വാഷിംഗ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്ന ഇറാൻ അമേരിക്ക യുദ്ധം അവസാനിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. കരാർ പൂർത്തിയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വരുന്ന 19ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കും. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ തികച്ചും നാടകീയമായ ശൈലിയിലാണ് ട്രംപ് ഈ വൻ പ്രഖ്യാപനം നടത്തിയത്. ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് യാതൊരുവിധ ടോളും കൂടാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു. അതോടൊപ്പം യുഎസ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. ഇനി എണ്ണ പ്രവഹിക്കട്ടെയെന്നും ട്രംപ് കുറിച്ചു.
യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പോസ്റ്റ്. ലോകം ഏറെ നാളായി കാത്തിരുന്ന സമാധാന കരാറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയ വിവരം സന്തോഷപൂർവം അറിയിക്കുന്നുവെന്ന് ഷെരീഫ് പറഞ്ഞു.
യുദ്ധപ്പുക ഉയർന്ന ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികൾ ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം 19ലെ ഒപ്പുവെക്കലോടെ മാത്രമേ കരാറിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടൂ.