തീക്കോയി: മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും.
ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ തീക്കോയിക്കു സമീപം വേലത്തുശേരിയിൽ സ്കൂട്ടറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനി മരിച്ചു.
ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൾലാലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു.

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഉറവപ്ലാവിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ഗൃഹനാഥന് ദാരുണാന്ത്യം.
ചേലക്കാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ജോസഫിന്റെ മക്കളായ ജിമ്മി (35), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി. ശക്തമായ മഴയും വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിനു തടസമായി. പ്രദേശത്ത് രാത്രിയിലും കനത്തമഴ തുടരുകയാണ്.

മറയൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വട്ടവടയില്‍ കര്‍ഷകനും സഹോദരിയും മരിച്ചു. കൊട്ടാക്കമ്പൂര്‍ സ്വദേശികളായ ബാലകൃഷ്ണന് (47) സഹോദരി ചിന്നു (38) എന്നിവരാണ് മരിച്ചത്.
ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയെ പരിക്കുകളോടെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കൊട്ടാക്കൊമ്പൂര്‍ വില്ലേജിലെ അമ്മന്‍ കോവില്‍ ഭാഗത്ത് ഇവരുടെ കൃഷിയിടത്തിലെ ഷെഡ്ഡില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.
വിജയലക്ഷ്മി, ലോകേഷ്, നന്ദിനി എന്നിവരാണ് ബാലകൃഷ്ണന്റെ മക്കള്‍. വിഷ്ണു, മേഘ എന്നിവരാണ് ചിന്നുവിന്റെ മക്കള്‍. മാരിയമ്മ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പൂക്കോട്ടുംപാടം (മലപ്പുറം): അമരന്പലം-ചോക്കാട് കോട്ടപ്പുഴ ടികെ കോളനി ഭാഗത്തുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ രണ്ടു പേർ മരിച്ചു. കോട്ടയ്ക്കൽ സ്വദേശി മങ്ങാടൻ അനസ് (27) ആണ് മരിച്ച ഒരാൾ. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. സഞ്ചാരികളും പ്രദേശവാസിയുമായ ഒരു സ്ത്രീയും ഉൾപ്പെടെ ആറു പേർ ഒഴുക്കിൽപ്പെട്ടതായാണ് പ്രാഥമിക വിവരം.
Tags : Rain Related Incidents SixDeath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash