പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അത്തരം ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നതുമായ എല്ലാ പെയ്ഡ് പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം മെറ്റയ്ക്ക് നിർദേശം നൽകി. ഏഴ് ദിവസത്തിനകം വിശദമായ മറുപടി നൽകാനാണ് മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടത്.
ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെ പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു, ഇതിനെ തടയാനുള്ള സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങളിൽ മന്ത്രാലയം വ്യക്തത തേടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലെ ചില പെയ്ഡ് പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ ലഭ്യമാകുന്ന ടെലഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ വഴിതിരിച്ചുവിടുന്നതായി കണ്ടെത്തിയിരുന്നു. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളെത്തുടർന്നാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്.
കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ "സീറോ ടോളറൻസ്" നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അൽഗോരിതം ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും സർക്കാർ ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങളോട് മെറ്റയ്ക്ക് "സീറോ ടോളറൻസ്" നയമാണുള്ളതെന്നും, നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ തടയാൻ അത്യാധുനിക എഐ സാങ്കേതികവിദ്യകളും മനുഷ്യനിരീക്ഷകരും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് മെറ്റയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം.
വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ മെറ്റയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് കർശന നിർദേശങ്ങൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രാം പരസ്യങ്ങളിലെ ഈ ഗുരുതര വീഴ്ചയും പുറത്തുവന്നിരിക്കുന്നത്.
Tags : Meta Facebook Instagram Latest News Notice