ഈജിപ്റ്റിലെ സഖാറയിൽനിന്നു ഗവേഷകർ കണ്ടെത്തിയ പ്രതിമകളും മറ്റു പുരാതനവസ്തുക്കളും.
ഈജിപ്റ്റിലെ കെയ്റോ നഗരത്തിനു തെക്ക് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ സഖാറ ശ്മശാനഭൂമിയിൽനിന്ന് 4,000-ലേറെ വർഷം പഴക്കമുള്ള, ഉന്നത പദവിയലങ്കരിച്ചിരുന്ന ഉദ്യോഗസ്ഥന്റെ അപൂര്‍വ കല്ലറ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള പ്രദേശത്ത് ഈജിപ്ഷ്യന്‍ പുരാവസ്തു മിഷന് നടത്തിയ ഖനനത്തിലാണു ശാസ്ത്രലോകത്തെ ആവേശത്തിലാഴ്ത്തിയ സുപ്രധാന കണ്ടെത്തല്‍.
സാമ്രാജ്യത്വ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സെഖെന്തിയു താഹ് എന്ന പ്രമുഖ ഉദ്യോഗസ്ഥന്റേതാണ് ഈ കല്ലറ. ഭൗതികലോകത്തില്നിന്നു പരലോകത്തേക്ക് ആത്മാവിനു സഞ്ചരിക്കാനുള്ള പ്രതീകാത്മക കവാടമെന്നു പുരാതന ഈജിപ്റ്റുകാര്‍ വിശ്വസിച്ചിരുന്ന വാതില്‍ കേടുപാടുകൾ കൂടാതെ കണ്ടെത്തിയിട്ടുണ്ട്. വാതിലിനു തൊട്ടുമുന്നിലായി അലബാസ്റ്റര്‍ കല്ലില്‍ തീര്‍ത്ത യാഗപീഠം, യാഗതളിക, പാത്രങ്ങൾ, ജഗ്ഗ് എന്നിവ അടങ്ങിയ അപൂര്‍വ ശേഖരവും കണ്ടെത്തി. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷവും ആചാര വസ്തുക്കള്‍ അവയുടെ യഥാര്‍ഥ സ്ഥാനത്തുതന്നെ സ്ഥിതിചെയ്യുന്നുവെന്നത് പഴയ സാമ്രാജ്യത്വ കാലത്തെ സംസ്കാര ചടങ്ങുകളെയും ആചാരങ്ങളെയും കുറിച്ചു പഠിക്കാന്‍ ഗവേഷകർക്കു വലിയ അവസരമാണു നല്‍കുന്നത്.

എല്ലാം വെളിപ്പെടുത്തി ഹൈറോഗ്ലിഫിക്സ്
പ്രതീകാത്മക വാതിലിലും ആചാരപാത്രങ്ങളിലും കൊത്തിവച്ചിരുന്ന ഹൈറോഗ്ലിഫിക് ലിപികള്‍ പരിശോധിച്ചതില്‍നിന്ന് സെഖെന്തിയു താഹ് വഹിച്ചിരുന്ന ഉയര്‍ന്ന പദവികള്‍ വ്യക്തമായിട്ടുണ്ട്.
രാജകീയ കാര്യസ്ഥന്, രാജാവിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്നോട്ടക്കാരന്, രാജകീയ പ്രമാണങ്ങളുടെ സൂക്ഷിപ്പുകാരന്, പുരോഹിതന്, എഴുത്തുകാരുടെ മേധാവി എന്നിവയാണത്.
പ്രധാന കല്ലറയ്ക്കു പുറമെ, പരസ്പരം ബന്ധിപ്പിക്കപ്പെട്ട നിരവധി കല്ലറകളും സംഘം കണ്ടെത്തിയിട്ടുണ്ട്. പരലോകത്തെ ആവശ്യങ്ങൾക്കെന്ന വിശ്വാസപ്രകാരം വയ്ക്കുന്ന മണ്‍പാത്രങ്ങൾ, നൂറിലധികം ഉഷാബ്തി പ്രതിമ, മരത്തില്‍ തീര്‍ത്ത പരുന്തിന്റെ ശിൽപം, വര്‍ണാഭമായ ശവക്കച്ചകൾ എന്നിവ ലഭിച്ചു. പണ്ടുകാലത്തു കൊള്ളക്കാര്‍ ചില അറകളില്‍ കടന്നുകയറിയ ലക്ഷണങ്ങളുണ്ടെങ്കിലും മൂന്നു ശവപ്പെട്ടികളും ഒട്ടും കേടുപാടുകളില്ലാതെ സീല്‍ ചെയ്ത അവസ്ഥയില്‍ തന്നെയാണു കണ്ടെത്തിയത്.
പുരാതന ഈജിപ്ഷ്യന്‍ തലസ്ഥാനമായിരുന്ന മെംഫിസിന്റെ പ്രധാന ശ്മശാന ഭൂമിയായിരുന്നു സഖാറ. കാലഘട്ടങ്ങള്‍ മാറുമ്പോഴും ഈ പ്രദേശം എങ്ങനെ ഉപയോഗിക്കപ്പെട്ടുവെന്നും ശവസംസ്കാരവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ എങ്ങനെ മാറിമറിഞ്ഞെന്നും മനസിലാക്കാന്‍ പുതിയ കണ്ടെത്തല്‍ ഏറെ സഹായിക്കുമെന്ന് ഈജിപ്ഷ്യന്‍ വിനോദസഞ്ചാര-പുരാവസ്തു മന്ത്രാലയം വ്യക്തമാക്കി.
Tags : InternationalNews History ScienceNews Archelology Cairo Saqqara