International
ഗാസ: യുദ്ധത്തിൽ തകർന്ന കെട്ടിടം നിലംപതിച്ച് ഗാസയിൽ അഞ്ചു കുട്ടികളടക്കം 20 പേർ മരിച്ചു. ഗാസ നഗരത്തിലെ താൽ അൽ-ഹവാ മേഖലയിലെ ആറുനില കെട്ടിടമാണ് തകന്നുവീണത്.
ഡസൻകണക്കിന് ആളുകളെ കാണാതായതായും അവശിഷ്ടങ്ങളിൽക്കിടയിൽനിന്ന് ഇപ്പോഴും നിലവിളിയും ഞരക്കവും കേൾക്കുന്നതായും രക്ഷാപ്രവർത്തകർ പറയുന്നു. കെട്ടിടത്തിന്റെ സുരക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പുകളുണ്ടായിട്ടും ഇവ അവഗണിച്ച് പത്തോളം കുടുംബങ്ങളാണു കെട്ടിടത്തിൽ കഴിഞ്ഞുവന്നതെന്ന് തദ്ദേശവാസികൾ പറയുന്നു.
ഗാസാ മേഖലയിലേക്ക് യന്ത്രസാമഗ്രികൾ കടത്തിവടുന്നതിന് ഇസ്രയേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ ആദ്യഘട്ടങ്ങളിൽ വെറും കൈയാലാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് രക്ഷാപ്രവർത്തനം നടത്തിയ സംഘങ്ങൾ ആരോപിച്ചു.
എന്നിരുന്നാലും നിലവിൽ യുഎൻ ഏജൻസികളിൽനിന്നും ഈജിപ്ഷ്യൻ ദുരിതാശ്വാസ സംഘങ്ങളിൽനിന്നും വലിയ യന്ത്രസാമഗ്രികളെത്തിച്ച് തെരച്ചിൽ നടത്താൻ കഴിയുന്നതായി പറഞ്ഞു.
താമസ സകര്യങ്ങളുടെ അപര്യാപ്തത മൂലമാണ്, സുരക്ഷിതമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ കുടുംബങ്ങൾക്ക് ആ കെട്ടിടത്തിൽ തങ്ങേണ്ടിവന്നതെന്ന് ഗാസ പ്രതിരോധന സേന ഡയറക്ടർ റായദ് അൽ-ദഹ്ഷാൻ അഭിപ്രായപ്പെട്ടു. ദൗർഭാഗ്യവശാൽ അത് പൂർണമായും അവർക്കുമേൽ തകർന്നുവീഴുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു. ഗാസ സിറ്റിയുടെ പടിഞ്ഞാറ് ടെൽ അൽ ഹവായിൽ ഒരു വാഹനത്തിനു നേർക്കായിരുന്നു ആക്രമണം. വാഹനം തകർന്നുതരിപ്പണമായി. രണ്ടു ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതൽ വിവരങ്ങൾ നല്കിയില്ല.
2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തിയെങ്കിലും ഇസ്രേലി സേന ഗാസയിൽ പതിവായി ആക്രമണങ്ങൾ നടത്താറുണ്ട്. വെടിനിർത്തലിനു ശേഷം ഗാസയിൽ 1300 പലസ്തീനികൾ കൊല്ലപ്പെട്ടു.
International
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 13 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റിയുടെ പടിഞ്ഞാറ് ടെൽ അൽ ഹവായിൽ ഒരു വാഹനത്തിനു നേർക്കായിരുന്നു ആക്രമണം. വാഹനം തരിപ്പണമായി.
രണ്ടു ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതൽ വിവരങ്ങൾ നല്കിയില്ല.
2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തിയെങ്കിലും ഇസ്രേലി സേന ഗാസയിൽ പതിവായി ആക്രമണങ്ങൾ നടത്താറുണ്ട്. വെടിനിർത്തലിനു ശേഷം ഗാസയിൽ 1300 പലസ്തീനികൾ കൊല്ലപ്പെട്ടു.
International
കയ്റോ: ഗാസയിൽ വ്യോമാക്രമണം നടത്തി ഹമാസിന്റെ മുതിർന്ന കമാൻഡറെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു ആക്രമണം.
ഹാസ് ഭീകരും ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. മുഹമ്മദ് അബ്ദെൽ സലാം അൽ യസൂരി എന്നാണ് കൊല്ലപ്പെട്ട ഭീകര കമാൻഡറുടെ പേര്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ ഈ കമാൻഡർ വലിയ പങ്കുവഹിച്ചതായി പറയുന്നു. വ്യാഴാഴ്ചത്തെ ആക്രമണത്തിൽ ഇയാൾക്കൊപ്പം മറ്റു രണ്ട് ഹമാസ് ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് ഇസ്രേലി സേന പറഞ്ഞത്.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലെ ഇസ്രേലി ആക്രമണങ്ങളിൽ രണ്ടു സ്ത്രീകൾ അടക്കം നാലു പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ ഇസ്രേലി അധിനിവേശ പ്രദേശങ്ങളിൽ ഹിസ്ബുള്ള ഭീകരർ ഡ്രോൺ ആക്രമണം നടത്തിയതിനുള്ള മറുപടിയായിരുന്നു ഇതെന്നാണ് അറിയിപ്പ്.
ഞായറാഴ്ച പുലർച്ചെ അൽ ഫൗഖ, അറബ് സലീം എന്നീ രണ്ടു പ്രദേശങ്ങളിലായിരുന്നു ഇസ്രേലി ആക്രമണം. അറബ് സലീമിൽ ഹിസ്ബുള്ള ഉപയോഗിക്കുന്ന ഒരു കെട്ടിടത്തിനു സമീപമുള്ളവർ ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പ് ഇസ്രേലി സേന ഓൺലൈനായി നല്കിയിരുന്നു.
വെള്ളിയാഴ്ച ഇസ്രേലി സേന തെക്കൻ ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാർച്ച് രണ്ടിന് ഇറാനു പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളിൽ ഇതുവരെ 4,300 പേരാണ് ലബനനിൽ കൊല്ലപ്പെട്ടത്.
ജൂണിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഹിസ്ബുള്ളയും ഇസ്രയേലും വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തെക്കൻ ലബനനിലെ അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രേലി സേന തയാറല്ല.
International
രമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്ന പലസ്തീനികളെ ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി സന്ദർശിച്ചു.
റമള്ളയ്ക്കു സമീപം തുർമുസ് അയ്യാ എന്ന പലസ്തീൻ പട്ടണത്തിലാണ് ഇന്നലെ അദ്ദേഹം എത്തിയത്. ഇവിടുത്തെ മൂവായിരത്തോളം വരുന്ന തമാസക്കാരിൽ 80 ശതമാനവും അമേരിക്കൻ പൗരത്വമുള്ള പലസ്തീനികളാണ്.
ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവരുമായി ഹക്കബി കൂടിക്കാഴ്ച നടത്തി.
ഇസ്രേലികൾ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും പതിവാണെന്നും അവർ പട്ടണത്തിലും വീടുകളിലും കയറി നാശനഷ്ടങ്ങളുണ്ടാക്കുന്നതു തടയാൻ തങ്ങൾക്കാകില്ലെന്നും പലസ്തീനികൾ പരാതിപ്പെട്ടു.
ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാർ കുടിയേറ്റക്കാരുടെ അക്രമങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നതിനു പുറമേ പ്രോത്സാഹന സമീപനം സ്വീകരിക്കുന്നതായും ആരോപണമുണ്ട്.
ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് സഭാ പാസ്റ്റർ കൂടിയായ മൈക്ക് ഹക്കബീ ഇസ്രയേലിനെയും അതിന്റെ നയങ്ങളെയും തീവ്രമായി പിന്തുണയ്ക്കുന്നയാളാണ്. എന്നാൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾ നേരിടുന്ന അക്രമത്തിൽ അദ്ദേഹം വിപരീത നിലപാടാണ് സ്വീകരിക്കുന്നത്.
വെസ്റ്റ് ബാങ്കിൽ അക്രമം നടത്തുന്ന ഇസ്രേലികളെ പ്രോസിക്യൂട്ട് ചെയ്യണം എന്ന് ഹക്കബി ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളിൽ ഇസ്രേലികൾ വിചാരണ നേടിരുന്നത് അത്യപൂർവമാണ്.
വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന ക്രിസ്ത്യൻ ഗ്രമങ്ങളിലൊന്നായ തയ്ബേയിൽ 2025 ജൂണിൽ പള്ളി ആക്രമിക്കപ്പെട്ടപ്പോഴും ഹക്കബി സന്ദർശനം നടത്തിയിരുന്നു. പള്ളി ആക്രമിക്കപ്പെട്ടത് ഭീകരാക്രമണത്തിനു തുല്യമാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
International
ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു നേതൃത്വം നല്കിയ ഹമാസ് കമാൻഡർമാരിൽ ഒരാളായ മുഹമ്മദ് മർഹൗദ് മർഷാദ് അൽ ഖാദിയെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു.
ഭീകരാക്രമണത്തിന്റെ ഭാഗമായി സുഫാ ഔട്ട്പോസ്റ്റിലെ നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നല്കിയത് ഇയാളായിരുന്നു. ഗാസയിലെ റാഫ മേഖലയിൽ ഇസ്രേലി ബന്ദികളെ സൂക്ഷിച്ചിരുന്ന അൽ ഖാദി യുദ്ധത്തിലുടനീളം പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും ഇസ്രേലി സേനയുടെ അറിയിപ്പിൽ പറയുന്നു.
ഹമാസ് ഭീകരർക്കു പരിശീലനം നല്കൽ, ഹമാസിന്റെ പ്രവർത്തനശേഷി വീണ്ടെടുക്കൽ, പുതിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയ്ക്കും നേതൃത്വം നല്കിയിരുന്നു.
ഇസ്രേലി സേനയ്ക്കും സിവിലിയന്മാർക്കുമുള്ള ഭീഷണി ഇല്ലാതാക്കാനാണ് ഇയാളെ വകവരുത്തിയതെന്നും അറിയിപ്പിൽ കൂട്ടിച്ചേർത്തു.
International
കെയ്റോ: ഗാസ സിറ്റിയിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടു.
ഹമാസ് കമാൻഡറെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷനിടെ ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തിയെന്നാണു റിപ്പോർട്ട്. ഗാസ സിറ്റിയുടെ പടിഞ്ഞാറ് അൽ കത്തീബയിലായിരന്നു സംഭവം.
International
കയ്റോ: ഗാസ സിറ്റിയിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടു. ഹമാസ് കമാൻഡറെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷനിടെ ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഗാസ സിറ്റിയുടെ പടിഞ്ഞാറ് അൽ കത്തീബയിലായിരന്നു സംഭവം. ഇസ്രേലി സേനയിലെ പ്രത്യേക വിഭാഗമോ ഗാസയിൽ പ്രവർത്തിക്കുന്ന ഇസ്രേലി അനുകൂല സായുധ സംഘമോ ആണ് ഹമാസ് ഭീകര നേതാവിനെ അറസ്റ്റ് ചെയ്യാൻ ഓപ്പറേഷൻ നടത്തിയത്.
ഓപ്പറേഷനെക്കുറിച്ചുള്ള വിവരം പടർന്നപ്പോൾ ഇവരുടെ സുരക്ഷയ്ക്കായി ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്നും പറയുന്നു. ആക്രമണത്തിൽ കുട്ടികളടക്കം എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മുതിർന്ന ഹമാസ് കമാൻഡർ അറസ്റ്റിലായി എന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിക്കുകയുണ്ടായി. എന്നാൽ ഇതിന് ഗാസ സിറ്റിയിലെ സംഭവവുമായി ബന്ധമുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലായിലുണ്ടായ മറ്റൊരു ഇസ്രേലി ആക്രമണത്തിൽ ഒരു പെൺകുട്ടിയും കൊല്ലപ്പെടുകയുണ്ടായി.
International
ടെൽ അവീവ്: ഗാസ യുദ്ധത്തിനിടെ അഞ്ചുവയസുള്ള പലസ്തീൻ ബാലിക ഹിന്ദ് രജബ് കൊല്ലപ്പെട്ട സംഭവത്തിൽ ക്രിമിനൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിെതിരേ കടുത്ത വിമർശനങ്ങൾക്കിടയാക്കിയ സംഭവം നടന്നു രണ്ടര വർഷത്തിനു ശേഷമാണ് ഈ തീരുമാനം.
2024 ജനുവരിയിൽ ഗാസ സിറ്റിയിൽവച്ച് ഇസ്രേലി സേനയുടെ വെടിയേറ്റ് ഹിന്ദ് രജബും കുടുംബവും കൊല്ലപ്പെടുകയായിരുന്നു. ഇസ്രേലി സേനയുടെ ബോംബിംഗിനിടെ ഹിന്ദ് രജബ് അടക്കം ഏഴംഗ കുടുംബം കാറിൽ രക്ഷപ്പെടുന്പോഴായിരുന്നു സംഭവം. കാറിനു നേർക്കുണ്ടായ ഇസ്രേലി വെടിവയ്പിൽ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെട്ടു.
ആക്രമണത്തെ അതിജീവിച്ച ഹിന്ദ് രജബ് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തകരുടെ ഫോണിനു മറുപടി നല്കി. മണിക്കൂറുകൾ നീണ്ട സംഭാഷണത്തിൽ തന്നെ ആരെങ്കിലും രക്ഷിക്കണമെന്ന് ബാലിക അഭ്യർഥിച്ചു. കൂടുതൽ വെടിയൊച്ചകൾ മുഴങ്ങുന്നതിനിടെ ഫോൺ കട്ടായി. ഇസ്രേലി സേന വീണ്ടും വെടിയുതിർത്തപ്പോൾ ഹിന്ദ് രജബ് കൊല്ലപ്പെട്ടുവെന്നാണ് നിഗമനം. ഹിന്ദ് രജബിനെ രക്ഷിക്കാനായി അംബുലൻസിൽ സ്ഥലത്തെത്തിയ രണ്ടു പേരും കൊല്ലപ്പെട്ടു. ദിവസങ്ങൾക്കുശേഷം ഇവിടെനിന്ന് ഹിന്ദ് രജബിന്റെയും ബന്ധുക്കളുടെയും രണ്ട് ആംബുലൻസ് ജീവനക്കാരുടെയും മൃതദേഹം കണ്ടെടുത്തു.
സംഭവത്തിൽ ഇസ്രേലി സേനയ്ക്കു പങ്കുണ്ടെന്ന് ഇസ്രയേൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. സംഭവ സമയത്ത് സ്ഥലത്ത് ഇസ്രേലി സൈനികർ ഉണ്ടായിരുന്നില്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. മിലിട്ടറി പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമായിരിക്കും ഹിന്ദ് രജബ് കേസ് അന്വേഷിക്കുകയെന്നാണ് അറിയിപ്പ്.
International
ടെൽ അവീവ്: ഗാസ സമാധാനത്തിനായി യുഎസ് പ്രസിഡന്റ ്ട്രംപ് മുന്നോട്ടുവച്ച 15 ഇന പദ്ധതി തള്ളുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കാബിനറ്റ് യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹമാസ് ആയുധം താഴെ വയ്ക്കാതെ ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
ട്രംപ് രൂപീകരിച്ച സമാധാന സമിതി കഴിഞ്ഞ മാസമാണ് ഗാസയ്ക്കുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഗാസയിലെ ഹമാസും ഇതര തീവ്രവാദ സംഘടനകളും ആയുധം വെടിയുമെന്ന് അറിയിച്ചതിനു പിന്നാലെയായിരുന്നിത്. എന്നാൽ ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറാതെ ആയുധം വെടിയാനാവില്ലെന്ന് ഹമാസ് പിന്നീട് പറയുകയുണ്ടായി.
ഹമാസ് സത്യസന്ധമായി ആയുധം താഴെവയ്ക്കാതെ ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറില്ലെന്നും ഇസ്രേലി ജനതയ്ക്കെതിരായ ഭീഷണികൾ ഉന്മൂലനം ചെയ്യുന്നത് സേന തുടരുമെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിനുശേഷം വ്യക്തമാക്കി. ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറുന്നതിന് മുന്പായി ഹമാസ് ആയുധം വെടിയണമെന്നും നെതന്യാഹു നിർദേശിച്ചു.
ഇസ്രേലി പാർലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ ഗാസ വിഷയത്തിൽ നെതന്യാഹു വിട്ടുവീഴ്ചയ്ക്ക് തയാറാവില്ലെന്നാണ് സൂചനകൾ. ട്രംപിന്റെ ഗാസ പദ്ധതി സ്വീകാര്യമല്ലെന്ന് നെതന്യാഹു പ്രഖ്യാപിക്കണമെന്ന് ഇസ്രേലി മന്ത്രിസഭയെ താങ്ങിനിർത്തുന്ന തീവ്രനിലപാടുകാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
International
ഗാസ സിറ്റി:രണ്ടു വര്ഷം മുന്പ് ഗാസയിലുണ്ടായ ഇസ്രേലി ആക്രമണത്തില് കൊല്ലപ്പെട്ട രണ്ടു കുടുംബങ്ങളിലെ 112 അംഗങ്ങളുടെ മൃതസംസ്കാരം ഇന്നലെ ഒരുമിച്ചു നടത്തി. ഒരേ ഗോത്രത്തില്പ്പെട്ട അബു ഷരിയ, ഹസ്സയ്നാ കുടുംബങ്ങളില്പ്പെട്ട ഇവരില് 40 കുട്ടികളും 38 സ്ത്രീകളും ഭിന്നശേഷിക്കാരായ ഏഴു പേരും ഉള്പ്പെടുന്നു.
2023 നവംബര് 22ന് ഗാസ സിറ്റിയിലെ സാബ്ര പ്രാന്തത്തിലുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര് ഒരുമിച്ചു മരിച്ചത്. അടുത്ത ദിവസങ്ങളില് കെട്ടാവശിഷ്ടങ്ങള്ക്കടിയില് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.
International
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ ഒന്നര വയസ് പ്രായമുള്ള ശിശു അടക്കം നാലു പേർ കൊല്ലപ്പെട്ടു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ പലസ്തീൻ കൂടാരങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ എട്ടു വയസുള്ള പെൺകുട്ടിയും ഒരു പുരുഷനും കൊല്ലപ്പെട്ടു.
സെൻട്രൽ ഗാസയിലെ ബുറെയ്ജ് ക്യാന്പിലുണ്ടായ ആക്രമണത്തിലാണ് ഒന്നര വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഗാസ സിറ്റിയിലുണ്ടായ ആക്രമണത്തിൽ മറ്റൊരാളും മരിച്ചു. ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്ന് ഇസ്രേലി സേന അറിയിച്ചു.
International
കയ്റോ: ഗാസയിൽ മൃതസംസ്കാരച്ചടങ്ങിനു നേർക്കുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച സെൻട്രൽ ഗാസയിലെ നുസെയ്റത്തിലായിരുന്നു സംഭവം. നേരത്തേയുണ്ടായ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ സംസ്കാച്ചടങ്ങ് നടക്കുന്നതിനിടെ വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു.
ഇസ്ലാമിക് ജിഹാദ് തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അറിയിച്ചു.
International
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണത്തിൽ ആറു വയസുകാരി അടക്കം നാലു പേർ കൊല്ലപ്പെട്ടു.
സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലായിൽ പാർപ്പിടത്തെ ലക്ഷ്യമിട്ട ആക്രമണത്തിൽ ആറു വയസുകാരിയും മാതാപിതാക്കളും കൊല്ലപ്പെടുകയായിരുന്നു. ഹമാസ് ഭീകരനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പ്രതികരിച്ചു.
ഗാസ സിറ്റിയിലെ ഷെയ്ഖ് റഡ്വാൻ മേഖലയിലുണ്ടായ മറ്റൊരാക്രമണത്തിൽ ഒരാളും കൊല്ലപ്പെടുകയുണ്ടായി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹമാസുമായി വെടി നിർത്തിയശേഷം ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,100നു മുകളിലായി.
International
ജറൂസലെം: ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഒന്പതു വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഗാസാ സിറ്റിക്കു സമീപമുള്ള സബ്രയിലെ ഇരുന്പുകടയിലായിരുന്നു ആദ്യ ആക്രമണം.
International
ഗാസ: ഇസ്രേലി സേന ഗാസയില് നടത്തിയ നിഷ്ഠുര കൃത്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. രണ്ടു വര്ഷത്തിനിടെ ഇസ്രേലി സേന കൊന്നൊടുക്കിയത് 20,000 കുട്ടികളെയാണെന്നും ബോധപൂര്വം കുട്ടികളെ ലക്ഷ്യമിട്ടതിനും കൊന്നൊടുക്കിയതിനു നിസ്തർക്കമായ തെളിവുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അന്വേഷണസമിതിയുടെ റിപ്പോർട്ട്.
ശ്രീനിവാസൻ മുരളീധർ അധ്യക്ഷനായ യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ആണ് ഇദ്ദേഹം.
2021നും 2025നും ഇടയിലാണ് 20,000 കുട്ടികളെ ഇസ്രേലി സൈന്യം കൊലപ്പെടുത്തിയത്. വെടിനിര്ത്തല് നിലവില്വന്നതിനു ശേഷവും ഇസ്രേലി സേന തങ്ങളുടെ ക്രൂരത തുടര്ന്നുവെന്നാണു റിപ്പോര്ട്ടില് പറയുന്നത്. എന്നാല്, ഇസ്രയേല് റിപ്പോര്ട്ട് തള്ളി. അപകീർത്തികരമായ കള്ളം എന്നാണ് റിപ്പോർട്ടിനെ ഇസ്രേലി അധികൃതർ വിശേഷിപ്പിച്ചത്.
ജനീവയിൽ ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് 100 പേജ് വരുന്ന യുഎന് റിപ്പോര്ട്ട് പുറത്തുവിട്ടത്. 2023 ഒക്ടോബര് ഏഴിന് ആരംഭിച്ച ഇസ്രയേല്-ഹമാസ് സംഘര്ഷത്തില് ഗാസയില് മാത്രം 20,179 കുട്ടികള് കൊല്ലപ്പെട്ടു.
ഗാസയില് ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനമാണിത്. 44,143 കുട്ടികള്ക്കു പരിക്കേറ്റു. ഇത് ആകെ പരിക്കേറ്റവരുടെ 26 ശതമാനമാണ്. അഞ്ചു വയസിൽ താഴെ പ്രായമുള്ള 5031 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 1029 പേർ ഒരു വയസിൽ താഴെയുള്ളവരായിരുന്നു. കൊല്ലപ്പെട്ടവരിൽ 420 പേർ നവജാതശിശുക്കളാണ്.
ഗാസയിലും വെസ്റ്റ് ബാങ്കിലും തടവിലാക്കപ്പെട്ട പലസ്തീൻ കുട്ടികൾ ഗുരുതരമായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായെന്നു റിപ്പോർട്ട് കണ്ടെത്തി. ഓർഫനേജുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തകർത്തതും ഭക്ഷ്യവസ്തുക്കളും മരുന്നുകളടക്കം സഹായങ്ങൾ തടഞ്ഞതും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും പട്ടിണിക്കും കാരണമായെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരെ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ വൻ വർധനയുണ്ടായി. ഗാസയിൽ ഇസ്രേലി സേന എത്രയും പെട്ടെന്നു സൈനികനടപടി അവസാനിപ്പിക്കണമെന്നും പലസ്തീൻ കുട്ടികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
International
ഗാസ സിറ്റി: ഗാസയിൽ യുദ്ധദുരിതത്തിന് നടുവിൽ ജീവിക്കുന്നവരെ ആശ്വസിപ്പിച്ച് ജറൂസലെമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയും ഗ്രീക്ക് ഓർത്തഡോക്സ് സഭാ പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനും.
ദുരിതബാധിതരുടെ ഭവനങ്ങൾ സന്ദർശിച്ച ഇരുവരും ഗാസ സിറ്റിയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി പള്ളിയും സന്ദർശിച്ചു. പള്ളിയിൽ വൈദികര്, സന്യസ്തർ, അല്മായര് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ അൽ അസ്ഹർ സർവകലാശാലയിൽ നടന്ന മതാന്തര സംവാദ പരിപാടിയിലും പങ്കെടുത്തു.
വർഷങ്ങളായി യുദ്ധദുരിതങ്ങളുടെ നടുവില് കഴിയുന്ന ഗാസയിലെ ന്യൂനപക്ഷമായ ക്രൈസ്തവസമൂഹത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഇടയ സന്ദർശനം നടത്തിയത്.
ജറൂസലെമിലെ എല്ലാ പള്ളികളിൽനിന്നുമുള്ള ആശംസയും പിന്തുണയും ഐക്യദാര്ഢ്യവും പ്രാർഥനയും അറിയിക്കുവാനാണ് എത്തിച്ചേര്ന്നതെന്ന് കർദിനാൾ പിസബല്ല പറഞ്ഞു.
ഗാസ യുദ്ധത്തിന്റെ ഭീകരത സമാനതകളില്ലാതെ ബാധിച്ച ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തെ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
International
ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ബോംബാക്രമണത്തിൽ അൽ ജസീറ അറബിക് ചാനലിന്റെ ക്യാമറാമാൻ അഹമ്മദ് വിഷ്വ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ അൽ ജസീറ ജീവനക്കാരനാണ് അഹമ്മദ് വിഷ്വ.
ശനിയാഴ്ചയാണ് മധ്യ ഗാസയിലെ അൽ-ബുറൈജ് അഭയാർഥി ക്യാമ്പിലുള്ള അഹമ്മദ് വിഷ്വയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഹമ്മദ് വിഷ്വയുടെ ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം.
അൽ ജസീറയുടെ ഗാസയിലെ തത്സമയ സംപ്രേക്ഷണങ്ങളിലും വാർത്താ കവറേജുകളിലും സജീവ സാന്നിധ്യമായിരുന്നു അഹമ്മദ് വിഷ്വ. ഗാസയിലെ യുദ്ധസാഹചര്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ അഹമ്മദ് വിഷ്വ നിർണായക പങ്ക് വഹിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും മനഃപൂർവം ലക്ഷ്യമിടുന്ന ഇസ്രായേലിന്റെ നടപടിയെ അപലപിച്ച് അൽ ജസീറ നെറ്റ്വർക്ക് രംഗത്തെത്തിയിട്ടുണ്ട്.
International
കയ്റോ: ഗാസയിൽ ഇസ്രേലി സേന നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം 11 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയിലെ ടെൽ അൽ ഹവാ പ്രദേശത്തെയും ഷാറ്റി അഭയാർഥി ക്യാന്പിലെയും പാർപ്പിടകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മരിച്ചവരിൽ ഹസൻ ലബാദ് എന്ന ഹമാസ് കമാൻഡർ, ഇയാളുടെ ഭാര്യ, ഭിന്നശേഷിക്കാരായ രണ്ടു കുട്ടികളടക്കം മൂന്നു മക്കൾ എന്നിവർ ഉൾപ്പെടുന്നു.
ഹമാസും ഇസ്രയേലും തമ്മിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ഗാസയിലുണ്ടായ ഇസ്രേലി ആക്രമണങ്ങളിൽ 940 പേർ കൊല്ലപ്പെട്ടു.
International
ഗാസ: ഗാസയിലെ ദുരിതപൂർണമായ ജീവിത സാഹചര്യങ്ങൾക്കിടയിൽ പെൺകുട്ടികളുടെ ബാലവിവാഹം വർധിക്കുന്നതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പലായനം ചെയ്യേണ്ടി വന്ന കുടുംബങ്ങൾ ദാരിദ്ര്യത്തിൽനിന്നും അരക്ഷിതാവസ്ഥയിൽനിന്നും രക്ഷനേടാനായി തങ്ങളുടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ വിവാഹം കഴിപ്പിച്ചു അയക്കാൻ നിർബന്ധിതരാകുകയാണ്.
ഗാസയിലെ സുപ്രീം ശരിയത്ത് കോടതിയുടെ കണക്കുകൾ പ്രകാരം, 2024ലും 2025ലുമായി നടന്ന വിവാഹങ്ങളിൽ 20.6 ശതമാനവും 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടേതാണ്. ഇതിൽ 15 വയസിന് താഴെയുള്ള 627 പെൺകുട്ടികളും ഉൾപ്പെടുന്നു. യുദ്ധത്തിന് മുമ്പ് ഗാസയിൽ ബാലവിവാഹ നിരക്ക് കുറഞ്ഞിരുന്നു.
പട്ടിണി, അഭയാർഥി ക്യാമ്പുകളിലെ സുരക്ഷിതത്വമില്ലായ്മ, മാതാപിതാക്കളുടെ മരണം എന്നിവയാണ് പ്രധാന കാരണങ്ങൾ. വിവാഹിതരാകുന്നതോടെ പെൺകുട്ടികൾക്ക് ഭർത്താക്കന്മാരുടെ കുടുംബത്തോടൊപ്പം പ്രത്യേക സഹായ റേഷൻ ലഭിക്കുമെന്നത് പല കുടുംബങ്ങളെയും ഇതിന് പ്രേരിപ്പിക്കുന്നു.
വിവാഹിതരായ പല പെൺകുട്ടികളും ഭർത്താക്കന്മാരിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും അതിക്രൂരമായ ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രായപൂർത്തിയാകാത്ത സമയത്തെ ഗർഭധാരണം പെൺകുട്ടികളുടെ ജീവന് ഭീഷണിയാകുന്നു. പോഷകാഹാരക്കുറവും മതിയായ ചികിത്സയുടെ അഭാവവും മൂലം ഗർഭമലസുന്നതും പ്രസവസമയത്തെ അമിത രക്തസ്രാവവും ഗാസയിൽ പതിവായിരിക്കുകയാണ്. സന്നദ്ധ സംഘടനകളുടെയും ഐക്യരാഷ്ട്രസഭയുടെയും കണക്കുകൾ പ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടാത്ത വിവാഹങ്ങൾ കൂടി കണക്കിലെടുത്താൽ യഥാർത്ഥ ബാലവിവാഹ നിരക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.
International
കയ്റോ: ഇസ്രേലി സേന ഗാസയിൽ ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ നാലു പലസ്തീനികൾ കൊല്ലപ്പെട്ടു. അൽ മുഖ്റഖ ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഒരാളും ഗാസ സിറ്റിക്കു സമീപമുണ്ടായ ടാങ്ക് ആക്രമണത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രേലി സേന 40 വയസുള്ള ഒരു സ്ത്രീയെ വെടിവച്ചു കൊല്ലുകയുമുണ്ടായി.
International
വാഷിംഗ്ടണ് ഡിസി: ഗാസയുടെ പുനര്നിര്മാണത്തിനായി രൂപവത്കരിച്ച അന്താരാഷ്ട്ര സംഘടനയായ ബോര്ഡ് ഓഫ് പീസിലേക്ക് അമേരിക്ക പത്തു ബില്യണ് (1000 കോടി) ഡോളറിന്റെ സഹായം നല്കുമെന്നും പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.
ചൈനയെയും റഷ്യയെയും ബോര്ഡില് ചേരാന് ട്രംപ് ക്ഷണിക്കുകയും ചെയ്തു.
വാഷിംഗ്ടൺ ഡിസിയില് നടന്ന ഉദ്ഘാടനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘യുദ്ധച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള് അതു വളരെ ചെറിയ സംഖ്യയാണ്- ട്രംപ് കൂട്ടിച്ചേര്ത്തു.
Sports
ഗാസ: 455 കോടി രൂപ മുടക്കി ഗാസയില് ഫുട്ബോള് സ്റ്റേഡിയം നിര്മിക്കാന് ഫിഫ. ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനൊയാണ് ഇക്കാര്യം അറിയിച്ചത്.
137 കോടി രൂപ മുടക്കി ഫിഫ അക്കാദമിയും 23 ലക്ഷം മുടക്കി 50 അരീന മിനി ഗ്രൗണ്ടും നിര്മിക്കാനും ഫിഫ തീരുമാനമെടുത്തു. 49 കോടി രൂപ മുടക്കി അഞ്ച് ഫുള് സൈസ് ഗ്രൗണ്ടും ഫിഫ നിര്മിക്കും.
International
കയ്റോ: ഗാസയുടെ തെക്ക്, വടക്ക് മേഖലകളിൽ ഇസ്രേലി സേന ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒന്പതു പലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയയിൽ പലസ്തീൻ അഭയാർഥികളുടെ കൂടാരങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിൽ നാലു പേരാണു കൊല്ലപ്പെട്ടത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുണ്ടായ മറ്റൊരാക്രമണത്തിൽ അഞ്ചു പേരും കൊല്ലപ്പെട്ടു. ഹമാസ് ഭീകരർ വെടിനിർത്തൽ ധാരണ ലംഘിച്ച് തുരങ്കങ്ങളിലൂടെ ഇസ്രേലി സൈനിക നിയന്ത്രിത പ്രദേശങ്ങൾക്കു സമീപം എത്തിയതിനുള്ള മറുപടിയായിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽവന്നശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 600നു മുകളിൽ പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രേലി ഭാഗത്ത് നാലു സൈനികർ കൊല്ലപ്പെട്ടു.
International
ജറൂസലെം: ഗാസാ സിറ്റിയിൽ ഇസ്രേലി ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.
റാഫയിൽ ഇസ്രേലി സേനയ്ക്കു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്നായിരുന്നു വെസ്റ്റ് ഗാസാ സിറ്റിയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.
കഴിഞ്ഞയാഴ്ച ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.
International
ജറൂസലെം: ഗാസയിൽ ഇസ്രേലി സേനയുടെ വെടിവയ്പിൽ 19 പലസ്തീൻകാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളും അഞ്ചു പേർ കുട്ടികളുമാണ്. മൂന്നിടത്തായിരുന്നു ഇസ്രേലി സേന ആക്രമണം നടത്തിയത്.
വടക്കൻ ഗാസയിലെ തുഫായിലെ ആക്രമണത്തിൽ 11 പേരാണു കൊല്ലപ്പെട്ടത്. ഇവരിലേറെയും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. പത്തു ദിവസം പ്രായമുള്ള പെൺകുട്ടിയും ബന്ധുവായ അഞ്ചു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഭീകരരുടെ ആക്രമണത്തിൽ ഇസ്രേലി സൈനികനു ഗുരുതരമായി പരിക്കേറ്റതാണ് ഇസ്രേലി സേനയെ പ്രകോപിപ്പിച്ചത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിലായശേഷം മാത്രം ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 532 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെടിനിർത്തൽ പ്രാബല്യത്തിലായശേഷം തങ്ങളുടെ നാലു സൈനികർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സൈന്യം പറയുന്നു.
International
ഗാസ: ഗാസ മുനമ്പിലെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയും യുദ്ധത്തിൽ പരിക്കേറ്റവരെയും ചികിത്സയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുന്നത് ഇസ്രായേൽ തടയുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഏകദേശം രണ്ട് വർഷത്തെ അടച്ചിടലിന് ശേഷം റാഫ അതിർത്തി ഭാഗികമായി തുറന്നെങ്കിലും, രോഗികളെ പുറത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയ ഇസ്രായേൽ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വെറും 16 പലസ്തീനികൾക്ക് മാത്രമാണ് അതിർത്തി കടക്കാൻ അനുമതി ലഭിച്ചത്
ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ നിലനിൽക്കെത്തന്നെ ഖാൻ യൂനിസിന് സമീപം 19 വയസ്സുള്ള പലസ്തീൻ യുവാവിനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. വെടിനിർത്തലിന് ശേഷം മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ 529 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഗാസയിലെ ജനങ്ങൾക്ക് അടിയന്തരമായി മരുന്നും ഭക്ഷണവും എത്തിക്കുന്നതിനായി റാഫ അതിർത്തി പൂർണ്ണമായി തുറന്നുകൊടുക്കണമെന്ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിൽ ഗുട്ടെറസ് ആവശ്യപ്പെട്ടു.
International
റഫ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഗാസയുടെയും ഈജിപ്റ്റിന്റെയും അതിർത്തിയായ റഫ കവാടം ഭാഗികമായി തുറന്നു. രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന അതിർത്തി തുറന്നതോടെ, ഗുരുതരമായി പരിക്കേറ്റ് ചികിത്സ കാത്തിരുന്ന നൂറു കണക്കിനു പലസ്തീനികൾ വിദഗ്ധ ചികിത്സ തേടി ഈജിപ്റ്റിലേക്കു കടന്നുതുടങ്ങി. യുദ്ധം തകർത്ത ഗാസയിലെ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ വലിയ ആശ്വാസമാണ് ഈ നീക്കം നൽകുന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ അതിർത്തിയിൽ ആംബുലൻസുകളുടെ നീണ്ട നിര ദൃശ്യമായിരുന്നു. കാൻസർ രോഗികൾ, യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റവർ, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ അതിർത്തി കടക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഏകദേശം 20,000-ത്തോളം ആളുകൾ ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തേക്ക് പോകാൻ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിർത്തി കടന്നെത്തുന്ന രോഗികളെ സ്വീകരിക്കാൻ ഈജിപ്ത് ഭാഗത്ത് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താത്കാലിക ഫീൽഡ് ഹോസ്പിറ്റലുകളും മെഡിക്കൽ സംഘങ്ങളും സജ്ജമാണ്. ഗാസയിലെ തകർന്ന ആരോഗ്യമേഖലയ്ക്ക് താങ്ങായി കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാണെന്ന് ഈജിപ്ഷ്യൻ അധികൃതർ അറിയിച്ചു.
അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളെത്തുടർന്നാണ് ഇസ്രായേൽ അതിർത്തി തുറക്കാൻ സമ്മതിച്ചത്. എങ്കിലും, കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഓരോരുത്തരെയും കടത്തിവിടുന്നത്. ഇസ്രേൽ സൈന്യത്തിന്റെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.
വർഷങ്ങളായി തുടരുന്ന ഉപരോധത്തിനു നേരിയ ഇളവ് ലഭിച്ചതു ഗാസയിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രോഗികളെയും പരിക്കേറ്റവരെയും അതിർത്തി കടക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
International
ഗാസ: ഗാസയിലെ റാഫ അതിർത്തി തുറന്നതിനു പിന്നാലെ പുതിയ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഇസ്രയേൽ. ഈജിപ്തിൽനിന്നും ഗാസയിലേയ്ക്കു പ്രവേശിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണ് റെഗാവിം എന്ന പേരിൽ ചെക്പോസ്റ്റ് തുറന്നത്.
കൃഷിയോഗ്യമായ ഭൂമിയെന്നാണ് ഹീബ്രുവിൽ റെഗാവിം അർഥമാക്കുന്നത്. ഇത് പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിന്റെ ഭാഗമാണെന്നാണ് പലസ്തീനികൾ ആരോപിക്കുന്നത്. റാഫ ഇടനാഴി തുറന്നതോടെ നിരവധി പേരാണ് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി അതിർത്തി കടന്നത്.
ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. ആളുകളെ നിയന്ത്രണത്തോടെ മാത്രമാണ് ഗാസയുടെ അകത്തേക്കും പുറത്തേക്കും കടക്കാൻ അനുവദിക്കുക. ഇതുവഴി ചരക്ക് നീക്കവും നടക്കാത്തതിനാൽ പ്രതീകാത്മക നടപടി മാത്രമായി മാറുമെന്നാണു കരുതുന്നത്.
വൈദ്യസഹായം ആവശ്യമുള്ള ഏകദേശം 20,000 പലസ്തീൻ കുട്ടികളും മുതിർന്നവരും ഇടനാഴിയിലൂടെ ഗാസയിൽനിന്നു പുറത്തുപോയേക്കുമെന്ന് ഗാസയിലെ ആരോഗ്യപ്രവർത്തകൻ പറഞ്ഞു.
യുദ്ധത്തിനു മുമ്പ്, ഗാസയിലേക്കു വരുന്നവർക്കും പുറത്തേക്കു പോകുന്നവർക്കും റാഫയായിരുന്നു പ്രധാന ഇടനാഴി. മറ്റ് അതിർത്തി ക്രോസിംഗുകളെല്ലാം ഇസ്രയേലിലേക്കു പ്രവേശിക്കുന്നവയാണ്. ഗാസയിൽനിന്ന് എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ 150ഓളം ആശുപത്രികൾ തയാറാണെന്ന് ഈജിപ്ത് അധികൃതർ അറിയിച്ചു.
ഇസ്രയേൽഈജിപ്ത് ഉദ്യോഗസ്ഥരാണു ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത്. യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്റുമാർ മേൽനോട്ടം വഹിക്കും. അവസാന ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തതിനെത്തുടർന്നാണ് ഇടനാഴി തുറക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അനുമതി നൽകിയത്.
അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടരുകയാണ്. അഭയാർഥി ക്യാമ്പിനു നേർക്കുണ്ടായ വെടിവയ്പിൽ മൂന്നു വയസുള്ള ആൺകുട്ടി മരിച്ചു.
തീരമേഖലയായ ഖാൻ യൂനിസിൽ ടെന്റിൽ പാർത്തിരുന്നവർക്കുനേരേയാണ് ഇസ്രയേൽ നാവികസേനയുടെ ആക്രമണമുണ്ടായത്. വെടിനിർത്തലിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം 520ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
International
ഗാസ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ഇന്ന് തുറക്കും.
ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂണിയൻ ദൗത്യസംഘവും പലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും അതിർത്തി നിരീക്ഷിക്കുക.
2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറക്കുന്നത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇന്നുമുതൽ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രയേൽ സേന അറിയിച്ചു.
ഗുരുതരാവസ്ഥയിൽ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം പലസ്തീനി രോഗികളുമായി ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗാസയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ആളുകൾക്ക് പരിമിതമായി മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും.
International
ജെറുസലേം: ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.
വ്യോമാക്രമണത്തിൽ 31 പേർ മരിച്ചു. ആറ് കുട്ടികളടക്കമാണ് മരിച്ചത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഇടിച്ചുകയറുകയായിരുന്നു.
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുകയാണ്.
ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തുടർച്ചയായ ലംഘനങ്ങൾ ഇസ്രയേൽ സർക്കാർ വംശഹത്യയുടെ ക്രൂരമായ യുദ്ധം തുടരുകയാണെന്ന് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.
ഖാൻ യൂനിസിലെ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏഴ് പേർ. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഖത്തർ, ആവർത്തിച്ചുള്ള ഇസ്രയേലി നിയമലംഘനങ്ങളെ അപലപിച്ചതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
International
കയ്റോ: ഇസ്രേലി സേന ഇന്നലെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ആറു കുട്ടികൾ അടക്കം 25 പേർ കൊല്ലപ്പെട്ടു. ഗാസയ്ക്കും ഈജിപ്തിനും ഇടയിലെ റാഫ അതിർത്തി ഇസ്രയേൽ ഇന്നു തുറക്കാനാരിക്കേയാണ് വൻ ആക്രമണം.
ഇന്നലെ പുലർച്ചെ മുതൽ ഗാസ സിറ്റിയിലും ഖാൻ യൂനിസിലും ആക്രമണമുണ്ടായി എന്നാണു റിപ്പോർട്ട്. ഗാസ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റിലുണ്ടായ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളും രണ്ട് വനിതകളും കൊല്ലപ്പെട്ടതായി പലസ്തീൻ മാധ്യമങ്ങൾ അറിയിച്ചു. ഖാൻ യൂനിസിൽ പലസ്തീനികളുടെ കൂടാരങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും കഴിഞ്ഞവർഷം ഒക്ടോബറിൽ വെടിനിർത്താൻ സമ്മതിച്ചശേഷം മാത്രം ഗാസയിലുണ്ടായ ആക്രമണങ്ങളിൽ 500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ തീവ്രവാദികളുടെ ആക്രമണങ്ങളിൽ നാല് ഇസ്രേലി ഭടന്മാരും കൊല്ലപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാനപദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ഹമാസിന്റെ നിരായുധീകരണം, ഇസ്രേലി സേനയുടെ ഗാസയിൽനിന്നുള്ള പിന്മാറ്റം, അന്താരാഷ്ട്ര സമാധാനസേനയെ വിന്യസിക്കൽ തുടങ്ങിയ കാര്യങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്.
ഇതിനിടെ, റാഫ അതിർത്തി ഇന്നു തുറക്കുന്നത് ഗാസ നിവാസികൾക്ക് ആശ്വാസമാകും. ഗാസയിൽനിന്ന് പുറംലോകത്തെത്താനുള്ള ഏക വഴിയാണിത്. 2024 മേയ് മുതൽ ഇസ്രയേൽ അടച്ചിട്ടിരിക്കുകയാണ്.
International
കയ്റോ: ഇസ്രേലി സേനയുടെ ആക്രമണത്തിൽ ഗാസയിൽ മൂന്നു മാധ്യമപ്രവർത്തകർ അടക്കം 11 പലസ്തീനികൾ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലെ അൽ സഹ്റ മേഖലയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകരുടെ മരണം.
ഹമാസ് ഭീകര സംഘടനയുടെ ഡ്രോൺ പ്രവർത്തിച്ചവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു. ഇവരുടെ നടപടികൾ സൈനികർക്കു ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് ആക്രമണം നടത്തേണ്ടിവന്നത്. സംഭവം പരിശോധിച്ചുവരികയാണെന്നും ഇസ്രേലി സേന കൂട്ടിച്ചേർത്തു.
ഗാസയിലെ പല ഭാഗങ്ങളിലായി ഉണ്ടായ മറ്റ് ആക്രമണങ്ങളിലാണ് എട്ടുപേർ കൂടി മരിച്ചത്. ഇതിൽ പത്തും 13ഉം പ്രായമുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
കഴിഞ്ഞവർഷം ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രബല്യത്തിൽ വന്നശേഷം ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 466 പലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യവൃത്തങ്ങൾ അറിയിച്ചത്
International
കയ്റോ: ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ബുധനാഴ്ച ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ വെടിവയ്പ്പിൽ രണ്ട് കുട്ടികളും മൂന്ന് മാധ്യമപ്രവർത്തകരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.
മധ്യഗാസയിലൂടെ കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് മാധ്യമപ്രവർത്തകരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലസ്തീൻകാർ തങ്ങിയിരുന്ന വാസസ്ഥലങ്ങളെ കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ പോയവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഈജിപ്ഷ്യൻ കമ്മിറ്റിയാണ് മാധ്യമപ്രവർത്തകരുടെ യാത്രയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഇവരുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്.
എന്നാൽ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈന്യത്തിന് പ്രതിസന്ധിയായിരുന്ന പാലസ്തീൻ ഭീകരനെ കൊലപ്പെടുത്തിയെന്ന് മാത്രമാണ് ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണം.
National
ന്യൂഡൽഹി: ഗാസ രണ്ടാംഘട്ട സമാധാന പദ്ധതിയുടെ ഭാഗമായ ബോർഡ് ഓഫ് പീസിലേക്ക് ഇന്ത്യക്കും ക്ഷണം. സമാധാന സമിതിയുടെ ഭാഗമാകാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെയും ക്ഷണിച്ചു.
ഇക്കാര്യം അഭ്യർഥിച്ച് ട്രംപ് പ്രധാനമന്ത്രി മോദിക്കയച്ച കത്ത് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ട്രംപ് അധ്യക്ഷനാവുന്ന സമിതിയിൽ നേരത്തേ പാക്കിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങൾക്കാണു സമാധാന സമിതിയിലേക്കു ക്ഷണം ലഭിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെയും ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമിതിയുടെ ഭാഗമാകണോയെന്ന കാര്യം പരിഗണനയിലാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഗാസ സമാധാന പദ്ധതിക്കപ്പുറം പുതിയ അന്താരാഷ്ട്ര സ്ഥാപനമായി സമിതിയെ ഉയർത്തിക്കാട്ടാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് റഷ്യയുടെ വിലയിരുത്തൽ. ഐക്യരാഷ്ട്ര സഭയ്ക്കു ബദലാകാനും ഭാവിയിലെ അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇടപെടാനും ഈ സമിതിയിലൂടെ അമേരിക്ക നോട്ടമിടുന്നതായി റഷ്യ സംശയിക്കുന്നു.
International
ദെയ്ർ അൽ ബലാഹ്: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 13 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽനിന്നു ഭീകരർ മിസൈൽ തൊടുത്തുവിട്ടതിന്റെ പ്രതികരണമാണ് നപടിയെന്ന് ഇസ്രേലി സൈന്യം അറിയിച്ചു.
ഹമാസ് തട്ടിക്കൊണ്ടുപോയ അവസാനത്തെ ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സമാധാനപദ്ധതിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേതൃത്വം നൽകുന്ന ബോർഡ് ഓഫ് പീസ് അടുത്ത വാരം പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
International
ന്യൂഡൽഹി: ഗാസയിലെ സമാധാന പദ്ധതിയെക്കുറിച്ച് സംസാരിക്കാനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചതിനു പിന്നാലെ നെഹന്യാഹു ഇന്ത്യയിലേക്ക് എത്തുമെന്ന സൂചനകളും ശക്തമായി.
ബുധനാഴ്ചയായിരുന്നു സംഭാഷണം. ന്യു ഇയറിനു ശേഷം ഇതു രണ്ടാം തവണയാണ് ഇരുവരും സംസാരിക്കുന്നത്. നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. വൈകാതെ മോദിയെ കാണാനാകുമെന്ന പ്രതീക്ഷ ഇസ്രയേൽ പ്രധാനമന്ത്രി പങ്കുവച്ചു. ഇതോടെ 2018നു ശേഷം നെതന്യാഹു ഇന്ത്യയിലേക്കു വീണ്ടുമെത്തുമെന്ന സൂചന ശക്തമായി.
ഭീകരവാദത്തിനെതിരേ ശബ്ദമുയർത്താൻ ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കുമെന്നു സംഭാഷണത്തിനു ശേഷം നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കും. ഗാസ സമാധാന പദ്ധതിയുടെ വിശദാംശങ്ങൾ നെതന്യാഹു മോദിയെ ധരിപ്പിച്ചു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തു. പലസ്തീനിൽ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇനി പദ്ധതിയുടെ ഭാഗമായി ഈജിപ്തിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നതാണ് ഗാസ സമാധാന കരാർ.
International
ടെൽഅവീവ്: ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. ആ ദുരന്തദിനങ്ങൾ... ഹമാസ് തീവ്രവാദികളെക്കുറിച്ചു കേട്ടറിവ് മാത്രമേ ആ ദിനം വരെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അവരുടെ യഥാർഥ രീതികൾ നേരിട്ടറിഞ്ഞ ദിനങ്ങൾ എന്റെ ജീവിതത്തിൽനിന്ന് ഇനി അടർത്തി മാറ്റാൻ കഴിയുമെന്നു തോന്നുന്നില്ല. ആ മുറിപ്പാടുകളുമായി ഞാൻ ഇനിയുള്ള കാലം ജീവിക്കും. നിങ്ങൾക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ല. സുഖപ്പെടുത്താൻ കഴിയുന്ന മുറിവുകളല്ല അവർ എന്റെ മനസിലും ശരീരത്തിലും എല്പിച്ചത്...
ഈ പറയുന്നത് 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ച ദിനം ഭീകരരുടെ കൈകളിൽ അകപ്പെട്ട റോമി ഗോണൻ എന്ന 24 വയസുകാരിയാണ്. ഒറ്റപ്പെടലിന്റെയും ലൈംഗിക അതിക്രമങ്ങളുടെയും ദിനങ്ങളാണ് തന്നെ കാത്ത് ഗാസയിൽ ഉണ്ടായിരുന്നതെന്ന് റോമി പറയുന്നു.
471 ദിവസങ്ങൾ ഹമാസ് തടങ്കലിൽ ബന്ദിയായി നേരിട്ട കൊടുംക്രൂരതകളെക്കുറിച്ച് ആദ്യമായൊരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയായിരുന്നു റോമി ഗോണൻ. അവരുടെ വാക്കുകളിലേക്ക്...
ഗാസയിലെ ജീവിതം തടവിന്റെയും ലൈംഗിക അതിക്രമത്തിന്റെയും അതിജീവനത്തിന്റെയുമായിരുന്നെന്നു റോമി ഗോണൻ ചാനൽ 12 ഉവ്ദയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. നോവ സംഗീത പരിപാടിയിൽനിന്നാണ് റോമിയെ അവർ ബന്ദിയായി പിടിച്ചത്. ഒന്നും സംഭവിച്ചില്ലെന്നു കരുതാനായിരുന്നു ഇഷ്ടം. പക്ഷേ, യാഥാർഥ്യം അതായിരുന്നില്ല. എന്നാൽ, ഞാൻ അനുഭവിച്ചത്രയും പലർക്കും അനുഭവിക്കേണ്ടി വന്നില്ല എന്നത് ആശ്വാസവുമാണ്.
ഇത് എന്നെ പിന്തുടരും...
ഇത് എന്റെ ജീവിതകാലം മുഴുവൻ എന്നെ പിന്തുടരും. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്കു ശേഷം, എന്നെ അവിടേക്ക് എത്തിച്ചപ്പോൾ തനിച്ചായിരുന്നു, ഞാൻ ഒറ്റയ്ക്ക് ആ തുരങ്കത്തിലേക്ക് ഇറങ്ങി. 24 മണിക്കൂർ കടുത്ത നിശബ്ദതയിൽ ഞാൻ അവിടെ കഴിഞ്ഞു.
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു എനിക്കു മനസിലായില്ല. എനിക്ക് ഇനി എന്തു സംഭവിക്കുമെന്നതും അറിയില്ല. വല്ലാത്തൊരു ഭീതി എന്നെ പൊതിഞ്ഞിരുന്നു. ഒറ്റയ്ക്കാണ് എന്ന ചിന്ത എന്നെ കൂടുതൽ തളർത്തി. ആ നിമിഷങ്ങളെ മറകടക്കാൻ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
നീ ശക്തയാണെന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. വീണ്ടും വീണ്ടും പറഞ്ഞു. പക്ഷേ, അത്തരമൊരു സാഹചര്യത്തിൽ അത് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. ദുരിതങ്ങളുടെ ദിനങ്ങൾ എനിക്ക് അരികിലുണ്ടെന്ന ഭീതി എന്ന പൊതിഞ്ഞു നിൽക്കുകയായിരുന്നു. ആ പേടി വെറുതെയല്ലെന്നു വൈകാതെ എനിക്കു മനസിലായി.
പെൺ വേട്ടക്കാർ
എന്നെ തേടി അവർ തുരങ്കത്തിലേക്കു വന്നു. മൂന്നു പേരായിരുന്നു വേട്ടക്കാർ. അവർക്ക് ആവശ്യമുള്ളപ്പോഴൊക്കെ അവർ എന്റെ അടുത്തേക്ക് എത്തി. എന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ എന്നെ ആക്രമിച്ചു കീഴ്പ്പെടുത്തി. വീണ്ടും വീണ്ടും ഇതു സംഭവിക്കുമെന്ന് എന്റെ മനസ് എന്നോടു പറഞ്ഞുകൊണ്ടിരുന്നു. നീ ശക്തയാണെന്ന് പിന്നെ എങ്ങനെ എനിക്ക് എന്നോടുതന്നെ പറയാൻ കഴിയും.
വൈകാതെ മറ്റു ചില പെൺകുട്ടികളെയും അവർ തുരങ്കത്തിലേക്ക് എത്തിച്ചു. ഞാൻ അവരെ പരിചയപ്പെട്ടു. ഐഡിഎഫ് നിരീക്ഷകരായ അഗം ബെർഗറും ലിറി ആൽബാഗും ആയിരുന്നു എനിക്കു പിന്നാലെ അവിടേക്ക് ഹമാസ് ഭീകരർ എത്തിച്ച യുവതികൾ.
എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. ഇനി ഞാൻ ഒറ്റയ്ക്കല്ലല്ലോ. പക്ഷേ, പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നെനിക്കു തോന്നി. തികച്ചും ഭയാനകമായ സാഹചര്യം. എങ്ങനെ കരകയറാനാകും- ഇത്രയും പറഞ്ഞിട്ട് റോമി കാമറയ്ക്കു മുന്നിൽ കരച്ചിൽ അടക്കാനാവാതെ വിതുമ്പി.
കുട്ടികളും അവർക്കൊപ്പം
പതിനഞ്ച് വയസുള്ള ഡാഫ്നയും എട്ടു വയസുള്ള എല എല്യാക്കിമും വൈകാതെ അവിടേക്ക് എത്തി. അവർ സഹോദരിമാരായിരുന്നു. ദിവസങ്ങൾ കടന്നുപോകുന്നത് പലപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല.
വൈകാതെ ചെൻ അൽമോഗ്-ഗോൾഡ്സ്റ്റൈൻ ദന്പതികളെ ബന്ദികളാക്കി കൊണ്ടുവന്നു. ഒപ്പം പതിനേഴും പതിനൊന്നും ഒൻപതും വയസുള്ള അവരുടെ മക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് സംഗീതമേളയിൽനിന്നു തട്ടിയെടുക്കപ്പെട്ട മിയ സ്കെം, ഐഡിഎഫ് നിരീക്ഷക നാമ ലെവി എന്നിവരെയും കൊണ്ടുവന്നു. നാൽപതാം ദിവസമാണ് എമിലി ഡമാരി അവിടേക്ക് ബന്ദിയായി എത്തിയത്.
ഭീതി പരത്തുന്ന തുരങ്കങ്ങളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ഭൂമിക്കു മുകളിലുള്ള ചില അപ്പാർട്ട്മെന്റുകളിൽ ഒരു മാസത്തിലേറെ എന്നെ അവർ താമസിപ്പിച്ചിരുന്നു. ഇടയ്ക്കു കമാൻഡർമാരിൽ ഒരാൾ തുരങ്കത്തിൽ എന്റെ അടുത്തുവന്ന് രണ്ടു പെൺകുട്ടികൾകൂടി ഇവിടേക്കു വരുമെന്നു പറഞ്ഞു.
ഒറ്റപ്പെടലിന്റെ കടുത്ത വേദനയിലായിരുന്ന ഞാൻ അവരെ എത്രയും വേഗം ഇവിടേക്ക് എത്തിക്കാൻ അഭ്യർഥിച്ചു. ഹിജാബ് ധരിച്ചാണ് ബെർഗർ തുരങ്കത്തിലേക്കു വന്നത്. അവളും എന്നെപ്പോലെ ഒറ്റപ്പെട്ട് എവിടെയോ കഴിയുകയായിരുന്നെന്ന് തോന്നി. അടുത്തുവന്നു കിടക്കയിൽ ഇരുന്നു. മാസങ്ങൾക്കു ശേഷമായിരുന്നു സ്നേഹമുള്ള ഒരു മനുഷ്യജീവിയെ എനിക്ക് അടുത്തു ലഭിക്കുന്നത്. എന്നെ ഒന്നു ചേർത്തുപിടിക്കാമോ എന്നു ഞാൻ ചോദിച്ചു. എനിക്ക് അതു വലിയൊരു ആശ്വാസമായിരുന്നു.
തുരങ്കത്തിൽ വന്നതിനു ശേഷം ലൈംഗിക ആക്രമണത്തിന് അല്ലാതെ എനിക്ക് അടുത്തേക്ക് ഒരു മനുഷ്യസമ്പർക്കം എത്തിയിരുന്നില്ല. ബെർഗർ എന്ന ചേർത്തുപിടിച്ച് ആലിംഗനം ചെയ്തു. തൊട്ടുപിന്നാലെ ലിറിയും തുരങ്കത്തിലേക്കു വന്നു. അവളും ആലിംഗനത്തിൽ പങ്കുചേർന്നു. ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.
എല്യാക്കിം സഹോദരിമാർ വന്നപ്പോൾ, അവരും ഇതുവരെ എവിടെയോ ഒറ്റയ്ക്കായിരുന്നെന്നു മനസിലായി. ഒറ്റയ്ക്കു കഴിയേണ്ടിവന്ന ആ കുട്ടികളുടെ അവസ്ഥ എന്നെ തകർത്തുകളഞ്ഞു. തുരങ്കത്തിലേക്ക് എത്തിയ ദമാരിയുമായി വളരെ അടുപ്പമായിരുന്നു. ഞാൻ കൂടെയില്ലായിരുന്നെങ്കിൽ ഇതിനകം മരിച്ചുപോയേനെയെന്ന് ദമാരി പറഞ്ഞു. എന്നെ കണ്ടപ്പോൾത്തന്നെ ഞാൻ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു ദാമാരിക്കു മനസിലായിരുന്നു.
International
ടെൽ അവീവ്: ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സഹായ സംഘടനകളുടെ ലൈസൻസ് റദ്ദാക്കിയതായി ഇസ്രയേൽ അറിയിച്ചു. പുതിയ രജിസ്ട്രേഷൻ നിയമം പാലിക്കാത്തതിന്റെ പേരിലാണ് നടപടി.
ആക്ഷൻഎയ്ഡ്, ഇന്റർനാഷണൽ റെസ്ക്യു കമ്മിറ്റി, നോർവീജിയൻ റെഫ്യൂജി കൗൺസിൽ തുടങ്ങിയ പ്രമുഖ സംഘടനകളുടെ ലൈസൻസ് ഇന്ന് അസാധുവാകും. ഈ സംഘടനകൾ 60 ദിവസത്തിനുള്ളിൽ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം.
ജീവനക്കാരുടെ സന്പൂർണ വ്യക്തിഗത വിവരങ്ങൾ അടക്കമുള്ളവ സംഘടനകൾ കൈമാറാത്ത സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കുന്നതെന്ന് ഇസ്രേലി വൃത്തങ്ങൾ വിശദീകരിച്ചു.
അതേസമയം, ഇസ്രയേലിലെ പുതിയ നിയമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, ജപ്പാൻ, നോർവേ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ പത്ത് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
രണ്ടു വർഷത്തെ യുദ്ധത്തിൽ തകർന്ന ഗാസയിൽ സഹായവിതരണവും അടിസ്ഥാന സേവനങ്ങളും ലഭ്യമാകാൻ ഈ സംഘടനകളുടെ പ്രവർത്തനം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, പുതിയ നടപടികൾ ഗാസയിലെ സഹായവിതരണത്തെ ബാധിക്കില്ലെന്ന് ഇസ്രയേൽ പ്രതികരിച്ചു.
International
ഇസ്ലാമാബാദ്: ഗാസയിൽ വിന്യസിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര സേനയിൽ പാക് സൈന്യത്തെ പങ്കാളിയാക്കാൻ പാക് പട്ടാളമേധാവി ആസിം മുനിറീനുമേൽ യുഎസ് പ്രസിഡന്റ് ട്രംപ് സമ്മർദം ചെലുത്തുന്നതായി സൂചന. അതേസമയം, ഇത്തരമൊരു തീരുമാനം പാക് ജനതയുടെ കടുത്ത എതിർപ്പിനിടയാക്കുമെന്ന പ്രതിസന്ധി മുനീർ നേരിടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
സംയുക്ത സേനാ മേധാവിയായി ഉയർത്തപ്പെട്ട് പാക്കിസ്ഥാനിലെ ഏറ്റവും വലിയ അധികാരകേന്ദ്രമായി മാറിയ മുനീർ നേരിടുന്ന ഏറ്റവും വലിയ വിഷമവൃത്തമാണ് ഗാസ വിഷയം. വരുന്ന ആഴ്ചകളിൽ അദ്ദേഹം വാഷിംഗ്ടണിലെത്തി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ആറാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് മുനീർ ട്രംപിനെ കാണുന്നത്.
ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ യാഥാർഥ്യമാക്കിയ ട്രംപിന്റെ പശ്ചിമേഷ്യാ സമാധാന പദ്ധതിയിൽ, ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനും നിർദേശിക്കുന്നുണ്ട്.
ഗാസയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നല്കാനും, ഹമാസ് ഭീകരരിൽനിന്നുള്ള അധികാകൈമാറ്റം സുഗമമാക്കാനും അന്താരാഷ്ട്ര സേന ഉപകരിക്കും.
പാക് സൈന്യത്തിന് ഇക്കാര്യത്തിൽ ഗുണപരമായ പങ്കുവഹിക്കാൻ കഴിയുമെന്നാണ് ട്രംപ് ഭരണകൂടം കണക്കുകൂട്ടുന്നത്.
അതേസമയം, ഇസ്രയേലിനെയും അമേരിക്കയെയും എതിർക്കുന്ന പാക്കിസ്ഥാനിലെ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പു പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. ആസിം മുനീറിനോടു ശത്രുതയുള്ള, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിക്കാരും വിഷയം ഉപയോഗിച്ചേക്കും. ജനം തെരുവിൽ സൈന്യത്തിനെതിരേ പ്രതിഷേധിക്കുന്നതു മുനീർ ഇഷ്ടപ്പെടുകയില്ല.
അതോടൊപ്പം ട്രംപിനെ പിണക്കാനും മുനീറിനു കഴിയില്ല. ദീർഘകാലത്തെ അവഗണനയ്ക്കുശേഷം അമേരിക്ക പാക്കിസ്ഥാനോട് അടുപ്പം കാട്ടാൻ തുടങ്ങിയത് ട്രംപ് പ്രസിഡന്റായ ശേഷമാണ്. ട്രംപിനെ പ്രീതിപ്പെടുത്തിയാലേ അമേരിക്ക വാഗ്ദാനം ചെയ്ത നിക്ഷേപങ്ങളും സുരക്ഷാ സഹായങ്ങളും പാക്കിസ്ഥാനു ലഭിക്കൂ.
ആസിം മുനീർ കഴിഞ്ഞയാഴ്ചകളിൽ ഇന്തോനേഷ്യ, മലേഷ്യ, സൗദി, തുർക്കി, ജോർദാൻ, ഈജിപ്ത്, ഖത്തർ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലെ സൈനിക, സിവിലിയൻ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസ വിഷയത്തിലെ ചർച്ചയ്ക്കായിരുന്നു ഇതെന്നു സൂചനയുണ്ട്.
International
ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ 70,000ൽ അധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം. ശനിയാഴ്ചയാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,100 ആയി ഉയർന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 48 മണിക്കൂറിൽ ഗാസ മുനമ്പിലെ ആശുപത്രികളിൽ രണ്ട് മൃതദേഹങ്ങൾ എത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
യുഎസ് മധ്യസ്ഥതയിൽ ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഇതിനുപിന്നാലെയുണ്ടായ ഇസ്രയേൽ വെടിവയ്പ്പിൽ 354 പലസ്തീനികൾ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്നാണ് ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷം ഹമാസ് 20 ബന്ദികളെയും 28 പേരുടെ മൃതദേഹങ്ങളും കൈമാറിയിരുന്നു.
ഇതിനുപകരമായി ഇസ്രയേൽ ബന്ദികളാക്കിയിരുന്ന 2,000 പലസ്തീനികളെ മോചിപ്പിക്കുകയും നൂറുകണക്കിന് മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തു.
International
ഗാസ: ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
സൈന്യത്തിന് നേരെയുണ്ടായ വെടിവെയ്പ്പിനെ തുടർന്നാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇതേ തുടർന്ന് ഗാസ മുനമ്പിലുടനീളം ഹമാസ് കേന്ദ്രങ്ങളിൽ ഐഡിഎഫ് ആക്രമണം ആരംഭിച്ചതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഗാസയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ബുധനാഴ്ചയുണ്ടായത്. ഗാസ സിറ്റിയിൽ 12 പേരും തെക്കൻ ഖാൻ യൂനിസ് പ്രദേശത്ത് പത്ത് പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 10 മുതൽ ഗാസയിൽ വെടിനിറുത്തൽ കരാർ നിലനിൽക്കുന്നുണ്ട്. എന്നാൽ അതിനുശേഷം ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 280ൽ അധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
International
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേരേ ഇസ്രേലികൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഉടൻതന്നെ കാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും.
ബെത്ലഹേമിനടുത്തുള്ള പലസ്തീൻ ഗ്രാമമായ ജബായിൽ അധിനിവേശ ഇസ്രേലികൾ വീടുകൾ തീവച്ചു നശിപ്പിച്ച സംഭവത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ അറിയിപ്പ്.
ഗാസ യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേർക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവം. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ട്.
Leader Page
ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികളും പറയുന്നു.
സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾക്കും സംശയമുണ്ട്. കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷയും നൽകി. ഗാസയിലെ ദഗ്മുഷ് ഗോത്രക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ അന്പതിലധികം പേരെ ഹമാസ് വധിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും കരാർ പ്രകാരം ഹമാസ് ഇതുവരെ ഇസ്രയേലിനു തിരികെ നൽകിയിട്ടുമില്ല.
ഈ പശ്ചാത്തലത്തിൽ ഹമാസ്-ഇസ്രയേൽ വെടിനിർത്തലിൽ ചരിത്രം ആവർത്തിക്കപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അറബ്-ഇസ്രയേൽ സംഘർഷപരന്പരയിൽ വെടിനിർത്തൽ ഒരു തുടർക്കഥയാണ്. വെടിനിർത്തുന്നതു വീണ്ടും വെടിവയ്പ് ആരംഭിക്കാൻവേണ്ടി മാത്രമാണെന്നു സംശയിക്കത്തക്കവിധമാണ് മുൻ അനുഭവങ്ങൾ.
അറബ്-ഇസ്രയേൽ യുദ്ധം
ഇസ്രയേൽ എന്ന ആധുനിക രാഷ്ട്രം നിലവിൽ വന്നത് 1948 മേയ് 14നാണ്. 1947 നവംബർ 29ന് ഐക്യരാഷ്ട്രസഭയുടെ ഒരു തീരുമാനമുണ്ടായിരുന്നു, നിലവിലുള്ള പലസ്തീനെ രണ്ടായി വിഭജിച്ച് ഒരു യഹൂദരാഷ്ട്രം രൂപീകരിക്കുന്നതിന്. പലസ്തീന്റെ 55 ശതമാനവും ഇസ്രയേലിന്റെ 45 ശതമാനവും പലസ്തീൻകാർക്ക് എന്നായിരുന്നു ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ 1948 മേയ് 14ന് ടെൽ അവീവിൽ ചേർന്ന യഹൂദ ദേശീയ സമിതിയുടെയും സയണിസ്റ്റ് ജനറൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനമാണ് ഇസ്രയേൽ രാഷ്ട്രം നിലവിൽ വന്നതായി പ്രഖ്യാപിച്ചത്.
തൊട്ടടുത്ത ദിവസം മേയ് 15നുതന്നെ ഇസ്രയേലിനെതിരേ അറബ് രാഷ്ട്രങ്ങൾ യുദ്ധം പ്രഖ്യാപിച്ചു. ഈജിപ്ത്, സിറിയ, ജോർദാൻ, ലെബനോൻ എന്നീ രാജ്യങ്ങൾ ഒരേസമയം ഇസ്രയേലിനെ ആക്രമിച്ചു. ഇസ്രേലി ശിശുവിനെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. പക്ഷേ, ഫലം മറിച്ചായിരുന്നു. ഇസ്രയേൽ സൈന്യം ശത്രുരാജ്യങ്ങളിലേക്ക് ഇരച്ചുകയറി. അമേരിക്കയും സോവ്യറ്റ് യൂണിയനും മധ്യസ്ഥരായി രംഗത്തുവന്നു. മേയ് അവസാനം വെടിനിർത്തലുണ്ടായി.
രണ്ടാം അറബ്-ഇസ്രയേൽ യുദ്ധം 1956 ഒക്ടോബർ 29ന് ആരംഭിച്ചു. നവംബർ ഏഴിനു വെടിനിർത്തലുണ്ടായി. ആറുദിന യുദ്ധം എന്ന് അറിയപ്പെടുന്ന മൂന്നാം അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ തുടക്കം 1967 ജൂൺ അഞ്ചിനായിരുന്നു. ഇസ്രയേലിന്റെ ഏകപക്ഷീയ വിജയത്തോടെ ജൂൺ പത്തിന് വെടിനിർത്തൽ നിലവിൽ വന്നു. ഇതുകൊണ്ടൊന്നും അറബ് രാഷ്ട്രങ്ങൾ പാഠം പഠിച്ചില്ല. വീണ്ടുമുണ്ടായി നാലാം അറബ്-ഇസ്രയേൽ യുദ്ധം. 1973 ഒക്ടോബർ ആറിനു തുടങ്ങിയ യുദ്ധം ഒക്ടോബർ 25ന് വെടിനിർത്തലോടെ അവസാനിച്ചു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഈ യുദ്ധങ്ങളിലൊന്നുപോലും ഇസ്രയേൽ ആരംഭിച്ചതല്ല എന്നതാണ്. ഇസ്രയേലിനെ നശിപ്പിച്ചേ അടങ്ങൂ എന്ന വൈരനിര്യാതന ബുദ്ധിയോടെ അറബ് രാഷ്ട്രങ്ങളാണ് ഓരോ ആക്രമണവും ആരംഭിച്ചത്. ഇസ്രയേലിന്റേതു പ്രത്യാക്രമണം മാത്രമായിരുന്നു. നാലു യുദ്ധങ്ങളിലും പരാജയം ഏറ്റുവാങ്ങാനുള്ള ദുര്യോഗം അറബ് രാഷ്ട്രങ്ങൾക്കായിരുന്നു. ഓരോ വെടിനിർത്തൽ കഴിയുന്പോഴും മധ്യസ്ഥ രാഷ്ട്രങ്ങളുടെ സമ്മർദത്തിനു വഴങ്ങി പിടിച്ചെടുത്ത ഭൂഭാഗങ്ങൾ വിട്ടുകൊടുക്കാൻ ഇസ്രയേൽ നിർബന്ധിതമായിക്കൊണ്ടിരുന്നു.
ഭീകരരെ ആയുധമണിയിച്ചവർ
നാണംകെട്ട ഈ പരാജയപരന്പരകൾകൊണ്ടു മനം മടുത്തിട്ടാവാം 1973നു ശേഷം അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായി നേർക്കുനേർ ഏറ്റുമുട്ടാൻ തുനിഞ്ഞില്ല. പകരം, അവർ ഭീകരസംഘടനകൾക്കു വെള്ളവും വളവും നൽകി. പിഎൽഒ, ഹമാസ്, ഹിസ്ബൊള്ള, ഹൂതികൾ തുടങ്ങിയവരെ തീറ്റിപ്പോറ്റിയതു മുഴുവൻ അറബ് രാഷ്ട്രങ്ങളാണ്. ഇതിൽ പിഎൽഒ മാത്രം ഇസ്രയേലിനോടുള്ള പക ഒട്ടൊന്നു കുറച്ച് പലസ്തീൻ രാഷ്ട്രസ്ഥാപനത്തിൽ ശ്രദ്ധവച്ചതും ചരിത്രം. മറ്റുള്ളവ അറബ് രാഷ്ട്രങ്ങൾ ആസ്ഥാനമാക്കി ഇപ്പോഴും ഇസ്രയേലിന്റെ നശീകരണത്തിനുവേണ്ടി പെടാപ്പാടു പെടുന്നു.
2005ൽ ഇറാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഹമൂദ് അഹമ്മദി നെജാദ് സ്ഥാനമേറ്റെടുത്തു നടത്തിയ പ്രഥമ പ്രസംഗത്തിൽ ഇറേനിയന് ജനതയ്ക്കു നൽകിയ വാഗ്ദാനം, ഇസ്രയേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും എന്നായിരുന്നു. അദ്ദേഹം 2009ൽ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2013ൽ സ്ഥാനമൊഴിയുന്പോഴും അദ്ദേഹത്തിനു തന്റെ പ്രഥമ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ല! ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനെയ് 2024 മേയ് 24ന് ടെഹ്റാനിലെ മോസ്കിൽ തോക്ക് കുത്തിപ്പിടിച്ചുകൊണ്ട് വിശ്വാസികൾക്കു നൽകിയ റംസാൻ സന്ദേശത്തിൽ പറഞ്ഞത്, ഇസ്രയേലിനെ നശിപ്പിക്കണമെന്ന അള്ളാഹുവിന്റെ ആഗ്രഹം ഉടൻ സഫലമാക്കും എന്നായിരുന്നു!
പുതുതന്ത്രം
അറബ് രാഷ്ട്രങ്ങളുടെ പൊതുവേദിയായ അറബ് ലീഗിന്റെ പ്രഥമ സമ്മേളനം 1964 ജനുവരി 13-16 വരെ ഗാസയിൽ നടന്നു. സമ്മേളനത്തിലെ സുപ്രധാന പ്രഖ്യാപനം, തങ്ങളുടെ ലക്ഷ്യം ഇസ്രയേലിന്റെ സന്പൂർണ നാശമാണെന്നായിരുന്നു. ഒരു യുദ്ധത്തിലൂടെ അതു സാധ്യമല്ലെന്നു ബോധ്യമായപ്പോൾ ഭീകരസംഘടനകൾക്ക് ആയുധമെത്തിക്കുക എന്ന പുതുതന്ത്രം സ്വീകരിച്ചു. അറബ് രാഷ്ട്രങ്ങൾ മത്സരിച്ച് ഭീകരരെ ആയുധമണിയിച്ചു. ഇറാൻ മാത്രം ഒരുവർഷം ഹമാസിന് നൽകുന്നത് 350 മില്യൺ ഡോളറാണെന്നു പറയപ്പെടുന്നു.
ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ഏറ്റവും ഒടുവിലത്തെ സാഹസമായിരുന്നു 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്രയേലിനു മേലുള്ള ആക്രമണം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഇസ്രയേൽ ഒന്നു പകച്ചെങ്കിലും അന്നുതന്നെ അവർ തിരിച്ചടിച്ചു. അതാണ് രണ്ടുവർഷത്തിലധികം നീണ്ട ഗാസാ യുദ്ധമായി പരിണമിച്ചത്.
ഇതിനിടിയിലുമുണ്ടായി വെടിനിർത്തലുകൾ. 2023 നവംബർ 24നായിരുന്നു ആദ്യ വെടിനിർത്തൽ. അത് നവംബർ 30 വരെ ഏഴു ദിവസത്തേക്കേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വെടിനിർത്തൽ 2025 ജനുവരി 15നായിരുന്നു. അതു 42 ദിവസം നീണ്ടു. വീണ്ടും ഫെബ്രുവരി 27 മുതൽ യുദ്ധം രൂക്ഷമായി. അതാണ് ഒക്ടോബർ പത്തിലെ വെടിനിർത്തലോടെ ശാന്തമായത്. പക്ഷേ, വെടിനിർത്തലുകളുടെ നിരാശാജനകമായ പരിണാമത്തിൽ കലാശിച്ചിരിക്കുകയാണ്, ലോകത്തിനാകെ ആശ്വാസം നൽകിയ ഒക്ടോബർ പത്തിലെ ഒത്തുതീർപ്പും.
International
കയ്റോ: ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികൾ പറഞ്ഞു. സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾ സംശയം പ്രകടിപ്പിച്ചു.
കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഗാസയിലെ ഇരുപതു ലക്ഷം വരുന്ന ജനങ്ങൾ ഹമാസ് നിയന്ത്രിത മേഖലയിലാണു പാർക്കുന്നത്. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷ നല്കിയിരുന്നു. ഗാസയിലേക്കു സഹായവസ്തുക്കളുമായി വരുന്ന ലോറികളെല്ലാം ഹമാസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, ഭക്ഷ്യവസ്തുക്കൾക്കു ചുങ്കം ഏർപ്പെടുത്തിയെന്ന ആരോപണം ഹമാസ് മീഡിയ ഓഫീസ് മേധാവി ഇസ്മയിൽ അൽ തവാബ്ത നിഷേധിച്ചു. ഗാസയിൽ അരാജകത്വം ഉണ്ടാകാതിരിക്കാനാണു ഹമാസ് ശ്രമിക്കുന്നതെന്ന് ഇയാൾ അവകാശപ്പെട്ടു. സമാധാന പദ്ധതിയിൽ നിർദേശിക്കുന്ന പ്രകാരം ഗാസ ഭരണത്തിനു രൂപവത്കൃതമാകുന്ന സമിതിക്ക് അധികാരം കൈമാറാൻ തയാറാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിപ്രകാരമാണ് ഗാസയിൽ വെടിനിർത്തലുണ്ടായത്. ഗാസയുടെ ഭാവിയിൽ ഹമാസിന് ഒരു റോളും ഉണ്ടാവില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന്റെ നിരായുധീകരണം, ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കൽ തുടങ്ങിയ കാര്യങ്ങളും സമാധാന പദ്ധതിയുടെ ഭാഗമാണ്. ട്രംപിന്റെ പദ്ധതി യുഎൻ രക്ഷാസമിതി അംഗീകരിച്ചാലുടൻ ഗാസയുടെ ഭരണത്തിനായി ഇടക്കാല സമിതി രൂപവത്കരിക്കുമെന്നാണ് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചത്.
International
ദെയ്ർ അൽ ബലാഹ്: ഗാസ വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മരുമകൻ ജാരെദ് കുഷ്നർ എന്നിവർ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.
ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തലിന്റെ ഒന്നാംഘട്ടം അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഗാസയിലെ ഭരണത്തിനായി താത്കാലിക സമിതിയെ നിയമിക്കുന്നതും രാജ്യാന്തര സ്ഥിരതാ സേനയെ വിന്യസിക്കുന്നതുമാണ് അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരം നടപടികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഓരോ ഇസ്രേലി ബന്ദിക്കും പകരമായി 15 പലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രയേൽ മടക്കിനൽകുന്നുണ്ടായിരുന്നു. ഇതുവരെ ലഭിച്ച ഭൗതികാവശിഷ്ടങ്ങൾ 315 ആണെന്നും തിരിച്ചറിഞ്ഞവ 91 മാത്രമാണെന്നുമാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഗാസയിൽ ഡിഎൻഎ കിറ്റുകളുടെ ദൗർലഭ്യമുള്ളതിനാൽ ഫോറൻസിക് പരിശോധന സങ്കീർണമാണ്.
ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേസമയം, ഇസ്രയേലിന്റെ കീഴിലുള്ള വെസ്റ്റ് ബാങ്കിലെ ഉ അൽ ഖയിർ ഗ്രാമത്തിലെ 14 കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ഇസ്രയേൽ തീരുമാനിച്ചതായി താമസക്കാർ പറഞ്ഞു. ഇവ അനധികൃതമായി നിർമിച്ചവയാണെന്ന് ഇസ്രയേൽ അറിയിച്ചു.
സന: ഇസ്രയേലിനും ചെങ്കടലിലൂടെ നീങ്ങുന്ന അവരുടെ കപ്പലുകൾക്കുമെതിരേയുള്ള ആക്രമണങ്ങൾ നിർത്തുകയാണെന്ന് യെമനിലെ വിമതസംഘടനയായ ഹൂതികൾ അറിയിച്ചു. ഹമാസിന്റെ സൈനികവിഭാഗമായ ഖ്വാസാം ബ്രിഗേഡ്സിന് അയച്ച കത്തിലാണ് ഹൂതികൾ നിലപാട് വ്യക്തമാക്കിയത്.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചാൽ അവർക്കെതിരേയും ചെങ്കടലിലും അറബിക്കടലിലുമുള്ള അവരുടെ കപ്പലുകൾക്കെതിരേയും ആക്രമണം പുനരാരംഭിക്കുമെന്നും കത്തിൽ പറയുന്നു.
International
കയ്റോ: ഇസ്രേലി സേന വ്യാഴാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ രണ്ടു പലസ്തീനികൾ കൊല്ലപ്പെട്ടു.
ഒരാൾ ഇസ്രേലി സൈനികരുടെ വെടിയേറ്റും മറ്റൊരാൾ ഷെല്ലാക്രമണത്തിലുമാണു കൊല്ലപ്പെട്ടതെന്നു പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഷെല്ലാക്രമണങ്ങളിൽ പരിക്കേറ്റ മറ്റൊരാളും ഇന്നലെ ഗാസയിൽ മരിച്ചു.
വ്യാഴാഴ്ച പകലും ഇസ്രേലി സേന ഗാസയിൽ ആക്രമണം നടത്തിയിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശത്ത് വ്യോമാക്രമണവും വടക്കൻ ഗാസയിൽ ഗാസ സിറ്റിക്കു സമീപം ടാങ്ക് ആക്രമണവുമാണ് ഉണ്ടായത്.
ഭീഷണി ഉയർത്തുന്ന ഭീകരകേന്ദ്രങ്ങൾ തകർക്കാൻവേണ്ടിയായിരുന്നു ആക്രമണങ്ങളെന്ന് ഇസ്രേലി സേന അറിയിച്ചു. ചൊവ്വാഴ്ച ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഒരു ഇസ്രേലി സൈനികൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്രയേൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
International
ടെൽ അവീവ്: ഗാസയിൽ ശക്തമായ ആക്രമണം നടത്തി ഇസ്രയേൽ. ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയത്. കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഗാസയിൽ ഹമാസിനെയും അവരുടെ ആയുധ സംഭരണ കേന്ദ്രങ്ങളെയും തുരങ്കങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസ് തിരികെ നൽകിയ ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. അതേസമയം ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നു ഹമാസും ആരോപിക്കുന്നു.
ആക്രമണം ആരംഭിച്ച സാഹചര്യത്തിൽ ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. അതേസമയം വെടിനിർത്തൽ കരാർ അപകടത്തിലല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
International
ടെൽ അവീവ്: ഇസ്രേലി സേന ചൊവ്വാഴ്ച ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. എന്നാൽ, വെടിനിർത്തൽ തുടരുമെന്ന് ഇസ്രയേൽ ഇന്നലെ അറിയിച്ചു.
ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇസ്രേലി ആക്രമണത്തെ പിന്തുണയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
തെക്കൻ ഗാസയിലെ റാഫയിൽ ഒരു ഇസ്രേലി സൈനികൻ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ഗാസയിൽ വ്യോമാക്രമണം നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെനത്യാഹു ഉത്തരവിടുകയായിരുന്നു. സെൻട്രൽ ഗാസയിലെ ബുറെയ്ജ് അഭയാർഥി ക്യാന്പ്, ഗാസ സിറ്റി, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു.
അതേസമയം, ഇസ്രേലി സൈനികനെ വധിച്ചതിനു പിന്നിൽ തങ്ങളല്ലെന്നാണു ഹമാസ് അവകാശപ്പെടുന്നത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇസ്രേലി വൃത്തങ്ങൾ ഇന്നലെ അറിയിച്ചു.
ഹമാസ് മര്യാദയ്ക്കു നിൽക്കണം: ട്രംപ്
ഇസ്രേലി ആക്രമണത്തിന്റെ പേരിൽ വെടിനിർത്തൽ തകരില്ലെന്നു യുഎസ് പ്രസിഡന്റ് ട്രംപ് ഏഷ്യാ പര്യടനത്തിനിടെ വ്യക്തമാക്കി. “ഒരു ഇസ്രേലി സൈനികൻ കൊല്ലപ്പെട്ടുവെന്നാണ് ഞാനറിഞ്ഞത്. അതിന് ഇസ്രയേൽ ശക്തമായ തിരിച്ചടി നല്കി. ഇസ്രയേൽ അങ്ങനതന്നെയാണു ചെയ്യേണ്ടത്.
ഇത്തരം സംഭവങ്ങളുണ്ടാകുന്പോൾ ശക്തമായ തിരിച്ചടി നല്കണം. ഇതിന്റെ പേരിൽ വെടിനിർത്തൽ തകരാൻ പോകുന്നില്ല. പശ്ചിമേഷ്യയുടെ ഒരു ചെറിയ ഭാഗം മാത്രമാണു ഹമാസെന്നു മനസിലാക്കണം.
ഹമാസ് മര്യാദയ്ക്കു പെരുമാറിക്കൊള്ളണം. നല്ല രീതിയിൽ നിന്നാൽ അവർക്കു സന്തോഷമുണ്ടാകും. നല്ല രീതിയിലല്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യും. അവരുടെ ജീവൻ ഇല്ലാതാകും”-ട്രംപ് പറഞ്ഞു.
International
വെസ്റ്റ് ബാങ്ക്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. ഹമാസ് സമാധാനക്കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസയിൽ കനത്ത തിരിച്ചടി നൽകാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തിന് തൊട്ടുപിന്നാലെ സൈന്യം ആക്രമണം ആരംഭിക്കുകയായിരുന്നു.
അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. ഹമാസ് ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിക്ക് പ്രധാനമന്ത്രി നെതന്യാഹു നിർദേശം നൽകിയത്. ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ ഇന്ന് കൈമാറാനിരുന്ന ബന്ദിയുടെ മൃതദേഹം വിട്ടുനൽകുന്നത് ഹമാസ് നീട്ടിവച്ചു.
ഇസ്രയേൽ സേന സ്കൂളുകളും വീടുകളും ആക്രമിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ സൈനികർക്ക് നേരെ വെടിയുതിർത്തെന്ന ആരോപണം ഹമാസ് നിഷേധിച്ചു. വെടിനിർത്തലിൽ ഹമാസ് ഉറച്ചുനിൽക്കുന്നുവെന്നും പ്രതികരിച്ചു.
വെടിനിർത്തൽ നിലവിൽ വന്ന് 20 ദിവസത്തിന് ശേഷം ഗാസയിലെയും പശ്ചിമേഷ്യയിലെയും സമാധാനാന്തരീക്ഷം വീണ്ടും തകരുകയാണ്. എന്നാൽ വെടിനിർത്തലിന് നിലവിലെ സംഭവങ്ങൾ ഭീഷണിയല്ലെന്നും തങ്ങളുടെ സൈനികരെ ലക്ഷ്യം വച്ചാൽ ഇസ്രയേൽ തിരിച്ചടിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
International
ഗാസ പുനര്നിര്മാണം: 20,000 സൈനികരെ പാക്കിസ്ഥാന് ഗാസയിലേക്ക് അയയ്ക്കും
ഇസ്ലാമാബാദ്: യുദ്ധാന്തര ഗാസയുടെ പുനര്നിര്മാണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനും പലസ്തീനുമിടയില് സംരക്ഷണ സേനയെ പോലെ പാകിസ്ഥാന് സൈനികര് പ്രവര്ത്തിക്കും. ഇതിന്റെ ഭാഗമായി ഗാസയിലേക്ക് 20,000 സൈനികരെ പാക്കിസ്ഥാന് അയയ്ക്കും.
പ്രത്യുപകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകളും വായ്പകളും ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേല് ചാര സംഘടനയായ മൊസാദിന്റേയും യുഎസ് സീക്രട്ട് സര്വീസായ സിഐഎയുടേയും ഉന്നത ഉദ്യോഗസഥരും പാക് കരസേനാ മേധാവി അസിം മുനീറുമായി ഈജിപ്തില് നടന്ന രഹസ്യ ചര്ച്ചയ്ക്ക് പിന്നാലെയാണ് നീക്കം.
ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത ഒരു നിഷ്പക്ഷ സൈനിക സേനയെയാണ് യുദ്ധാനന്തരം ഗാസയിൽ വിന്യസിക്കാൻ സാധ്യത. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും ഇല്ലാത്ത പാകിസ്ഥാന്റെ 20,000 സൈനികരെ വിന്യസിക്കാനുള്ള നീക്കം ശ്രദ്ധേയമാകുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ടെങ്കിലും ഗാസയിലെ ഭാവി നിർണയിക്കുന്നതിൽ ഈ നീക്കം നിർണായക പങ്ക് വഹിച്ചേക്കാം.
International
ടെൽ അവീവ്: ഗാസയിൽ ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശക്തമായ ആക്രമണം നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം എന്ന് കാട്ടി കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയത് രണ്ട് വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രയേൽ ആരോപിച്ചു.
കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രായേലിന്റെ വാദം. മൃതദേഹം കണ്ടെത്താൻ കാലതാമസം വരുമെന്ന് ബോധ്യപ്പെടുത്താൻ ആയിരുന്നു ഇതെന്നും ഇസ്രയേൽ പറയുന്നു. ഇതോടെയാണ് ഗാസയിൽ ആക്രമണം വീണ്ടും തുടരാൻ നെതന്യാഹു ആഹ്വാനം ചെയ്തത്.
International
ടെൽ അവീവ്: സെൻട്രൽ ഗാസയിൽ ഒരു ഭീകരനെ ലക്ഷ്യമിട്ട് ഇന്നലെ ആക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചു. പലസ്തീൻ ജിഹാദ് ഭീകരസംഘടനയിൽ അംഗമായ ഇയാൾ ഇസ്രയേലിനെതിരേ ആക്രമണത്തിനു പദ്ധതിയിട്ടെന്നും അറിയിപ്പിൽ പറയുന്നു.
ഒരു കാറിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിനു തീപിടിച്ച് നാലു പേർക്കു പരിക്കേറ്റു. ആരെങ്കിലും മരിച്ചതായി അറിവില്ല.
ഗാസയുടെ കിഴക്കൻ മേഖലയിൽ ഇസ്രേലി ടാങ്കുകൾ ഷെല്ലാക്രമണവും നടത്തി.
ഇതിനിടെ, ഗാസയിൽ മരിച്ച ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെരച്ചിലിൽ പങ്കെടുക്കാൻ ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരെ ഇസ്രേലി സർക്കാർ അനുവദിച്ചതായി റിപ്പോർട്ടുണ്ട്. ഒക്ടോബർ പത്തിനു നിലവിൽ വന്ന വെടിനിർത്തൽ ധാരണപ്രകാരം ഹമാസ് ഭീകരർ ഇനി 13 ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾകൂടി കൈമാറാനുണ്ട്.
Editorial
ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും. പക്ഷേ, ഹമാസിനു വേണ്ടത്, ലോകമാകെയുള്ള ഇസ്ലാമിക് സ്റ്റേറ്റാണ്.
ഏതു ദുഃഖമാണു കൂടുതൽ ഭാരപ്പെട്ടത്, വീടില്ലാത്തവന്റെയോ രാജ്യമില്ലാത്തവന്റെയോ? വീടില്ലാത്തവന്റെ ദുഃഖം അതു ലഭിക്കുന്നതോടെ തീരും. പക്ഷേ, രാജ്യമില്ലാത്തവനു വീടു കിട്ടിയാലും ഉറപ്പുള്ള വാസഗേഹമാകില്ല. അന്യഥാബോധം വിട്ടൊഴിയാത്ത മുറികളിൽ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കും. ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും.
പക്ഷേ, ഹമാസിന്, മറ്റേതൊരു ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെയുംപോലെ യഹൂദരും ക്രിസ്ത്യാനികളുമില്ലാത്തൊരു ലോകം കിട്ടിയേ തീരൂ. അതുകൊണ്ടാണ് ഹമാസിനെ നിരായുധീകരിക്കാത്ത ഒരുടന്പടിയും അംഗീകരിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിക്കുന്നത്. വെടിനിർത്തൽ കരാർ നിലവിൽ വന്നയുടനെ ഇസ്രയേലിന്റെ വാദത്തെ ന്യായീകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഒറ്റുകാരെന്നു സംശയിക്കുന്ന സ്വന്തം ജനത്തെ പോലും ഹമാസ് നിരത്തിനിർത്തി പരസ്യമായി കൊല്ലുന്ന ദൃശ്യങ്ങൾ ഐക്യദാർഢ്യക്കാരൊഴികെയുള്ള ലോകം കണ്ടു. വിവിധ മുസ്ലിം രാജ്യങ്ങളിൽ “അല്ലാഹു അക്ബർ’’ വിളിച്ച് ക്രൈസ്തവരെ കൊന്നൊടുക്കുന്ന അതേ രീതി. ഗാസ സങ്കീർണമാകുകയാണ്. കഴിഞ്ഞെന്നു ട്രംപ് പറഞ്ഞാൽ തീരുന്നതല്ല ഇസ്രയേൽ-ഹമാസ് യുദ്ധം.
കഴിഞ്ഞദിവസം, പടിഞ്ഞാറൻ ഗാസയിലെ സബ്രയെന്ന ചെറുപട്ടണത്തിലെ നിരത്തിലേക്ക് ഹമാസ് ഏഴോ എട്ടോ പേരെ വലിച്ചിഴച്ചുകൊണ്ടുവരുന്പോൾ ഏറെ ദൂരെയല്ലാതെ ഇസ്രയേൽ-പലസ്തീൻ തടവുകാരെ വെടിനിർത്തലിന്റെ ഭാഗമായി പരസ്പരം കൈമാറുകയായിരുന്നു. ഇസ്രയേൽ ബന്ധം ആരോപിച്ചാണ് സ്വന്തം ജനങ്ങളിൽപ്പെട്ട ആ മനുഷ്യരെ കണ്ണുകൾ മൂടിക്കെട്ടി കൈകൾ പിന്നിൽ ബന്ധിച്ച് മുട്ടിന്മേൽ നിർത്തിയത്.
പിന്നിൽ നിന്ന ഹമാസ് ഭീകരർ അവരുടെ ശിരസിനു പിന്നിൽ നിറയൊഴിച്ചത് കുട്ടികൾ ഉൾപ്പെടെയുള്ള ആൾക്കൂട്ടത്തെ സാക്ഷിയാക്കിയാണ്. ഈ ഭീകരരും അതുകണ്ട് “അല്ലാഹു അക്ബർ’’ വിളിക്കുന്ന കാണികളും തങ്ങൾക്കു ഭീഷണിയാണെന്നാണ് ഇസ്രയേൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ വീഡിയോ ഹമാസ് തന്നെ പ്രചരിപ്പിച്ചതാണ്. പലസ്തീനികളും ഹമാസ് വിരുദ്ധരുമായ നിരവധി ദുഗ്മുഷ് ഗോത്രക്കാരെയും ഹമാസ് കൊന്നുകഴിഞ്ഞു. ഹമാസ് പുറത്തുവിടുന്നതല്ലാതെ യഥാർഥ കണക്കൊന്നും ആർക്കുമറിയില്ല.
ഗാസയിലും ലിബിയയിലും നൈജീരിയയിലും ഇറാനിലും ഇറാക്കിലുമൊക്കെ ഭീകരർ തുടരുന്ന ഈ നരഹത്യ കണ്ടിട്ടും ഭീകരർക്കു ‘സ്വാതന്ത്ര്യസമരസേനാനി’ പട്ടം കൊടുക്കുന്നവരുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന്റെ ചൂടറിയാത്തതുകൊണ്ടു മാത്രമല്ല, അതിന്റെ രാഷ്ട്രീയ സാധ്യതകൾ അറിയുന്നതുകൊണ്ടുമാണ്. ഹമാസിന് ഭരണപങ്കാളിത്തമില്ലാത്തതും അറബ് രാജ്യങ്ങൾ ഉൾപ്പെടെ അംഗീകരിച്ചതുമായ വെടിനിർത്തൽ കരാർ ഹമാസിനെ നിലനിർത്തിക്കൊണ്ട് അസാധ്യമാണെന്ന് ഗാസ വെളിപ്പെടുത്തുന്നു.
തീവ്രവാദത്തെ തീവ്രവാദമെന്നു വിളിക്കാതിരിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്പോൾ ലഭിക്കുന്ന ലാഭം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിലുമുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ നീക്കുപോക്കുകൾ തന്നെയാണത്. പക്ഷേ, ഹമാസ് ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്കു വച്ചുനീട്ടുന്ന പിന്തുണ, കേരളത്തിന്റെ ഇസ്ലാമിക് ബ്രദർഹുഡിന്റെ മുളകൾക്കു വളമായിക്കഴിഞ്ഞു. നാളെ അവ വടവൃക്ഷങ്ങളാകും.
അതിനെ ചൂണ്ടിക്കാണിച്ച് ഇതര മതവർഗീയതകളും ശക്തി പ്രാപിക്കുകയാണ്. ആപത്കരമായ ഈ പ്രീണനരാഷ്ട്രീയത്തിന്റെ വാർത്തകളും വീക്ഷണങ്ങളും നാളെ ചരിത്രമാകും. 2022 ഡിസംബറിൽ ഹമാസ് കമാൻഡർ മെഹ്മൂദ് അൽ സഹറിന്റേതായി മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടിവി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞത്, ഇന്നുവരെ അവരുടെ ഒരു നേതാവും തിരുത്തിയിട്ടില്ല. “ഇസ്രയേൽ നമ്മുടെ ആദ്യലക്ഷ്യം മാത്രമാണ്.
ഭൂഗോളത്തിന്റെ 510 മില്യൺ സ്ക്വയർ കിലോമീറ്റർ മുഴുവൻ നമ്മുടെ നിയമത്തിനു കീഴിലാകും. അവിടെ യഹൂദരും ക്രൈസ്തവരും ഉണ്ടാകില്ല.” കഴിഞ്ഞ വർഷം ഇസ്രയേൽ വധിച്ച, 2006ൽ ഗാസയുടെ പ്രധാനമന്ത്രിയായിരുന്ന ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, ഇസ്ലാമിക ഭീകരൻ സാക്ഷാൽ ഒസാമ ബിൻ ലാദന്റെ ആരാധകനായിരുന്നു. ചിലർ ഗാസ വഴി, ചിലർ തുർക്കി വഴി, ചിലർ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാൻ, ഇറാക്ക്, സുഡാൻ, നൈജീരിയ, കേരളം.... ലക്ഷ്യം ഒന്നുതന്നെ. പക്ഷേ, ഇതിനെ വംശഹത്യയുടെ വിളംബരമോ ഊട്ടിയുറപ്പിക്കലോ ആയി നമ്മുടെ രാഷ്ട്രീയക്കാർ കാണില്ല.
ഇസ്രയേൽ-പലസ്തീൻ വിഷയത്തിന്റെ ഏക കാരണം ഹമാസ് അല്ലെങ്കിലും ഇസ്ലാമിക തീവ്രവാദവും യഹൂദവിരുദ്ധതയും കൊണ്ടുനടക്കുന്നതിനാൽ ഹമാസുള്ളിടത്തോളം കാലം ഇസ്രയേൽ വഴങ്ങില്ല. പ്രത്യേകിച്ചും ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള പരസ്യ വധശിക്ഷ നടപ്പാക്കലും അരാജകത്വവും തുടരുന്നതിനാൽ. അറബ് രാജ്യങ്ങളും ഹമാസിനെ പിന്തുണയ്ക്കാനിടയില്ല.
അവശേഷിക്കുന്ന തുരങ്കങ്ങളിൽനിന്നിറങ്ങി ജനത്തെ കൊല്ലാനല്ലാതെ പലസ്തീൻ പുനർനിർമാണത്തിൽ ഹമാസിനൊന്നും ചെയ്യാനാകില്ല. ഈ ഭീകരപ്രസ്ഥാനം ഏറ്റവും വലിയ നഷ്ടം വരുത്തിവയ്ക്കുന്നത് പലസ്തീൻകാർക്കാണ്. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക തീവ്രവാദികൾ വംശവെറിയാൽ ക്രൈസ്തവരെ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയുമാണെങ്കിൽ ഗാസയിൽ അവർ സ്വന്തം ജനതയുടെ അന്തകരായിരിക്കുന്നു.
International
കയ്റോ: രണ്ടു വർഷം നീണ്ട ഗാസ യുദ്ധം അവസാനിച്ചു. യുഎസ്എ, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് സമാധാന കരാര് സാധ്യമായത്.
ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്. കരാർ ഒപ്പുവയ്ക്കാനുള്ള സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കൾ ഈജിപ്തിലെത്തിയിരുന്നു. ഹമാസ് തടവിലാക്കിയിരുന്ന മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു.
അതേസമയം ഇസ്രയേൽ തടവിലാക്കിയ 1700ലധികം പലസ്തീൻകാരുടെ കൈമാറ്റവും തുടരുകയാണ്. ബന്ദികളെയെല്ലാം വിട്ടയച്ചതിന് പിന്നാലെ ഇസ്രയേൽ പാർലമെന്റിനെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അഭിസംബോധനചെയ്തു.
ഇത് ഒരു യുദ്ധത്തിന്റെ അവസാനം മാത്രമല്ല. ഇത് പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ ഉദയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപ് പ്രശംസിച്ചു.
താങ്ക്യൂ വെരിമച്ച് ബിബി, ഗ്രേറ്റ് ജോബ് എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് പങ്കെടുത്തത്.
2023 ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്.
Leader Page
ഗാസ യുദ്ധം അടക്കം നിരവധി സംഘര്ഷങ്ങള് അവസാനിപ്പിച്ചതിനു സമാധാനത്തിനുള്ള നൊബേല് സമ്മാനം വേണമെന്ന അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ അതിമോഹം കരിഞ്ഞുണങ്ങിയതില് അധികമാര്ക്കും ദുഃഖമുണ്ടാകില്ല. മേധാവിത്വം സ്ഥാപിക്കാന് നികുതിയുദ്ധം അടക്കം ട്രംപ് നടത്തുന്ന സാമ്പത്തിക തീവ്രവാദം ലോകത്തിനാകെ ഭീഷണിയാണ്.
ലാറ്റിനമേരിക്കന് രാജ്യമായ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്ത്തകയുമായ മരിയ മച്ചാഡോയ്ക്ക് ആണ് 2025ലെ സമാധാന നൊബേല് പുരസ്കാരം. സമാധാനത്തിനുള്ള നൊബേല് സമ്മാനങ്ങളിലെ രാഷ്ട്രീയം മറനീക്കുന്നതാണു പുതിയ വിവാദം.
പറക്കട്ടെ, വെള്ളരിപ്രാവുകള്
എങ്കിലും ചോരപ്പുഴയൊഴുകിയ ഗാസയില് സമാധാനത്തിന്റെ വെള്ളരിപ്രാവുകള് പറന്നുതുടങ്ങിയതില് ആശ്വസിക്കാം. രണ്ടു വര്ഷത്തിലേറെ നീണ്ട മനുഷ്യക്കുരുതികള്ക്ക് അറുതി വരുന്നുവെന്നതു സന്തോഷകരമാണ്. ഗാസ മുനമ്പിന്റെ പ്രധാന ഭാഗങ്ങളില്നിന്ന് ഇസ്രയേല് സൈന്യം ഇന്നലെ പിന്വാങ്ങിത്തുടങ്ങി.
മധ്യ ഗാസയിലെ നുസൈറാത്ത് ക്യാമ്പിലെയും തെക്കന് ഗാസയിലെയും കുടുംബങ്ങൾ വടക്കന് ഗാസയിലേക്കു നീങ്ങാന് തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഇസ്രയേല് സൈന്യം മുമ്പു പ്രവര്ത്തിച്ചിരുന്ന നെറ്റ്സാരിം ഇടനാഴിയിലെ പ്രദേശങ്ങളിലേക്കു പ്രവേശിക്കാന് അവര് കാത്തിരിക്കുകയാണ്. മാനുഷിക സഹായങ്ങളുമായി പ്രതിദിനം 400 മുതല് 600 വരെ ട്രക്കുകള് ഗാസയിലെത്തും.
നിര്ണായകം 72 മണിക്കൂര്
ഈജിപ്തില് മൂന്നു ദിവസത്തെ ചര്ച്ചകള്ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് അമേരിക്കന് പ്രസിഡന്റ് ട്രംപ് ഗാസയില് 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ചത്. തടവുകാരെ കൈമാറുകയും ഗാസയുടെ ചില ഭാഗങ്ങളില്നിന്ന് ഇസ്രയേല് പിന്വാങ്ങുകയും ചെയ്യുന്ന ഹമാസുമായുള്ള വെടിനിര്ത്തല് കരാറിന്റെ ഒന്നാംഘട്ടത്തിന് ഇസ്രയേല് സര്ക്കാര് ഇന്നലെ പുലര്ച്ചെ അംഗീകാരം നല്കി.
ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്ന 20 ഇസ്രേലി ബന്ദികളെയും മോചിപ്പിക്കാന് ഹമാസിന് 72 മണിക്കൂര് സമയമുണ്ട്. ബന്ദികളായിരിക്കേ കൊല്ലപ്പെട്ട 28 ഇസ്രയേലുകാരുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കും. നൂറുകണക്കിനു ഹമാസ്, പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല് ജയിലുകളില് കഴിയുന്ന 250ഓളം പലസ്തീന് തടവുകാരെയും ഗാസയില്നിന്നുള്ള 1,700 തടവുകാരെയും ഇസ്രയേല് മോചിപ്പിക്കും.
സമാധാന കരാര് തുടക്കം
ഗാസ കരാര് വലിയൊരു തീരുമാനമാണ്. പക്ഷേ, തുടക്കം മാത്രമാണിത്. കരാര് പ്രകാരം, സമ്മതിച്ച രേഖയിലേക്കു പിന്വാങ്ങാന് ഇസ്രയേല് സൈന്യത്തിന് 24 മണിക്കൂര് സമയമുണ്ട്. സ്ട്രിപ്പിന്റെ 53 ശതമാനം നിയന്ത്രണമുള്ള ഘട്ടത്തിലേക്കു സൈന്യം പിന്വാങ്ങുമെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായുള്ള ഇസ്രേലി പിന്മാറ്റത്തിൽ ആദ്യത്തേതാണിതെന്നാണു കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് വിതരണം ചെയ്ത ഭൂപടം സൂചിപ്പിക്കുന്നത്.
എന്നാല്, ശാശ്വത സമാധാനം എങ്ങനെ കൈവരുമെന്നതിന്റെ വിശദാംശങ്ങള് വ്യക്തമല്ല. അമേരിക്കന് സൈന്യത്തിന്റെ മേല്നോട്ടത്തില് ഏകദേശം 200 സൈനികരുടെ ബഹുരാഷ്ട്ര സേന ഗാസ വെടിനിര്ത്തല് നിരീക്ഷിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ഈജിപ്ത്, ഖത്തര്, തുര്ക്കി, യുഎഇ എന്നിവിടങ്ങളില്നിന്നുള്ള സൈനികരാകും സേനയില് ഉള്പ്പെടാന് സാധ്യത. ഗാസയില് അമേരിക്കന് സൈന്യം നിലയുറപ്പിക്കില്ലെന്നു മുതിര്ന്ന യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പലസ്തീനികളെ കൈവിടരുത്
ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂര്ത്തിയായാല്, പിന്നീടുള്ള ഘട്ടങ്ങളെക്കുറിച്ചുള്ള ചര്ച്ചകള് നടക്കും. എന്നാല് ഇവയില് പലതിലും കരാറിലെത്തുക പ്രയാസമാകും. ഗാസയിലെ എല്ലാ സൈനിക, ഭീകര, ആക്രമണ അടിസ്ഥാനസൗകര്യങ്ങളും നശിപ്പിക്കുമെന്ന് ഇസ്രയേല് പറയുന്നു. ട്രംപിന്റെ നേതൃത്വത്തില് യുകെ മുന് പ്രധാനമന്ത്രി ടോണി ബ്ലെയര് ഉള്പ്പെട്ട സമാധാന ബോര്ഡിന്റെ മേല്നോട്ടത്തില് പലസ്തീന് ടെക്നോക്രാറ്റുകളുടെ താത്കാലിക പരിവര്ത്തന സമിതിയാണ് ഗാസ ഭരിക്കേണ്ടതെന്നാണ് ട്രംപിന്റെ പദ്ധതിയില് പറയുന്നത്.
പദ്ധതിപ്രകാരം ഭാവിയില് ഗാസയുടെ ഭരണത്തില് ഹമാസിനു നേരിട്ടോ അല്ലാതെയോ പങ്കുണ്ടാകില്ല. ഗാസ മുനമ്പിന്റെ ഭരണം ഒടുവില് പലസ്തീന് അഥോറിറ്റിക്കു കൈമാറും. ഐക്യരാഷ്ട്രസഭാ ഉച്ചകോടിയില് പലസ്തീനെ സ്വതന്ത്രരാജ്യമായി ഫ്രാന്സ് അടക്കമുള്ള രാജ്യങ്ങള് നേരത്തേ അംഗീകരിച്ചിരുന്നു. ഹമാസ് അംഗങ്ങള്ക്കു മറ്റൊരു രാജ്യത്തേക്കു പോകാന് പൊതുമാപ്പു വാഗ്ദാനം ചെയ്യും. പലസ്തീനികള്ക്കു ഗാസയില് തുടരാം. ഗാസ പുനര്നിര്മിക്കാനുള്ള ട്രംപ് സാമ്പത്തിക വികസന പദ്ധതിക്കു വിദഗ്ധ സമിതി രൂപംനല്കും.
ഗാസയില് അനിശ്ചിതത്വം
ആയുധങ്ങള് പൂര്ണമായി താഴെവയ്ക്കാനും ഭീകരാക്രമണം അവസാനിപ്പിക്കാനും ഹമാസും ഇതര ഭീകര ഗ്രൂപ്പുകളും തയാറാകുമെന്നു കരുതാനാകില്ല. ചര്ച്ചകളില് നിരായുധീകരണത്തെക്കുറിച്ച് ഹമാസ് പരാമര്ശിക്കാത്തതില് കാര്യം വ്യക്തം. പലസ്തീന് രാഷ്ട്രം സ്ഥാപിതമായതിനുശേഷം മാത്രമേ ആയുധങ്ങള് താഴെ വയ്ക്കൂവെന്നതാണു പരസ്യമായ നിലപാട്. ഏകീകൃത പലസ്തീന് പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാസയില് ഭാവിയില് ചില പങ്കുണ്ടായിരിക്കുമെന്ന് ഹമാസ് പറഞ്ഞിട്ടുമുണ്ട്.
യുദ്ധാനന്തര ഗാസയില് പലസ്തീനിയന് ഏജന്സിയുടെ പങ്കാളിത്തം നെതന്യാഹുവും ഉറപ്പിച്ചു പറയുന്നില്ല. ഇസ്രയേല് സൈന്യത്തിന്റെ പിന്വലിക്കലിന്റെ വ്യാപ്തിയും തര്ക്കവിഷയമാണ്. ആദ്യഘട്ടത്തില് ഗാസയുടെ 53 ശതമാനം നിയന്ത്രണം നിലനിര്ത്തുമെന്ന് ഇസ്രയേല് പറയുന്നു. വൈറ്റ് ഹൗസ് പദ്ധതി പ്രകാരം പിന്വലിക്കല് ഏകദേശം 40 ശതമാനവും പിന്നീട് 15 ശതമാനം വരെയുമാണ്. ഭീകര ഭീഷണിയില്നിന്ന് ഗാസയെ സുരക്ഷിതമാക്കുന്നതുവരെ നിലനില്ക്കുമെന്നാണ് ഇസ്രയേല് പറയുന്നത്. ഇസ്രയേലിന്റെ സമ്പൂര്ണ പിന്വലിക്കലിനു വ്യക്തമായ സമയപരിധി നല്കുന്നുമില്ല.
തീക്കൊള്ളികൊണ്ടു ചൊറിയല്
2023 ഒക്ടോബര് ഏഴിന് ദക്ഷിണ ഇസ്രയേലില് കടന്ന് 38 കുട്ടികളടക്കം 1,195 പേരെ വധിക്കുകയും 251 ആളുകളെ ബന്ദിയാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ നടപടിയുടെ ബാക്കിപത്രം അതിഭീകരമായിരുന്നു. തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞതുപോലെ. പിന്നീടിങ്ങോട്ട് ഇസ്രയേല് നടത്തിയ കൂട്ടക്കുരുതിയില് 67,139 മനുഷ്യർ മരിച്ചുവീണതായാണ് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണെന്നതു ദുഃഖകരം. രണ്ടു വര്ഷത്തിനിടെ ഹമാസ് നടത്തിയ ആക്രമണങ്ങളില് ഇസ്രയേലില് 2,291 പേരും കൊല്ലപ്പെട്ടു.
ഇസ്രയേലില് ഹമാസ് നടത്തിയ ആക്രമണത്തിനു രണ്ടു വര്ഷവും രണ്ടു ദിവസവും കഴിഞ്ഞാണു യുദ്ധം അവസാനിച്ചത്. ഗാസയിലെ ആശുപത്രികളും സ്കൂളുകളും ഭവനസമുച്ചയങ്ങളും തവിടുപൊടിയായി. കെട്ടിടാവശിഷ്ടങ്ങള് നീക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ആഴ്ചകളെടുക്കും. ഭീകരതയുടെ ശേഷിപ്പായ ചോര വീണ ഭൂമിയെയും സാധാരണക്കാരായ ജനതയെയും നമുക്കു വിസ്മരിക്കാനാകില്ല.
ഭീകരതയ്ക്കു മതമില്ല
മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ ലോകം ഒന്നിക്കേണ്ട അവസരമാണു കൈവരുന്നത്. എല്ലാത്തരം തീവ്രവാദവും ഭീകരതയും എതിര്ക്കപ്പെടണം. ഹമാസും ഇസ്ലാമിക് സ്റ്റേറ്റും (ഐഎസ്) ബൊക്കോ ഹറാമും ജെയ്ഷെ മുഹമ്മദും ലഷ്കര് ഇ തൊയിബയും മുതല് പോപ്പുലര് ഫ്രണ്ട് വരെയുള്ള എല്ലാ തീവ്ര, ഭീകര ശക്തികളുടെയും അടിവേരറക്കാതെ സമാധാനം കൈവരില്ല. ഭീകരതയ്ക്കു മതമില്ല. തീവ്രവാദത്തിനും ഭീകരതയ്ക്കും ഒരു മതത്തിന്റെയും മറയും പരിരക്ഷയും ന്യായീകരണങ്ങളും പാടില്ല.
ഗാസയിലോ ഇസ്രയേലിലോ ജമ്മു കാഷ്മീരിലോ നൈജീരിയയിലോ, മറ്റെവിടെയോ ആയാലും കൂട്ടക്കുരുതികളെ ആരും ന്യായീകരിക്കരുത്. ഒറ്റക്കെട്ടായി എതിര്ക്കണം. ഗാസയില് ജീവന് പൊലിഞ്ഞ പതിനായിരങ്ങള്ക്കുവേണ്ടി ലോകത്തെ സമാധാനപ്രേമികളും കേരളം അടക്കമുള്ള സര്ക്കാരുകളും ഒന്നിച്ചതില് അഭിമാനിക്കാം. പക്ഷേ, നൈജീരിയയില് ഉള്പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില് കൊല്ലപ്പെടുന്ന നിരപരാധികള്ക്കു വേണ്ടിക്കൂടി ഇനി ഒറ്റക്കെട്ടായി ശബ്ദമുയര്ത്താന് നമുക്കു കഴിയണം.
നൈജീരിയയിലും മനുഷ്യരാണ്
നൈജീരിയയില് 2009നു ശേഷം അരലക്ഷം ക്രൈസ്തവരെ ബൊക്കോ ഹറാം അടക്കമുള്ള ഭീകര ഇസ്ലാമിക സായുധ ഗ്രൂപ്പുകള് കൊന്നൊടുക്കിയെന്നാണ് അമേരിക്കന് സെനറ്റര് ടെഡ് ക്രൂസ് ചൂണ്ടിക്കാട്ടിയത്. 18,000 പള്ളികളും 2,000 സ്കൂളുകളും തകര്ത്തതായി അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിക്ക് നൈജീരിയന് സര്ക്കാരിന്റെ സഹായമുണ്ടെന്നാണ് ആരോപണം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ 48 ശതമാനം വരുന്ന ക്രൈസ്തവരെയാണ് വംശഹത്യ ചെയ്യുന്നതെന്നതു കൂടുതല് ഗൗരവമുള്ളതാണ്.
നൈജീരിയയിലെ സുരക്ഷാപ്രശ്നങ്ങളെ വിദേശഗ്രൂപ്പുകള് മുതലെടുക്കാന് ശ്രമിക്കുന്നുവെന്നാണ് അവിടത്തെ സര്ക്കാരിന്റെ വാദം. വടക്കു കിഴക്കന് മേഖലയില് സായുധ ബൊക്കോ ഹറാം വിമതപോരാട്ടം നടത്തുകയാണത്രേ. വടക്കു പടിഞ്ഞാറന് മേഖലയില് ക്രിമിനല് സംഘങ്ങളുടെ വിളയാട്ടമാണെന്നും സര്ക്കാര് അവകാശപ്പെട്ടു. കഷ്ടംതന്നെ. ബൊക്കോ ഹറാമിനെ ഭീകര സംഘടനയായി 2013ല് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
മതം നോക്കിയാകരുത് മനുഷ്യത്വം
ഗാസയില് കൂട്ടക്കൊല നടത്തിയ ഇസ്രയേലിനു പിന്തുണയും കവചവുമൊരുക്കിയ അമേരിക്കന് പ്രസിഡന്റ് ട്രംപ് സമാധാനത്തിന്റെ മാടപ്രാവാകാന് ശ്രമിച്ചതുപോലുള്ള വൈരുധ്യം ലോകം തിരിച്ചറിയും. പലസ്തീനികളുടെ അവകാശങ്ങള് കവരാന് ആരു ശ്രമിച്ചാലും അംഗീകരിക്കാനാകില്ല. അതേപോലെ ഫാസിസത്തിന്റെ തീച്ചൂളയില്നിന്ന് അതിജീവനത്തിന്റെ അദ്ഭുതസാക്ഷ്യമായ യഹൂദ ജനതയ്ക്കും ജീവിക്കാന് അവകാശമുണ്ട്.
ആഗോള-പ്രാദേശിക രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങള് നോക്കിയുള്ള രാജ്യങ്ങളുടെ നിലപാടുകളിലെ ചാഞ്ചാട്ടങ്ങള്പോലെതന്നെ അപകടകരമാണ് വോട്ടുബാങ്കു നോക്കിയുള്ള സര്ക്കാരുകളുടെയും രാഷ്ട്രീയ പാര്ട്ടികളുടെയും കാപട്യങ്ങള്. തീവ്രവാദത്തിനും ഭീകരതയ്ക്കും മതവും രാഷ്ട്രീയവും പാടില്ല. മതം നോക്കിയാകരുത് മനുഷ്യത്വം. നമുക്കു വേണ്ടതു സമാധാനവും സുരക്ഷയുമാണ്.
International
ഗാസ സിറ്റി: ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ്ക്രോസ് ഇസ്രായേൽ സൈന്യത്തിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമണ്. വടക്കൻ ഗാസയിൽ വച്ചാണ് ഇവരെ റെഡ് ക്രോസിന് കൈമാറിയത്.
"അവർ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. വൈദ്യ പരിശാധനയിൽ പൂർണ ആരോഗ്യവാൻമാരാണ്. സുഖമായിരിക്കുന്നതായും നടക്കുന്നതായും റിപ്പോർട്ടുണ്ട്'-അൽജസീറ റിപ്പോർട്ട് ചെയ്തു.
ബാക്കിയുള്ളവരെ വിട്ടയക്കാൻ ഗാസയിൽ തയാറെടുപ്പുകൾ പൂർത്തിയായി. തെക്കൻ ഗാസയിൽ പ്രാദേശിക സമയം രാവിലെ 10ഓടെഎല്ലാ തടവുകാരുടെയും മോചനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇസ്രേയിലിൽ ജയിലിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെയും ഇന്ന് മോചിപ്പിക്കും.
International
ഗാസ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ആദ്യഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഘട്ടംഘട്ടമായി 20 ഇസ്രേയേൽ ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇവരെ ഹെലികോപ്റ്റർ മാർഗം ഇസ്രയേലിൽ എത്തിക്കും.
അതേസമയം, ജയിലിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും.
International
കയ്റോ: ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ ഇന്ന് ഹമാസ് - ഇസ്രായേൽ ചർച്ച നടക്കും. ചർച്ചകൾക്കായി ട്രംപിന്റെ മരുമകൻ ജറേദ് കുഷ്നറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി.
ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. ട്രംപിന്റെ പദ്ധതി പ്രകാരം ബന്ദികളെ കൈമാറിയാൽ വെടിനിർത്തലിന് ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.
ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ആക്രമണം നിര്ത്താന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് ട്രംപിന്റെ നിര്ദേശം വകവെക്കാതെ ഗാസയില് ഇസ്രയേല് ആക്രമണം തുടരുകയാണ്.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയുമായി ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ഗാസയുടെ പലഭാഗങ്ങളിൽ ആക്രമണം നടത്തി.