സനാ: യെമനിലെ സൗദി പിന്തുണയുള്ള ഔദ്യോഗിക ഭരണകൂട സേന, ബാൽ അൽ മൻഡെപ് കടലിടുക്കിനു സമീപമുള്ള പ്രദേശങ്ങളിൽനിന്ന് പിൻവാങ്ങി. ഇതോടെ തന്ത്രപ്രധാന കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കായി. ഔദ്യോഗിക സർക്കാരിന്റെ ആസ്ഥനമായ ഏദനും പരിസരപ്രദേശങ്ങളും സുരക്ഷിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് പിൻവാങ്ങലെന്ന് സേന അറിയിച്ചു. ഹൂതികളുടെ ആക്രമണത്തിൽ ഏദൻ സർക്കാർ കടുത്ത സമ്മർദം നേരിടുന്നതായി റിപ്പോർട്ടുണ്ട്.
യെമന്റെ തലസ്ഥാനമായ സനാ അടക്കം പ്രധാന ജനവാസ കേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന ഹൂതി വിമതർ ഒക്ടോബറിൽ മിന്നലാക്രമണം നടത്തി ബാബ് അൽ മൻഡെപ് നിയന്ത്രണത്തിലാക്കിയിരുന്നു. ഇതു തിരിച്ചുപിടിക്കാനായി നവംബറിൽ സൗദിയുടെ പിന്തുണയോടെ ഏദൻ സർക്കാരിന്റെ സേന പോരാട്ടത്തിറങ്ങുകയായിരുന്നു. എന്നാൽ ഹൂതികളുടെ ആക്രമണത്തിൽ ഏദൻ സേന വലിയ തിരിച്ചടികൾ നേരിടുന്നതായി സൂചനയുണ്ട്. തെക്കുപടിഞ്ഞാറൻ യെമനിലെ തെയിസ് നഗരത്തിന്റെ നിയന്ത്രണത്തിനായി ഹൂതികളും ഏദൻ സേനയും ഉഗ്രപോരാട്ടം നടത്തുന്നതായി റിപ്പോർട്ടുണ്ട്.
തെയിസിലെ ജനത വലിയ ദുരിതം നേരിടുന്നു. യുദ്ധം മൂലം യെമനിൽ അഭയാർഥികളായ മൂന്നു ലക്ഷം പേരിൽ പാതിയും തെയിസ് നിവാസികളാണ്. ഇപ്പോൾ നഗരം ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. സഹായവസ്തുക്കൾ നഗരത്തിലെത്തുന്നില്ല. ജനങ്ങൾക്കു നഗരം വിടാനും കഴിയുന്നില്ല. ബാബ് അൽ മൻഡെപിന്റെ പൂർണ നിയന്ത്രണം ഹൂതികൾക്കു ലഭിക്കുന്നത് സൗദിയുടെ എണ്ണകയറ്റുമതിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
Tags : Yemeni forces Bab al-Mandeb Houthi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews