പുതിയ ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. 'ഇന്‍സ്റ്റന്റ്സ്' എന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ പുത്തന്‍ ഫീച്ചറുടെ പേര്. സുഹൃത്തുക്കള്‍ തമ്മില്‍ വളരെ വേഗത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനുള്ള ഫീച്ചറാണിത്. സ്നാപ്ചാറ്റിലെ വ്യൂ വണ്‍സിന് സാമ്യതയുള്ള രീതിയിലാണ് ഈ ഫീച്ചര്‍ മെറ്റ വികസിപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് തമ്മിലോ മ്യൂച്ചല്‍ ഫോളോവേഴ്സ് തമ്മിലോ ഇന്‍സ്റ്റന്റ്സ് വഴി ഫോട്ടോ പങ്കുവെക്കാൻ കഴിയും. ഇന്സ്റ്റഗ്രാമിനുള്ളിലെ ഇന്‍സ്റ്റന്റ്സ് ഫീച്ചറിന് പുറമെ, പ്രത്യേക ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മെറ്റ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങും. പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പ് ഓപ്പണാക്കാതെ തന്നെ ക്യാമറ ഓപ്പണ്‍ ചെയ്ത് ഇന്‍സ്റ്റന്റ്സ് അയക്കാന്‍ ഈ ആപ്പ് വഴിയാകും. ഇന്‍സ്റ്റന്റ് ആപ്പ് വഴി അയക്കുന്ന വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ദൃശ്യമാകും.
ഡിസപ്പിയറിംഗ് ഫോട്ടോസ് ഫീച്ചര്‍ സുഹൃത്തുക്കളും മ്യൂച്വല്‍ ഫോളോവേഴ്സും തമ്മില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോഗിക്കാമെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി. ഫോട്ടോ ലഭിച്ചയാള്‍ ചിത്രം ഒരുവട്ടം കണ്ടുകഴിഞ്ഞാല്‍ അപ്രത്യക്ഷ്യമാവും. എന്നാല്‍ അയച്ചയാള്‍ക്ക് ഈ ചിത്രം ആര്‍ക്കൈവിലൂടെ ഒരുവര്‍ഷം വരെ കാണാനാകും. ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളോട് സുഹൃത്തുക്കള്‍ക്ക് റിയാക്ടോ റിപ്ലൈയോ നല്‍കാനുള്ള അവസരമുണ്ടാകും. ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജസില് ഈ പ്രതികരണങ്ങള്‍ തെളിയും.
ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്സ് വിഭാഗത്തിനുള്ളിൽ ഇന്‍സ്റ്റന്റ്സ് കാണാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരു ചെറിയ ഫോട്ടോ സ്റ്റാക്ക് ഐക്കണിൽ ടാപ്പ് ചെയ്ത് ക്യാമറ തുറക്കാനും തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായി ഫോട്ടോകൾ പങ്കിടാനും കഴിയും. സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളില്‍ ക്യാപ്ഷന്‍ ചേർക്കാൻ കഴിയും.
ക്യാമറയ്ക്ക് താഴെയുള്ള വെളുത്ത ബട്ടണില്‍ ടാപ്പ് ചെയ്ത് ഒന്നിലേറെ ചിത്രങ്ങള്‍ ഇത്തരത്തില്‍ അയക്കാം. ലഭിക്കുന്നയാള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഈ ഫീച്ചര്‍ പഴയപടിയാക്കാനുള്ള ( അൺഡു ) ഓപ്ഷനും കാണും. ഫോട്ടോ സേവ് ചെയ്യാനോ സ്ക്രീന്‍ഷോട്ട് എടുക്കാനോ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പാലിച്ചായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയെന്നും ചിത്രങ്ങള്‍ റിവ്യൂ ചെയ്യാനുള്ള ഓപ്ഷനുണ്ടാകുമെന്നും മെറ്റ വ്യക്തമാക്കി.