മലപ്പുറം: മലപ്പുറം സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവ വേദിയിൽ സമാനതകളില്ലാത്ത മികവുമായി നിലന്പൂർ പീവീസ് മോഡൽ സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിനി സ്വാതി ശങ്കർ. പങ്കെടുത്ത അഞ്ച് ഇനങ്ങളിലും ഒന്നാം സ്ഥാനം തൂത്തുവാരിയാണ് ഈ പ്രതിഭ കലോത്സവത്തിലെ താരമായി മാറിയത്.
മലയാളം കവിതാരചന, ഇംഗ്ലീഷ് കവിതാരചന, മലയാളം കഥാരചന, ശാസ്ത്രീയ സംഗീതം, സംസ്കൃതം പദ്യപാരായണം എന്നീ അഞ്ച് ഇനങ്ങളിലാണ് സ്വാതി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സാഹിത്യത്തിലും സംഗീതത്തിലും ഒരേപോലെ തിളങ്ങി അസാധാരണ പ്രതിഭ തെളിയിക്കാൻ ഈ മിടുക്കിക്കായി.
കഴിഞ്ഞ വർഷത്തെ കലോത്സവങ്ങളിലും നിരവധി പുരസ്കാരങ്ങൾ സ്വാതി സ്വന്തമാക്കിയിരുന്നു. കെജി തലം മുതൽ പത്താം ക്ലാസ് വരെ നിലന്പൂർ ഫാത്തിമഗിരി ഇംഗ്ലീഷ് സ്കൂളിലായിരുന്നു പഠനം. കലയും സംഗീതവും ഇഴചേർന്ന കുടുംബ പശ്ചാത്തലത്തിൽനിന്നാണ് സ്വാതിയുടെ വളർച്ച. പ്രമുഖ കർണാടക സംഗീതജ്ഞനും കേരള ഗ്രാമീണ ബാങ്ക് മാനേജരുമായ വെച്ചൂർ സി. ശങ്കറിന്റെയും കെ.എസ്. ശശികലയുടെയും മകളാണ്. സഹോദരൻ മികച്ച മൃദംഗ വാദകനാണ്. നിലന്പൂർ കോവിലകത്ത് മുറിയിലാണ് കുടുംബം താമസിക്കുന്നത്. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവുമാണ് വിജയത്തിന് പിന്നിലെന്ന് സ്വാതി ശങ്കർ പറഞ്ഞു.