Tech
ന്യൂഡൽഹി:സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവർക്കായി ഇൻസ്റ്റാഗ്രാം പുതിയ സ്റ്റോറി ക്രിയേഷൻ ടൂളുകൾ പ്രഖ്യാപിച്ചു. റെയ് ബാൻ മെറ്റാ, ഓക്ലി മെറ്റ, മെറ്റ ഗ്ലാസുകൾ എന്നിവ വഴി ചിത്രീകരിക്കുന്ന ഫസ്റ്റ് പേഴ്സൺ വീഡിയോകൾ കൂടുതൽ ആകർഷകമാക്കാനാണ് ഈ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. സ്പിൻ വ്യൂ, മൾട്ടി-കാം എന്നിവയും പുതിയ എഡിറ്റിംഗ് ടൂളുകളും ഇതിൽ ഉൾപ്പെടുന്നു.
പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിലുള്ള ഒരു ദൃശ്യാനുഭവം നൽകുന്ന ഇന്ററാക്ടീവ് സ്റ്റോറി ഫോർമാറ്റാണിത്. ഉപയോക്താക്കൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ തിരിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുന്നതിലൂടെ, ക്രിയേറ്റർ ഗ്ലാസിലൂടെ കണ്ട ചുറ്റുപാടുകൾ പൂർണമായി കാണാൻ സാധിക്കും.
മെറ്റ സ്മാർട്ട് ഗ്ലാസുകളിലും സ്മാർട്ട്ഫോണിലും ഒരേസമയം റിക്കാർഡ് ചെയ്യുന്ന ദൃശ്യങ്ങളെ ഒരുമിച്ച് ഒറ്റ സ്റ്റോറിയായി ഇതിലൂടെ പങ്കുവെക്കാം. രണ്ട് വ്യത്യസ്ത കോണുകളിലുള്ള ദൃശ്യങ്ങൾ ഒരേസമയം കാണിക്കാൻ ഇത് സഹായിക്കും.
വൈഡ് ആംഗിൾ ദൃശ്യങ്ങൾ റീഫ്രെയിം ചെയ്യാനുള്ള എക്സ്പാൻഡ് ടൂൾ, പശ്ചാത്തല ശബ്ദങ്ങൾ കുറച്ച് ശബ്ദ വ്യക്തത കൂട്ടാനുള്ള ഓഡിയോ ടൂൾ, വീഡിയോയുടെ വേഗത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന സ്പീഡ് ടൂൾ എന്നിവയും ഇതിലുണ്ട്.
ഇൻസ്റ്റാഗ്രാം ആപ്പിലെ സ്റ്റോറി എഡിറ്ററിലൂടെ നേരിട്ട് ഈ ഫീച്ചറുകൾ ഉപയോഗിക്കാം. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങൾക്ക് മുകളിൽ ഒരു ഗ്ലാസ് ഐക്കൺ കാണാം. ഇതിൽ ടാപ്പ് ചെയ്താൽ ഈ പുതിയ ടൂളുകളെല്ലാം ലഭ്യമാകും. തങ്ങളുടെ വെയറബിൾ ഉപകരണങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ പുതിയ നീക്കം.
International
സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം സമകാലികലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും അതിരുകടന്ന സോഷ്യൽ മീഡിയ ഉപയോഗം ആഗോളതലത്തിൽ വലിയ ആശങ്കകളാണു സൃഷ്ടിക്കുന്നത്. കാര്യങ്ങൾ അതിർവരന്പിൽ നിൽക്കുന്പോൾ ഡിജിറ്റൽ ലോകത്ത് വിപ്ലവകരമായ നിയന്ത്രണങ്ങളുമായി രംഗത്തുവരികയാണു ലോകരാജ്യങ്ങൾ. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി വിവിധ രാജ്യങ്ങൾ കർശന നിയമങ്ങൾ നടപ്പാക്കുകയാണ്.
മാതൃകയായി ഓസ്ട്രേലിയ
പതിനാറ് വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിച്ചുകൊണ്ട് ലോകത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് ഓസ്ട്രേലിയയാണ്. കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെ പ്രാബല്യത്തിൽ വന്ന നിയമം നടപ്പാക്കാൻ കമ്പനികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ട് ഭരണകൂടം. പ്രായം കൃത്യമായി പരിശോധിക്കാനും ഉറപ്പാക്കാനും കഴിഞ്ഞില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഭീമമായ തുക പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത തിരിച്ചറിയൽ രേഖകൾ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രായം പരിശോധിക്കുന്നത്. നിയമം നടപ്പിലാക്കിയതോടെ കുട്ടികൾ കായിക വിനോദങ്ങളിലേക്കും വായനയിലേക്കും തിരിഞ്ഞതായാണ് പ്രാദേശിക ഭരണകൂടങ്ങളുടെ വിലയിരുത്തൽ.
ഓസ്ട്രേലിയയ്ക്കു പിന്നാലെ പതിനാറ് വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിനും പദ്ധതിയിടുന്നു. നിയമലംഘനം നടത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മേധാവികളെ നേരിട്ട് ഉത്തരവാദികളാക്കാനും, അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും സ്പെയിൻ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നുത്.
കർശന നിയമങ്ങളുമായി ഫ്രാൻസ്, നോർവേ
ഫ്രാൻസിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നാഷണൽ അസംബ്ലി പാസാക്കിയെങ്കിലും ഉപരിസഭയായ സെനറ്റ് ഇതിൽ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. എല്ലാ പ്ലാറ്റ്ഫോമുകളും നിരോധിക്കുന്നതിനു പകരം ഏറ്റവും ഹാനികരമായവമാത്രം നിരോധിക്കണമെന്നാണ് സെനറ്റിന്റെ നിലപാട്. വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നോർവേയിൽ പതിനാറു വയസു തികയുന്ന വർഷം മുതൽ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന തരത്തിലുള്ള കർശന നിയമനിർമാണത്തിന് പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റൊറെ തുടക്കമിട്ടിട്ടുണ്ട്.
ഡിജിറ്റൽ കർഫ്യൂവിലേക്ക് ഗ്രീസും ബ്രിട്ടനും
2027 ജനുവരി മുതൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയവ നിരോധിക്കാനുള്ള നീക്കത്തിലാണ് ഗ്രീസ്. പ്രായം പരിശോധിക്കുന്നതിനായി "കിഡ്സ് വാലറ്റ് ആപ്പ്' എന്ന പേരിൽ ഒരു പ്രത്യേക ആപ്ലിക്കേഷനും പുറത്തിറക്കാനാണ് സർക്കാർ നീക്കം.
ബ്രിട്ടനിൽ പതിനാറ് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കുന്ന പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെയും വിദഗ്ധരുടെയും വലിയ പിന്തുണ ഈ തീരുമാനത്തിനുണ്ട്. ഗെയിമിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ മുതിർന്നവരുമായി ചാറ്റ് ചെയ്യുന്നത് തടയാനും രാത്രികാലങ്ങളിൽ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഒരു 'ഡിജിറ്റൽ കർഫ്യൂ' ഏർപ്പെടുത്താനും ബ്രിട്ടൻ ആലോചിക്കുന്നുണ്ട്. കൂടാതെ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്ബോട്ടുകൾക്ക് പതിനെട്ട് വയസ് പ്രായപരിധി നിശ്ചയിക്കാനും നീക്കമുണ്ട്.
യൂറോപ്യൻ യൂണിയൻ കുട്ടികളുടെ സംരക്ഷണത്തിനായി "ഡിജിറ്റൽ സർവീസസ് ആക്ട്' പ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങളും പിഴകളും ചുമത്തുന്നുണ്ട്.
തുർക്കി, യുഎഇ
തുർക്കി പാർലമെന്റ് കഴിഞ്ഞ ഏപ്രിലിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഇ-ഗവൺമെന്റ് സംവിധാനത്തിലൂടെ പ്രായം പരിശോധിക്കാനും മാതാപിതാക്കളുടെ നിയന്ത്രണം ഉറപ്പാക്കാനും നിർദേശമുണ്ട്. രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് കനത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. രാഷ്ട്രീയ കാരണങ്ങളാൽ എക്സ് (ട്വിറ്റർ) പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് തുർക്കി മുൻപും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇ പതിനാല് വയസിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച്, പതിനാറ് വയസുള്ളവർക്ക് മാതാപിതാക്കളുടെ കർശനമായ മേൽനോട്ടത്തിലും ഐഡി കാർഡുകൾ വഴി പ്രായം പരിശോധിച്ച ശേഷവും മാത്രമാണ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുക.
മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും പ്രായം അടിസ്ഥാനമാക്കിയുള്ള ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്. വരും നാളുകളിൽ ലോകമെമ്പാടുമുള്ള കൗമാരക്കാരുടെ ഡിജിറ്റൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായിരിക്കും ഈ നിയമനിർമാണങ്ങൾ.
അതേസമയം ഇന്ത്യ..?
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ഡിജിറ്റൽ ഭീഷണികളും ഒഴിവാക്കാൻ ഇന്ത്യയിലും ചർച്ചകൾ നടക്കുന്നുണ്ട്. വിവിധ ലോകരാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ഇന്ത്യയും നീക്കം തുടങ്ങിയത്. വൈകാതെ ഇന്ത്യയിലും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
Kerala
കോഴിക്കോട്: ചേവായൂരില്നിന്നു പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ തടവിലാക്കിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചതായുള്ള കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൈല്‍, വസീം, ആത്മജു എന്നിവര്‍ക്കെതിരേ പോലീസ് കേസടുത്തു.
രണ്ടു സംഘങ്ങൾ
ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളി. മൊത്തം ഏഴുപേരാണ് കേസിലെ പ്രതികള്‍. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നു ചേവായൂര്‍ എസ്എച്ചഒ പറഞ്ഞു. സുഹൈല്‍ കണ്ണൂര്‍ സ്വദേശിയും മറ്റു രണ്ടുപേര്‍ കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് സ്വദേശികളാണ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങള്‍ക്കു പരസ്പരം ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 15നു രാത്രി 10.30ന് കാറില്‍ എത്തിയ രണ്ടു പേര് വീടിനു മുന്നില്‍ വച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ചേവായൂര്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.
ഞെട്ടിക്കുന്ന സംഭവങ്ങൾ
ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട ഒരു യുവാവാണ് സുഹൃത്തിന്റെ സഹായത്തോടെ രാത്രിയില്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുവിനു ലഭിച്ച ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ സംഘം നെടുമ്പാശേരിയില്‍ എത്തിച്ചതായി വിവരം ലഭിച്ചു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പോക്സോ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ തിരികെ നാട്ടിലേക്കു പോകാന്‍ അനുവദിച്ചു.
മറ്റൊരു സംഘം
പെണ്‍കുട്ടി തിരിച്ചു വരുന്നതിനിടെ കണ്ണൂര്‍ സ്വദേശികളായ മറ്റൊരു സംഘത്തിന്റെ കെണിയില്‍ വീണു. വീട്ടില്‍ എത്തിക്കാമെന്നു പറഞ്ഞ് ഇവര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിലാക്കുകയായിരുന്നു. രണ്ടു സംഘങ്ങളും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. പെണ്‍കുട്ടി നാട്ടിലേക്കു തിരിച്ച വിവരമറിഞ്ഞു പോലീസ് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
36 ദിവസത്തിനു ശേഷം കണ്ണൂരിലെ കൊളവല്ലൂര്‍ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ പോലീസ് കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കി. ഇവരെ കെയര്‍ഹോമിലേക്കു മാറ്റി.
മറ്റൊരു യുവതിയും
രഹസ്യകേന്ദ്രത്തില്‍ മറ്റൊരു യുവതികൂടി ഉണ്ടായിരുന്നതായും അര്‍ധരാത്രിയിലും മറ്റും യുവതിയുവാക്കള്‍ ഇവിടെ വന്നു വന്നുപോകുന്നതായും നാട്ടുകാര്‍ പറഞ്ഞു. കണ്ണൂര്‍ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ചെറ്റക്കണ്ടിയിലാണ് കുട്ടിയെ തടവിലാക്കിയിരുന്നത്. കൊളവല്ലൂര്‍ സ്വദേശി പറമ്പത്ത് അജിതന് എന്ന വ്യക്തി രണ്ടു മാസം മുന്‍പ് വാടകയ്ക്കു കൊടുത്ത വീട്ടിലാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്നു താമസിപ്പിച്ചത്.
കഴിഞ്ഞ ദിവസം കാറില്‍ എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു വച്ചു ചോദ്യം ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു മയക്കുമരുന്നു തൂക്കുന്ന ത്രാസ് കണ്ടെടുത്തിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
Movies
വിജയ്യുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവച്ചത് എഐ ചിത്രമാണെന്ന ആരോപണവുമായി ഗായിക സുചിത്ര. ഇത് യഥാർഥ ചിത്രം അല്ലെന്നും എഐ നിർമിതമാണെന്നുമാണ് സുചിത്രയുടെ വാദം.
'അക്ക പങ്കുവച്ചത് എഐ ജനറേറ്റഡ് ചിത്രമോ? ഞാന്‍ വലിയ എഐ എക്സ്പേര്‍ട്ട് ഒന്നുമല്ല, എന്റെ അക്കൗണ്ടില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. വിജയ്യുടെ ഷര്‍ട്ടിന്റെ ഫാബ്രികോ കോളറോ സ്വഭാവികമായി തോന്നുന്നില്ല.
നിങ്ങള്‍ സൂം ചെയ്ത് നോക്കിയാല്‍ മനസിലാവും എല്ലാം 2ഡി ആയാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഏത് ചിത്രം വേണമെങ്കിലും എടുത്തുനോക്കിക്കോളൂ, തോളില്‍ എങ്ങനെയാണ് ഷര്‍ട്ട് കിടക്കുന്നതെന്ന്. അത് ഒരു യഥാര്‍ഥ ഷര്‍ട്ടല്ല.
വിജയ്യുടെ അസംബ്ലിയിലെ മുഖമാണ് എടുത്തിരിക്കുന്നത്. എല്ലായിടുത്തുമുണ്ട്, ആ മുഖമെടുക്കാന്‍ എളുപ്പമാണ്. ഇങ്ങനെയാണ് എഐ ചിത്രം ജനറേറ്റ് ചെയ്തുകൊടുക്കുന്നത്.
ബെര്‍ത്ത്ഡേ കേക്കിനൊപ്പം മൂന്ന് ടിറാമിസൂ. അതും അത്രയും വലിയ മൂന്ന് ടിറാമിസൂ. കേക്കിന് മുകളില്‍ പൂക്കള്‍. ഇത്രയും വലിയ പൂക്കള്‍ കൊണ്ട് ആരാണ് കേക്ക് ഉണ്ടാക്കുന്നത്. ഷര്‍ട്ടിന്റെ ഫാബ്രിക്കും മേശയും ബ്ലെന്‍ഡായി പോയിട്ടുണ്ട്. ഇതാണോ കാതല്‍. അയ്യയ്യോ ഭയമാവുന്നു,' പങ്കുവച്ച വീഡിയോയില്‍ സുചിത്ര പറഞ്ഞു.
എന്നാൽ അത് യഥാർഥ ചിത്രം തന്നെയാണ് എന്നാണ് ആരാധകർ കുറിക്കുന്നത്. തൃഷയ്ക്ക് ഇതൊന്നും കാണിച്ച് കള്ളം പറയേണ്ടതില്ലെന്നാണ് അവർ പറയുന്നത്.
വിജയ്യുടെ പിറന്നാൾ ദിനത്തിൽ അല്പം വൈകിയാണ് തൃഷയുടെ പോസ്റ്റ് എത്തിയത്. എന്റെ ജീവിതം അർഥപൂർണമാക്കുന്ന പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകൾ എന്നായിരുന്നു തൃഷയുടെ പോസ്റ്റ്.
Movies
കഴിഞ്ഞ മൂന്നു വർഷങ്ങളായി പതിവായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ബർത്ത് ഡേ പോസ്റ്റ് വൈകുന്നു, ഇൻസ്റ്റഗ്രാമിൽ വിജയ്യെ അൺഫോളോ ചെയ്യുന്നു...ഇതോടെ ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളടക്കമുള്ളയിടങ്ങളിൽ വിജയ്-തൃഷ ബന്ധം മുറിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങി. എന്നാൽ വൈകുന്നേരം ഏഴരയോടെ തൃഷയുടെ ആ ഇൻസ്റ്റഗ്രാം പോസ്റ്റെത്തി.
വിജയ്യും തൃഷയും മാത്രമുള്ളൊരു ചിത്രത്തിനൊപ്പമായിരുന്നു ആശംസകൾ. മേശപ്പുറത്ത് വലിയ പിങ്ക്-വൈറ്റ് തീം കേക്കും, അതിനടുത്ത് മറ്റൊരു കേക്കും മൂന്ന് ചെറിയ ഡെസേർട്ടുകളും ഉണ്ട്. മെഴുകുതിരി വെളിച്ചത്തിൽ കേക്കിലേക്ക് നോക്കി ചിരിക്കുന്ന വിജയ്യെയും, അദ്ദേഹത്തെ സ്നേഹത്തോടെ നോക്കുന്ന തൃഷയെയും കാണാം.
‘‘എല്ലാറ്റിനെയും അർഥവത്താക്കുന്ന ആ വ്യക്തിക്ക്, ജന്മദിനാശംസകൾ'' എന്നാണ് തൃഷ കുറിച്ചത്.
ഇതിനുപുറമെ ഏഞ്ചൽ നമ്പർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 00:00 എന്ന സംഖ്യയും തൃഷ ക്യാപ്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇത് വിജയ്യുടെ പുതിയ ചിത്രമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുമ്പുള്ള ഏതെങ്കിലും പിറന്നാൾ ആഘോഷത്തിൽ നിന്നെടുത്ത ചിത്രമായിരിക്കും ഇതെന്ന സംശയങ്ങളും ഉയരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും തൃഷ വിജയ്യുടെ അക്കൗണ്ട് അൺഫോളോ ചെയ്തിരിക്കുകയാണ്.
വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി കൊടുത്തതിന് പിന്നാലെയാണ് വിജയും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഇത്.
പിന്നീട് പല പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. നിർമാതാവായ കല്‍പ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനും തൃഷ എത്തിയിരുന്നു.
അന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവുമായിരുന്നു തൃഷ. അജിത്തിന്റെ അമ്മ മരിച്ചപ്പോള്‍ അനുശോചിക്കാൻ വിജയ് എത്തിയപ്പോഴും ഒപ്പം തൃഷയുണ്ടായിരുന്നു.
National
ബംഗളൂരു: മല്ലേശ്വരത്ത് വാക്കുതർക്കത്തിനിടെ പെൺസുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്. ലിവ് ഇൻ പങ്കാളിയായ അനുഷ (20)യെ ശരത്ത് (27) ആണ് കൊലപ്പെടുത്തിയത്. ഇരുവരും ഹാസൻ ജില്ലയിലെ സക്ലേഷ്പുർ സ്വദേശികളാണ്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നതിനിടെയാണ് കൊലപാതകം നടന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഷയും ശരത്തും പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സൗഹൃദം പ്രണയത്തിലേക്കെത്തിയതോടെ മല്ലേശ്വരത്ത് വീട് വാടകയ്ക്കെടുത്തു. കഴിഞ്ഞ ആറുമാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ശരത് അഭിഭാഷകനെ കണ്ട് കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Tech
മെറ്റ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികൾ അവതരിപ്പിച്ചു. പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കാതെ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് വരുമാനം നേടാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളറും വാട്സ്ആപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ അന്താരാഷ്ട്ര നിരക്ക്. ഇന്ത്യയിലെ ഔദ്യോഗിക നിരക്കുകൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് സാധാരണ അക്കൗണ്ടുകളിൽ ലഭിക്കാത്ത നിരവധി പ്രത്യേക സൗകര്യങ്ങൾ ലഭിക്കും. സ്റ്റോറി വീണ്ടും കണ്ടവരുടെ എണ്ണം അറിയുക, കൂടുതൽ ആളുകൾക്കായി സ്റ്റോറി പ്രദർശിപ്പിക്കുക തുടങ്ങിയ ഫീച്ചറുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ പ്രത്യേക ഫോണ്ടുകൾ, ആനിമേറ്റഡ് 'സൂപ്പർ ഹാർട്ട്' റിയാക്ഷനുകൾ, കസ്റ്റമൈസ്ഡ് ആപ്പ് ഐക്കണുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
ഫേസ്ബുക്ക് പ്ലസിലും സമാനമായ വ്യക്തിഗത ക്രമീകരണങ്ങളും പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വാട്സ്ആപ്പ് പ്ലസ് പ്രധാനമായും മെസേജിംഗ് അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ തീമുകൾ, പ്രത്യേക റിങ്ടോണുകൾ, പ്രീമിയം സ്റ്റിക്കറുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
മെറ്റാ വൺ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സബ്സ്ക്രിപ്ഷൻ പദ്ധതികളും മെറ്റ അവതരിപ്പിച്ചു. ഇമേജ് നിർമ്മാണം, വീഡിയോ ക്രിയേഷൻ, ഉയർന്ന തലത്തിലുള്ള എഐ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പ്രത്യേക പ്ലാനുകൾ നൽകും. ഉയർന്ന ഉപയോഗ പരിധിയുള്ള പ്രീമിയം പതിപ്പുകൾക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി പുതിയ പ്രൊഫഷണൽ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.
Movies
സൂര്യ നായകനായെത്തിയ കറുപ്പ് തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുമ്പോൾ ചിത്രത്തിലെ ലൊക്കേഷനിൽ നിന്ന് തൃഷ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു.
ചിത്രങ്ങളേക്കാൾ ഇതിനൊപ്പം തൃഷ കുറിച്ച വരികളാണ് ഏറെ ശ്രദ്ധേയം. ഈ വരികൾക്ക് ഒരു വിജയ് ബന്ധമുണ്ടെന്ന് പറയുകയാണ് ആരാധകർ.
‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നുകൂടി, എല്ലാം ദൈവഹിതം’, എന്നാണ് കറുപ്പിന്റെ അണിയറ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ തൃഷ നൽകിയ കുറിപ്പ്.
ഇതിൽ സൂചിപ്പിക്കുന്ന ആദ്യത്തെ വിജയം വിജയ് മുഖ്യമന്ത്രിയായി എത്തിയതാണെന്നാണ് ആരാധകർ പറയുന്നത്. നടിമാരായ അമലാ പോൾ, ചാർമി കൗർ എന്നിവരുൾപ്പെടെ നിരവധിപേർ തൃഷയുടെ പോസ്റ്റിന് പ്രതികരണവുമായെത്തി.
Business
ന്യൂയോർക്ക്: പുതിയ ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ‘ഇന്‍സ്റ്റന്റ്സ്’ എന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ പുത്തന്‍ ഫീച്ചറിന്റെ പേര്. സുഹൃത്തുക്കള്‍ തമ്മില്‍ വളരെ വേഗത്തില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാനുള്ള ഫീച്ചറാണിത്. സ്നാപ്ചാറ്റിലെ വ്യൂ വണ്‍സിന് സാമ്യതയുള്ള രീതിയിലാണ് ഈ ഫീച്ചര്‍ മെറ്റ വികസിപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് തമ്മിലോ മ്യൂച്ചല്‍ ഫോളോവേഴ്സ് തമ്മിലോ ഇന്‍സ്റ്റന്റ്സ് വഴി ഫോട്ടോ പങ്കുവയ്ക്കാൻ കഴിയും. ഇന്സ്റ്റഗ്രാമിനുള്ളിലെ ഇന്‍സ്റ്റന്റ്സ് ഫീച്ചറിനു പുറമെ, പ്രത്യേക ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മെറ്റ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങും.
പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പ് ഓപ്പണാക്കാതെ തന്നെ കാമറ ഓപ്പണ്‍ ചെയ്ത് ഇന്‍സ്റ്റന്റ്സ് അയയ്ക്കാന്‍ ഈ ആപ്പ് വഴിയാകും. ഇന്‍സ്റ്റന്റ് ആപ്പ് വഴി അയയ്ക്കുന്ന വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ദൃശ്യമാകും.
ഡിസപ്പിയറിംഗ് ഫോട്ടോസ് ഫീച്ചര്‍ സുഹൃത്തുക്കളും മ്യൂച്വല്‍ ഫോളോവേഴ്സും തമ്മില്‍ ചിത്രങ്ങള്‍ അയയ്ക്കുമ്പോള്‍ ഉപയോഗിക്കാമെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി. ഫോട്ടോ ലഭിച്ചയാള്‍ ചിത്രം ഒരുവട്ടം കണ്ടുകഴിഞ്ഞാല്‍ അപ്രത്യക്ഷമാവും. എന്നാല്‍ അയച്ചയാള്‍ക്ക് ഈ ചിത്രം ആര്‍ക്കൈവിലൂടെ ഒരുവര്‍ഷം വരെ കാണാനാകും. ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളോട് സുഹൃത്തുക്കള്‍ക്ക് റിയാക്ടോ റിപ്ലൈയോ നല്‍കാനുള്ള അവസരമുണ്ടാകും.
ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജസില് ഈ പ്രതികരണങ്ങള്‍ തെളിയും.
ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്സ് വിഭാഗത്തിനുള്ളിൽ ഇന്‍സ്റ്റന്റ്സ് കാണാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരു ചെറിയ ഫോട്ടോ സ്റ്റാക്ക് ഐക്കണിൽ ടാപ്പ് ചെയ്ത് കാമറ തുറക്കാനും തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായി ഫോട്ടോകൾ പങ്കിടാനും കഴിയും. സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളില്‍ കാപ്ഷന്‍ ചേർക്കാൻ കഴിയും.
കാമറയ്ക്ക് താഴെയുള്ള വെളുത്ത ബട്ടണില്‍ ടാപ്പ് ചെയ്ത് ഒന്നിലേറെ ചിത്രങ്ങള്‍ ഇത്തരത്തില്‍ അയക്കാം. ലഭിക്കുന്നയാള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഈ ഫീച്ചര്‍ പഴയപടിയാക്കാനുള്ള ( അൺഡു ) ഓപ്ഷനും കാണും. ഫോട്ടോ സേവ് ചെയ്യാനോ സ്ക്രീന്‍ഷോട്ട് എടുക്കാനോ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പാലിച്ചായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയെന്നും ചിത്രങ്ങള്‍ റിവ്യൂ ചെയ്യാനുള്ള ഓപ്ഷനുണ്ടാകുമെന്നും മെറ്റ വ്യക്തമാക്കി.
Tech
പുതിയ ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. 'ഇന്‍സ്റ്റന്റ്സ്' എന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ പുത്തന്‍ ഫീച്ചറുടെ പേര്. സുഹൃത്തുക്കള്‍ തമ്മില്‍ വളരെ വേഗത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനുള്ള ഫീച്ചറാണിത്. സ്നാപ്ചാറ്റിലെ വ്യൂ വണ്‍സിന് സാമ്യതയുള്ള രീതിയിലാണ് ഈ ഫീച്ചര്‍ മെറ്റ വികസിപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് തമ്മിലോ മ്യൂച്ചല്‍ ഫോളോവേഴ്സ് തമ്മിലോ ഇന്‍സ്റ്റന്റ്സ് വഴി ഫോട്ടോ പങ്കുവെക്കാൻ കഴിയും. ഇന്സ്റ്റഗ്രാമിനുള്ളിലെ ഇന്‍സ്റ്റന്റ്സ് ഫീച്ചറിന് പുറമെ, പ്രത്യേക ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മെറ്റ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങും. പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പ് ഓപ്പണാക്കാതെ തന്നെ ക്യാമറ ഓപ്പണ്‍ ചെയ്ത് ഇന്‍സ്റ്റന്റ്സ് അയക്കാന്‍ ഈ ആപ്പ് വഴിയാകും. ഇന്‍സ്റ്റന്റ് ആപ്പ് വഴി അയക്കുന്ന വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ദൃശ്യമാകും.
ഡിസപ്പിയറിംഗ് ഫോട്ടോസ് ഫീച്ചര്‍ സുഹൃത്തുക്കളും മ്യൂച്വല്‍ ഫോളോവേഴ്സും തമ്മില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോഗിക്കാമെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി. ഫോട്ടോ ലഭിച്ചയാള്‍ ചിത്രം ഒരുവട്ടം കണ്ടുകഴിഞ്ഞാല്‍ അപ്രത്യക്ഷ്യമാവും. എന്നാല്‍ അയച്ചയാള്‍ക്ക് ഈ ചിത്രം ആര്‍ക്കൈവിലൂടെ ഒരുവര്‍ഷം വരെ കാണാനാകും. ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളോട് സുഹൃത്തുക്കള്‍ക്ക് റിയാക്ടോ റിപ്ലൈയോ നല്‍കാനുള്ള അവസരമുണ്ടാകും. ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജസില് ഈ പ്രതികരണങ്ങള്‍ തെളിയും.
ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്സ് വിഭാഗത്തിനുള്ളിൽ ഇന്‍സ്റ്റന്റ്സ് കാണാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരു ചെറിയ ഫോട്ടോ സ്റ്റാക്ക് ഐക്കണിൽ ടാപ്പ് ചെയ്ത് ക്യാമറ തുറക്കാനും തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായി ഫോട്ടോകൾ പങ്കിടാനും കഴിയും. സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളില്‍ ക്യാപ്ഷന്‍ ചേർക്കാൻ കഴിയും.
ക്യാമറയ്ക്ക് താഴെയുള്ള വെളുത്ത ബട്ടണില്‍ ടാപ്പ് ചെയ്ത് ഒന്നിലേറെ ചിത്രങ്ങള്‍ ഇത്തരത്തില്‍ അയക്കാം. ലഭിക്കുന്നയാള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഈ ഫീച്ചര്‍ പഴയപടിയാക്കാനുള്ള ( അൺഡു ) ഓപ്ഷനും കാണും. ഫോട്ടോ സേവ് ചെയ്യാനോ സ്ക്രീന്‍ഷോട്ട് എടുക്കാനോ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പാലിച്ചായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയെന്നും ചിത്രങ്ങള്‍ റിവ്യൂ ചെയ്യാനുള്ള ഓപ്ഷനുണ്ടാകുമെന്നും മെറ്റ വ്യക്തമാക്കി.
Tech
ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ സ്വകാര്യ ചാറ്റുകൾ നടത്തുന്നവർക്ക് പൂട്ട് വീണു. നിങ്ങളെ ഞെട്ടിക്കുന്ന ഒരു മാറ്റമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ന് മുതൽ, ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം അവസാനിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.ഇതേതുടർന്ന് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും പലഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
ഇൻസ്റ്റാഗ്രാം ഡിഎമ്മുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്തിരുന്നു, ഉപയോക്താക്കൾക്ക് ഇത് സ്വമേധയാ ഉൾപെടുത്താൻ കഴിയും. ഈ സവിശേഷത ഉപയോഗിക്കുമ്പോൾ , ചാറ്റുകൾ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കും, അയച്ചയാൾക്കും സ്വീകർത്താവിനും മാത്രമേ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ. കമ്പനിക്ക് പോലും ഉള്ളടക്കം കാണാൻ കഴിയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇപ്പോൾ അവസാനിച്ചതോടെ കമ്പനിക്ക് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ കാണാനും വായിക്കാനും കഴിയും. ഇൻസ്റ്റാഗ്രാമിന്റെ എൻക്രിപ്ഷനിൽ ആളുകൾക്ക് ഇനി താത്പര്യമില്ലെന്നും അത് ഉപയോഗിക്കുന്നത് കുറവാണെന്നും കമ്പനി വാദിച്ചു. തങ്ങളുടെ എഐ പരിശീലിപ്പിക്കുന്നതിനാണ് കമ്പനി ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നീക്കം ചെയ്യുന്നതോടെ, ഉപയോക്താക്കളുടെ ചാറ്റുകൾ വായിക്കാനും അവ ഉപയോഗിച്ച് എഐ പരിശീലിപ്പിക്കാനും കമ്പനിക്ക് എളുപ്പമാകും. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മുമ്പ് ഉപയോക്താക്കളുടെ ചാറ്റുകൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് കമ്പനിയെ തടഞ്ഞിരുന്നു.
ആളുകൾ സോഷ്യൽ മീഡിയയിൽ വെറുതെ സംസാരിക്കുക മാത്രമല്ല, വ്യക്തിപരമായ സംഭാഷണങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, പ്രധാനപ്പെട്ട വിവരങ്ങൾ എന്നിവ പങ്കിടുകയും ചെയ്യുന്നു. അതിനാൽ, എൻക്രിപ്ഷൻ നീക്കം ചെയ്യുന്നത് സ്വകാര്യതയെ നേരിട്ട് ബാധിച്ചേക്കാം. ഇൻസ്റ്റാഗ്രാമിൽ, ഈ സവിശേഷത മുമ്പ് ഓപ്ഷണലായിരുന്നു, ഇപ്പോൾ നീക്കംചെയ്തിരിക്കുന്നു.
Movies
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയാ താരവുമായ ഹൻസികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയങ്ങളിലൊന്ന്. ഹൻസികയുടെ ഒരു വീഡിയോ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതാണ് ഇതിന് കാരണം. താരപുത്രി ഇതുവരെ എവിടെയും പങ്കുവയ്ക്കാത്തൊരു വീഡിയോ എങ്ങനെ ലീക്കായി എന്നാണ് ചോദ്യങ്ങൾ.
ബോൾഡ് ലുക്കിലാണ് വീഡിയോയിൽ ഹൻസിക പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനു വേണ്ടി പങ്കുവച്ച വീഡിയോയാണിതെന്നാണ് ഒരു കൂട്ടർ പറയുന്നത്.
സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടി ഇവർ തന്നെ മനഃപൂർവം വീഡിയോ പുറത്തുവിട്ടതാണെന്നും ആരോപണം ഉയരുന്നുണ്ട്. നേരത്തെ 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ ഫീസ് ഇപ്പോൾ 390 രൂപയായി ഹൻസിക വർധിപ്പിച്ചെന്നും വീഡിയോ വന്നതോടെ ഫോളോവേഴ്സ് ഇരട്ടിയായെന്നും വിമർശനമുണ്ട്. അതായത് ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മാത്രം ലഭിക്കുന്നത് 702000 രൂപയാണ്.
ഇൻസ്റ്റാഗ്രാമിൽ സബ്സ്ക്രിപ്ഷനുള്ള ഹൻസിക ഒരു മാസത്തേക്ക് ഈടാക്കുന്നത് 390 രൂപയാണ്. ഇതിനകം 1800 സബ്സ്ക്രൈബേഴ്സ് ആണ് ഹൻസികയ്ക്ക് ലഭിച്ചത്. വീഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം സബ്സ്ക്രൈബേഴ്സ് വർധിച്ചുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
എന്നാൽ ലീക്ക് ആയ വിഡിയോ എഐ, ഡീപ്പ് ഫേക്ക് ആണെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്തായാലും ഈ വിഷയത്തിൽ പ്രതികരണവുമായി ഹൻസിക ഇതുവരെ എത്തിയിട്ടില്ല.
അതേസമയം ബാച്ച്ലർ പാര്‍ട്ടി 2 എന്ന സിനിമയിലൂടെ നസ്ലിന്റെ നായികയായി സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം.
Business
ന്യൂഡൽഹി: കുട്ടി ഉപഭോക്താക്കളുടെ ഓണ്‍ലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് മെറ്റ.
"ടീൻ അക്കൗണ്ട്സ്’ എന്നപേരിൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരം വഴി 18 വയസിനു താഴെയുള്ളവർക്ക് ഇനിമുതൽ കൂടുതൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ തനിയെ ലഭ്യമാകും.
ഇത്തരത്തിൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ അനുവാദമില്ലാതെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല.
സിനിമകൾക്കു പ്രായപരിധി നിശ്ചയിക്കുന്ന മാതൃകയിലാണ് ഇൻസ്റ്റഗ്രാം ഈ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
അപകടകരമായ അഭ്യാസപ്രകടനങ്ങൾ, മോശം ഭാഷാപ്രയോഗങ്ങൾ, അശ്ലീല ഉള്ളടക്കം തുടങ്ങിയവ കൗമാരക്കാരുടെ അക്കൗണ്ടിൽ സ്വയം വരുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും. പ്രായത്തിന് അനുയോജ്യമല്ലാത്ത വിവരങ്ങൾ സ്വയം കണ്ടെത്തി നിയന്ത്രിക്കാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാമിൽ ലഭ്യമാകും.
കൂടാതെ, അനുചിതമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകളെ പിന്തുടരുന്നതിൽനിന്നും കൗമാരക്കാരെ ഇൻസ്റ്റഗ്രാം തടയും. പോസ്റ്റുകൾക്കു താഴെയുള്ള കമന്റുകൾ കാണുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും പരിധി നിശ്ചയിക്കുന്ന "ലിമിറ്റഡ് കണ്ടന്റ്’ മോഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈൻ ലോകത്ത് കുട്ടികളുടെ പ്രവർത്തനങ്ങളിൽ മാതാപിതാക്കൾക്ക് കൂടുതൽ മേൽനോട്ടം നൽകുകയെന്ന ലക്ഷ്യത്തോടെയാണു മെറ്റ ഈ സുരക്ഷാ ക്രമീകരണങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്കു പ്രായപരിധി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടെയാണു മെറ്റയുടെ നീക്കം.
Tech
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റ് മാറിപോയോ, അല്ലെങ്കിൽ പോസ്റ്റ് ചെയ്യതതിനുശേഷം തെറ്റുകൾ കണ്ടെത്തിയോ, എന്നാൽ ഇനി മുതൽ ടെൻഷൻ വേണ്ട, നിങ്ങൾക്കുള്ള പരിഹാരവുമായി ദേ ഇന്‍സ്റ്റഗ്രാം എത്തി. മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം, കമന്റുകൾ പോസ്റ്റ് ചെയ്ത 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു.
ഇത്രയും കാലം പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും കമന്റുകൾക്ക് അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇനി മുതൽ ഒരു കമന്റ് പോസ്റ്റ് ചെയ്തശേഷം, പുതുതായി ചേർത്ത എഡിറ്റ് ഓപ്ഷനിൽ ടാപ് ചെയ്തശേഷം ഉപയോക്താക്കൾക്ക് തിരുത്താനും മാറ്റങ്ങൾ വരുത്താനും സാധിക്കും.
എഡിറ്റ് ചെയ്ത കമന്റുകൾക്ക് താഴെ മാറ്റങ്ങൾ വരുത്തിയെന്ന് സൂചിപ്പിക്കുന്ന ചെറിയ ഗ്രേ നിറത്തിലുള്ള എഡിറ്റഡ് ലേബൽ ദൃശ്യമാകും. എന്നാൽ എഡിറ്റ് ചെയ്തതിനുശേഷം കമന്റിന്റെ പഴയ രൂപം കാണാൻ സാധിക്കില്ല. ഉപയോക്താക്കൾക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും കമന്റ് സെക്ഷനിലെ തെറ്റുകൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
International
ലോസ് ഏഞ്ചല്‍സ്: അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തൽ ലോകമെങ്ങും ചർച്ചയായിരിക്കെ ചരിത്ര വിധിയുമായി യുഎസ് കോടതി.
വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കയിലെ കോടതി 56 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.
ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 ദശലക്ഷം ഡോളറും ഗൂഗിള്‍ 1.8 ദശലക്ഷം ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതിയുടെ ഉത്തരവ്. മെറ്റയും യുട്യൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.
ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനിയായ കാലെ(20)യാണു കോടതിയെ സമീപിച്ചത്. പരാതിയില്‍ ഒമ്പതു ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്കു ശേഷമാണ് കോടതി വിധി പറഞ്ഞത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവയും ഗൂഗിളും യുവതിയുടെ മാനസികാരോഗ്യത്തിനു ഹാനികരമായ ആസക്തി ഉളവാക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മനഃപൂർവം നിർമിച്ചതായി കോടതി കണ്ടെത്തി.
കുട്ടികളുടെ മനസിനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യല്‍ മീഡിയ മേഖലയിലെ ഭീമന് കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിലും ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമനടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ മെറ്റ കുറ്റക്കാരാണെന്ന് ന്യൂ മെക്സിക്കോയിലെ ജൂറിയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉള്ളടക്കത്തേക്കാൾ, ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം 'ആസക്തി' ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി.വിധിയിൽ സന്തോഷമുണ്ടെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന 'മനഃസാക്ഷിക്കു നിരക്കാത്ത' ബിസിനസ് രീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് മെറ്റ മേധാവികൾ പൊതുമധ്യത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ കമ്പനിക്കെതിരേ ഉയർത്തിയത്.അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളുംകോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും വ്യക്തമാക്കി.
കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാകില്ലെന്നും മെറ്റ വ്യക്തമാക്കി. യുട്യൂബ് ഒരു സോഷ്യൽ മീഡിയ സൈറ്റല്ലെന്നും മറിച്ച് ഉത്തരവാദിത്വത്തോടെ നിർമിച്ച ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണെന്നും ഈ കേസിൽ യുട്യൂബിനെ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തതെന്നും ഗൂഗിൾ പറഞ്ഞു.
Kerala
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീൽ(38) ആണ് പിടിയിലായത്.
കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വടകര പോലീസിന്റെ നടപടി. യുവതിയിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായാണ് പരാതി. കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്.
ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളിൽ നിന്ന് സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
Tech
ഇൻസ്റ്റഗ്രാമിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ഉപയോക്താക്കൾക്കു ഇനി ആസ്വദിക്കാൻ സാധിക്കില്ല. ഈ ഫീച്ചർ മേയ് എട്ട് മുതൽ എടുത്തുകളയാൻ പോകുന്നതായി മെറ്റ അറിയിച്ചു.
വ്യക്തികൾ തമ്മിൽ അയക്കുന്ന മെസേജുകളും ചാറ്റും സുരക്ഷിതമാക്കുന്ന, മറ്റാർക്കും കാണാൻ സാധിക്കാത്ത എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ 2022ലാണ് മെറ്റ ആദ്യമായി അവതരിപ്പിക്കുന്നത്.
ഈ ഫീച്ചർ അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഉപയോക്താക്കൾക്ക് എങ്ങനെ മെസേജുകളും ചാറ്റും സുരക്ഷിതമാക്കാൻ സാധിക്കുമെന്ന് മെറ്റ നിർദേശങ്ങൾ നല്‍കും.
Kerala
കൊച്ചി: യാത്രക്കാരുടെ സ്വകാര്യതയെ മാനിക്കാതെ ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് റെയിൽവേ പോലീസ്. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മാർച്ച് നാലിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിനിൽ തൃശൂരിൽ വച്ചായിരുന്നു റീൽ ചിത്രീകരിച്ചത്. റീൽ വൈറലായതോടെ റെയിൽവേ പോലീസ് ആക്ട് 145 ബി പ്രകാരം പൊതുജന ശല്യത്തിനാണ് കേസെടുത്തിരിക്കുന്നത്.
Movies
തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി പോകുന്നതിനിടയിൽ സംഭവിച്ച രസകരമായ കാര്യം വെളിപ്പെടുത്തി നടി കീർത്തി സുരേഷ്.
പുരസ്കാരം മേടിക്കാനായി ചുവന്ന സാരിയുടത്ത് അതിസുന്ദരിയായി ഇറങ്ങി കാറിലേയ്ക്ക് കയറാൻ പോകുമ്പോഴാണ് രസകരമായ ഈ കാര്യം നടന്നത്. ഒരുങ്ങിയിറങ്ങിയ താരത്തെ കണ്ട് ഒരു ആരാധകൻ കമന്റ് ചെയ്തതാണ് താരം വീഡിയോയിൽ പങ്കുവച്ചത്.
‘നല്ല ഭംഗിയുള്ള പൂവാണല്ലോ’എന്നായിരുന്നു ആരാധകന്റെ അഭിനന്ദനം. ഇത് കേട്ടതും കീർത്തിക്ക് പരിഭവം അടക്കാനായില്ല. ‘എടാ പാപി, ഇത്രേം ഒരുങ്ങി വന്നപ്പോ പൂ കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ!’ എന്നായി കീർത്തിയുടെ മറുപടി.
താരത്തിന്റെ ചിരിയും മറുപടിയും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പട്ടുസാരിയിലുള്ള കീർത്തിയുടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ തരംഗമായിക്കഴിഞ്ഞു.
Kerala
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ അധ്യാപകൻ. സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും അധ്യാപകർ ആരോപിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായാണ് കുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്നതായി അധ്യാപകർ അറിയിച്ചു.
കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല. ആകെ 16 ഫോളോവേഴ്സ് മാത്രമാണുള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് കുട്ടിയുടെ സ്കൂൾ അധ്യാപകർ പറയുന്നത്.
പെൺകുട്ടി ജീവനൊടുക്കി രണ്ടാഴ്ച പിന്നിടുമ്പോഴും കത്തിലെഴുതിയിരുന്നതാണ് മരണകാരണമെന്ന നിഗമനത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് മുതിർന്നില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് ലഭിച്ച സമ്മാനം നാട്ടിൽ കുറഞ്ഞ വിലയ്ക്കുള്ള വാച്ച് ആയിരുന്നു.
കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നുവെന്നും അധ്യാപകർ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് ആയിരുന്നു പ്ലസ് വൺ വിദ്യാർഥിനി ആദിത്യയെ ക്വാറി കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Tech
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉപയോക്താ ക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാൻ മെറ്റ ഒരുങ്ങുന്നു. പണമടച്ചുള്ള സേവനങ്ങളിലെ കമ്പനിയുടെ ഏറ്റവും പുതിയ പരീക്ഷണമാണിത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഫീച്ചറുകൾ ഈ പുതിയ സേവനത്തിലൂടെ ലഭ്യമാകും.
ഇതിനൊപ്പം പ്ലാറ്റ്ഫോമുകളുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമായും ഉപയോഗിക്കാം. വേരിഫൈഡ് അക്കൗണ്ടുകളിൽനിന്നു വ്യത്യസ്തമായിരിക്കും ഇത്തരം അക്കൗണ്ടിൽ ലഭ്യമാകുന്ന സേവനങ്ങൾ. സാധാരണ അക്കൗണ്ട് ഉടമകൾക്കു ലഭിക്കാത്ത പല എക്സ്ക്ലൂസീവ് ഫീച്ചറുകളും പ്രീമിയം ഉപയോക്താക്കൾക്കു ലഭിക്കും.
മാനുസ് എഐ
വൈബ്സ് വീഡിയോ ജനറേഷൻ ആപ്പ് പോലുള്ള ഫീച്ചറുകൾക്കായി സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ എഐ വിഷ്വൽ ക്രിയേഷൻ ടൂളുകൾ ഉപയോഗിച്ചു നിങ്ങളുടെ ആശയങ്ങൾക്കു ജീവൻ നൽകാൻ ഇതിനു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മെറ്റ എഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ മെറ്റ വൈബ്സ് സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ഏകദേശം 200 കോടി ഡോളറിനു വാങ്ങാൻ ധാരണയായ ചൈനീസ് എഐ കമ്പനിയുടെ മാനുസ് എഐ, സേവനങ്ങളും തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഉൾപ്പെടുത്താൻ മെറ്റ ലക്ഷ്യമിടുന്നു. ബിസിനസുകൾക്കായി മാനുസ് എഐയുടെ സേവനങ്ങൾ മെറ്റ തുടർന്നും ലഭ്യമാക്കും.
കൂടുതൽ കഴിവുകൾ
ചൈനയിൽനിന്നു സിംഗപ്പൂരിലേക്ക് ആസ്ഥാനം മാറ്റിയ മാനുസ്, പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഏജന്റാണെന്ന് അവകാശപ്പെടുന്നുണ്ട്. പല ചാറ്റ്ബോട്ടുകളെ പോലെ ആഗ്രഹിച്ച ഉത്തരം നല്കുന്നതിനു വീണ്ടും വീണ്ടും നിർദേശങ്ങൾ നല്കുന്നതു പോലെയല്ല മാനുസിന്റെ സേവനം. ഉപയോക്താവിന്റെ നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും പ്രാപ്തമാണ് മാനനുസ് എഐ എന്നു കമ്പനി പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു പ്രതിമാസ ഫീസോടെ ബ്ലൂ ടിക്ക് നൽകുന്ന പെയ്ഡ് വെരിഫിക്കേഷൻ സേവനം 2023ൽ മെറ്റ ആരംഭിച്ചിരുന്നു.
International
ന്യൂഡൽഹി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്നാണ് സൂചന.
മാൽവെയർ ബൈറ്റ്സ് ആണ് വീഴ്ച പുറത്തുവിട്ടത്. ലൊക്കേഷൻ, ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ് എന്നിവ അടക്കമാണ് ചോർന്നത്. വിവരങ്ങൾ ഡാർക് വെബ്ബിൽ വിൽപ്പനയ്ക്കത്തിയെന്നാണ് വിവരം.
സൈബർ ആൾമാറാട്ടം, ഫിഷിംഗ് ക്യാമ്പയിൻ, ലോഗിൻ വിവരങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങി പലവിധ കുറ്റകൃത്യങ്ങൾക്കും ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു.
ഇൻസ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ തട്ടിയെടുക്കാനാണ് കൂടുതൽ സാധ്യതയെന്നും മാൽവെയർബൈറ്റ്സ് കൂട്ടിച്ചേർത്തു.
പല ഉപഭോക്താക്കളും തങ്ങൾക്ക് ഇൻസ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി പറയുന്നു. ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ തട്ടിയെടുക്കാനുള്ള ഈ ശ്രമം നടക്കുന്നത്. സംഭവത്തിൽ ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.
Tech
ഇന്‍സ്റ്റാഗ്രാം റീല്‍സ് സ്മാര്‍ട്ട് ടിവിയില്‍ കാണാനുള്ള സൗകര്യമൊരുങ്ങുന്നു. മെറ്റാ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം കമ്പനി റീല്‍സ് കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു.
തുടക്കത്തില്‍ ആമസോണ്‍ ഫയര്‍ ടിവിയില്‍ ലഭ്യമാകുന്ന ഈ ഫീച്ചര്‍ വൈകാതെ എല്ലാവര്ക്കും ലഭ്യമാകും. ഇതോടെ ഉപയോക്താക്കളെ വലിയ സ്ക്രീനില്‍ റീല്‍സ് കാണാനാകും. ടിവികളിലേക്ക് റീലുകള്‍ കൊണ്ടുവരുന്നതിലൂടെ യൂട്യൂബിനോട് മത്സരിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
ഇന്‍സ്റ്റാഗ്രാം ടിവി ആപ്പില്‍ ഒരേസമയം അഞ്ച് വ്യത്യസ്ത അക്കൗണ്ടുകള്‍ വരെ ചേര്‍ക്കാന്‍ കഴിയും. വീട്ടിലെ വ്യത്യസ്ത അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് അനുയോജ്യമായ വ്യക്തിഗതമാക്കിയ ഉള്ളടക്കം കാണാന്‍ ഇത് അനുവദിക്കുമെന്ന് കമ്പനി പറയുന്നു.
ഉപയോക്താക്കള്‍ക്ക് ടിവിക്കായി ഒരു പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കാനും കഴിയും. കൂടാതെ, കണ്ടന്റ് ക്രിയേറ്റേഴ്സിനെ കണ്ടെത്തുന്നതിനും പ്രൊഫൈലുകള്‍ ബ്രൗസ് ചെയ്യുന്നതിനോ ഉള്ള ഒരു സെര്‍ച്ചിംഗ് ഓപ്ഷനും ആപ്പില്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ ദിവസം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്നതിനായി "യുവര്‍ ആല്‍ഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.
ഇതിലൂടെ ഒരു ഉപയോക്താവിന് തങ്ങളുടെ റീല്‍സ് ഫീഡിന് രൂപം നല്കുന്ന വിഷയങ്ങള്‍ കാണാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
Kerala
പാലക്കാട്: ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലടിച്ചു. കുമരനെല്ലൂർ ഗവ. സ്കൂളിലെ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് തമ്മിലടിച്ചത്.
കമന്റിനെ ചൊല്ലി ഏറെനാളായി വിദ്യാർഥികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ തമ്മിലടിക്കുകയായിരുന്നു. ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വെച്ചായിരുന്നു ആക്രമണം.
തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
National
മുംബൈ: സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം റദ്ദാക്കിയതായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വിവാഹം റദ്ദാക്കിയതായി മന്ദാന സ്ഥിരീകരിച്ചു.
ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്ക്കും നന്ദി, മുന്നോട്ട് പോകാന്‍ സമയമായി. താരം കുറിച്ചു.
Kerala
കോഴിക്കോട്: വടകരയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.
വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ക്രൂര പീഡനത്തിന് വിധേയമായത്. ഉച്ചക്കുശേഷം സ്കൂളിലേക്ക് തിരിച്ചു വരുമ്പോഴാണ് സ്കൂളിന് പുറത്തുവച്ച് സീനിയർ വിദ്യാർഥികൾ മർദിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആറങ്ങോട്ട് മീത്തൽ മുഹമ്മദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ മൂക്കിന് പൊട്ടലുണ്ട്. മർദനത്തിൽ കണ്ണിനു താഴെയും കറുത്ത പാട് രൂപപ്പെട്ടു. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപെട്ട് സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസമായി സംഘർഷാവസ്ഥ നിലവിലുണ്ട്. ഇതിനിടയിൽ സംഘടിച്ചെത്തിയ ഒരു വിഭാഗം വിദ്യാർഥികൾ മുഹമ്മദിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Tech
വാച്ച് ഹിസ്റ്ററി ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഉപഭോക്താക്കള്‍ ഏറെ ആവശ്യപ്പെട്ടിരുന്ന ഫീച്ചര്‍ ആയിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടുകൊണ്ടിരിക്കുന്ന റീല്‍സ് അപ്രത്യക്ഷമായാല്‍ അത് വീണ്ടും കാണാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്.
ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചര്‍ ഫോണുകളിലെത്തും.
എങ്ങനെ ഉപയോഗിക്കാം
ഇതിനായി സ്ക്രീനില്‍ മുകളില്‍ വലത് ഭാഗത്തുള്ള ത്രീലൈന്‍ ബട്ടനില്‍ ടാപ്പ് ചെയ്ത് ഇന്‍സ്റ്റഗ്രാം സെറ്റിംഗ്സ് തുറക്കുക. Your Activity തെരഞ്ഞെടുക്കുക.
താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ How to use instagram എന്ന സെക്ഷനിലായി Watch History എന്ന ഓപ്ഷന് കാണാം. ഇതു തെരഞ്ഞെടുത്താല്‍ ഇതുവരെ കണ്ട റീല്‍സുകളെല്ലാം അതില്‍ കാണാം.
വാച്ച് ഹിസ്റ്ററിയില്‍ റീല്‍സ് വീഡിയോകള്‍ തീയതി, സമയക്രമം, ക്രിയേറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണാനാകും.
Kerala
കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതു ചോദ്യംചെയ്ത് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥികളെ ക്ലാസിൽ കയറി മർദിച്ചു.
ഒരു വിദ്യാർഥിനിയുടെ കൈ ഒടിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. ഇക്കഴിഞ്ഞ 22ന് വളപട്ടണം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാർഥികളുടെ പരാതിയിൽ 51 പ്ലസ് ടു വിദ്യാർഥികൾക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു.
പ്ലസ് വൺ ക്ലാസ് നടന്നുകൊണ്ടിരിക്കേ സംഘടിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾ ചീത്തവിളിച്ച് ക്ലാസിൽ കയറി ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. തടയാൻ ചെന്നപ്പോഴാണ് അധ്യാപികയ്ക്കും മർദനമേറ്റത്. സംഭവത്തെത്തുടർന്ന് കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തിൽ ഇരു വിഭാഗത്തിലെയും രക്ഷിതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നിരുന്നു.
മർദനത്തിൽ പങ്കുള്ള 51 പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്. ആക്രമണത്തെത്തുടർന്ന് ഭീതിയിലായ പല കുട്ടികളും സ്കൂളിലേക്കു വരാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഇവരുൾപ്പെടെ പ്ലസ് വൺ ക്ലാസിലെ വിദ്യാർഥികൾക്കു കൗൺസലിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.