International
റിയാദ്: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത നടപടിയുമായി സൗദി അറേബ്യ.റിയാദിലെ ഇറാനിയൻ മിലിട്ടറി അറ്റാഷെയും എംബസി ജീവനക്കാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കി.
ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ തുടങ്ങി അഞ്ച് ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്. ഇറാൻ ഉദ്യോഗസ്ഥരെ 'പെർസോണ നോൺ ഗ്രാറ്റ' ആയി പ്രഖ്യാപിച്ചാണ് പുറത്താക്കിയത്.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന കടന്നുകയറ്റങ്ങൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് സൗദി വ്യക്തമാക്കി. സൗദിയുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവച്ച ബീജിംഗ് കരാറിലെ വ്യവസ്ഥകളും 2026-ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയവും ഇറാൻ ലംഘിച്ചതായി സൗദി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു.
അയൽരാജ്യങ്ങളോടുള്ള മര്യാദ ഇറാൻ ലംഘിച്ചതായും സൗദി ആരോപിച്ചു. മാർച്ച് ഒമ്പതിന് നൽകിയ മുന്നറിയിപ്പ് സൗദി വീണ്ടും ഓർമിപ്പിച്ചു. ആക്രമണങ്ങൾ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
International
ടെഹ്റാൻ: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധം 23-ാം ദിവസത്തേക്കു കടന്നിരിക്കെ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്.
സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായി. ബാങ്കുകൾക്കുമുന്നിൽ പണത്തിനായി ജനങ്ങളുടെ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.
ഡിജിറ്റൽ ഇടപാടുകൾ പലയിടത്തും തടസപ്പെട്ടത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി.
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണാതീതമായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ കറൻസി നോട്ട് ഇറാൻ പുറത്തിറക്കി. പത്തു ദശലക്ഷം (ഒരു കോടി) റിയാൽ മൂല്യമുള്ള പുതിയ ബാങ്ക് നോട്ടാണ് സെൻട്രൽ ബാങ്ക് അവതരിപ്പിച്ചത്.
International
ദുബായ്: രാജ്യത്ത് ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണയോടെ പ്രവർത്തിച്ചിരുന്ന വൻ ഭീകര ശൃംഖലയെ യുഎഇ പ്രതിരോധസേന തകർത്തു. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താനും സാമ്പത്തികഭദ്രത തകർക്കാനും പദ്ധതിയിട്ട സംഘത്തെയാണു പിടികൂടിയതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാന്റെ റവല്യൂഷണറി ഗാർഡിൽനിന്നു നേരിട്ട് പരിശീലനവും ഫണ്ടിംഗും ലഭിച്ചവരാണ് ഇവരെന്നാണു കണ്ടെത്തൽ. ഇറാൻ-ഇസ്രയേൽ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ യുഎഇയെ ലക്ഷ്യം വച്ചുള്ള ഈ നീക്കം അതീവ ഗൗരവത്തോടെയാണ് അറബ് ലോകം കാണുന്നത്.
പിടിയിലായവരിൽനിന്ന് അത്യാധുനിക ആശയവിനിമയ ഉപകരണങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. യുഎഇയിലെ എണ്ണക്കമ്പനികളെയും വിദേശ നയതന്ത്ര കാര്യാലയങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.
ലബനൻ ആസ്ഥാനമായ ഭീകരസംഘടനയായ ഹിസ്ബുള്ള വഴിയാണ് ഇവർക്കു പണം കൈമാറിയിരുന്നത്. വിദേശ നിക്ഷേപകർക്കിടയിൽ ഭീതി പടർത്താനും യുഎഇയുടെ ടൂറിസം മേഖലയെ തകർക്കാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ യുഎഇ തങ്ങളുടെ അതിർത്തികളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
യുഎഇയുടെ സുരക്ഷാ ഏജൻസികൾ ദീർഘനാളായി ഈ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇവർക്കു പ്രാദേശികമായി ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പിടികൂടിയ ഭീകരർക്ക് വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് സൈബർ സുരക്ഷാവിഭാഗം കണ്ടെത്തി. ഇറാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
International
ടെഹ്റാൻ: ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തർ. ഖത്തർ നോർത്ത് ഫീൽഡിന് അനുബന്ധമായുള്ള സൗത്ത് പാർസിനു നേരെയുള്ള ഇസ്രയേൽ ആക്രമണം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയവക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
ഊർജ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആഗോള ഊർജ സുരക്ഷയ്ക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്നതാണെന്നും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.
സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും കേന്ദ്രങ്ങൾക്കുനേരെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയശേഷം ഇറാനിയൻ ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണം ആണിത്.
പേർഷ്യൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതവാതക നിക്ഷേപമുള്ള ഈ ഭാഗം ഇറാന്റെയും ഖത്തറിന്റെയും ഉടമസ്ഥതയിലാണ്. 3700 ചതുരശ്ര കിലോമീറ്റർ വരുന്ന ഇറാന്റെ ഭാഗമാണ് പാർസ് എന്നറിയിപ്പെടുന്നത്. 6,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഖത്തറിന്റെ ഭാഗം ഡോം എന്നാണറിയപ്പെടുന്നത്.
International
ബെയ്ജിംഗ്: യുഎസ്-ഇസ്രയേൽ ബോംബാക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം ഡോളർ സഹായവുമായി ചൈന. കുട്ടികൾ കൊല്ലപ്പെട്ടതിൽ ചൈന അനുശോചനം അറിയിച്ചു.
ചൈനയിലെ റെഡ് ക്രോസ് സൊസൈറ്റി രണ്ടു ലക്ഷം യുഎസ് ഡോളർ ഇറേനിയൻ റെഡ് ക്രസന്റിനു കൈമാറുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗുവോ ജിയാകുൻ അറിയിച്ചു.
മിനാബിലെ ഗേൾസ് പ്രൈമറി സ്കൂളിനു നേർക്കുണ്ടായ മിസൈൽ ആക്രമണത്തിൽ 150ഓളം പേരാണു കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്കു പരിക്കേറ്റു. റെവലൂഷണറി ഗാർഡ് ആസ്ഥാനത്തിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.