വി.വി. രജേഷ്
തിരുവനന്തപുരം: നഗരസഭയിലെ നേമം സോണൽ ഓഫീസിൽ കെട്ടിട ക്രമവൽക്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ച സംഭവത്തിൽ മേയർ അഡ്വ. വി.വി. രാജേഷ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകി. സെപ്റ്റംബർ 20-നാണ് മേയർ ഇത് സംബന്ധിച്ച കത്ത് നൽകിയത്.
സെപ്റ്റംബർ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമീർ എന്നയാൾ നേമം സോണൽ ഓഫീസിലെത്തി എ.ആർ. മൻസൂർ എന്നയാളുടെ പേരിൽ കെട്ടിട ക്രമവൽക്കരണ ഫീസ് അടയ്ക്കുന്നതിനുള്ള വിവരങ്ങൾ തേടുകയും രേഖകൾ ഹാജരാക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ ഇയാൾ നൽകിയ കെട്ടിട സർട്ടിഫിക്കറ്റും ക്രമവൽക്കരണ ഫീസ് രസീതും പരിശോധിച്ച ഉദ്യോഗസ്ഥർക്ക് അവ വ്യാജമാണെന്ന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
ഓഫീസ് രേഖകൾ പ്രകാരം ഈ കെട്ടിടത്തിന്‍റെ യഥാർഥ നികുതിദായകൻ രാജേശ്വരിയാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ നേമം സോണൽ റവന്യൂ ഇൻസ്പെക്ടർ മേയർക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസിൽ പരാതി നൽകിയത്.
സെപ്റ്റംബർ അഞ്ചിന്‍റെ തീയതിയിലുള്ള ബിൽഡിംഗ് സർട്ടിഫിക്കറ്റിന്‍റെ പകർപ്പും നികുതി രസീതുകളും പരാതിയോടൊപ്പം പൊലിസിന് കൈമാറിയിട്ടുണ്ട്. കേസിൽ സമഗ്രമായ അന്വേഷണം നടത്തി വ്യാജ രേഖകൾ നിർമിച്ചവരെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് മേയറുടെ ആവശ്യം.
Tags : Building ThiruvananthapuramCorporation Mayor Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash