പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം.
തീരുമാനത്തിനെതിരേ ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തു നൽകി.
ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോണ് ഫിക്ഷൻ വിഭാഗത്തിലെ ഒൻപത് ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങൾക്കാണ് പ്രദർശനാനുമതി കിട്ടാതെ പോയത്. ‘ഗ്ളോബ് ’ എന്ന മലയാള ചിത്രവും ഇതിൽ ഉൾപ്പെടുന്നു.
സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെ മേളകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് കേന്ദ്രത്തിൽനിന്ന് പ്രത്യേക ഇളവ് ആവശ്യമാണ്. ഇതിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 347 ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.
ചിത്രങ്ങളുടെ പ്രമേയങ്ങളുടെ സംക്ഷിപ്ത വിവരങ്ങളും നൽകിയിരുന്നു. തുടർന്ന് മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടർന്ന് 40 ചിത്രങ്ങളുടെ വിശദമായ സിനോപ്സിസും പരിശോധനയ്ക്കായി സമർപ്പിച്ചു. ഇതിനു ശേഷമാണ് 31 ചിത്രങ്ങൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചത്. കേന്ദ്ര നടപടിയെ സാംസ്കാരിക സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ് ശക്തമായി വിമർശിച്ചു. നടപടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിദഗ്ധ സമിതിയാണ് മേളയിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതെന്നും ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത് മേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണെന്നും മന്ത്രി പ്രതികരിച്ചു.
പ്രേക്ഷകർക്ക് ചിത്രങ്ങൾ കണ്ട് സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനും അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിന്റെ പ്രത്യേക കാരണങ്ങൾ കേന്ദ്ര മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടില്ലെന്നതാണ് നിലവിലെ പ്രധാന വിവരം. 2025ലെ ഐഎഫ്എഫ്കെയിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ട 19 ചിത്രങ്ങളിൽ 13 എണ്ണത്തിന് പിന്നീട് അനുമതി ലഭിച്ചിരുന്നു.
Tags : IDSFFK Screening Permission Centre ReconsiderDecision. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash