പ്രതീകാത്മക ചിത്രം
മുംബൈ: ഗണേശോത്സവ പന്തലിനു സമീപത്തെ താത്കാലിക കുടിവെള്ള വിതരണ കേന്ദ്രത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു. എട്ടുവയസുള്ള പെണ്‍കുട്ടിയും 33 വയസുള്ള സ്ത്രീയുമാണു മരിച്ചത്. നാലുപേർക്ക് പരുക്കേറ്റു.
മുംബൈ ലാൽബാഗിലെ കാലാചൗക്കി ദത്താറാം ലാഡ് മാർഗിലെ ദിഗ് വിജയ് മിൽ ചാളിൽ ഞായറാഴ്ച പുലർച്ചെ 2.20ഓടെയാണ് സംഭവം.
മഹാഗണപതി ഉത്സവ മണ്ഡലിന്റെ പ്രവേശന കവാടത്തിനു സമീപം താത്കാലികമായി സ്ഥാപിച്ച കുടിവെള്ള, ശീതളപാനീയ സ്റ്റാളിലാണു ഷോർട് സർക്യൂട്ടുണ്ടായത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ഷോക്കേറ്റ എട്ടുവയസുകാരിയായ രഘിനി ഘനശ്യാം യാദവിനെ ബൈക്കുളയിലെ മസീന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിരണ്‍ അക്ബർ നായിക് (19), തൻവി നരേഷ് ഹാൻഡെ (19), സാഹിൽ സന്ദീപ് താരെ (19) എന്നിവർ ഇവിടെ ചികിത്സയിലാണ്. ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജാത (33)യാണ് മരിച്ച മറ്റൊരു സ്ത്രീ. 12കാരിയായ റൂഹി സിംഗ് തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവത്തിൽ അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : GaneshotsavPandal Electrocution DrinkingWater Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash