മോണ്ടെറെ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡൻ. യാസിൻ അയാരി ഇരട്ട ഗോളുകൾ നേടിയപ്പോൾ, അലക്സാണ്ടർ ഇസാക്, വിക്ടർ ഗ്യോകെറസ്, മാറ്റിയാസ് സ്വാൻബെർഗ് എന്നിവർ ഓരോ ഗോൾ വീതം നേടി.
ടുണീഷ്യയ്ക്കായി ഒമർ റെകിക് ആശ്വാസ ഗോൾ നേടി. ജയത്തോടെ ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെയും ജപ്പാനെയും പിന്നിലാക്കി സ്വീഡൻ ഒന്നാം സ്ഥാനത്തെത്തി.
മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ ആദ്യ പകുതി മുതൽ സ്വീഡന്‍റെ മുന്നേറ്റമാണ് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ ലക്ഷ്യം കണ്ടു. ടുണീഷ്യൻ ഗോൾകീപ്പറുടെ പിഴവിൽ നിന്ന് ലഭിച്ച പന്ത് വലയിലേക്ക് പായിച്ച് യാസിൻ അയാരിയുടെ തകർപ്പനൊരു ലോംഗ് റേഞ്ചർ.
മുപ്പതാം മിനിറ്റിൽ സ്വീഡൻ വീണ്ടും ഞെട്ടിച്ചു. അലക്സാണ്ടർ ഇസാക് ബോക്സിന് തൊട്ടുപുറത്തുനിന്ന് തൊടുത്ത ഷോട്ട് ടുണീഷ്യൻ വല ഭേദിച്ചു. സ്വീൻ രണ്ടു ഗോളിനു മുന്നിൽ.
എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒമർ റെകികിന്‍റെ ഹെഡ്ഡറിലൂടെ ടുണീഷ്യ തിരിച്ചടിച്ചു. ഇതോടെ, 2-1 എന്ന നിലയിൽ ആദ്യപകുതി ആവേശമായി.
രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ഇസാക്കിന്‍റെ പാസിൽ നിന്ന് വിക്ടർ ഗ്യോകെറസ് സ്വീഡന്‍റെ മൂന്നാം ഗോൾ നേടി. 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മത്തിയാസ് സ്വാൻബെർഗിലൂടെ നാലാം ഗോളും സ്വന്തമാക്കി. മറുപടി ഗോളിനായി ടുണീഷ്യ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ (90+5') യാസിൻ അയാരി വീണ്ടും ലക്ഷ്യം കണ്ടതോടെ സ്വീഡിഷ് ആധിപത്യം പൂർണമായി.
Tags : Sweden Tunisia FIFA Worldcup Football