കലിഫോർണിയ: മത്സരത്തിനിടെ വായ പൊത്തിപ്പിടിച്ച് എതിർ താരത്തോട് സംസാരിച്ചതിനു റെഡ് കാർഡ് കണ്ട് പുറത്തുപോയ ആദ്യ ഫുട്ബോളർ എന്ന ദുഷ്പേര് പരാഗ്വെയുടെ മിഗ്വൽ അൽമിറോണിന്.
ഫിഫയുടെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ തുർക്കിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സംഭവം.
ഫൗൾ ചെയ്തതിനെച്ചൊല്ലി തുർക്കിയുടെ പ്രതിരോധതാരം മെർട്ട് മുൾഡറും അൽമിറോണും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ടീമംഗങ്ങൾ ചേരിതിരിഞ്ഞ് തർക്കമായി. ഇതിനിടെ അൽമിറോൺ കൈകൊണ്ട് വായമറച്ച് സംസാരിച്ചു.
ഇതു തുർക്കി താരങ്ങൾ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. റഫറി വാർ പരിശോധന നടത്തിയാണ് അൽമിറോണിന് മാച്ചിംഗ് ഓർഡർ നൽകിയത്. എതിർ കളിക്കാരുമായി വാക്കുതർക്കമുണ്ടാകുമ്പോൾ കൈകൊണ്ടോ ജഴ്സി ഉപയോഗിച്ചോ വായപൊത്തി സംസാരിച്ചാൽ ചുവപ്പുകാർഡ് നൽകുമെന്നതാണ് ഫിഫയുടെ പുതിയ നിയമം.
യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ വിനിസ്യൂസിനെ ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി വായപൊത്തിപ്പിടിച്ച് വംശീയമായി അധിക്ഷേപിച്ച സംഭവത്തിനു പിന്നാലെയാണ് ഫിഫ പുതിയ നിയമം കൊണ്ടുവന്നത്. 2026 ഫിഫ ലോകകപ്പ് മുതൽ നിയമം പ്രാബല്യത്തിലായി.
Tags : Shut up get out FIFA World Cup Football Miguel Almiron