കല്‍ക്കരി
ന്യൂഡല്‍ഹി: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി സംഭരണത്തില്‍ ഗുരുതരമായ പ്രതിസന്ധി.
കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടെ ദിവസേനയുള്ള കണക്കുപ്രകാരം നിലയങ്ങളിലെ കല്‍ക്കരി ശേഖരം കഷ്ടിച്ച് ആറ് ദിവസത്തേക്കുകൂടി മാത്രമാണുള്ളത്. കൃത്യമായി കണക്കാക്കിയാല്‍ 5.6 ദിവസത്തേക്കുള്ള കല്‍ക്കരി കൂടിയേ താപവൈദ്യുത നിലയങ്ങളിലുള്ളൂ.
സെപ്റ്റംബര്‍ 19ലെ കണക്കുപ്രകാരം 190 നിലയങ്ങളിലായി 15.3 മെട്രിക് ടണ്‍ കല്‍ക്കരിയാണുള്ളത്. അന്നേ ദിവസത്തെ കല്‍ക്കരി ഉപയോഗം 2.70 ദശലക്ഷം ടണിനും താഴെയായിരുന്നു. ഈ ഉപയോഗനിരക്കില് നിലയങ്ങള്‍ 85 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍പോലും കല്‍ക്കരി ശേഖരം പല നിലയങ്ങളിലും സെപ്റ്റംബര്‍ 26ന് മുമ്പുതന്നെ തീരും. എഴുപതിലധികം നിലയങ്ങളിലെ ശേഖരം അപകടകരമാംവിധത്തില്‍ കുറഞ്ഞ അളവിലാണ്.
റെയില്‍ ഗതാഗതത്തിലൂടെ കല്‍ക്കരി എത്തിക്കുന്ന 128 താപനിലയങ്ങളില്‍ 60 എണ്ണത്തിലും സംഭരണം ഗുരുതരമായ പ്രതിസന്ധിയിലാണ്. മണ്‍സൂണ്‍ മഴയും ഗതാഗതത്തിലെ തടസങ്ങളും വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. മഴ കണക്കിലെടുത്ത് മുന്‍കൂട്ടി സംഭരിക്കാത്തതും അതോടൊപ്പം രാജ്യത്തെ വൈദ്യുതി ആവശ്യകത വര്‍ധിച്ചതും പ്രതിസന്ധിയായി.
കനത്ത മഴയില്‍ കിഴക്കന്‍ മേഖലകളിലെ കല്‍ക്കരി ഖനികള്‍ വെള്ളത്തിലായതും റെയില്‍ ഗതാഗത തടസങ്ങളും കാരണം വേണ്ടത്ര സംഭരണം നടന്നില്ലെന്നാണ് കേന്ദ്രം പറയുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് സെപ്റ്റംബര്‍ ഏഴുമുതല്‍ റോഡ് മാര്‍ഗവും അധിക കല്‍ക്കരി എത്തിക്കാന്‍ കോള്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു. എന്നിട്ടും സംഭരണം പഴയ നിലയിലെത്തിയിട്ടില്ല.
Tags : Coal Reserves Sufficient Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash