ആന്റോ അഗസ്റ്റിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍.
കൽപ്പറ്റ: വീട്ടില്‍ നിന്ന് മദ്യം പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുകുന്നു. ആന്റോയുടെ വാഴവറ്റയിലെ വീട്ടിലെ 22 നിരീക്ഷണ കാമറകളിലെയും ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് എക്സൈസ് കണ്ടെത്തി. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ വീട്ടിൽനിന്ന് എടുത്തുമാറ്റിയ നിലയിലാണെന്നും എക്സൈസ് അറിയിച്ചു.
തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിവിആർ മാറ്റിയതെന്നാണ് എക്സൈസിന്റെ സംശയം. ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് എക്സൈസ് ഇക്കാര്യം കണ്ടെത്തിയത്. മദ്യവുമായി ബന്ധപ്പെട്ട കേസിൽ നിർണായക തെളിവാകാവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് അന്വേഷണസംഘം ഗൗരവമായി പരിശോധിക്കുന്നുണ്ട്.
അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി 24 മണിക്കൂർ കസ്റ്റഡിയിലാണ് ബത്തേരി കോടതി വിട്ടത്. നാളെ ആന്റോയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതും ഡിവിആർ മാറ്റിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രോസിക്യൂഷൻ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കും.
ചോദ്യം ചെയ്യലിൽ വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചു. കോടതിയിൽ ഉന്നയിച്ച വാദങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും ആവർത്തിച്ചതായാണ് വിവരം. വീട് ബാങ്ക് ജപ്തി ചെയ്തശേഷം സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണെന്നും ആന്റോ അന്വേഷണസംഘത്തോട് പറഞ്ഞു.
താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിവില്ലെന്നും ആന്റോ ആവർത്തിച്ചു. എന്നാൽ വാഴവറ്റയിലെ വീട് ആന്റോയുടെ ഉടമസ്ഥതയിലാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എക്സൈസ്.
അതേസമയം വാഴവറ്റയിലെ വീട്ടിൽ അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നു. വീടിന്റെ ഉടമസ്ഥാവകാശം, മദ്യത്തിന്റെ ഉറവിടം, സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
Tags : Cctv footage Anto Augustin Residence Vazhavatta Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash