എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ടീം അംഗങ്ങളായ മലയാളി താരം വിദർശ വിനോദ്, സോനം മസ്കർ, ഇളവേനില്‍ വാളറിവേന്‍ എന്നിവര്‍
തമ്പലമണ്ണയിലെ കൊച്ചുഗ്രാമത്തിൽ നിന്ന് ജപ്പാനിലെ ഏഷ്യൻ ഗെയിംസ് വേദിയിലേക്ക്. അവിടെ ഇന്ത്യയുടെ കുപ്പായമണിഞ്ഞ് ലക്ഷ്യത്തിലേക്ക് ഉന്നംപിടിച്ചപ്പോൾ ചരിത്രത്തിലേക്കു പതിഞ്ഞത് തിരുവമ്പാടിയുടെ പേരും.
വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ വിദർശ കെ. വിനോദ്, ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി. വിദർശ, ഇളവേനില്‍ വാളറിവേന്‍, സോനം മസ്കർ എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് വെള്ളി നേടിയത്.
1898 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ചൈന സ്വർണവും ജപ്പാൻ വെങ്കലവും നേടി. ഈ വെള്ളിയാണ് 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡലും. കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് 27-കാരിയായ വിദർശ. കുടുംബത്തിന്റെയും പരിശീലകരുടെയും ഭർത്താവിന്റെയും പിന്തുണയാണ് ഈ നേട്ടത്തിനു പിന്നിലെന്നു താരം പ്രതികരിച്ചു. വെള്ളി മെഡൽ നേട്ടം അടുത്ത മത്സരത്തിനുള്ള ആത്മവിശ്വാസം വർധിപ്പിച്ചതായും വിദർശ പറഞ്ഞു. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് ഇനി മത്സരിക്കാനുള്ളത്. 26-നാണ് മത്സരം.
2018ൽ കോളജ് പഠനകാലത്ത് എൻസിസി ട്രയൽസിലൂടെയാണ് വിദർശ ആദ്യമായി റൈഫിൾ കൈയിലെടുത്തത്. പ്രത്യേക പരിശീലനമില്ലാതെ ട്രയൽസിനെത്തിയ താരം മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഷൂട്ടിംഗിന്റെ ലോകത്തേക്ക് കടന്നു. 2019ൽ ഷൂട്ടിംഗ് പ്രൊഫഷനായി സ്വീകരിച്ചു.
എട്ടു വർഷത്തെ പരിശീലനത്തിനൊടുവിലാണ് ഏഷ്യൻ ഗെയിംസ് വേദിയിലെ ചരിത്രനേട്ടം.
തുടക്കകാലത്ത് സ്വന്തമായി റൈഫിളോ ഷൂട്ടിംഗ് ജാക്കറ്റോ പോലുമുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ റൈഫിളുകളും അസോസിയേഷന്റെ ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു പരിശീലനം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പരിശീലനം തുടർന്നു. കളി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിച്ച ഘട്ടത്തിൽ ഭർത്താവും നിലവിൽ പരിശീലകനുമായ മനു എസ്. രവിയുടെ പിന്തുണയും പ്രോത്സാഹനവും നിർണായകമായി.
പിന്നീട് കുടുംബം ബാങ്ക് വായ്പയെടുത്താണു വിദർശയ്ക്ക് സ്വന്തമായി റൈഫിൾ വാങ്ങിനൽകിയത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഹൈ പെർഫോമൻസ് കോച്ച് മനോജ് കുമാറിന്റെ കീഴിലെ പരിശീലനവും വിദർശയുടെ കരിയറിൽ വഴിത്തിരിവായി. ലൈറ്റ് വെയ്റ്റ് റൈഫിളിലേക്ക് മാറിയതോടെ പ്രകടനത്തിൽ മുന്നേറ്റമുണ്ടായി.
2024ൽ എസ്എഐ നാഷണൽ സെന്റർ ഓഫ് എക്സലൻസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനത്തിനുള്ള അവസരവും ലഭിച്ചു. ഡൽഹിയിലാണ് പ്രധാന പരിശീലനം. കേരളത്തിൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലും വിദർശ പരിശീലനം നടത്തുന്നുണ്ട്.
Tags : Sports AsianGames BearsWitness