പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: രാജസ്ഥാനില്‍ 24 വര്‍ഷം മുമ്പ് നടന്ന ആസൂത്രിത കൊലപാതകക്കേസിലെ പ്രതി ഒടുവില്‍ പിടിയിലായി. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് കേസില്‍ തലയ്ക്കു വില പ്രഖ്യാപിച്ചിരുന്ന ഗുജറാത്ത് ബനസ്കന്ത സ്വദേശിയായ ദിനേശ്ഭായ് അമതാഭായ് ദേശായിയെ (54) അഹമ്മദാബാദിലെ വെജാല്പൂരില് നിന്ന് അറസ്റ്റ് ചെയ്തത്.
2002-ല്‍ രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം നടന്നത്. കുടുംബസ്വത്ത് തര്‍ക്കത്തെയും ബിസിനസ് വൈരാഗ്യത്തെയും തുടര്‍ന്ന് വേലാറാം നായ് എന്നയാളെ ദിനേശ്ഭായിയും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ടാറ്റാ സുമോ വാഹനം കൊണ്ട് വേലാറാം സഞ്ചരിച്ച ബൈക്കിലേക്ക് മനഃപൂര്‍വ്വം ഇടിച്ചു കയറ്റി കൊലപ്പെടുത്തിയ ശേഷം വാഹനാപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. എന്നാല്‍ പൊലിസിന്റെ തുടരന്വേഷണത്തില്‍ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാന്‍ 24 വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ വ്യാജ പേരില്‍ ദൈനംദിന കൂലിവേല ചെയ്താണ് ദിനേശ്ഭായ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അടുത്തിടെ അഹമ്മദാബാദില്‍ ബ്രോക്കറായി ജോലി ചെയ്തു വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. പ്രതിയെ കൂടുതല്‍ നിയമനടപടികള്‍ക്കായി രാജസ്ഥാന് പൊലിസിന് കൈമാറും.
Tags : Arrest Gujrath Rajasthan LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash