International
സ്റ്റോക്ഹോം: സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദ് പോളാർ സ്റ്റാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ദ്വിദിന സന്ദർശനത്തിനായി ഞായറാഴ്ചയാണ് മോദി സ്വീഡനിലെത്തിയത്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ മോദിയെ ഗോതൻബെർഗ് വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി.
സ്വീഡനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖർക്കായി 1748 മുതൽ നൽകി വരുന്ന ബഹുമതിയാണിത്. ഇതോടെ മോദിക്കു ലഭിച്ച രാജ്യാന്തര അംഗീകാരങ്ങളുടെ എണ്ണം 31 ആയി. 1921ൽ സ്റ്റോക്കോം സന്ദർശിച്ചപ്പോൾ രബീന്ദ്രനാഥ ടഗോർ കവിത കുറിച്ച രണ്ട് കാർഡുകളുടെ പകർപ്പും മോദിക്ക് സമ്മാനിച്ചു.
സ്വീഡനിലെ ഇന്ത്യൻ സമൂഹത്തെയും മോദി കണ്ടു. സ്വീഡിഷ് ഓപറ ഗായിക ഷാർലറ്റ് ഹൾഡറ്റ് വൈഷ്ണവ ജനതോ ഭജൻ പാടിയാണ് മോദിയെ വരവേറ്റത്. ഇന്ത്യ - യൂറോപ്പ് വ്യാപാരബന്ധവും നിക്ഷേപ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
NRI
സ്റ്റോക്ക്ഹോം: ഒരു കാലത്ത് കുടിയേറ്റക്കാരോട് ഏറ്റവും ഉദാരമായ സമീപനം സ്വീകരിച്ചിരുന്ന സ്വീഡൻ, ഇപ്പോൾ നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങുന്നു.
രാജ്യത്തെ നിയമങ്ങൾ പാലിക്കാത്തവർക്കും സാമൂഹിക വിരുദ്ധമായ രീതിയിൽ ജീവിക്കുന്നവർക്കും റെസിഡന്റ് പെർമിറ്റ് നിഷേധിക്കാനും നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന പുതിയ ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.
സെപ്റ്റംബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവിലെ മധ്യ-വലതുപക്ഷ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
കുടിയേറ്റ വിരുദ്ധ നിലപാടുള്ള സ്വീഡൻ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് സർക്കാർ ഈ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്.
റെസിഡന്റ് പെർമിറ്റ് റദ്ദാക്കാൻ ഇനി എളുപ്പം
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികളുടെ റെസിഡന്റ് പെർമിറ്റ് റദ്ദാക്കുന്നത് അധികൃതർക്ക് കൂടുതൽ എളുപ്പമാകും. കേവലം ക്രിമിനൽ കുറ്റങ്ങൾ മാത്രമല്ല, ഒരു വ്യക്തിയുടെ ജീവിതശൈലിയും സാമൂഹിക പ്രതിബദ്ധതയും ഇനി പരിശോധിക്കപ്പെടും.
പെർമിറ്റ് നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന പ്രധാന കാര്യങ്ങൾ:
കടം വരുത്തുക: ബാങ്ക് ലോണുകളോ മറ്റ് കടങ്ങളോ കൃത്യസമയത്ത് തിരിച്ചടയ്ക്കാതിരിക്കുന്നത് ഗൗരവകരമായി കാണും.
ആനുകൂല്യങ്ങൾ തട്ടിയെടുക്കൽ: അർഹതയില്ലാത്ത സർക്കാർ ആനുകൂല്യങ്ങൾ വ്യാജരേഖ ചമച്ചോ തെറ്റായ വിവരം നൽകിയോ കൈപ്പറ്റുന്നത് ശിക്ഷാർഹമാകും.
നികുതി വെട്ടിപ്പ്: നികുതി നൽകാതെ ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നത് (Black money work) നിയമലംഘനമായി കണക്കാക്കും.
പിഴയടക്കാതിരിക്കുക: ഗതാഗത നിയമലംഘനങ്ങൾക്കോ മറ്റോ ലഭിക്കുന്ന പിഴകൾ (Fines) കൃത്യസമയത്ത് അടയ്ക്കാതിരുന്നാൽ പെർമിറ്റ് റദ്ദാക്കിയേക്കാം.
വ്യാജ വിവരങ്ങൾ: വിസ അപേക്ഷയിലോ മറ്റ് ഔദ്യോഗിക രേഖകളിലോ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും.
രാജ്യത്തിന് ഭീഷണിയാകരുത്
നിയമങ്ങൾ അനുസരിക്കുക എന്നതിലുപരി, ഉത്തരവാദിത്തമുള്ള പൗരനായി ജീവിക്കുക എന്നതാണ് പ്രധാനം എന്ന് കുടിയേറ്റകാര്യ മന്ത്രി ജൊഹാൻ ഫോർസ്സെൽ വ്യക്തമാക്കി.
സ്വീഡിഷ് ഭരണസംവിധാനത്തെ വഞ്ചിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് രാജ്യത്ത് തുടരാൻ അർഹതയുണ്ടാവില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
പാർലമെന്റ് ഈ ബിൽ പാസാക്കുകയാണെങ്കിൽ വരുന്ന ജൂലൈ 13 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
സ്വീഡനിലെ മലയാളി കുടിയേറ്റക്കാരെയും വിദ്യാർത്ഥികളെയും ഈ നിയമമാറ്റം നേരിട്ട് ബാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് സാധ്യതയുണ്ട്.
സ്വീഡനിൽ താമസിക്കുന്ന പ്രവാസികൾ തങ്ങളുടെ രേഖകളും ടാക്സ് സംബന്ധമായ കാര്യങ്ങളും ശ്രദ്ധിക്കുക മാത്രമല്ല കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
Sports
ഉപ്സാല (സ്വീഡന്): പ്രായം വെറും 26. സ്വന്തം പേരില്‍ ഒരു രാജ്യാന്തര അത്ലറ്റിക് മീറ്റ്. ആ മീറ്റില്‍ സ്വന്തം പേരിലെ ലോക റിക്കാര്‍ഡ് തിരുത്തുക.
ലോക റിക്കാര്‍ഡ് തിരുത്തുന്നതാണെങ്കിലോ, 15-ാം തവണ. ഇതിനെല്ലാം പുറമേ കഴിഞ്ഞ ആറ് വര്‍ഷമായി ലോക റിക്കാര്‍ഡ് കുത്തകയാക്കിവയ്ക്കുക... ഇത്തരത്തില്‍ ഒരേയൊരു പ്രതിഭയേയുള്ളൂ; മോണ്‍ഡോ എന്ന വിളിപ്പേരുള്ള, അമേരിക്കയില്‍ ജനിച്ച സ്വീഡിഷ് പോള്‍വോള്‍ട്ട് സൂപ്പര്‍താരം അര്‍മാന്‍ഡ് ഗുസ്താവ് ഡുപ്ലാന്റിസ്.
►15-ാം ലോക റിക്കാര്‍ഡ്
പുരുഷ പോള്‍വോള്‍ട്ടില്‍ 15-ാം തവണയും അര്‍മാന്‍ഡ് ഡുപ്ലാന്റിസ് ലോക റിക്കാര്‍ഡ് തിരുത്തി. ഉപ്സാലയില്‍ അരങ്ങേറിയ മോണ്‍ഡോ ക്ലാസിക്കില്‍ 6.31 മീറ്റര്‍ ക്ലിയര്‍ ചെയ്തായിരുന്നു തന്റെ പേരിലുള്ള ലോക റിക്കാര്‍ഡ് 15-ാം തവണയും ഡുപ്ലാന്റിസ് തിരുത്തിയത്. 6.31 മീറ്റര്‍ ആദ്യശ്രമത്തില്‍ത്തന്നെ ഡുപ്ലാന്റിസ് ക്ലിയര്‍ ചെയ്തു.
ഡുപ്ലാന്റിസിന്റെ അഡോപ്റ്റഡ് ഹോം ടൗണായ ഉപ്സാലയില്‍ അരങ്ങേറിയ ഇവന്റില്‍ വെറും നാല് തവണ മാത്രമാണ് ഡുപ്ലാന്റിസ് പോളില്‍ കുത്തി വായുവില്‍ ഉയര്‍ന്നു ചാടിയത്. ആദ്യ ശ്രമം 5.65 മീറ്റര്‍. തുടര്‍ന്ന് 5.90, 6.08 മീറ്ററുകളും ക്ലിയര്‍ ചെയ്തു. തുടര്‍ന്ന് 23 സെന്റിമീറ്റര്‍ ഉയര്‍ത്തി, 6.31 മീറ്ററിലേക്ക് ബാര്‍ വയ്ക്കാന്‍ ഡുപ്ലാന്റിസ് ആവശ്യപ്പെട്ടു. ഒറ്റച്ചാട്ടത്തില്‍ ഡുപ്ലാന്റിസ് പുതിയ ലോക റിക്കാര്‍ഡില്‍. ഇതു രണ്ടാം തവണയാണ് ഡുപ്ലാന്റിസ്, സ്വീഡനില്‍വച്ച് ലോക റിക്കാര്‍ഡ് തിരുത്തുന്നത്. 2025 ജൂണില്‍ സ്റ്റോക്ഹോമില്‍വച്ച് 6.28 ക്ലിയര്‍ ചെയ്ത് റിക്കാര്‍ഡ് കുറിച്ചതായിരുന്നു ആദ്യത്തേത്.
► മോണ്‍ഡോ/ഉലകനായകന്
കുട്ടിക്കാലം മുതല്‍ മോണ്‍ഡോ എന്നായിരുന്നു അര്‍മാന്‍ഡ് ഡുപ്ലാന്റിസിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. മോണ്‍ഡോ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം ലോകം എന്നാണ്. തന്റെ വിളിപ്പേരിനെ സാധൂകരിച്ച് പോള്‍വോള്‍ട്ടിലെ ഉലകനായകനായിരിക്കുകയാണ് അര്‍മാന്‍ഡ് ഡുപ്ലാന്റിസ്.
മോണ്‍ഡോ ക്ലാസിക്ക് എന്നാണ് ഉപ്സാലയില്‍ നടന്ന മീറ്റിന്റെ പേര് എന്നതും ശ്രദ്ധേയം. 2020 ഫെബ്രുവരി എട്ട് മുതല്‍ പോള്‍വോള്‍ട്ടിലെ ലോക റിക്കാര്‍ഡ് ഈ സ്വീഡിഷ് താരത്തിനു സ്വന്തം. 2025 സെപ്റ്റംബറില്‍ ടോക്കിയോയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു അവസാനമായി മോണ്‍ഡോ ലോക റിക്കാര്‍ഡ് തിരുത്തിയത്.
നോര്‍വെയുടെ സോണ്ഡ്രെ ഗുട്ടോംസെന് (6.00 മീറ്റര്‍) മോണ്‍ഡോ ക്ലാസിക്കില്‍ വെള്ളി നേടി. അതേസമയം, ഗ്രീക്ക് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 6.17 മീറ്റര്‍ കുറിച്ച എമ്മാനുവില് കരാലിസിന് 6.00 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല. ഡുപ്ലാന്റിസിനുശേഷം 6.17 മീറ്റര്‍ ക്ലിയര്‍ ചെയ്ത ആദ്യ പോള്‍വോള്‍ട്ടറാണ് ഗ്രീസിന്റെ കരാലിസ്.
National
മുംബൈ: നവി മുംബൈയിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച സ്വീഡിഷ് യുവാവ് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതെന്ന് പോലീസ്. സ്വീഡനിലെ സ്റ്റോക്ക്ഹോം സ്വദേശി ആൽഡെ എഡ്വേർഡ് ജാൻ(25) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ശനിയാഴ്ച വാഷിയിലെ രഘുലീല മാളിൽ നടന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എഡ്വേർഡ് ജാൻ. ഇയാൾ മദ്യലഹരിയിൽ ആയിരുന്നതായി പോലീസ് സംശയിക്കുന്നു.
സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ കെട്ടിടത്തിന്റെ ഗേറ്റ് ചാടി കടക്കുന്നതും ഇതിനിടെ വീഴുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആൽഡെയുടെ മരണവാർത്ത കുടുംബത്തെ അറിയിക്കാൻ നവി മുംബൈ പോലീസ് സ്വീഡിഷ് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സാൻപാഡ പോലീസ് അറിയിച്ചു.
NRI
സ്റ്റോക്ഹോം: കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് നീക്കുന്നത് സമീപകാലത്തു പതിവാണെങ്കിലും ഒരു പള്ളി അപ്പാടെ മറ്റൊരിടത്തേക്കു മാറ്റുന്നത് അപൂർവസംഭവമാണ്.
സ്വീഡനിലെ വടക്കൻ ലാപ്ലാൻഡ് പ്രവിശ്യയിൽപ്പെട്ട കിരുണ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ലൂഥറൻ പള്ളിയാണു പൂർവസ്ഥാനത്തുനിന്ന് അതേപടി മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കുന്നത്.
672 ടൺ ഭാരമുള്ള പള്ളി റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റ്ബെഡ് ട്രെയിലറിനു മുകളിലാക്കിയാണ് കൊണ്ടുപോകുന്നത്. പള്ളിയും വഹിച്ചുകൊണ്ടുള്ള കൂറ്റൻ ട്രെയിലറിനു പോകാനായി നഗരത്തിലെ റോഡ് 24 മീറ്റർ വീതി കൂട്ടി വികസിപ്പിച്ചിരുന്നു.
നഗരത്തെ വലംവച്ചുള്ള രണ്ടു ദിവസത്തെ ചരിത്രയാത്രയ്ക്കൊടുവിലാണ് പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ അഞ്ചു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തുക.
പ്രാർഥനകൾക്കുശേഷം പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ എട്ടിനാണു സ്വീഡനിലെ ഏറ്റവും മനോഹര നിർമിതികളിലൊന്നായ ഈ പള്ളിയുടെ ചരിത്രപ്രയാണം ആരംഭിച്ചത്.
ഇന്നു വൈകുന്നേരത്തോടെ പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ ലക്ഷ്യസ്ഥാനത്തെത്തും. കിരുണ ക്യാർക്ക എന്ന പേരിലറിയപ്പെടുന്ന ഈ പള്ളി 1912ലാണു നിർമിച്ചത്.
പ്രമുഖ ഇരുന്പയിര് കന്പനിയായ എൽകെഎബിയുടെ ലോകത്തിലെ ഏറ്റവും വലിയ ഇരുന്പയിര് ഖനന പദ്ധതി സൃഷ്ടിക്കുന്ന ഭീഷണിയെത്തുടർന്നാണു തടികളാൽ നിർമിതമായ ഈ പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
വർഷങ്ങളായുള്ള ഖനനം മൂലം പള്ളി മാത്രമല്ല, അടിത്തറയിൽ ബലക്ഷയം നേരിടുന്ന സാഹചര്യത്തിൽ കിരുന ടൗൺ മുഴുവനായും മാറ്റിസ്ഥാപിക്കപ്പെടുകയാണ്. പള്ളിയുൾപ്പെടെ കിരുണ ടൗൺസെന്റർ അപ്പാടെ മാറ്റുന്ന പ്രവൃത്തി 2004ലാണ് തുടങ്ങിയത്.
ടൗൺ മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പുതിയ ടൗൺസെന്ററിന്റെ ഉദ്ഘാടനവും 2022 സെപ്റ്റംബറിലാണു നടന്നത്. പള്ളി തത്സ്ഥാനത്തുനിന്നു മാറ്റുന്നതിന് 52 ദശലക്ഷം ഡോളറാണു ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഇതു മുടക്കുന്നത് ഖനന കന്പനിയായ എൽകെഎബിയാണ്. പള്ളി കൂടാതെ നഗരത്തിലെ 23 സാംസ്കാരികകേന്ദ്രങ്ങളും ഇതുപോലെ മാറ്റിസ്ഥാപിക്കും.
ലോകചരിത്രത്തിലെ അപൂർവസംഭവമെന്നാണ് പള്ളിയുടെ സ്ഥാനമാറ്റത്തെ എൽകെഎബി വിശേഷിപ്പിച്ചത്.