തിരുവനന്തപുരം: പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് നടക്കും. വീടുകളില്‍ നടക്കുന്ന ഡ്രൈ ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരന്റെ കവടിയാര്‍ ജവഹര്‍ നഗറിലെ വീട്ടില്‍ രാവിലെ 10.30ന് നടക്കും.
ഉദ്ഘാടനത്തിന് ശേഷം സമീപത്തെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് മന്ത്രി നേരിട്ട് ബോധവത്കരണ പരിപാടിയില്‍ പങ്കാളിയാകും. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് വ്യാപകമായ രീതിയിൽ ഡ്രൈഡേ ആചരിക്കാന്‍ തീരുമാനിച്ചത്.
വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും വിജയകരമായി ശുചീകരണം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞായറാഴ്ച വീടുകളിൽ ശുചീകരണം നടത്തുന്നത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് ഈ ഡ്രൈ ഡേ ആചരണം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.