കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിയ ഗോയലിനെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
പൂനെ: റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ പോളിഗ്രാഫ് പരിശോധന നടത്തില്ല. പരിശോധനയ്ക്ക് തങ്ങൾക്ക് സമ്മതമല്ലെന്ന് കേസിൽ അറസ്റ്റിലായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും കോടതിയെ അറിയിച്ചു. പ്രതികളുടെ സമ്മതമില്ലാതെ ഇത്തരം പരിശോധനകൾ നടത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
തുടർന്ന് ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതി ഉത്തരവിന് പിന്നാലെ പ്രതികളെ യെരവാദ സെൻട്രൽ ജയിലിലേക്ക് മാറ്റി. റിയൽ എസ്റ്റേറ്റ് കമ്പനി ഡയറക്ടറായ കേതൻ അഗർവാൾ കഴിഞ്ഞ 18 നാണ് മലമുകളിൽ നിന്ന് വീണ് മരിച്ചത്. ആദ്യഘട്ടത്തിൽ ഇതൊരു അപകടമരണമായാണ് രേഖപ്പെടുത്തിയിരുന്നത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേതന്റെ പ്രതിശ്രുത വധു സിയ ഗോയലിനെയും കാമുകൻ ചേതൻ ചൗധരിയേയും അറസ്റ്റ് ചെയ്തത്. കേതനെ മലമുകളിൽ നിന്ന് തള്ളി താഴെയിടുന്നതിന് തൊട്ടുമുമ്പ് സിയ കാമുകനായ ചേതന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രത്യേക സിഗ്നൽ നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് നിർണായക കണ്ടെത്തലുകളുമായി പോലീസ് കോടതിയെ സമർപ്പിച്ചത്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ പോലീസ് വീണ്ടെടുത്തു. പ്രതികൾ പരസ്പരം ആശയവിനിമയത്തിനായി ഉപയോഗിച്ച കോഡ് ഭാഷയിലുള്ള സന്ദേശങ്ങളാണ് ഇതിൽ നിന്ന് കണ്ടെത്തിയത്.
ഗൂഢാലോചനയിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടോയെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കൂടാതെ സിയ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോൺ കൂടി കണ്ടെടുത്തതായും ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു.
Tags : murder case Ketan Agarwal Siya Goyal