സിബിഎസ്ഇ സംസ്ഥാന കലോത്സവം
മാള: കലാമാമാങ്കത്തിന്റെ നാലു ദിനരാത്രങ്ങൾക്കൊടുവിൽ അജയ്യതയുടെ ചരിത്രമെഴുതി കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ. കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റെ നേതൃത്വത്തിൽ മാള ഹോളി ഗ്രേസ് അക്കാദമിയിൽ നടന്ന കലാമേളയിൽ തുടർച്ചയായ ആറാം തവണയും മികച്ച സ്കൂളിനുള്ള കിരീടമുയർത്തിയാണ് സിൽവർ ഹിൽസ് ഡബിൾ ഹാട്രിക് എന്ന അപൂർവ നേട്ടം സ്വന്തമാക്കിയത്.
278 പോയിന്റുകളുടെ വ്യക്തമായ ആധിപത്യത്തോടെയാണ് സിൽവർ ഹിൽസിന്റെ ഈ സുവർണക്കുതിപ്പ്. 196 പോയിന്റുമായി കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ റണ്ണേഴ്സ് അപ്പായി. 170 പോയിന്റ് നേടിയ പാലാ ചാവറ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പതിനെട്ടാമത്തെ സഹോദയ കലോത്സവമാണ് ഇക്കുറി നടന്നത്. അതിൽ 12 തവണയും സിൽവർ ഹിൽസ് കിരീടം ചൂടി.
കോമണ്‍ കാറ്റഗറിയിൽ 120 പോയിന്റും, കാറ്റഗറി മൂന്നിൽ 74 പോയിന്റും, കാറ്റഗറി രണ്ടിൽ 46 പോയിന്റും, കാറ്റഗറി നാലിൽ 38 പോയിന്റും നേടി. കലാപ്രതിഭകൾക്ക് ആവേശോജ്വല വരവേൽപ്പാണ് കോഴിക്കോട്ടെ സ്കൂൾ അങ്കണത്തിൽ ഒരുക്കുന്നത്.
വയലിനിൽ ഒന്നാംസ്ഥാനം പങ്കിട്ട് നിരഞ്ജൻ
മാള: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി നാല് വയലിൻ ഈസ്റ്റേണ്‍ വിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട് ആർ. നിരഞ്ജൻ. പന്തുവരാളി രാഗത്തിൽ രഘുവര... എന്നുതുടങ്ങുന്ന കീർത്തനം ആദിതാളത്തിൽ വായിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. അഞ്ചു വർഷമായി വയലിൻ വിഭാഗത്തിൽ മത്സരരംഗത്തുണ്ട്.
കോലഴി ചിൻമയ വിദ്യാലയത്തിലെ വിദ്യാർഥിയും 10 വർഷമായി പ്രശസ്ത വയലിനിസ്റ്റ് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ ശിഷ്യനുമാണ്. വയലിനിസ്റ്റായ കിള്ളിക്കുറിശിമംഗലം ഇ.പി. രമേശാണു പിതാവ്. അമ്മ അന്പിളി (ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥ).
കന്നിയങ്കത്തിൽ തിളങ്ങി: സൂര്യഗായത്രി
മാള: അരങ്ങിലെ ചുവടുകൾക്ക് ആത്മവിശ്വാസത്തിന്റെ താളം. സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ ആദ്യമായി മത്സരിക്കാനെത്തിയ സൂര്യഗായത്രി എസ്. കണ്ണൻ കന്നിയങ്കത്തിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയയായി. കാറ്റഗറി നാലിൽ ഭരതനാട്യത്തിലാണ് എ ഗ്രേഡോടെ വിജയം. കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
മൂന്ന് ക്ലാസിക്കൽ നൃത്തരൂപങ്ങളിലും ഒരു നോണ്‍ ക്ലാസിക്കൽ നൃത്തരൂപത്തിലും മികവ് തെളിയിക്കണമെന്ന നിബന്ധന മറികടന്ന് മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, ഒഡിസി, ഫോക്ക് ഡാൻസ് എന്നീ അഞ്ചിനങ്ങളിലും കഴിവ് തെളിയിച്ചാണ് ഉർവ്വശി അവാർഡ് സ്വന്തമാക്കിയത്. ഇടപ്പള്ളി നാട്യശാലയിലെ സൂരജ് നായരാണ് ഗുരു. കാക്കനാട് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻ കണ്ണന്റെയും ബോബിയുടെയും മകളാണ്.
മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും മിന്നിച്ച് ദേവനന്ദ
മാള: നൃത്തവേദിയിൽ മികവിന്റെ ചുവടുകൾ ആവർത്തിച്ച് എം. ദേവനന്ദ. കാറ്റഗറി മൂന്നിൽ മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനമാണു കരസ്ഥമാക്കിയത്. കൊട്ടാരക്കര ചെങ്ങമനാട് ബിആർഎം സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
2023, 2024 വർഷങ്ങളിലും കലോത്സവത്തിൽ ജേതാവായ ദേവനന്ദ മികവു തെളിയിച്ചിരുന്നു. കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലും അഡ്വ. സോനു ശ്രീകുമാറും മോഹിനിയാട്ടത്തിൽ ഡോ. മഹേഷ് യു. പിള്ളയുമാണ് പരിശീലകർ. ഭരതനാട്യം അഭ്യസിപ്പിക്കുന്നത് അമ്മ കലാക്ഷേത്ര പ്രജിത മനോജാണ്. കഴിഞ്ഞ പത്തുവർഷമായി അമ്മ നൃത്യതി സ്കൂൾ ഓഫ് പ്രൊമോഷൻ ആർട്സ് എന്ന സ്ഥാപനം നടത്തുന്നു. എറണാകുളത്ത് എച്ച്ആർ ട്രെയിനറായി ജോലി ചെയ്യുന്ന മനോജ് കുമാറാണ് പിതാവ്. സഹോദരി ഗൗരി നന്ദനയും മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും വിജയിയായിട്ടുണ്ട്.
വിജയത്തേക്കാൾ പ്രധാനം പങ്കാളിത്തം: ജനീഷ്
മാള: കലാ-കായിക രംഗങ്ങളിൽ വിജയിക്കുന്നവരുടെ എണ്ണത്തേക്കാൾ പങ്കെടുക്കാനുള്ള മനോഭാവത്തിനാണു പ്രധാന്യമെന്നു മന്ത്രി ഒ.ജെ. ജനീഷ്. പഠനത്തോടൊപ്പം കുട്ടികളുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മാള ഹോളി ഗ്രേസ് അക്കാദമിയിൽ സംസ്ഥാന സിബിഎസ്ഇ സഹോദയ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കായികപ്രതിഭകളെ കണ്ടെത്താൻ സർക്കാർ നടപ്പാക്കുന്ന ഖേലോ കേരളം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി 2026 (സിഎം ട്രോഫി കേരള) പദ്ധതിയിൽ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികളെയും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.
കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഡോ. ജോജി പോൾ, ഹോളിഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോണ്‍ ഐനിക്കൽ, പ്രിൻസിപ്പൽ ഡോ.പി.വി. ലിവിയ, കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ, ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ വിജയം
ദൈവാനുഗ്രഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും വിജയമായി സഹോദയ കലോത്സവം മാറി. ഹോളിഗ്രേസ് ഡയറക്ടർമാർ മുതൽ എല്ലാ ജീവനക്കാരും ഒരൊറ്റ ലക്ഷ്യത്തോടെ എല്ലാം പദ്ധതിയിട്ടു ചിട്ടയായി നടപ്പാക്കി.
കലാപ്രതിഭകൾക്കും കാണികൾക്കും അണിയറ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും സ്പോണ്‍സർമാർക്കും തുടങ്ങി എല്ലാവർക്കും ഹോളി ഗ്രേസിന്റെ നന്ദി അറിയിക്കുന്നു. അഭിമാനാർഹമായ ഈ നേട്ടത്തിൽ ഏറെ സന്തോഷം.
മികവാർന്ന ആസൂത്രണം
ഈ വർഷത്തെ സംസ്ഥാന സഹോദയ കലോത്സവം സംഘാടന മികവുകൊണ്ടു ശ്രദ്ധേയമായി. കലോത്സവത്തിന്റെ ആവേശം അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചത്. വലിയ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും നേരിടേണ്ടിവരുന്ന ആശങ്കകളൊന്നും അനുഭവപ്പെട്ടില്ല. ഭക്ഷണം മുതൽ സുരക്ഷവരെ മികവാർന്ന ആസൂത്രണം ശ്രദ്ധേയമായി. മടങ്ങുന്പോൾ സമ്മാനങ്ങൾക്കപ്പുറം നല്ലൊരു അനുഭവം കൂടി ഓരോരുത്തർക്കും സ്വന്തമാക്കാൻ കഴിഞ്ഞു എന്നതാണു സംഘാടനത്തിന്റെ നേട്ടം. ഇത്രയും മനോഹരമായ രീതിയിൽ കലോത്സവം സംഘടിപ്പിച്ച ഹോളി ഗ്രേസ് അക്കാദമി മാനേജ്മെന്റിനും സംഘാടക സമിതിക്കും അഭിനന്ദനങ്ങൾ.
പ്രശംസനീയമായ സംഘാടനം
സംഘാടനം ഏറെ മികച്ചതായിരുന്നു. കാന്പസിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കാനും സൗകര്യങ്ങളൊരുക്കാനും സംഘാടകർക്കു കഴിഞ്ഞു. ഭക്ഷണക്രമീകരണം, മത്സരവേദികൾ, സ്റ്റേജ് മാനേജ്മെന്റ്, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയെല്ലാം ചിട്ടയോടെ നടന്നു. സ്കൂൾ പ്രിൻസിപ്പൽ, മാനേജ്മെന്റ്, അധ്യാപകർ, വോളന്റിയർമാരായി പ്രവർത്തിച്ച വിദ്യാർഥികൾ തുടങ്ങി ഹോളി ഗ്രേസിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ കാണിച്ച സഹകരണം ഏറെ പ്രശംസനീയമായിരുന്നു. കലോത്സവ വേദികളിൽ കാണാറുള്ള തർക്കങ്ങളും അസ്വാരസ്യങ്ങളും ഒഴിവാക്കി. ആസൂത്രണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മാതൃകയായി കലോത്സവം മാറി.
പിന്തുണയുടെ കരുത്ത്
കലോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കാനായതിൽ സംതൃപ്തിയും സന്തോഷവും. ആസൂത്രണം മുതൽ നടത്തിപ്പുവരെയുള്ള ഓരോ ഘട്ടത്തിലും ഹോളി ഗ്രേസ് അക്കാദമിയിലെ അധ്യാപകരും അനധ്യാപക ജീവനക്കാരും നൽകിയ പിന്തുണയും സമർപ്പണവും എടുത്തുപറയുന്നു.
പങ്കാളികളായ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് എന്നിവരിൽനിന്നെല്ലാം മികച്ച സഹകരണം ലഭിച്ചു. കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസിൽനിന്നും വിവിധ സഹോദയകളിൽനിന്നും ലഭിച്ച പിന്തുണയും കരുത്തായി. ഒപ്പം നിന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ കടപ്പാട് അറിയിക്കുന്നു.
സന്തോഷവും അഭിമാനവും മാത്രം
കലോത്സവത്തിന് തിരശീല വീഴുന്പോൾ സന്തോഷവും അഭിമാനവും. ഇത്രയും വലിയൊരു കലാമാമാങ്കം വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞത് കൂട്ടായ പരിശ്രമം കൊണ്ടാണ്. ഓരോ വേദിയിലും കുട്ടികൾ പ്രകടിപ്പിച്ച കഴിവും ആവേശവും വലിയ സന്തോഷം നൽകി. സ്കൂൾ മാനേജ്മെന്റുകൾ, പ്രിൻസിപ്പൽമാർ, അധ്യാപകർ, വളന്റിയർമാർ, രക്ഷിതാക്കൾ, സ്പോണ്‍സർമാർ തുടങ്ങി എല്ലാവരോടും നന്ദി അറിയിക്കുന്നു. പോരായ്മകൾ ഭാവിയിലേക്കുള്ള പാഠങ്ങളായി സ്വീകരിക്കുന്നു. പങ്കെടുത്ത എല്ലാ കുട്ടികളും കലോത്സവത്തിന്റെ വിജയികളാണ്. മനോഹരമായ അനുഭവം എല്ലാവരുടെയും ഓർമ്മകളിൽ നിലനിൽക്കട്ടെ.
ഏറെ വിലപ്പെട്ട ഓർമകൾ
വലിയൊരു കലോത്സവത്തിന്റെ ഭാഗമാകാനും സംഘാടനത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിലും സന്തോഷവും അഭിമാനവും. മാധ്യമ പ്രവർത്തനത്തിന്റെ ചുമതലകൾ നിർവഹിച്ചതിനാൽ കലോത്സവത്തിന്റെ ഓരോ നിമിഷവും അടുത്തറിയാൻ സാധിച്ചു. അധ്യാപികയെന്ന നിലയിൽ കുട്ടികളുടെ കഴിവുകളും നേട്ടങ്ങളും മാധ്യമങ്ങളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കലോത്സവത്തിന്റെ അനുഭവങ്ങളും ഓർമകളും വിലപ്പെട്ടതായിരിക്കും.
സംഘാടന മികവിന് നൂറുമാർക്ക്
കലോത്സവത്തിന്റെ സംഘാടന മികവിനു നൂറുമാർക്ക്. ക്രമീകരണങ്ങൾ മികവുറ്റതായി. കുട്ടികൾക്കോ അധ്യാപകർക്കോ പരാതികളില്ലാതെ, ഒരേ കാന്പസിൽതന്നെ മുഴുവൻ സ്റ്റേജുകളും സജ്ജീകരിക്കാൻ കഴിഞ്ഞു. സമയക്രമവും പാലിച്ചു.
ഭക്ഷണം മുതൽ വിശ്രമിക്കാനുള്ള തണലിടങ്ങളിൽവരെ ഹോളി ഗ്രേസ് അക്കാദമിയുടെ ഇടപെടൽ പ്രകടമായി. അടുത്ത വർഷവും ഇതേ വേദിയിൽ സംഘടിപ്പിച്ചാൽ സന്തോഷം.
സ്റ്റേജുകൾ തമ്മിലുള്ള ദൂരക്കുറവ് ആശ്വാസം
അഞ്ചുവർഷമായി മകനൊപ്പം കലോത്സവ വേദിയിലെത്തുന്നു. സ്റ്റേജുകൾ തമ്മിലുള്ള ദൂരക്കുറവ് അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശ്വാസമായി. മീഡിയ റൂമിലെ കോ-ഓർഡിനേറ്റർമാരുടെ സൗഹാർദപരമായ ഇടപെടലും എടുത്തു പറയേണ്ടതാണ്. വെബ്സൈറ്റിലെ വിവരങ്ങൾ കൃത്യസമയത്ത് പുതുക്കുന്നതിൽ സംഘാടകർ മികവു പുലർത്തി.
Tags : CBSE Arts Festival Deepika DeepikaNewspaper BreakingNews NewsUpdate Silver Hills Shines with Double Hat-trick