണ മിശ്രിതം തിരിച്ചറിഞ്ഞത്.
സ്ഫോടനസമയത്ത് ഉയര്‍ന്ന 12,000 ഡിഗ്രി ഫാരന്ഹീറ്റിലുമധികം വരുന്ന ഭീകരമായ ചൂടില്‍ നഗരത്തിലെ കെട്ടിടങ്ങള്‍, ലോഹങ്ങള്‍, മണ്ണ്, ചില്ലുകള്‍, വെള്ളം എന്നിവ നിമിഷനേരം കൊണ്ട് ആവിയായി മാറിയിരുന്നു. ഹൈ-പവര്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പും എക്സ്-റേ ഡിഫ്രാക്ഷനും ഉപയോഗിച്ച് അവശിഷ്ടങ്ങളിലെ ചെറിയ ലോഹകണികകള്‍ പരിശോധിച്ചപ്പോഴാണ് സാധാരണയായി കാണുന്നതിൽനിന്നു വ്യത്യസ്തമായ അപൂര്‍വ കണിക ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ആറ്റങ്ങള്‍ നിമിഷനേരം കൊണ്ട് ഉറഞ്ഞുപോയ ഘടന
ഇരുമ്പ്, ക്രോമിയം, നിക്കല്‍, മാംഗനീസ്, മോളിബ്ഡനം, സിലിക്കണ്‍, അലുമിനിയം എന്നിവയുടെ അപൂര്‍വമായ രാസക്കൂട്ടാണ് കണികയില്‍ കണ്ടെത്തിയത്. സാധാരണ ലോഹസങ്കരങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആറ്റോമിക് ഘടനയിലാണ് ഇവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. സ്ഫോടനത്തിനു പിന്നാലെ വാതകമായി മാറിയ ലോഹം, പിന്നീടു തണുത്തുറയുകയും ആറ്റങ്ങള്‍ അതേപടി നിശ്ചലമായി ഉറച്ചുപോവുകയും ചെയ്തതിനാലാണ് ഇത്തരമൊരു സവിശേഷഘടന രൂപപ്പെട്ടതെന്നാണ് ഗവേഷകരുടെ വിശദീകരണം.
മനുഷ്യന് നിര്‍മിച്ച അങ്ങേയറ്റത്തെ പ്രതികൂലവും തീവ്രവുമായ സാഹചര്യങ്ങള്‍ക്കു പുതിയ പദാര്‍ഥങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പഠനം തെളിയിക്കുന്നു. ഭാവിയില്‍ കൂടുതല്‍ ഭാരം കുറഞ്ഞതും എന്നാല്‍ കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ പുതിയ ലോഹസങ്കരങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഈ കണ്ടെത്തല്‍ സഹായകരമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. കൂടാതെ, ആണവ സ്ഫോടനത്തിനുശേഷം ഉണ്ടാകുന്ന രാസ-ഭൗതിക അവശിഷ്ടങ്ങളെക്കുറിച്ചും റേഡിയേഷന് വ്യാപനത്തെക്കുറിച്ചും കൂടുതല്‍ കൃത്യമായി മനസിലാക്കാന്‍ ഇതുവഴി കഴിയുമെന്നും ഗവേഷകർ പറഞ്ഞു.
മഹാദുരന്തത്തിന്റെ 80 വര്‍ഷത്തിനുശേഷവും, അന്നു സംഭവിച്ച ഭൗതികമാറ്റങ്ങളെക്കുറിച്ച് പൂർണമായി മനസിലാക്കാൻ ഗവേഷകർക്കു കഴിഞ്ഞിട്ടില്ലെന്ന ഓർപ്പെടുത്തൽ കൂടിയാണ് ഈ പഠനം.
Tags : Hiroshima Japan AtomicBomb USAttack LittleBoy WorldWarII