മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ തകർപ്പൻ ജയവുമായി ജപ്പാൻ. മൈതാനത്ത് കളം നിറഞ്ഞു കളിച്ച ജപ്പാൻ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ആധികാരിക ജയം സ്വന്തമാക്കിയത്. അയാസെ ഉയേഡയുടെ ഇരട്ട ഗോളുകളും ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവരുടെ ഓരോ ഗോളുകളുമാണ് ജപ്പാന് വന്‍ ജയമൊരുക്കിയത്.
കോച്ച് ഹാജിമെ മൊറിയാസുവിന്റെ 3-4-3 ഫോർമേഷനിൽ ജപ്പാൻ താരങ്ങൾ കളം നിറഞ്ഞു കളിച്ചതോടെ ട്യുണീഷ്യൻ നിര ശരിക്കും കാഴ്ചക്കാരായി മാറി. ഈ ലോകകപ്പില്‍ ജപ്പാന്റെ ആദ്യ ജയം കൂടിയാണിത്. ആദ്യ മത്സരത്തില്‍ ജപ്പാന് കരുത്തരായ നെതര്‍ലന്‍ഡ്സുമായി 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
ടുണീഷ്യക്കെതിരെയുള്ള വൻ ജയത്തോടെ ഗ്രൂപ്പില്‍ നിലവില്‍ ഡച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ജപ്പാന്. ഈ തോൽവിയോടെ ടൂണീഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. ആദ്യമത്സരത്തിലും അവർ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്വീഡനാണ് ജപ്പാന്റെ എതിരാളി.