ചങ്ങനാശേരി പാറേല്‍ പള്ളി 1981 ജൂണ്‍ ഒന്നിന് സ്വതന്ത്ര ഇടവക പദവിയലേക്ക് ഉയര്‍ത്തിയപ്പോള്‍ ആദ്യവികാരിയാകാനുള്ള ഭാഗ്യം ലഭിച്ചത് ഫാ. ലൂക്ക് പീടിയേക്കലിനാണ്. ആറുമാസമാണ് ഫാ. ലൂക്ക് വികാരിയായി ശുശ്രൂഷ ചെയ്തത്. 1979 മുതല്‍ അദ്ദേഹം പാറേല്‍ പാസ്റ്ററല്‍ സെന്ററിന്റെ ചുമതലക്കാരനായിരുന്നു. അക്കാലത്തും പെരുന്നാളിനും പ്രദക്ഷിണത്തിനും വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നുവെന്ന് ഫാ. ലൂക്ക് ദീപികയോടു പറഞ്ഞു.
ഇടവകയ്ക്ക് സെമിത്തേരി വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അന്നത്തെ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറ ചങ്ങനാശേരി നഗരസഭയ്ക്ക് അപേക്ഷ നല്കി. സെമിത്തേരി നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയാക്കിയശേഷമാണ് ഫാ. ലൂക്ക് സ്ഥലം മാറിപ്പോയത്.
ഇതിനുശേഷം പാറേല്‍ അമല തിയോളജിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായും ദീര്‍ഘകാലം പാറേല്‍ പള്ളിയോടു ചേര്‍ന്നുള്ള വിവാഹ കോടതിയില്‍ വിവാഹ സംരക്ഷകന്‍ എന്ന ചുമതലയിലും ശുശ്രൂഷ ചെയ്തു. പിന്നീട് വികാരിയായിരുന്ന ഫാ. തോമസ് പോള്‍ ഉറുമ്പക്കൽ വിദേശത്ത് ഉപരിപഠനത്തിനായി പോയപ്പോഴും വികാരിയുടെ ചുമതല അനുഷ്ഠിക്കാന്‍ കഴിഞ്ഞു.
ദീര്‍ഘകാലം പാറേല്‍ പള്ളിയില്‍ സേവനം അനുഷ്ഠിച്ച് പള്ളിയുടെയും ഇടവകയുടെയും ആത്മീയ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞ ഓര്‍മകളുമായി ഫാ. ലൂക്ക് പീടിയേക്കല്‍ ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതത്തിലാണ്.
മൂന്നു പള്ളികളിലും ശുശ്രൂഷകനാകാന്‍ ലഭിച്ച ഭാഗ്യവുമായി ഫാ. ഗ്രിഗറി
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം ഫാ. ഗ്രിഗറി നടുവിലേടം പാറേല്‍ പള്ളിയോട് ചേര്‍ന്നുള്ള മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വത്തിക്കാന്‍ ന്യുണ്ഷ്യോയായിരുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ ജൂണിയറായായിരുന്നു പഠനം. മൂന്നുവര്‍ഷം പഠനം പിന്നിട്ടപ്പോള്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സെമിനാരിയില്‍ ചേര്‍ന്നു. മൂവരുമായി ഒരുമിച്ചു പഠിക്കാന്‍ അവസരം ലഭിച്ചു. 1962 മുതല്‍ 65വരെയാണ് പാറേല്മൈനര് സെമിനാരിയിലെ പഠനം.
1971ല്‍ വൈദികനായി. അന്ന് പാറേല്‍പ്പള്ളി ഇടവകയല്ല. മാതാവിന്റെ കപ്പേളമാത്രമാണ്. അതിരൂപത വികാരിജനറാളായിരുന്ന ഫാ. എല്‍.ജെ. ചിറ്റൂരായിരുന്നു കപ്പേളയുടെ അന്നത്തെ റെക്ടര്‍. അന്ന് മെത്രാപ്പോലീത്തന്പള്ളിയുടെ കീഴിലായിരുന്ന പാറേല്‍ കപ്പേള. മെത്രാപ്പോലീത്തന്‍ പള്ളിയുടെ അസ്തേന്തിയുടെ അധികാരമുള്ള ഫാക്കല്‍റ്റിയായി ഗ്രീഗറി നടുവിലേടം അച്ചനെ പാറേല്‍ കപ്പേളയില്‍ നിയമിച്ചു.
റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തെ അതിരൂപതയിലെ കുടുംബങ്ങളെ പാറേല്‍ പാസ്റ്ററല്‍ സെന്ററിന്റെ കീഴില്‍ ഉള്‍പ്പെടുത്താന്‍ മാര്‍ ആന്റണി പടിയറ കല്പന പുറപ്പെടുവിച്ചു. നടുവിലേടം അച്ചന് പാസ്റ്ററല്‍ സെന്ററിന്റെ ചാപ്ലിനായിരുന്നു. അങ്ങനെ ആദ്യ കപ്പേളയില്‍ ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞു.
തുടര്‍ന്ന് പതുക്കിപ്പണിത് 1974ല്‍ കൂദാശ ചെയ്ത രണ്ടാമത്തെ പള്ളിയിലും ശുശ്രൂഷയ്ക്ക് ഭാഗ്യം ലഭിച്ചു. 1978 സെപ്റ്റംബറില്‍ റോമില്‍ പഠനത്തിനായി പോയി. തിരികെ എത്തിയ നടുവിലേടം അച്ചനെ മാര്‍ ആന്റണി പടിയറ സെക്രട്ടറിയായും അതിരൂപതാ ചാന്‍സലറായും നിയമിച്ചു. 1983 മുതല്‍ 17 വര്‍ഷക്കാലം ചാന്‍സലറായിരുന്നപ്പോള്‍ പാറേല്‍ പള്ളിയുടെ കാര്യങ്ങളില്‍ ഇടപെട്ടു നില്ക്കാന് കഴിഞ്ഞു.
ഇതിനുശേഷം വിവിധ പള്ളികളില്‍ ശുശ്രൂഷ ചെയ്ത് മടങ്ങിയെത്തി ഇപ്പോള്‍ നടുവിലേടം അച്ചന് വീണ്ടും പാറേല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ആത്മീയ ശുശ്രൂഷ ചെയ്തുവരികയാണ്.
21ന് പാറേല്‍ തീര്‍ഥാടനകേന്ദ്രം കൂദാശ ചെയ്ത് ബസിലിക്കയായി ഉയര്‍ത്തുമ്പോള്‍ നടുവിലേടം അച്ചന് വലിയ സന്തോഷം. ഇതോടെ പാറേല്‍ തീര്‍ഥാടന കേന്ദ്രത്തിന്റെ മൂന്നു പള്ളികളിലും ആത്മീയശുശ്രൂഷകനായി സേവനം അനുഷ്ഠിക്കാനുള്ള അപൂര്‍വ ഭാഗ്യം ഗ്രിഗറി നടുവിലേടം അച്ചന് കൈവരും. പാറേല്‍ പള്ളിയുടെ തിരുമുറ്റത്തുനിന്ന് നടുവിലേടം അച്ചന് പറയുന്നു. എല്ലാം പാറേല്‍ മാതാവിന്റെ അനുഗ്രഹം.
Tags : Vicar Fr. Luke Deepika BreakingNews NewsUpdate In Spiritual Bliss First