പരോളിലിറങ്ങിയ ഗുണ്ടാനേതാവ് കാലാ ജാഠേഡി
സോനിപ്പത്ത്: ഇരട്ട പെണ്മക്കളുടെ നാമകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ ആറു മണിക്കൂര്‍ പരോളില്‍ സ്വന്തം ഗ്രാമത്തിലെത്തിയ കുപ്രസിദ്ധ ഗുണ്ടാനേതാവ് സന്ദീപ് അഥവാ 'കാലാ ജാഠേഡി'ക്ക് ഗ്രാമവാസികളുടെ വന്‍ സ്വീകരണം. ഹരിയാനയിലെ സോനിപ്പത്തിലുള്ള റായ് പ്രദേശത്തെ ജാഠേഡി ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കോടതി പരോള്‍ അനുവദിച്ചത്.
സ്വന്തം ഗ്രാമത്തിലേക്ക് എത്തിയ ജാഠേഡിയെ ചെണ്ടമേളങ്ങളോടെയാണ് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചത്. അതേസമയം, ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ വരവിനോടനുബന്ധിച്ച് വീടിന് ചുറ്റും കനത്ത പൊലിസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രദേശം പൂര്‍ണമായും പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
മൂന്ന് മാസം മുമ്പാണ് ജാഠേഡിയുടെ ഭാര്യ അനുരാധ ഇരട്ട പെണ്മക്കള്ക്ക് ജന്മം നല്‍കിയത്. പരമ്പരാഗത ചടങ്ങുകളോടെ നടന്ന നാമകരണച്ചടങ്ങിനായി പൂക്കള്‍ കൊണ്ട് അലങ്കരിച്ച വീട്ടില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കനത്ത പൊലീസ് അകമ്പടിയോടെ ഇയാളെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
Tags : Gangster KalaJathedi GrandWelcome Parole Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash