പത്മശ്രീ പ്രഫ.ഡോ. ജി. വിജയരാഘവൻ
തിരുവനന്തപുരം: ഒറ്റക്കുറിപ്പടിയില്‍ ഒതുങ്ങാത്ത ജീവിതമായിരുന്നു പ്രമുഖ ഹൃദ്രോഗ ചികിത്സാ വിദഗ്ധനും കിംസ്ഹെല്‍ത്ത് സ്ഥാപക ഡയറക് ടറും വൈസ് ചെയര്‍മാനുമായ പത്മശ്രീ പ്രഫ.ഡോ. ജി. വിജയരാഘവന്റേത്. ആറു പതിറ്റാണ്ടിലേറെ തന്റെ ജീവിതം ഹൃദ്രോഗ പഠനങ്ങള്‍ക്കും ചികിത്സകള്‍ക്കുമായി മാറ്റിവച്ചു.
സംസ്കൃത പണ്ഡിതനായ സാഹിത്യശിരോമണി എം.കെ. ഗോവിന്ദന്റെ മകന് ആഗ്രഹിച്ചത് അധ്യാപകനാകുന്നതിനായിരുന്നു. ഇഷ് ടവിഷയമാകട്ടെ ഇംഗ്ലീഷ് സാഹിത്യവും. പക്ഷെ അച്ഛനുണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തെ ആതുരസേവന മേഖലയിലെക്കെത്തിച്ചത്.
സ്വകാര്യ മേഖലയില്‍ കുറഞ്ഞ ചെലവില്‍ അത്യാധുനിക ഹൃദ്രോഗ ചികിത്സ ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ കാരണമായിട്ടുണ്ട്.
ഹൃദയത്തിന്റെ കാവല്ക്കാരന് എന്നറിയപ്പെടുന്ന ഡോ. വിജയരാഘവന് കാര്‍ഡിയോളജി രംഗത്ത് നൂതനമായ പലമാറ്റങ്ങള്‍ക്കും തുടക്കമിട്ടു. ഹൃദയതാളമറിയാന് ഡോ. വിജയരാഘവന് സ്റ്റെതസ്കോപ്പിന്റെ ആവശ്യം ഇല്ലെന്ന പ്രയോഗം തന്നെയുണ്ട്. പതിറ്റാണ്ടുകളായി ചിരിച്ചുകൊണ്ട് രോഗികളെ നോക്കുന്ന ഡോക്റുടെ ആശ്വാസ വാക്കുകള്‍ മുന്നിലെത്തുന്ന രോഗികള്‍ക്ക് ആത്മവിശ്വാസം നല്കി.
കൊല്ലം ജില്ലയിലെ പെരുമ്പുഴയില്‍ സംസ്കൃത പണ്ഡിതനായിരുന്ന സാഹിത്യ ശിരോമണി എം.കെ. ഗോവിന്ദന്റെ മകനായി 1942ലാണ് അദ്ദേഹം ജനിച്ചത്. 2002ല്‍ തിരുവനതപുരം കിംസ് ആശുപത്രി സ്ഥാപിക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന ഡോ.ജി. വിജയരാഘവന് സ്ഥാപനത്തിന്റെ വൈസ് ചെയര്‍മാനും രണ്ടു പതിറ്റാണ്ടിലധികം ആശുപത്രിയുടെ കാര്‍ഡിയോളജി വിഭാഗം മേധാവിയുമായിരുന്നു.
ഇതിനൊപ്പം തന്നെ കിംസ് ആശുപത്രിയിലെ അക്കാദമിക വിഭാഗം സ്ഥാപിക്കുകയും ഡീന്‍ എന്ന നിലയില്‍ ഇരുപതില്‍ അധികം ഡിഎന്‍ബി കോഴ്സുകള്‍ ഉള്‍പ്പെടെ വിപുലമായ അക്കാദമിക് റിസര്‍ച്ച് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു.
തിരുവനന്തപുരം മോഡല്‍ സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസം. 1964ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദവും 1969ല്‍ ജനറല്‍ മെഡിസിനില്‍ എംഡിയും നേടി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പഠനം തുടര്‍ന്ന അദ്ദേഹം 1973ല്‍ കാര്‍ഡിയോളജിയില്‍ ഡിഎം നേടുകയും തുടര്‍ന്ന് അസോസിയേറ്റ് പ്രഫസറായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
1976ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സ്കൂളും ലണ്ടനിലെ ബ്രോംപ്റ്റണ്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് എന്‍ഡോമയോകാര്‍ഡിയല്‍ ഫൈബ്രോസിസില്‍ അദ്ദേഹം ഗവേഷണം തുടര്‍ന്നു. 1980ല്‍ രാജ്യത്തെ ആദ്യത്തെ ടു ഡയമന്‍ഷണല്‍ എക്കോകാര്‍ഡിയോഗ്രഫി ലബോറട്ടറി സ്ഥാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
1984 മുതല്‍ കേരള യൂണിവേഴ്സിറ്റിയില്‍ കാര്‍ഡിയോളജി പിഎച്ച്ഡി വിഭാഗത്തില്‍ യൂണിവേഴ്സിറ്റി ഗൈഡായും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര ജേർണലുകളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യമേഖലയിലെ നിസ്തുലമായ സംഭാവനകള്‍ക്ക്, 2009ല്‍ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നല്കി ആദരിച്ചു.
ഡോപ്ലര്‍ എക്കോകാര്ഡിയോഗ്രഫിയില് ഒരു പുസ്തകത്തിന്റെ സഹ രചയിതാവ് കൂടിയാണ് അദ്ദേഹം. ആരോഗ്യ മേഖലയില്‍ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രഫി, ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ്, അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി തുടങ്ങിയ ലോകോത്തര മെഡിക്കല്‍ സംഘടനകളില്‍ നിന്ന് അദ്ദേഹത്തിന് ഓണററി ഫെലോഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. പ്രിവന്റീവ് കാര്‍ഡിയോളജി, അനുബന്ധ ചികിത്സ, ഹൃദ്രോഗികള്‍ക്കു വേണ്ട പ്രത്യേകമായ പരിചരണം എന്നിവയിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സെറിബ്ര ഒഡോളം വിഷബാധയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ നൂതന ചികിത്സാ രീതികളിലേക്ക് വഴിതെളിക്കുന്നതിന് കാരണമായി. 1983ല്‍ അദ്ദേഹത്തെ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചു. അവിടെ അദ്ദേഹം ഡോപ്ലര്‍ എക്കോകാര്ഡിയോഗ്രഫിയിലെ ഒരു പ്രമുഖ ഗവേഷകനായി മാറുകയും ഈ വിഷയത്തില്‍ യുഎസില്‍ നിന്നുള്ള ആദ്യ പുസ്തകത്തിന്റെ സഹരചയിതാവാകുകയും ചെയ്തു.
1998 വരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ആയിരുന്ന പ്രഫ.ഡോ. ജി. വിജയരാഘവന് തുടര്‍ന്ന് കുവൈറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ പ്രഫസറും, ദുബായ് വെല്‍കെയര്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോ. ജി. വിജയരാഘവന്റെ വേർപാടിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അനുശോചിച്ചു. ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും പകർന്നു നൽകിയ ’ഹൃദയത്തിന്റെ കാവൽക്കാരൻ’ ആയിരുന്നു ഡോ. ജി. വിജയരാഘവനെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
Tags : DrGVijayaraghavan: Heart Touching Prescription Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash