പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: ലോകത്തിലെ എട്ടാമത്തെ ഉയർന്ന കൊടുമുടിയായ മനസ്ലു പർവതത്തിലുണ്ടായ ഹിമപാതത്തിൽ ഇന്ത്യൻ വംശജനായ ജർമൻ പർവതാരോഹകനും നേപ്പാളി ഷെർപ്പ ഗൈഡും കൊല്ലപ്പെട്ടു.
ജർമനിയിൽ സ്ഥിരതാമസമാക്കിയ ധ്രുവ ജ്യോതി ഗുഹ, അദ്ദേഹത്തിന്റെ ഗൈഡായ നേപ്പാളിലെ മകാലുമേഖലയിൽനിന്നുള്ള ഫുർസെംബ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി മനസ്ലു പർവതത്തിലെ ക്യാമ്പ് മൂന്നിൽ സ്ഥാപിച്ചിരുന്ന ഇവരുടെ കൂടാരത്തിനു മുകളിലേക്ക് വൻ മഞ്ഞുമല പതിക്കുകയായിരുന്നു.
മോശം കാലാവസ്ഥയെത്തുടർന്ന് ക്യാമ്പ് രണ്ടിൽ നിന്ന് കൂടുതൽ ഉയരത്തിലുള്ള ക്യാമ്പ് മൂന്നിലേക്ക് യാത്ര തുടരരുതെന്ന മുന്നറിയിപ്പ് മറികടന്നാണ് ഇരുവരും മുന്നോട്ടുപോയതെന്ന് പർവതാരോഹണ ഏജൻസിയായ മകാലു അഡ്വഞ്ചർ മാനേജിംഗ് ഡയറക്ടർ മോഹൻ ലാംസാൽ പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെ ഇരുവരുമായുള്ള ആശയവിനിമയം പൂർണമായി നിലച്ചിരുന്നു. തുടർന്ന് തെരച്ചിൽ സംഘം ക്യാമ്പ് മൂന്നിലെത്തിയപ്പോഴാണ് ഏഴടിയോളം താഴ്ചയുള്ള മഞ്ഞിനടിയിൽനിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറ് പർവതാരോഹകർ മോശം കാലാവസ്ഥയെ തുടർന്ന് ക്യാമ്പ് രണ്ടിൽ തുടർന്നതിനാൽ ഇവർ സുരക്ഷിതരാണെന്ന് സംഘാടകർ അറിയിച്ചു. കാലാവസ്ഥ അനുകൂലമാകുന്നതോടെ മൃതദേഹങ്ങൾ ബേസ് ക്യാമ്പിലെത്തിച്ച് തിങ്കളാഴ്ചയോടെ കാഠ്മണ്ഡുവിലേക്കു വിമാനമാർഗം മാറ്റും. ഈ സീസണിൽ മാത്രം മനസ്ലു കൊടുമുടിയിൽ മരിച്ചവരുടെ എണ്ണം ഇതോടെ നാലായി.
Tags : MountManaslu Indian Guide Die Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash