വനിതകൾ ഹിജാബില്ലാതെ പങ്കെടുത്ത ഓട്ടമത്സരം
ടെഹ്റാൻ: ഇറാനിൽ നിർബന്ധിത ഹിജാബ് നിയമങ്ങൾ കർശനമായി നിലനിൽക്കെ, അത് വകവയ്ക്കാതെ തലമുടി തുറന്നിട്ട് ചരിത്രപ്രധാനമായ 10 കിലോമീറ്റർ റോഡ് റേസിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തത് ഭർണകൂടത്തെ ഞെട്ടിച്ചു. തലസ്ഥനാമായ ടെഹ്റാനിലെ വെലായത്ത് പാർക്കിൽ വെള്ളിയാഴ്ച നടന്ന കായിക മാമാങ്കത്തിലാണ് ഇറേനിയൻ ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ട് വനിതകൾ ഹിജാബില്ലാതെ പങ്കെടുത്തത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും വേറെവേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നതെങ്കിലും പൊതുസ്ഥലങ്ങളിൽ നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന രാജ്യത്തെ കടുത്ത നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് വനിതാ അത്ലറ്റുകൾ ട്രാക്കിലിറങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ സംഭവം വലിയ ശ്രദ്ധനേടിക്കഴിഞ്ഞു.
2022-ൽ ഹിജാബ് കൃത്യമായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലിസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ഇറാനിലുടനീളം വൻ പ്രതിഷേധം അലയടിച്ചിരുന്നു. 'വുമൺ, ലൈഫ്, ഫ്രീഡം' എന്ന മുദ്രാവാക്യമുയർത്തി ആരംഭിച്ച ആ പോരാട്ടത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഈ സംഭവവും വിലയിരുത്തപ്പെടുന്നത്. ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കും നിരീക്ഷണങ്ങൾക്കും മധ്യേയും ഇറേനിയൻ സ്ത്രീകൾ തങ്ങളുടെ വ്യക്തി സ്വാതന്ത്യത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം തുടരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
Tags : Deepika BreakingNews Women Run Hijab