മനാമ: ബഹറിനിലെ യുഎസ് സൈനികതാവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിലെ വിപ്ലവഗാർഡ് അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ വ്യോമാക്രമണം പരാജയപ്പെടുത്തിയെന്ന് ബഹ്റിനും അറിയിച്ചു.
അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹറിനിൽ ദിവസങ്ങൾക്കിടെ ഇറാൻ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. അൽ റിഫയിലെ ഹെലികോപ്റ്റർ താവളത്തിനു നേർക്ക് ആറ് ഡ്രോണുകളാണു തൊടുത്തതെന്ന് വിപ്ലവഗാർഡ് പറഞ്ഞു. അമേരിക്ക ശത്രുതാ നടപടികൾ തുടരുന്ന സാഹചര്യത്തിലാണിതെന്നും കൂട്ടിച്ചേർത്തു.
ഇറേനിയൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബഹറിനിൽ മുന്നറിയിപ്പു സൈറണുകൾ മുഴങ്ങി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഏതാനും ദിവസം മുന്പ് ബഹറിനിലെ അമേരിക്കൻ റഡാർ ആക്രമിച്ചു നശിപ്പിച്ചതായി ഇറേനിയൻ വിപ്ലവഗാർഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതു നിഷേധിച്ച അമേരിക്ക, ഇറാന്റെ രണ്ടു ഡ്രോണുകൾ നിർവീര്യമാക്കിയെന്നറിയിച്ചു.
Tags : drone attack Iranian Bahrain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews