പിണറായി വിജയന്.
കൊച്ചി: മാസപ്പടിക്കേസിൽ പിണറായി വിജയന്റെ പേരിൽ കൈക്കൂലിക്കുറ്റമടക്കം നിലനിൽക്കുമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സർക്കാരിന് കൈമാറിയ നിയമോപദേശത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നിഗമനത്തിലെത്തിയത്.
അഴിമതി തടയൽ നിയമത്തിലെ വകുപ്പ് 7 പ്രകാരമുള്ള കൈക്കൂലിക്കുറ്റവും, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ചുമത്തുന്ന വകുപ്പ് 13 (1) ബി പ്രകാരമുള്ള കുറ്റവും നിലനിൽക്കുമെന്നാണ് നിയമോപദേശത്തിലുള്ളത്. ഇല്ലാത്ത സേവനത്തിന് മുൻമുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് സിഎംആർഎൽ പണം നൽകിയതിലൂടെ മൂന്നാം കക്ഷിയിലൂടെ പണം കൈപ്പറ്റിയതിനു ചുമത്തുന്ന വകുപ്പ് 7(2)-ഉം ബാധകമാകും.
പണം നൽകിയെന്ന് സിഎംആർഎൽ എംഡിയും ഉദ്യോഗസ്ഥരും ഇഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാണെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ കേസിൽ മറിച്ച് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കായിരിക്കും. കൂടാതെ വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പേരിലും വകുപ്പ് 13 (1) ബി ബാധകമാകുമെന്നും നിയമോപദേശത്തിൽ പറയുന്നു.
ഈ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമികാന്വേഷണം നടത്താനായിരിക്കും സർക്കാർ തീരുമാനിക്കുക. വിജിലൻസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമികാന്വേഷണം വേണമെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും നിയമോപദേശത്തില്‍ പറയുന്നു.
Tags : bribery case Pinarayi Vijayan cmrl case Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash