National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ ഇന്ത്യൻ അധികാരികൾക്ക് നേരിട്ടു റിപ്പോർട്ട് ചെയ്യുമെന്ന് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ കമ്പനികളുടെ മാതൃകമ്പനിയായ മെറ്റ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർക്രൈം കോ-ഓർഡിനേഷൻ സെന്ററിനാണ് വിവരങ്ങൾ കൈമാറുക.
Tech
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും കേസുകളും ഇനി നേരിട്ട് ഇന്ത്യൻ ക്രമസമാധാന ഏജൻസികൾക്കും സൈബർ ക്രൈം പോർട്ടലിനും (I4C) റിപ്പോർട്ട് ചെയ്യാൻ മെറ്റയുടെ സമ്മതം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.
മുൻപ് യുഎസ് അധിഷ്ഠിത ഏജൻസി (NCMEC) വഴിയായിരുന്നു വിവരങ്ങൾ കൈമാറിയിരുന്നത്. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് "തീർത്തും വിട്ടുവീഴ്ചയില്ലാത്തതും പ്രാഥമികവുമായ കടമയാണ്" എന്ന കേന്ദ്ര സർക്കാരിന്റെ കർശന നിലപാടിനെ തുടർന്നാണ് ഈ തീരുമാനം.
ഇത്തരമൊരു നേരിട്ടുള്ള റിപ്പോർട്ടിംഗ് സംവിധാനത്തിന് (Direct Reporting Pipeline) തയ്യാറാകുന്ന ഇന്ത്യയിലെ ആദ്യത്തെ സോഷ്യൽ മീഡിയ കമ്പനിയാണ് മെറ്റ.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ചിത്രങ്ങൾ, സന്ദേശങ്ങൾ എന്നിവ കണ്ടെത്തിയാൽ അത് ഉടൻ തന്നെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) പോർട്ടൽ വഴി പൊലീസിന് കൈമാറും.
വ്യാജ വാർത്തകൾ, ഡീപ് ഫെയ്ക്കുകൾ, കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ എന്നിവ തടയാൻ പരാജയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
മെറ്റ മാത്രമല്ല, മറ്റ് മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടും ഇത്തരം അനധികൃത ഉള്ളടക്കങ്ങൾ മുൻകൂട്ടി കണ്ടെത്തി നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങളും ഉള്ളടക്കങ്ങളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവും നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സും മെറ്റയ്ക്ക് നോട്ടീസ് അയക്കുകയും ആഗോള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ബാധ്യതയുള്ള സോഷ്യൽ മീഡിയ കമ്പനികൾക്ക് സുരക്ഷിത താവളം നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് മെറ്റയുടെ ഈ പുതിയ നീക്കം.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനുള്ള നിർണായകമായ ആദ്യ ചുവടുവെപ്പാണിതെങ്കിലും കൂടുതൽ കർശനമായ പ്രതിരോധ നടപടികൾ ഇനിയും ആവശ്യമാണെന്ന് സർക്കാർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ മെറ്റ നീക്കം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ നേരിൽ കണ്ട ഒരു അഞ്ചുവയസുകാരൻ ഡാൻസ് ഗംഭീരമായിരുന്നുവെന്ന് തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്. എഐ വീഡിയോയിലൂടെ മോഹൻലാലിനെയും വിജയ്യേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാൻ സാധിക്കും. തൃശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് എഐ ഉപയോഗിച്ച് വീഡിയോ നിർമിച്ചത്. വീഡിയോ റിലീസ് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ട് 1.78 കോടിയിലധികം ആളുകൾ കാണുകയും 52,000ത്തിലധികം കമന്റുകൾ ലഭിക്കുകയും ചെയ്തു.
Tech
കലിഫോർണിയ : ചാറ്റ്ബോട്ടുകൾക്കപ്പുറം ഉപയോക്താക്കളുടെ ഡിജിറ്റൽ ജോലികൾ സ്വയം ഏറ്റെടുക്കാൻ ശേഷിയുള്ള 'മ്യൂസ്' എന്ന പേഴ്സണൽ എഐ ഏജന്റിനെ അവതരിപ്പിച്ച് മെറ്റ. ഇമെയിൽ, കലണ്ടർ, ഷോപ്പിംഗ്, ഓൺലൈൻ പേയ്മെന്റുകൾ, സ്മാർട്ട് ഹോം സിസ്റ്റങ്ങൾ തുടങ്ങിയ വിവിധ ആപ്പുകളുമായി ബന്ധപ്പെട്ട് ഉപയോക്താവ് നേരിട്ട് പ്രവർത്തിക്കാത്ത സമയത്തും സ്വയം ജോലികൾ ചെയ്യാനും മ്യൂസിന് കഴിയും.
ഓരോ ഉപയോക്താവിനുമായി മെറ്റയുടെ ക്ലൗഡ് നെറ്റ്വർക്കിൽ പ്രത്യേകം 'വെർച്വൽ മെഷീൻ' തയ്യാറാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. സൗജന്യമായി ഉപയോഗിക്കാവുന്ന അടിസ്ഥാന പതിപ്പിന് പുറമേ, പ്രതിമാസം 20 ഡോളർ, 100 ഡോളർ നിരക്കുകളിലുള്ള പ്രീമിയം പ്ലാനുകളും ലഭ്യമാണ്. ആദ്യഘട്ടത്തിൽ യുഎസിലാണ് സേവനം ലഭ്യമാവുക.
ബാങ്കിംഗ്, കലണ്ടർ, ഇമെയിൽ തുടങ്ങിയ വ്യക്തിഗത വിവരങ്ങളിലേക്ക് എഐക്ക് പൂർണ പ്രവേശനം നൽകേണ്ടി വരുന്നു എന്നതാണ് മ്യൂസ് നേരിടുന്ന പ്രധാന വെല്ലുവിളി. സെന്റിനൽ എന്ന പ്രത്യേക സുരക്ഷാ സംവിധാനം വഴി എഐയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് മെറ്റ അവകാശപ്പെടുന്നുണ്ടെങ്കിലും, കമ്പനിക്കുള്ളിലെ പരീക്ഷണ ഘട്ടത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഒരു ജീവനക്കാരന്റെ സ്വകാര്യ ഐക്ലൗഡ് ചിത്രങ്ങൾ ഏജന്റ് ചോർത്തിയെന്നും, ലോഗിൻ പ്രശ്നങ്ങളും ഡാറ്റാ നിരീക്ഷണത്തിലെ തടസ്സങ്ങളും നേരിട്ടതായും റിപ്പോർട്ട് ചെയ്തു. എഐക്ക് സ്വന്തം വിവരങ്ങളിലേക്ക് നിയന്ത്രണം നൽകാൻ ഉപയോക്താക്കൾ എത്രത്തോളം തയ്യാറാകുമെന്നതും സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നതും മെറ്റയ്ക്ക് മുന്നിൽ വലിയ ചോദ്യമായി ശേഷിക്കുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സിഎംഒ കേരളയിൽനിന്ന് നീക്കം ചെയ്ത രണ്ട് പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു. പോസ്റ്റുകൾ നീക്കം ചെയ്തത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വ്യക്തമാക്കി മെറ്റ മുഖ്യമന്ത്രിയുടെ ഓഫീസിന് ഔദ്യോഗിക വിശദീകരണവും നൽകി.
ആശാ പ്രവർത്തകർക്ക് ഉത്സവബത്തയായി 149 രൂപ വർധിപ്പിച്ച് നൽകുമെന്ന് അറിയിച്ച ഓഗസ്റ്റ് 19ലെ പോസ്റ്റും നബിദിനാശംസകൾ നേർന്നുള്ള പോസ്റ്റുമാണ് കഴിഞ്ഞ ദിവസം മെറ്റ നീക്കം ചെയ്തത്. എന്നാൽ പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കറാണ് കത്തുകൾ അയച്ചത്. ഇതിന് മറുപടിയായാണ് പോസ്റ്റുകൾ നീക്കം ചെയ്തത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മെറ്റ വ്യക്തമാക്കിയത്. ഇതേത്തുടർന്ന് നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും മെറ്റ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ മുമ്പും മെറ്റ നീക്കം ചെയ്തിട്ടുണ്ട്.
വി.ഡി.സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോസ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ വാദം തെറ്റാണെന്ന് വ്യക്തമായി. ആരും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നുമാണ് അന്ന് മെറ്റ വിശദീകരിച്ചത്.
Kerala
തിരുവനന്തപുരം: ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റും നബിദിനാശംസകളുടെ പോസ്റ്റുമാണ് നീക്കം ചെയ്തത്.
പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടണമെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ മുമ്പും നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി വി.ഡി.സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോസ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ വാദം തെറ്റാണെന്ന് വ്യക്തമായി. ആരും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നുമാണ് അന്ന് മെറ്റ വിശദീകരിച്ചത്.
സംഭവത്തിൽ വിശദീകരണം തേടി സംസ്ഥാന പൊലിസ് മെറ്റയെ സമീപിച്ചിരുന്നു. സാങ്കേതിക പിഴവിനെ തുടർന്നാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നും നീക്കം ചെയ്ത പോസ്റ്റുകൾ പിന്നീട് പുനഃസ്ഥാപിച്ചെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി മെറ്റ ഉപയോഗിച്ചിരുന്ന എഐ ടൂളിലുണ്ടായ പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ കാരണമായതെന്നും അന്ന് മെറ്റ വിശദീകരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ മെറ്റ നീക്കി. സിഎംഒ കേരളയിലെ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തത്. ആശാ പ്രവർത്തകർക്ക് ഉത്സവബത്തയായി 1,450 രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റും നബിദിനാശംസ നേർന്നുകൊണ്ടുള്ള പോസ്റ്റുമാണ് നീക്കം ചെയ്തതായി കണ്ടെത്തിയത്.
കഴിഞ്ഞ 19ന് പ്രസിദ്ധീകരിച്ച ആശാ പ്രവർത്തകരുടെ ഉത്സവബത്ത സംബന്ധിച്ച അറിയിപ്പാണ് നീക്കം ചെയ്ത ഒരു പോസ്റ്റ്. ആശാ പ്രവർത്തകർക്ക് 1,450 രൂപ വീതം ഉത്സവബത്ത അനുവദിച്ച സർക്കാർ തീരുമാനമാണ് ഇതിലൂടെ അറിയിച്ചിരുന്നത്. രണ്ടാമത്തെ പോസ്റ്റ് നബിദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ആശംസകൾ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു.
എന്ത് കാരണത്താലാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്ന് വ്യക്തമല്ല. മെറ്റയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടില്ല. അതേസമയം നേരത്തെ മുഖ്യമന്ത്രിക്കെതിരായ വിമർശന പോസ്റ്റുകൾ സർക്കാർ ഇടപെട്ട് നീക്കം ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു.
Tech
ന്യൂഡൽഹി: ആളുകൾ സംസാരിക്കുന്നത് തത്സമയം കൃത്യതയോടെ ടെക്സ്റ്റാക്കി മാറ്റാൻ ശേഷിയുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ 'മ്യൂസ് വോയ്സ് ട്രാൻസ്ക്രിബ്' (Muse Voice Transcribe) അവതരിപ്പിച്ച് മെറ്റാ. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്സ് പുറത്തിറക്കുന്ന ആദ്യത്തെ റിയൽ-ടൈം ഓഡിയോ പെർസെപ്ഷൻ മോഡലാണിത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 പ്രധാന ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 70ലധികം ഭാഷകളിലെ സംഭാഷണങ്ങൾ കൃത്യമായി പ്രോസസ്സ് ചെയ്യാൻ ഇതിന് കഴിയും.
സംസാരിക്കുന്നതിനിടയിൽ ഇംഗ്ലീഷിൽ നിന്നും പ്രാദേശിക ഭാഷകളിലേക്ക് മാറ്റി മാറ്റി സംസാരിച്ചാലും യാതൊരു തടസ്സവുമില്ലാതെ കൃത്യമായി ടെക്സ്റ്റാക്കി മാറ്റാൻ ഈ മോഡലിന് സാധിക്കും.
ഒരേ സമയം 20ലധികം ആളുകൾ സംസാരിക്കുന്ന ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള റിക്കാർഡിംഗുകളിൽ പോലും ഓരോരുത്തരുടെയും ശബ്ദങ്ങൾ വേർതിരിച്ച് ട്രാൻസ്ക്രിപ്ഷൻ നടത്താൻ ഇതിന് ശേഷിയുണ്ട്.
വാചകങ്ങൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ സംസാരിക്കുന്ന വേഗതയിൽ തന്നെ ടെക്സ്റ്റ് സ്ക്രീനിൽ തെളിയും. പ്രയാസമേറിയ വാക്കുകൾക്ക് കൂടുതൽ സമയം നൽകുകയും ലളിതമായ വാക്കുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന പ്രത്യേക സാങ്കേതികവിദ്യയാണ് മെറ്റാ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
മെറ്റാ എഐ ഫോർ മാക്, മ്യൂസ് കോഡ് എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. കൂടാതെ ഡെവലപ്പർമാർക്കായി മെറ്റായുടെ 'മോഡൽ എപിഐ' വഴി 1,000 ഓഡിയോ മിനിറ്റിന് $3 (ഏകദേശം 250 രൂപ) എന്ന നിരക്കിൽ സേവനം ലഭ്യമാണ്.
ആർട്ടിഫിഷ്യൽ അനാലിസിസ് റിയൽ-ടൈം വോയ്സ് ലീഡർബോർഡിൽ ഒന്നാം സ്ഥാനത്താണ് മ്യൂസ് വോയ്സ് ട്രാൻസ്ക്രിബ് നിലവിൽ റാങ്ക് ചെയ്തിരിക്കുന്നത്.
Tech
ന്യൂഡൽഹി: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്ന കൗമാരക്കാരായ ഉപയോക്താക്കൾക്ക് കർശന നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താനൊരുങ്ങി മെറ്റാ. സോഷ്യൽ മീഡിയ ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന അമിത ആസക്തിക്കെതിരെ യുഎസിലെ 47 സംസ്ഥാനങ്ങളും വിവിധ പ്രദേശങ്ങളും നൽകിയ കേസിലെ ഒത്തുതീർപ്പിന്റെ ഭാഗമായാണ് മെറ്റ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. അടുത്ത ആറുമാസത്തിനകം ഇവ ഘട്ടംഘട്ടമായി നടപ്പിലാക്കും.
ഇനിമുതൽ കൗമാരക്കാർക്ക് ദിവസം പരമാവധി രണ്ട് മണിക്കൂർ മാത്രമേ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കൂ. അർധരാത്രി 12 മുതൽ രാവിലെ 6 മണി വരെ ആപ്പുകളിലേക്കുള്ള പ്രവേശനം സ്വയം തടയപ്പെടും. സ്കൂൾ സമയമായ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കും.
വീഡിയോകളും മറ്റും സ്വയം പ്ലേ ആകുന്നത് തടയാൻ ഉപയോക്താക്കൾക്ക് ഓട്ടോപ്ലേ ഫീച്ചർ ഓഫാക്കാൻ സാധിക്കും. കൂടാതെ, ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനും പ്ലാസ്റ്റിക് സർജറിയെ അനുകരിക്കുന്ന തരം ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് തടയാനും നിയന്ത്രണമുണ്ട്.
അപരിചിതരായ മുതിർന്ന ആളുകൾ കുട്ടികൾക്ക് സന്ദേശങ്ങൾ അയക്കുന്നതും അവരുടെ പ്രൊഫൈൽ കാണുന്നതും തടയാൻ ശക്തമായ സംവിധാനങ്ങൾ വരും. തങ്ങൾക്ക് നേരെയുണ്ടാകുന്ന മോശം അനുഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ 90 ശതമാനം കേസുകളിലും 6 മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകുമെന്ന് മെറ്റാ ഉറപ്പുനൽകുന്നു. 13 വയസിൽ താഴെയുള്ള കുട്ടികളുടെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള പ്രായപരിശോധന സാങ്കേതികവിദ്യകളും കമ്പനി കൂടുതൽ കാര്യക്ഷമമാക്കും.
Kerala
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ മെറ്റ പോലീസിന് രേഖാമൂലം മറുപടി നൽകി. നീക്കം ചെയ്ത 16 വാർത്തകൾ പുനഃസ്ഥാപിച്ചെന്നും മെറ്റ വ്യക്തമാക്കി. വാർത്തകൾ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക സംവിധാനത്തിലുണ്ടായ പിഴവിനെ തുടർന്നാണെന്നും വിശദീകരണത്തിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്കാണ് മെറ്റ രേഖാമൂലം മറുപടി നൽകിയത്. സൈബർ ഡിവിഷൻ എസ്പി അങ്കിത് അശോക് നൽകിയ കത്തിനാണ് മെറ്റ മറുപടി നൽകിയത്. വാർത്തകൾ നീക്കം ചെയ്യുന്നതിന് പോലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് യാതൊരു പരാതിയോ ഉത്തരവോ ലഭിച്ചിരുന്നില്ല.
സാങ്കേതിക പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്ത 16 വാർത്തകളും പുനഃസ്ഥാപിച്ചതായും മെറ്റ അറിയിച്ചു. വാർത്തകൾ നീക്കം ചെയ്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണെന്ന് ആരോപിച്ച് പ്രതിപക്ഷം വ്യാപക വിമർശനം ഉന്നയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും ആവശ്യപ്രകാരമല്ലെന്ന് മെറ്റ. എഐ സോഫ്റ്റ്വെയർ അപ്ഡേഷനിടെയുണ്ടായ സാങ്കേതിക പിഴവിനെ തുടർന്നാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. നീക്കം ചെയ്ത ഉള്ളടക്കങ്ങൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു.
മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് ഇക്കാര്യം പോലീസിന്റെ സൈബർ വിങ്ങിനെ അറിയിച്ചത്. മുഖ്യമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തതിനെ തുടർന്ന് പോലീസ് മെറ്റയോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് കമ്പനി സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി മെറ്റ എഐ ടൂൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്തിരുന്നു. എഐ സോഫ്റ്റ്വെയർ അപ്ഡേഷന്റെ ഭാഗമായുണ്ടായ സാങ്കേതിക പിഴവാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണമെന്നും മെറ്റ വിശദീകരിച്ചു.
കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാന രീതിയിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പിഴവാണ് കാരണമെന്നും മെറ്റയുടെ വിശദീകരണത്തോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായി.
Tech
ന്യൂഡൽഹി: പത്ത് വർഷത്തിന് ശേഷം ഇൻസ്റ്റാഗ്രാം തങ്ങളുടെ ഔദ്യോഗിക 'വേഡ്മാർക്ക്' (ടെക്സ്റ്റ് ലോഗോ) കൂടുതൽ ആധുനികവും വ്യക്തവുമായ പുതിയ ശൈലിയിലേക്ക് മാറ്റി.
പഴയ കർസീവ് ഫോണ്ട് മാറ്റി കൂടുതൽ ലളിതമായ ഫോണ്ടാണ് ആപ്പിന് മുകളിലായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ മാറ്റത്തിന് പിന്നിൽ ഇന്നത്തെ യുവതലമുറയായ 'ജെൻ സി' ആണെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിഞ്ഞ ദശകത്തിൽ സ്കൂളുകളിൽ കർസീവ് റൈറ്റിംഗ് നിർബന്ധമല്ലാതാക്കിയതോടെ, പുതിയ തലമുറയ്ക്ക് കർസീവ് എഴുത്തുകൾ വായിക്കാൻ പ്രയാസമാണെന്നാണ് ഉയരുന്ന വാദം. ഇതുകൊണ്ടാണ് ഇൻസ്റ്റാഗ്രാം എല്ലാവർക്കും എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന പുതിയ ഫോണ്ടിലേക്ക് മാറിയതെന്ന് എക്സ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
എന്നാൽ പുതിയ മാറ്റത്തിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്. പുതിയ ഫോണ്ടിലെ 'r' എന്ന അക്ഷരം കാണാൻ 'z' പോലെയാണെന്നും, അതിനാൽ ഇൻസ്റ്റാഗ്രാം എന്നത് ഇപ്പോൾ 'ഇൻസ്റ്റാഗ്സാം' (Instagzam) പോലെ തോന്നിക്കുന്നുവെന്നും പലരും കുറിച്ചു.
10 വർഷത്തോളം പഴക്കമുള്ള ലോഗോ കാലഹരണപ്പെട്ടതായി തോന്നിയതിനാലാണ് പുതിയ മാറ്റം വരുത്തിയതെന്ന് ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസ്സേരി ഇൻസ്റ്റാഗ്രാം ത്രെഡ്സിലൂടെ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തനിക്കെതിരായ വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്നെ വിമർശിക്കുന്ന പോസ്റ്റുകൾ പോലും നീക്കം ചെയ്യരുതെന്നും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയയ്ക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ സ്ഥാപനങ്ങൾ നീക്കം ചെയ്ത വാർത്തകൾ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാരും അവർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിഎംഒ കേരള എന്ന ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് ലഭ്യമാക്കണമെന്ന ആവശ്യം മാത്രമാണ് രണ്ട് മാസമായി മെറ്റയോട് ഉന്നയിച്ചിട്ടുള്ളതെന്നും സതീശൻ പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. മെറ്റയുടെ നയത്തിലെ വ്യത്യാസമാണോ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് കാരണമെന്ന് വ്യക്തമല്ലെന്നും രാജ്യത്തുടനീളം സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള വാർത്തകളും ദൃശ്യങ്ങളും മാധ്യമങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി മേഖലയിലെ ഇടപെടലിനെ അഭിനന്ദിച്ച് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുടെ പ്രസംഗവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പറയരുതെന്ന കെസിബിസിയുടെ പോസ്റ്റും നീക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു. ഷിബു ബേബി ജോണിനൊപ്പം കൊല്ലത്ത് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച വാർത്തയും മെറ്റ നീക്കം ചെയ്തതായി സതീശൻ വ്യക്തമാക്കി.
തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരുടെ പോസ്റ്റുകളും സമാനമായി നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് പോസ്റ്റുകൾ നീക്കം ചെയ്താൽ കേരളത്തിലെ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും വായ മൂടിക്കെട്ടാമെന്ന് വിശ്വസിക്കുന്ന ഒരു മൂഢനാണോ ഞാൻ? അത്രയും സ്വാധീനം എനിക്ക് മെറ്റയിലുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Tech
മെൽബൺ: 16 വയസിൽ താഴെയുള്ള കുട്ടികൾ ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന 7 ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടി മെറ്റ. ഓസ്ട്രേലിയയിൽ നടപ്പിലാക്കിയ സോഷ്യൽ മീഡിയ പ്രായപരിധി നിയമത്തിന്റെ ഭാഗമായാണ് മെറ്റയുടെ ഈ കടുത്ത നടപടി. ഇതിൽ 4,62,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും 2,94,000 ഫേസ്ബുക്ക് അക്കൗണ്ടുകളും ഉൾപ്പെടുന്നു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സോഷ്യൽ മീഡിയ ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്കയെത്തുടർന്ന്, 16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഓസ്ട്രേലിയയിൽ കഴിഞ്ഞ ഡിസംബർ 10നാണ് ചരിത്രപരമായ നിയമം നിലവിൽ വന്നത്. തുടർന്ന് ഡിസംബറിനും ജൂണിനും ഇടയിലാണ് ഇത്രയധികം അക്കൗണ്ടുകൾ മെറ്റ നീക്കം ചെയ്തത്.
ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യയും മറ്റ് വിവരങ്ങളും ഉപയോഗിച്ചാണ് മെറ്റ ഉപയോക്താക്കളുടെ പ്രായം കണ്ടെത്തുന്നത്. ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾക്ക് പുറമേ, പ്രൊഫൈലുകളിലെ സവിശേഷതകൾ, ജന്മദിനാഘോഷ ചിത്രങ്ങൾ, സ്കൂൾ സംബന്ധമായ വിവരങ്ങൾ എന്നിവ എഐ നിരീക്ഷിച്ച് പ്രായം തിട്ടപ്പെടുത്തുന്നു. വ്യാജ അക്കൗണ്ടുകൾ വീണ്ടും ഉണ്ടാക്കുന്നത് തടയാനുള്ള നടപടികളും കമ്പനി ശക്തമാക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കുള്ള പിഴത്തുക 99 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറായി ഉയർത്താൻ ഓസ്ട്രേലിയൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതൽ അക്കൗണ്ടുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മെറ്റ അറിയിച്ചു. യുവാക്കളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തോടൊപ്പം നിൽക്കുമെന്നും നിയമപരമായ ബാധ്യതകൾ നിറവേറ്റുമെന്നും കമ്പനി വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ഈ കർശന നിയമം ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളും ഉറ്റുനോക്കുകയാണ്.
Tech
ന്യൂഡൽഹി: സാങ്കേതികവിദ്യ കൈമാറുന്നതിൽ ചൈനീസ് റെഗുലേറ്ററി അതോറിറ്റികൾ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായുള്ള 2 ശതകോടി ഡോളറിന്റെ (ഏകദേശം ₹16,600 കോടി) ലയന കരാറിൽ നിന്ന് എഐ സ്റ്റാർട്ടപ്പായ 'മാനുസ്' പിന്മാറുന്നു.
ചൈനീസ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കരാർ റദ്ദാക്കിയതോടെ മാനുസ് എഐ വീണ്ടും സ്വതന്ത്ര കമ്പനിയായി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും, ചൈനയിലാണ് മാനുസ് എഐയുടെ തുടക്കം.
അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സാങ്കേതിക തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനയിൽ തുടക്കമിട്ട എഐ സാങ്കേതികവിദ്യ ഒരു യുഎസ് കമ്പനിക്ക് കൈമാറുന്നതിലുള്ള ആശങ്ക മുൻനിർത്തിയാണ് ചൈനീസ് അധികൃതർ ഇടപെട്ട് ലയന കരാർ റദ്ദാക്കിച്ചത്.
മെറ്റ ലയനം പ്രഖ്യാപിച്ച 2025 ഡിസംബർ 29ന് ശേഷമുള്ള ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ വേർപിരിയലിന്റെ ഭാഗമായി സിസ്റ്റത്തിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യും. സിംഗപ്പൂർ സമയം ഓഗസ്റ്റ് 23, 24 തീയതികളിലാണ് ഈ ഡാറ്റ നീക്കം ചെയ്യുന്നത്.
ബാധിക്കപ്പെടുന്ന ഉപയോക്താക്കൾ ഓഗസ്റ്റ് 23 രാവിലെ 7:59ന് മുൻപായി തങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 25 രാവിലെ 8 മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനും ഡാറ്റ റീസ്റ്റോർ ചെയ്യാനും സാധിക്കും.
ഡിസംബർ 29ന് മുൻപുള്ള ഉപയോക്താക്കളെ ഇത് ബാധിക്കില്ല. അവർക്ക് സാധാരണ പോലെ ആപ്പ് ഉപയോഗിക്കാം. ആപ്പിൾ ഐഡി അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തവർ ഇമെയിൽ വിലാസങ്ങൾ ഇല്ലാത്തതിനാൽ ഇൻ-ആപ്പ് നോട്ടിഫിക്കേഷനുകൾ പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു. ഈ തടസ്സം ഒരു സെക്യൂരിറ്റി വീഴ്ചയോ ഡാറ്റാ ചോർച്ചയോ അല്ലെന്നും റെഗുലേറ്ററി നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണെന്നും മാനുസ് എഐ വ്യക്തമാക്കുന്നു.
Tech
സ്വന്തം പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ 'മ്യൂസ് ഗ്ലിമ്മർ' എഐ മോഡൽ അവതരിപ്പിച്ച് മെറ്റാ.കൂടുതൽ ശക്തമായ എഐ സാങ്കേതികവിദ്യകൾ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമോ അതോ കർശന നിയന്ത്രണങ്ങളിൽ നിലനിർത്തണമോ എന്ന ആഗോള തലത്തിലെ ചർച്ചകൾക്ക് പുതിയ ഊർജ്ജം പകരുന്നതാണ് മെറ്റയുടെ ഈ നീക്കം.
30 ബില്ല്യൺ പാരാമീറ്ററുകളുള്ള മ്യൂസ് ഗ്ലിമ്മർ, സിസ്റ്റം ആവശ്യകതകൾ വളരെ കുറഞ്ഞ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ഒരു സാധാരണ ഗ്രാഫിക്സ് കാർഡ് ഉപയോഗിച്ച് തന്നെ ഇത് കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാം. ദിവസേനയുള്ള ഷെഡ്യൂൾ മാനേജ്മെന്റ്, ഫയലുകൾ ക്രമീകരിക്കൽ തുടങ്ങിയ വ്യക്തിഗത എഐ ജോലികൾക്കായാണ് ഈ മോഡൽ പ്രധാനമായും ഉപയോഗിക്കുക. ഇത് ഹഗ്ഗിംഗ് ഫേസ് പ്ലാറ്റ്ഫോം വഴി സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
മോഡൽ പുറത്തിറക്കിയതിനൊപ്പം മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പുറത്തുവിട്ട ലേഖനത്തിൽ എഐ സാങ്കേതികവിദ്യയെ സവിശേഷമായ നിയന്ത്രണങ്ങളിൽ നിർത്താൻ ആഗ്രഹിക്കുന്ന ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ എതിരാളികളുടെ നിലപാടുകളെ വിമർശിച്ചു.
എഐ സാങ്കേതികവിദ്യ ഏതാനും വൻകിട കമ്പനികളിലോ സർക്കാരുകളിലോ മാത്രം കേന്ദ്രീകരിക്കാതെ, ഓരോ വ്യക്തിക്കും അത് സ്വയം നിയന്ത്രിക്കാനുള്ള ശേഷി നൽകിക്കൊണ്ട് എല്ലാവർക്കും ലഭ്യമാകുന്ന "പേഴ്സണൽ സൂപ്പർഇന്റലിജൻസ്" നിർമിക്കുകയാണ് മെറ്റയുടെ ലക്ഷ്യമെന്ന് സക്കർബർഗ് വ്യക്തമാക്കി.
ചൈനീസ് സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള സൗജന്യ ഓപ്പൺ എഐ മോഡലുകൾ ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാൻ അമേരിക്കൻ ഓപ്പൺ സോഴ്സ് മോഡലുകളാണ് ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ടെക് കമ്പനികൾ എഐ വികസനത്തിനായി ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനിടയിലാണ് സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന പുതിയ എഐ മോഡലുമായി മെറ്റ രംഗത്തെത്തിയിരിക്കുന്നത്.
Business
ന്യൂഡൽഹി: ആഗോളനയങ്ങൾക്കു പകരം ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിച്ചുകൊണ്ടു മാത്രമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് രാജ്യത്തു പ്രവർത്തിക്കാൻ കഴിയൂവെന്ന് ഉടമകളായ മെറ്റയ്ക്കു കേന്ദ്രസർക്കാരിന്റെ നിർദേശം.
ഡീപ്ഫേക്കുകൾ, പ്ലാറ്റ്ഫോം അൽഗോരിതങ്ങൾ, ഉള്ളടക്ക നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് മെറ്റയുമായി കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം നടത്തിവന്ന ചർച്ചകളിലാണു നിർദേശം മുന്നോട്ടുവച്ചത്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു സർക്കാർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ശക്തമായ പ്രതിരോധസംവിധാനം നടപ്പാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടു.
ഡീപ്ഫേക്കുകൾ കണ്ടെത്താൻ ഓട്ടോമേറ്റഡ് സംവിധാനങ്ങളെ ആശ്രയിക്കുന്നതിനു പകരം സംശയാസ്പദമായ കേസുകളിൽ മനുഷ്യന് നേരിട്ടു പരിശോധന നടത്താൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
ഇതിനുപുറമെ ഒരിക്കൽ നീക്കം ചെയ്ത വ്യാജ ഉള്ളടക്കങ്ങളും പ്രൊഫൈലുകളും വീണ്ടും പ്രചരിക്കുന്നതു തടയാനും ഉപയോക്താക്കളുടെ താത്പര്യങ്ങൾക്കു വിരുദ്ധമായി അൽഗോരിതം വഴി ഇത്തരം ഉള്ളടക്കങ്ങൾ ശിപാർശ ചെയ്യുന്നത് ഇല്ലാതാക്കാനും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ വിവിധ ഭാഷകളും സാംസ്കാരിക സവിശേഷതകളും കൃത്യമായി മനസിലാക്കാൻ വിദേശകേന്ദ്രങ്ങളിൽ രൂപകല്പന ചെയ്യുന്ന നയങ്ങൾക്കു കഴിയുന്നില്ലെന്ന ആശങ്കയും സർക്കാർ മെറ്റയെ അറിയിച്ചു.
Viral
ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന ആരോപണവുമായി മോഡലും ആക്ടിവിസ്റ്റുമായ റിയാ ആഹിർ രംഗത്തെത്തി. മുംബൈയിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് അക്കൗണ്ടിലെ സബ്സ്ക്രിപ്ഷൻ ഫീച്ചർ അപ്രതീക്ഷിതമായി തടസപ്പെട്ടതെന്നും, പുതിയ ഉപയോക്താക്കൾക്ക് അക്കൗണ്ട് ഫോളോ ചെയ്യാൻ സാധിക്കുന്നില്ലെന്നും റിയ വ്യക്തമാക്കി.
സോഷ്യൽ മീഡിയയുടെ മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ 27-കാരിയായ റിയ, കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയ 'പാർട്ടി' എന്ന പഴയ സിനിമയിലെ രംഗം പോസ്റ്റ് ചെയ്തതാണോ ഈ നടപടിക്ക് പിന്നിലെന്ന് സംശയം പ്രകടിപ്പിച്ചു.
കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ടതും പോലീസ് നടപടിയെ വിമർശിക്കുന്നതുമായ സമാന ഉള്ളടക്കങ്ങൾക്ക് ഇൻസ്റ്റാഗ്രാം നിയന്ത്രണമേർപ്പെടുത്തുന്നതായി മറ്റു പലരും പരാതിപ്പെടുന്നുണ്ട്.
രാജ്യത്തെ ഐടി നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില പോസ്റ്റുകൾ നീക്കം ചെയ്തതെങ്കിലും കൃത്യമായ കാരണം പ്ലാറ്റ്ഫോം വ്യക്തമാക്കിയിട്ടില്ല. ഇത് ഇന്ത്യയിൽ പ്രതിഷേധ പോസ്റ്റുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും നേരെ സോഷ്യൽ മീഡിയ കമ്പനികൾ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചു.
മുമ്പ് ദാദറിലെ ശിവജി പാർക്കിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ, കസ്റ്റഡിയിലെടുത്ത സമരക്കാരെ കൊണ്ടുപോയ പോലീസ് വാനിന് മുന്നിൽ ചാടിവീണ് വാഹനം തടഞ്ഞുനിർത്തിയ സംഭവത്തോടെയാണ് റിയാ ആഹിർ ശ്രദ്ധ നേടുന്നത്.
വിദ്യാർഥികൾക്കെതിരെ കേസെടുക്കുന്നത് ഒഴിവാക്കാനും അവരെ മോചിപ്പിക്കാനും പോലീസിനോട് ധൈര്യത്തോടെ ആവശ്യപ്പെട്ട റിയയുടെ അന്നത്തെ ഇടപെടൽ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. റിയയുടെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഭിന്നമായ പ്രതികരണങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ കമ്പനിയുടെ നടപടി നീതികേടാണെന്നും മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് മാറേണ്ടി വരുമെന്നും ഒരു വിഭാഗം ആളുകൾ മുന്നറിയിപ്പ് നൽകുമ്പോൾ, റിയ വെറും വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ശ്രമിക്കുകയാണെന്നും പഴയ സംഭവത്തിന്റെ ജനപ്രീതി മുതലാക്കാൻ നോക്കുകയാണെന്നും വിമർശിച്ച് മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
International
വാഷിംഗ്ടൺ: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന കേസിൽ മാതൃകമ്പനിയായ മെറ്റയ്ക്ക് കനത്ത തിരിച്ചടി. യുഎസിലെ ന്യൂ മെക്സിക്കോ കോടതി മെറ്റയോട് 567 മില്യൺ ഡോളർ (ഏകദേശം 4,700 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
കുട്ടികളിലെ സോഷ്യൽ മീഡിയ അടിമത്തവും ലൈംഗിക ചൂഷണവും തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് കാട്ടി ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ നൽകിയ ഹർജിയിലാണ് നടപടി. നഷ്ടപരിഹാര തുകയിൽ 420 മില്യൺ ഡോളർ കുട്ടികളുടെ മാനസിക ആരോഗ്യ ചികിത്സയ്ക്കായും ബാക്കി തുക ബോധവൽക്കരണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിനിയോഗിക്കണം.
മാർച്ചിൽ നടന്ന ഒന്നാം ഘട്ട വിചാരണയിൽ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് 375 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. ഇതോടെ കേസിൽ മെറ്റ നൽകേണ്ട ആകെ തുക 942 മില്യൺ ഡോളറായി (ഏകദേശം 7,900 കോടി രൂപ) ഉയർന്നു. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്ഫോമുകൾ സുരക്ഷിതമാണെന്നും വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും മെറ്റ വ്യക്തമാക്കി.
Business
സാൻഫ്രാൻസിസ്കോ: നിർമിതബുദ്ധി (എഐ) മേഖലയെ ഞെട്ടിച്ചുകൊണ്ട് സുരക്ഷാ പരിശോധനയ്ക്കിടെ മെറ്റയുടെ പുതിയ എഐ മോഡൽ സ്വയം ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെടുകയും മറ്റ് കമ്പനികളുടെ കംപ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് ഹാക്ക് ചെയ്തു കയറുകയും ചെയ്തതായി ടെക് ഭീമന്മാരായ മെറ്റ തന്നെ നേരിട്ടു വ്യക്തമാക്കി.
സ്വതന്ത്ര സുരക്ഷാ പരിശോധനാ ഏജൻസി നടത്തുന്ന പരീക്ഷണത്തിനിടെയാണ് സംഭവം. സമീപകാലത്ത് സമാനമായ രീതിയിൽ എഐ മോഡലുകൾ സുരക്ഷാ ലംഘനം നടത്തുന്ന നാലാമത്തെ സംഭവമാണിത്.
എഐ മോഡലിന് പരീക്ഷണ വേളയിൽ ഇന്റർനെറ്റ് ലഭിക്കുന്ന രീതിയിൽ വരുത്തിയ സാങ്കേതിക പിഴവാണ് ഹാക്കിംഗിലേക്കു നയിച്ചതെന്നും സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചുവരികയാണെന്നും മെറ്റ വക്താവ് പറഞ്ഞു.
ആന്ത്രോപിക്, ഓപ്പൺ എഐ എന്നീ പ്രമുഖ കമ്പനികളുടെ എഐ മോഡലുകളും സമാനമായി ഹാക്കിംഗ് നടത്തിയതായി കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
എഐ മോഡലുകൾക്ക് ബോധപൂർവം കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള കഴിവില്ലെന്നും, അവയ്ക്ക് നൽകുന്ന ലക്ഷ്യങ്ങൾ നേടാനായി മനുഷ്യർ ചിന്തിക്കാത്ത തരത്തിലുള്ള സങ്കീർണമായ തന്ത്രങ്ങളും സൈബർ ആക്രമണ വഴികളും സ്വയം കണ്ടെത്തുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടന്റെ എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനകളിൽ വ്യാജ ഹ്യൂമൻ പ്രൊഫൈലുകൾ ഉണ്ടാക്കി മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ ചോർത്താൻ ചില എഐകൾ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഈ സംഭവങ്ങൾ എഐ സാങ്കേതികവിദ്യയുടെ കടുത്ത സൈബർ സുരക്ഷാ ഭീഷണികളിലേക്കു വിരൽചൂണ്ടുന്നതാണ്.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ, വ്യാജ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവ പ്രചരിച്ചതിലും പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തിലുണ്ടായ സാങ്കേതികപ്പിഴവുകളിലും കേന്ദ്രസർക്കാരിനോടു ഖേദം പ്രകടിപ്പിച്ച് മെറ്റ.
മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് മേധാവി ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഇന്നലെ കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവുമായും മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണനുമായും നടത്തിയ കൂടിക്കാഴ്ചയിലാണു ഖേദം പ്രകടിപ്പിച്ചത്. ഉപയോക്താക്കൾക്ക് ഏത് ഉള്ളടക്കം ലഭ്യമാക്കണമെന്ന് മെറ്റ സ്വയം തീരുമാനിക്കുന്നതിനാൽ വിവരസാങ്കേതിക നിയമപ്രകാരമുള്ള സംരക്ഷണം മെറ്റയ്ക്കു ബാധകമല്ലെന്ന് കൂടിക്കാഴ്ചയിൽ കേന്ദ്രസർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് താത്കാലികമായി നീക്കം ചെയ്തതിനെത്തുടർന്ന് അയച്ച സമൻസിന് മറുപടിയായാണ് മെറ്റ സംഘം കേന്ദ്രസർക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. കമ്പനിയുടെ പ്രാദേശിക ഉദ്യോഗസ്ഥരെയല്ല മറിച്ച് ആഗോളതലത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് കേന്ദ്രസർക്കാർ വിശദീകരണം തേടിയത്.
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മൂന്നു ദിവസത്തിനകം മെറ്റ മേധാവി സക്കർബർഗ് മാപ്പ് പറഞ്ഞില്ലെങ്കിൽ കമ്പനിക്കുള്ള നിയമപരമായ സംരക്ഷണം പിൻവലിക്കുമെന്ന് വിവരസാങ്കേതിക കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി ജൂലൈ 23ന് പങ്കുവച്ച സെൽഫി വീഡിയോ ഓട്ടോമേറ്റഡ് ഫിൽട്ടറുകളുടെ സാങ്കേതികപ്പിഴവുമൂലമാണ് നീക്കം ചെയ്തതെന്നാണ് മെറ്റ നൽകിയ വിശദീകണം. പിന്നീട് ഈ വീഡിയോ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ മെറ്റ നൽകിയ വിശദീകരണത്തിൽ കേന്ദ്രസർക്കാർ തൃപ്തരല്ലെന്നാണു സൂചന.
കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പങ്കുവച്ചതിനെത്തുടർന്ന് കേന്ദ്രസർക്കാരിന്റെ കടുത്ത നിരീക്ഷണത്തിലിരിക്കെയാണു പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമത്തിൽനിന്നും നീക്കം ചെയ്ത സംഭവം മെറ്റയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. കമ്പനിയുടെ ആഗോള പ്രതിനിധിസംഘം ഇന്നും കേന്ദ്ര സർക്കാരുമായി കൂടിക്കാഴ്ച നടത്തും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മോർഫ് ചെയ്തതും എഐ നിർമിതവുമായ അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചരിക്കുന്നതിൽ മെറ്റയുടെ ഇന്ത്യയിലെ തലവനെതിരേ കേസ്.
ഹൈദരാബാദിലെ സൈബർ ക്രൈം പോലീസാണ് മെറ്റയുടെ ഇന്ത്യയിലെ മേധാവി അരുൺ ശ്രീനിവാസനെതിരേയും വിവിധ സമൂഹമാധ്യമ ഉപയോക്താക്കൾക്കെതിരേയും കേസെടുത്തത്.
വിഷയത്തിൽ മെറ്റ പ്ലാറ്റ്ഫോമുകൾക്കു നോട്ടീസ് നൽകാൻ തയാറെടുക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുള്ള വിദ്യാർഥിപ്രതിഷേധങ്ങൾക്കിടെയാണു പ്രധാനമന്ത്രിക്കെതിരേ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രചരിച്ചത്.
Tech
കാലിഫോർണിയ: കുട്ടികൾക്കായി മാതാപിതാക്കൾക്ക് സ്വന്തമായി കഥകൾ നിർമിച്ചു നൽകാൻ സഹായിക്കുന്ന പുതിയ എഐ ആപ്പുമായി മെറ്റ. സ്റ്റോറി കിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ചില രാജ്യങ്ങളിൽ മെറ്റ അവതരിപ്പിച്ചു.
കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുടെയോ വ്യക്തികളുടെയോ ചിത്രങ്ങൾ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ ആപ്പിലൂടെ സാധിക്കും. നന്മ, ധൈര്യം, സഹതാപം തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കഥ പ്രമേയങ്ങളും പശ്ചാത്തലവും മാതാപിതാക്കൾക്ക് തെരഞ്ഞെടുക്കാം. കഥകൾക്ക് പശ്ചാത്തല സംഗീതം നൽകാനും ആപ്പിൽ സൗകര്യമുണ്ട്.
"ഒരു വാക്ക് പോലും എഴുതാതെ തന്നെ കുട്ടികൾക്കായി മനോഹരമായ ബെഡ്ടൈം സ്റ്റോറികൾ നിർമിക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കുട്ടികൾക്കായുള്ള ആപ്പായതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പ്രാധാന്യം നല്കിയിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഫീച്ചറുകൾ ഒന്നുമില്ലാത്ത ഈ ആപ്പ് നിലവിൽ 18 വയസ്സിന് മുകളിലുള്ള മുതിർന്നവർക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
ജെനറേറ്റീവ് എഐ സാങ്കേതികവിദ്യ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ആപ്പ് മുഴുവനായി എന്ന് പുറത്തിറക്കും എന്ന കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി
വ്യക്തമാക്കിയിട്ടില്ല.
Tech
ചിത്രങ്ങൾ നിർമിക്കുന്നതും എഡിറ്റ് ചെയ്യുന്നതും കൂടുതൽ എളുപ്പമാക്കാൻ മെറ്റാ തങ്ങളുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേറ്റർ പുറത്തിറക്കി. എന്നാൽ, ഈ പുതിയ ഫീച്ചർ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. ഈ ടൂൾ ആരുടെ ചിത്രങ്ങളാണ് ഉപയോഗിക്കുക എന്നതിനെച്ചൊല്ലിയുള്ള ചൂടേറിയ തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 'മ്യൂസ് ഇമേജ്' മെറ്റാ അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് പുതിയ ചിത്രങ്ങൾ നിർമിക്കാനും നിലവിലുള്ളവ എഡിറ്റ് ചെയ്യാനും, മെറ്റായുടെ പ്ലാറ്റ്ഫോമുകൾക്കുള്ളിൽ തന്നെ എഐ പരസ്യങ്ങൾ നിർമിക്കാനും ഇതിലൂടെ സാധിക്കും.
എന്നാൽ, ഇൻസ്റ്റാഗ്രാമിലെ പബ്ലിക് പ്രൊഫൈലുകളിലുള്ള ചിത്രങ്ങൾ വെറുതെ ടാഗ് ചെയ്തുകൊണ്ട് മാത്രം, മറ്റുള്ളവർക്ക് പുതിയ എഐ ചിത്രങ്ങൾ നിർമിക്കാൻ ഈ ഫീച്ചർ അനുവാദം നൽകുന്നു എന്നതാണ് ഇതിലെ വില്ലൻ.
ഈ പുതിയ സംവിധാനം വ്യക്തിഗത സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്കപ്പെടുന്നവരിലും സാധാരണ ഉപയോക്താക്കളിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തങ്ങൾ പബ്ലിക്കായി പങ്കുവെക്കുന്ന ചിത്രങ്ങൾ പൂർണമായി അപരിചിതരായ ആളുകൾക്ക് പോലും എഐ ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം എന്ന കാര്യത്തെക്കുറിച്ച് ഭൂരിഭാഗം പേരും ബോധവാന്മാരല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
നമ്മുടെ ചിത്രങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്നത് തടയാൻ സാധിക്കുമോ എന്നുള്ള ചോദ്യങ്ങളാണ് ഉപയോക്താക്കൾ ഉയർത്തുന്നത്. എന്നാൽ അതിനായി നമ്മൾ ഇൻസ്റ്റാഗ്രാമിലെ ഒരു സെറ്റിംഗ്സ് സ്വയം മാറ്റേണ്ടതുണ്ട്.
മ്യൂസ് ഇമേജ് എഐ നിങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെ തടയാം?
തങ്ങളുടെ എഐ ഫീച്ചറുകൾക്കായി പബ്ലിക് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ഉപയോക്താക്കൾക്ക് അവസരമുണ്ടെന്ന് മെറ്റാ വ്യക്തമാക്കുന്നു. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ തുറക്കുക, മുകളിൽ വലതുവശത്തുള്ള മൂന്ന് വരകളിൽ ടാപ്പ് ചെയ്യുക, താഴേക്ക് സ്ക്രോൾ ചെയ്ത് 'ഷെയറിംഗ് ആൻഡ് റീയൂസ്' എന്ന ഭാഗം തെരഞ്ഞെടുക്കുക, അതിൽ 'അലൗ പീപ്പിൾ ടു യൂസ് യുവർ കണ്ടന്റ് ഓൺ ഇൻസ്റ്റാഗ്രാം വിത്ത് എഐ ഫീച്ചർസ് ഓൺ മെറ്റാ' എന്നത് തെരഞ്ഞെടുക്കുക, പോസ്റ്റുകൾക്കും റീലുകൾക്കും വേണ്ടിയുള്ള ഈ സെറ്റിംഗ്സ് ഓഫ് ചെയ്യുക.
ഇത് ഓഫ് ചെയ്യുന്നതോടെ നിങ്ങളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ മെറ്റായുടെ ഈ പ്രത്യേക എഐ ഫീച്ചറിനായി ലഭ്യമാകില്ല. ഇത് പ്രധാനമായും പബ്ലിക് പ്രൊഫൈൽ ഉള്ളവർക്ക് വേണ്ടിയുള്ളതാണ്. പ്രൈവറ്റ് അക്കൗണ്ടുകളെയും 18 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളെയും ഈ ഫീച്ചറിൽ നിന്ന് മെറ്റാ സ്വയം ഒഴിവാക്കിയിട്ടുണ്ട്.
മ്യൂസ് ഇമേജ് നിരവധി ക്രിയേറ്റീവ് ടൂളുകൾ നൽകുന്നുണ്ടെങ്കിലും, ഈ പ്രത്യേക സംവിധാനമാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. മറ്റൊരാളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് റഫറൻസ് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് എഐ ചിത്രങ്ങൾ നിർമിക്കാൻ കഴിയും.
ഒരാളുടെ പബ്ലിക് ചിത്രങ്ങൾ മറ്റൊരാൾ എഐ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ ആ ചിത്രത്തിന്റെ യഥാർഥ ഉടമയ്ക്ക് യാതൊരുവിധ നോട്ടിഫിക്കേഷനും ലഭിക്കില്ലെന്ന് മെറ്റാ തന്നെ സമ്മതിക്കുന്നു. ഈ സുതാര്യതയില്ലായ്മയാണ് പ്രധാന തർക്കവിഷയം.
ക്രിയേറ്റർ അസിസ്റ്റന്റ്, പോക്കറ്റ്-ഗെയിം നിർമാണ ടൂൾ എന്നിവയ്ക്ക് ശേഷം മെറ്റാ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ എഐ ടൂളാണ് മ്യൂസ് ഇമേജ്. നിങ്ങളുടെ ചിത്രങ്ങൾ മറ്റാരെങ്കിലും എഐ ചിത്രങ്ങളാക്കി മാറ്റുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാം സെറ്റിംഗ്സ് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
Tech
ന്യൂഡൽഹി: മെറ്റ തങ്ങളുടെ ഏറ്റവും പുതിയ എഐ അധിഷ്ഠിത ചിത്ര നിർമാണ ടൂളായ 'മ്യൂസ് ഇമേജ്' പുറത്തിറക്കി. മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സ് വികസിപ്പിച്ചെടുത്ത ഈ ടൂൾ, ഔദ്യോഗികമായി പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വലിയ സ്വകാര്യതാ വിവാദങ്ങൾക്കും സോഷ്യൽ മീഡിയയിൽ വഴിതുറന്നിരിക്കുകയാണ്. 'മാംഗോ' എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഈ ഫീച്ചർ നിലവിൽ മെറ്റാ എഐ ആപ്പ്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാണ്.
ഈ പുതിയ എഐ ടൂളിന് ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി ഇൻസ്റ്റാഗ്രാമിലെ വിവരങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് മെറ്റ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയിരുന്നു. അതായത്, ഒരു ഉപയോക്താവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആണെങ്കിൽ, മറ്റേതൊരു വ്യക്തിക്കും ആ അക്കൗണ്ട് 'ടാഗ്' ചെയ്തുകൊണ്ട് അവരുടെ ചിത്രങ്ങൾ എഐ വഴി നിർമിച്ചെടുക്കാൻ സാധിക്കും.
വ്യക്തികളുടെ മുൻകൂർ അനുമതിയില്ലാതെ അവരുടെ യഥാർഥ ചിത്രങ്ങൾ എഐ ഫോട്ടോകളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. മെറ്റയുടെ നയമനുസരിച്ച് പബ്ലിക് അക്കൗണ്ടുകളിലെ വിവരങ്ങൾ എഐ ഫീച്ചറുകൾക്കായി ഉപയോഗിക്കാമെന്നും, എന്നാൽ ഇത്തരത്തിൽ എഐ ചിത്രങ്ങൾ നിർമിക്കപ്പെടുമ്പോൾ അക്കൗണ്ട് ഉടമയ്ക്ക് നോട്ടിഫിക്കേഷൻ ലഭിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.
നിലവിൽ ഈ ഫീച്ചർ ഫോണുകളിൽ തനിയെ ആക്റ്റീവ് ആയിരിക്കുമെങ്കിലും, ഉപയോക്താക്കൾക്ക് സെറ്റിങ്സ് വഴി ഇത് ഓഫാക്കാനോ അക്കൗണ്ട് പ്രൈവറ്റ് ആക്കാനോ സാധിക്കും. എന്നാൽ, മുൻപ് ഇത്തരത്തിൽ നിർമിക്കപ്പെട്ട ചിത്രങ്ങൾ ഡിലീറ്റ് ചെയ്യപ്പെടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
സ്വകാര്യതാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിരവധി നൂതന ഫീച്ചറുകളുമായാണ് മ്യൂസ് ഇമേജ് എത്തിയിരിക്കുന്നത്. സാധാരണ എഐ ടൂളുകളെപ്പോലെ കാർട്ടൂൺ ശൈലിയിലുള്ള ചിത്രങ്ങൾ, പോസ്റ്റ്കാർഡുകൾ, ഇൻവിറ്റേഷൻ കാർഡുകൾ എന്നിവ നിർമിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ ചിത്രങ്ങൾക്കുള്ളിൽ തന്നെ ക്യുആർ കോഡുകൾ നിർമിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി 30 പുതിയ എഐ ഇഫക്റ്റുകളും ഫിൽട്ടറുകളും ഈ ടൂൾ വഴി മെറ്റാ ഒരുക്കുന്നുണ്ട്.
അലക്സാണ്ടർ വാങ് നയിക്കുന്ന മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സിന്റെ രണ്ടാമത്തെ വലിയ റിലീസാണിത്. ഓപ്പൺഎഐയുടെ ജിപിടി ഇമേജ് 2 വിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ റേറ്റിങ്ങിൽ മ്യൂസ് ഇമേജ്. ഇതോടൊപ്പം മ്യൂസ് വീഡിയോ എന്ന എഐ വീഡിയോ ജനറേറ്ററും മെറ്റ വികസിപ്പിച്ചുവരികയാണ്.
മ്യൂസ് ഇമേജ് സൗജന്യമായാണ് നൽകുന്നതെങ്കിലും, ഒരു നിശ്ചിത ഉപയോഗ പരിധി കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് മെറ്റാ വൺ പോലുള്ള പെയ്ഡ് പ്ലാനുകൾ എടുക്കേണ്ടി വരും. നിലവിൽ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും വാട്സ്ആപ്പ് ഡയറക്ട് മെസ്സേജുകളിലും ലഭ്യമായിട്ടുള്ള ഈ ടൂൾ ഈ വർഷം അവസാനത്തോടെ ഫേസ്ബുക്കിലും മെസ്സഞ്ചറിലും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. പരസ്യദാതാക്കൾക്കായി ബിസിനസ് ടൂളുകളിലും ഈ എഐ സേവനം മെറ്റ ലഭ്യമാക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മാതൃകമ്പനിയായ മെറ്റയ്ക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്.
സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസയച്ചത്.
ഇത്തരം പരസ്യങ്ങളും കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഇൻസ്റ്റഗ്രാമിൽനിന്ന് ഉടനടി നീക്കം ചെയ്യാനും മന്ത്രാലയം നിർദേശിച്ചു.
ഇത്തരം പരസ്യങ്ങൾ എങ്ങനെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടുവെന്നും, ഇവ തടയാൻ സ്വീകരിച്ചിട്ടുള്ള സുരക്ഷാമാർഗങ്ങൾ എന്തൊക്കെയാണെന്നും നേരിട്ടു വിശദീകരിക്കാൻ മെറ്റയുടെ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ വിളിച്ചുവരുത്തും. മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ പരസ്യ അവലോകന പ്രക്രിയയും, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാൻ സ്വീകരിക്കുന്ന തുടർനടപടികളും കമ്പനി വിശദീകരിക്കണം.
ഇൻസ്റ്റഗ്രാമിൽ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുന്ന വിവരം മാധ്യമസ്ഥാപനമായ ബിബിസിയുടെ അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത്. ഇതേത്തുടർന്നാണു കേന്ദ്രസർക്കാർ ഇടപെടൽ.
കേന്ദ്രസർക്കാർ നിർദേശം പാലിക്കുന്നതിൽ മെറ്റ പരാജയപ്പെട്ടാൽ ഐടി ആക്ടും 2012ലെ പോക്സോ നിയമപ്രകാരവും നടപടികൾ നേരിടേണ്ടിവന്നേക്കും. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും ഐടി ആക്ടിലെ സെക്ഷൻ 67(ബി) പ്രകാരം ഇന്ത്യയിൽ കുറ്റകരമാണ്.
പെയ്ഡ് പരസ്യങ്ങളിലൂടെ പ്ലാറ്റ്ഫോമുകൾ നേരിട്ടു വരുമാനം ഉണ്ടാക്കുന്നതിനാൽ ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ സാങ്കേതിക കമ്പനികൾക്കു നിയമപരമായ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അത്തരം ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നതുമായ എല്ലാ പെയ്ഡ് പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം മെറ്റയ്ക്ക് നിർദേശം നൽകി. ഏഴ് ദിവസത്തിനകം വിശദമായ മറുപടി നൽകാനാണ് മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടത്.
ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെ പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു, ഇതിനെ തടയാനുള്ള സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങളിൽ മന്ത്രാലയം വ്യക്തത തേടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലെ ചില പെയ്ഡ് പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ ലഭ്യമാകുന്ന ടെലഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ വഴിതിരിച്ചുവിടുന്നതായി കണ്ടെത്തിയിരുന്നു. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളെത്തുടർന്നാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്.
കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ "സീറോ ടോളറൻസ്" നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അൽഗോരിതം ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും സർക്കാർ ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങളോട് മെറ്റയ്ക്ക് "സീറോ ടോളറൻസ്" നയമാണുള്ളതെന്നും, നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ തടയാൻ അത്യാധുനിക എഐ സാങ്കേതികവിദ്യകളും മനുഷ്യനിരീക്ഷകരും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് മെറ്റയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം.
വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ മെറ്റയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് കർശന നിർദേശങ്ങൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രാം പരസ്യങ്ങളിലെ ഈ ഗുരുതര വീഴ്ചയും പുറത്തുവന്നിരിക്കുന്നത്.
Tech
മെറ്റ ഗെയിമിംഗ് മേഖലയിലേക്ക് ചുവടുവെക്കുന്നു. ലളിതമായ ഭാഷാ നിർദ്ദേശങ്ങൾ നൽകി സ്വന്തമായി ഗെയിമുകളും മറ്റ് ഇന്ററാക്ടീവ് ഫീച്ചറുകളും നിർമിക്കാൻ സഹായിക്കുന്ന 'പോക്കറ്റ്' എന്ന പുതിയ ആപ്പാണ് മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഈ ആപ്പ് ഇപ്പോൾ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായിക്കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ആപ്പിൽ ഉപയോക്താക്കൾക്ക് സ്വന്തമായി ഗെയിമുകൾ നിർമിക്കാൻ സാധിക്കുമെന്ന് മാത്രമല്ല, മറ്റുള്ളവർ നിർമിച്ച ഗെയിമുകൾ കളിച്ച് നോക്കാനുള്ള ഒരു 'ഡിസ്കവറി ഫീഡ്' സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിലവിൽ ആപ്പ് പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന സൂചന.
എഐ അധിഷ്ഠിത ഇന്ററാക്ടീവ് ടൂളുകൾ നിർമിക്കുന്നതിൽ വിദഗ്ധരായ ഗിസ്മോ എന്ന സ്റ്റാർട്ടപ്പ് കമ്പനിയെ മെറ്റ ഈ വർഷം ആദ്യം സ്വന്തമാക്കിയിരുന്നു. ഈ ടീമിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 'പോക്കറ്റ്' വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെ സ്ക്രീൻഷോട്ടുകൾ പ്രകാരം, പോക്കറ്റ് ആപ്പിന് പഴയ ഗിസ്മോ ആപ്പുമായി ഏറെ സാമ്യമുണ്ട്. കോഡിംഗ് അറിവില്ലാത്ത സാധാരണക്കാർക്കും തങ്ങൾക്ക് ആവശ്യമുള്ള ഗെയിം എന്താണെന്ന് ലളിതമായി വിവരിച്ചു നൽകിക്കൊണ്ട് ഇതിലൂടെ പുതിയ ഗെയിമുകൾ സൃഷ്ടിക്കാനാകും.
പ്രശസ്ത റിവേഴ്സ് എഞ്ചിനീയറായ അലസ്സാൻഡ്രോ പലൂസിയാണ് ഈ ആപ്പ് ആദ്യമായി കണ്ടെത്തിയത്. ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ ആപ്പ്ഫിഗേഴ്സ് നൽകുന്ന വിവരമനുസരിച്ച്, 2026 ജൂൺ 29നാണ് ഈ ആപ്പ് ആദ്യമായി പ്ലേ സ്റ്റോറുകളിലെത്തിയത്.
ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതിന് പിന്നാലെ ഗെയിമിംഗ് രംഗത്തേക്കും എ ഐ വ്യാപിപ്പിക്കാനുള്ള മെറ്റയുടെ വലിയ പദ്ധതികളുടെ ഭാഗമായാണ് പോക്കറ്റ് ആപ്പിന്റെ വരവ്. മെറ്റ എ ഐ വഴി ചിത്രങ്ങളും, വൈബ്സ് ആപ്പ് വഴി വീഡിയോകളും നിർമിക്കാനുള്ള സൗകര്യം മെറ്റ നേരത്തെ തന്നെ ഒരുക്കിയിരുന്നു. കൂടാതെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലും, വീഡിയോ എഡിറ്റിംഗ് ആപ്പായ എഡിറ്റ്സ് എന്ന പ്ലാറ്റ്ഫോമിലും ജനറേറ്റീവ് എഐ ഫീച്ചറുകൾ മെറ്റ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tech
ന്യൂഡൽഹി:സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവർക്കായി ഇൻസ്റ്റാഗ്രാം പുതിയ സ്റ്റോറി ക്രിയേഷൻ ടൂളുകൾ പ്രഖ്യാപിച്ചു. റെയ് ബാൻ മെറ്റാ, ഓക്ലി മെറ്റ, മെറ്റ ഗ്ലാസുകൾ എന്നിവ വഴി ചിത്രീകരിക്കുന്ന ഫസ്റ്റ് പേഴ്സൺ വീഡിയോകൾ കൂടുതൽ ആകർഷകമാക്കാനാണ് ഈ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. സ്പിൻ വ്യൂ, മൾട്ടി-കാം എന്നിവയും പുതിയ എഡിറ്റിംഗ് ടൂളുകളും ഇതിൽ ഉൾപ്പെടുന്നു.
പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിലുള്ള ഒരു ദൃശ്യാനുഭവം നൽകുന്ന ഇന്ററാക്ടീവ് സ്റ്റോറി ഫോർമാറ്റാണിത്. ഉപയോക്താക്കൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ തിരിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുന്നതിലൂടെ, ക്രിയേറ്റർ ഗ്ലാസിലൂടെ കണ്ട ചുറ്റുപാടുകൾ പൂർണമായി കാണാൻ സാധിക്കും.
മെറ്റ സ്മാർട്ട് ഗ്ലാസുകളിലും സ്മാർട്ട്ഫോണിലും ഒരേസമയം റിക്കാർഡ് ചെയ്യുന്ന ദൃശ്യങ്ങളെ ഒരുമിച്ച് ഒറ്റ സ്റ്റോറിയായി ഇതിലൂടെ പങ്കുവെക്കാം. രണ്ട് വ്യത്യസ്ത കോണുകളിലുള്ള ദൃശ്യങ്ങൾ ഒരേസമയം കാണിക്കാൻ ഇത് സഹായിക്കും.
വൈഡ് ആംഗിൾ ദൃശ്യങ്ങൾ റീഫ്രെയിം ചെയ്യാനുള്ള എക്സ്പാൻഡ് ടൂൾ, പശ്ചാത്തല ശബ്ദങ്ങൾ കുറച്ച് ശബ്ദ വ്യക്തത കൂട്ടാനുള്ള ഓഡിയോ ടൂൾ, വീഡിയോയുടെ വേഗത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന സ്പീഡ് ടൂൾ എന്നിവയും ഇതിലുണ്ട്.
ഇൻസ്റ്റാഗ്രാം ആപ്പിലെ സ്റ്റോറി എഡിറ്ററിലൂടെ നേരിട്ട് ഈ ഫീച്ചറുകൾ ഉപയോഗിക്കാം. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങൾക്ക് മുകളിൽ ഒരു ഗ്ലാസ് ഐക്കൺ കാണാം. ഇതിൽ ടാപ്പ് ചെയ്താൽ ഈ പുതിയ ടൂളുകളെല്ലാം ലഭ്യമാകും. തങ്ങളുടെ വെയറബിൾ ഉപകരണങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ പുതിയ നീക്കം.
National
ന്യൂഡൽഹി: ഫോൺനമ്പർ പങ്കുവയ്ക്കാതെ പരസ്പരം കണക്ട് ചെയ്യാൻ സാധിക്കുന്ന വാട്സാപ്പിന്റെ യൂസർനെയിം ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ മെറ്റയിൽനിന്നു വിശദീകരണം തേടി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അവലോകനങ്ങളും പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കരുതെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിർദേശം.
പുതിയ സംവിധാനം ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും കാരണമായേക്കുമെന്ന ആശങ്കയെത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഇപ്പോൾ അവതരിപ്പിച്ച ഫീച്ചറിന്റെ സുരക്ഷ, സ്വകാര്യത, ഉപഭോക്തൃ സുരക്ഷിതത്വം എന്നിവയെക്കുറിച്ച് വിശദമായ റിപ്പോർട്ട് മൂന്നു ദിവസത്തിനകം സമർപ്പിക്കാൻ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകൾ തടയാൻ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നു വിശദീകരിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Tech
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് പൂർണമായി മാറാനുള്ള മെറ്റയുടെ നീക്കം വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ പരിവർത്തനത്തിന്റെ ഭാഗമായി കമ്പനിയിൽ വലിയ തോതിലുള്ള ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലും പുനഃക്രമീകരണവുമാണ് നടക്കുന്നത്. ഈ പ്രക്രിയ സുഗമമായിരുന്നില്ലെന്നും നിരവധി പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
കടുത്ത മത്സരമുള്ള എഐ മേഖലയിൽ മുൻപന്തിയിലെത്താനുള്ള മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എഐ വിഭാഗത്തിന് മുൻഗണന നൽകിക്കൊണ്ട് മെറ്റ തങ്ങളുടെ ജീവനക്കാരുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിവരികയായിരുന്നു. മേയ് മാസത്തിൽ കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം (ഏകദേശം 8,000 പേരെ) മെറ്റ പിരിച്ചുവിട്ടു. മാർച്ചിലെ കണക്കനുസരിച്ച് 78,000 ജീവനക്കാരായിരുന്നു കമ്പനിയിലുണ്ടായിരുന്നത്.
പിരിച്ചുവിടലിനൊപ്പം തന്നെ ഏഴായിരത്തോളം ജീവനക്കാരെ എഐ സംബന്ധമായ പുതിയ ടീമുകളിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. നിലവിലെ പുനഃസംഘടനകൾ വിലയിരുത്തുമ്പോൾ മെറ്റയിലെ അഞ്ചിൽ ഒരാളെ വീതം ഈ മാറ്റങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ അടിസ്ഥാന സൗകര്യങ്ങൾക്കും, പ്രതിഭകളെ കണ്ടെത്തുന്നതിനും, പുതിയ ഉത്പന്നങ്ങൾക്കുമായി കമ്പനി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, മനുഷ്യർ ചെയ്തിരുന്ന പല ജോലികളും എഐ ഏജന്റുകളെ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ലെന്ന് സക്കർബർഗ് വ്യക്തമാക്കുന്നു.
"ഈ മാറ്റങ്ങളുടെ സങ്കീർണത കണക്കിലെടുക്കുമ്പോൾ, ഞങ്ങൾക്ക് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ഇനിയും തെറ്റുകൾ ഉണ്ടായേക്കാം," സക്കർബർഗ് മെമ്മോയിൽ കുറിച്ചു.
കൂടുതൽ ജോലിനഷ്ടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ എന്നാൽ ഈ വർഷം ഇനി കമ്പനിയിലുടനീളം ഒരു പിരിച്ചുവിടൽ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ് സക്കർബർഗ് ജീവനക്കാർക്ക് ഉറപ്പ് നൽകി. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പൂർണമായ ഒരു ഗ്യാരണ്ടി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. എഐ പരിശീലനത്തിലേക്കും വികസനത്തിലേക്കും മാറ്റപ്പെട്ട ജീവനക്കാർക്ക്, കമ്പനിയുടെ മുൻഗണനകൾ മാറുന്നതിനനുസരിച്ച് ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tech
ആൻഡ്രോയിഡ് ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന ഒരു പ്രധാന മാറ്റവുമായി വാട്സ്ആപ്. ദൈനംദിന ചാറ്റിംഗ് കൂടുതൽ ലളിതവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിട്ട്, മെസ്സേജുകളിൽ ലോംഗ് പ്രസ്സ് ചെയ്യുമ്പോൾ വരുന്ന ആക്ഷൻ മെനു പൂർണ്ണമായും പരിഷ്കരിക്കുകയാണ്.
നിലവിൽ പരിമിതമായ ബീറ്റാ ഉപയോക്താക്കൾക്കായി ലഭ്യമാക്കിത്തുടങ്ങിയ ഈ പുത്തൻ ഡിസൈൻ, തെരഞ്ഞെടുത്ത മെസ്സേജിന് തൊട്ടടുത്ത് തന്നെ ഒരു 'കോൺടെക്സ്റ്റുവൽ മെനു' ആയിട്ടായിരിക്കും ദൃശ്യമാവുക. ഇതിലൂടെ ഐഫോൺ ഉപയോക്താക്കൾക്ക് നിലവിൽ ലഭിക്കുന്നതിന് സമാനമായ അനുഭവം ആൻഡ്രോയിഡിലും കൊണ്ടുവരാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. 2023ൽ തന്നെ ഇതിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
ഒരു മെസ്സേജ് ഫോർവേഡ് ചെയ്യാനോ, എഡിറ്റ് ചെയ്യാനോ, അല്ലെങ്കിൽ മറ്റ് കാര്യങ്ങൾക്കോ സ്ക്രീനിന്റെ മുകളിലുള്ള ടൂൾബാറിനെയും 'ത്രീഡോട്ട്' മെനുവിനെയുമാണ് ആശ്രയിച്ചിരുന്നത്. ഇത് പലപ്പോഴും ഉപയോക്താക്കളുടെ ശ്രദ്ധ സ്ക്രീനിന്റെ പല ഭാഗങ്ങളിലേക്ക് മാറ്റേണ്ടി വരുന്നതിന് കാരണമാകുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഇതിന് പരിഹാരമാകും. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.26.23.8ലാണ് ഈ പുതിയ മെനു ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനിമുതൽ മെസ്സേജിൽ തൊട്ടുപിടിക്കുമ്പോൾ അതിനടുത്ത് തന്നെ മെനു പ്രത്യക്ഷപ്പെടും.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറുകൾ ഇതിൽ മുന്നിൽത്തന്നെ കാണാം. കുറച്ചുമാത്രം ഉപയോഗിക്കുന്ന മറ്റ് ഓപ്ഷനുകൾ മോർ, എന്ന പ്രത്യേക സെക്ഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് സ്ക്രീൻ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകൾ വ്യത്യസ്ത ഡിസൈൻ ശൈലികളാണ് പിന്തുടരുന്നതെങ്കിലും, ഇരുവിഭാഗം ഉപയോക്താക്കൾക്കും ഒരേപോലെയുള്ള ആപ്പ് അനുഭവം നൽകാനാണ് വാട്സ്ആപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരുപോലെ ഈ ഫീച്ചർ ലഭ്യമാകും.
നിലവിൽ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ ഈ ഫീച്ചർ, പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാകുന്നതോടെ വരും ആഴ്ചകളിൽ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും എത്തും. ഈ മാറ്റം വാട്സ്ആപ്പിനെ പൂർണ്ണമായി മാറ്റിമറിച്ചേക്കില്ലെങ്കിലും, കോടിക്കണക്കിന് ആളുകളുടെ നിത്യേനയുള്ള ചാറ്റിംഗ് കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റുമെന്നുറപ്പാണ്.
Business
കൊച്ചി: ഇന്ത്യയിലെ ആഭ്യന്തര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ഗ്രൂപ്പ്, മെറ്റയുടെ അഫിലിയേറ്റ് പങ്കാളിയായി ചേർന്ന് ക്രിയേറ്റർ അധിഷ്ഠിത കൊമേഴ്സിനെ കൂടുതൽ ശക്തിപ്പെടുത്തുന്ന പുതിയ സംരംഭം പ്രഖ്യാപിച്ചു.
ഇതിലൂടെ ഫ്ലിപ്കാർട്ടിലെയും മിന്ത്രയിലെയും ഉത്പന്നങ്ങൾ ഫേസ്ബുക്ക് പോസ്റ്റുകളിലും റീലുകളിലും ക്രിയേറ്റർമാർക്ക് നേരിട്ട് ടാഗ് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: മുൻനിര ടെലികോം ഓപ്പറേറ്ററായ വോഡഫോണ് ഐഡിയ പ്രമുഖ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
മെറ്റയുടെ കീഴിലുള്ള വാട്സാപ്, ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്ന വി ഉപഭോക്താക്കള്ക്ക് കൂടുതല് സുരക്ഷിതവും വേഗമേറിയതുമായ ഡിജിറ്റല് അനുഭവം ഉറപ്പാക്കാന് സൈലന്റ് മൊബൈല് വെരിഫിക്കേഷന് സംവിധാനമാണു കമ്പനി അവതരിപ്പിച്ചത്.
Tech
മെറ്റ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികൾ അവതരിപ്പിച്ചു. പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കാതെ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് വരുമാനം നേടാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളറും വാട്സ്ആപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ അന്താരാഷ്ട്ര നിരക്ക്. ഇന്ത്യയിലെ ഔദ്യോഗിക നിരക്കുകൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് സാധാരണ അക്കൗണ്ടുകളിൽ ലഭിക്കാത്ത നിരവധി പ്രത്യേക സൗകര്യങ്ങൾ ലഭിക്കും. സ്റ്റോറി വീണ്ടും കണ്ടവരുടെ എണ്ണം അറിയുക, കൂടുതൽ ആളുകൾക്കായി സ്റ്റോറി പ്രദർശിപ്പിക്കുക തുടങ്ങിയ ഫീച്ചറുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ പ്രത്യേക ഫോണ്ടുകൾ, ആനിമേറ്റഡ് 'സൂപ്പർ ഹാർട്ട്' റിയാക്ഷനുകൾ, കസ്റ്റമൈസ്ഡ് ആപ്പ് ഐക്കണുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
ഫേസ്ബുക്ക് പ്ലസിലും സമാനമായ വ്യക്തിഗത ക്രമീകരണങ്ങളും പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വാട്സ്ആപ്പ് പ്ലസ് പ്രധാനമായും മെസേജിംഗ് അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ തീമുകൾ, പ്രത്യേക റിങ്ടോണുകൾ, പ്രീമിയം സ്റ്റിക്കറുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
മെറ്റാ വൺ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സബ്സ്ക്രിപ്ഷൻ പദ്ധതികളും മെറ്റ അവതരിപ്പിച്ചു. ഇമേജ് നിർമ്മാണം, വീഡിയോ ക്രിയേഷൻ, ഉയർന്ന തലത്തിലുള്ള എഐ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പ്രത്യേക പ്ലാനുകൾ നൽകും. ഉയർന്ന ഉപയോഗ പരിധിയുള്ള പ്രീമിയം പതിപ്പുകൾക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി പുതിയ പ്രൊഫഷണൽ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.
Business
ന്യൂയോർക്ക്: ബുധനാഴ്ച രാവിലെ മെറ്റയിലെ ആയിരക്കണക്കിന് ജീവനക്കാർ ഉണർന്നത് തങ്ങളുടെ ജോലിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലേക്കാണ്. ആഗോളതലത്തിൽ ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന മറ്റൊരു വലിയ പിരിച്ചുവിടൽ നടപടി കൂടി ഈ സോഷ്യൽ മീഡിയ ഭീമൻ നടപ്പിലാക്കിക്കഴിഞ്ഞു.
8000 പേർക്കാണ് ജോലി നഷ്ടമാകുക. കാര്യക്ഷമത വർധിപ്പിക്കുക, ചെലവുകൾ ചുരുക്കുക, ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങൾ വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പുനഃസംഘടനയുടെ ഭാഗമായാണ് ഈ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലെന്ന് ഫേസ്ബുക്കിന്റെയും വാട്ട്സ്ആപ്പിന്റെയും മാതൃകന്പനിയായ മെറ്റ വ്യക്തമാക്കി.
ആഗോളതലത്തിൽ മെറ്റയ്ക്ക് 78000ത്തോളം ജീവനക്കാരാണുള്ളത്. ഈ പുതിയ പിരിച്ചുവിടലിൽ ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കന്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകൾ നിർത്തലാക്കുകയും ചെയ്യും.
വ്യത്യസ്ത പ്രദേശങ്ങളിലെ പ്രാദേശിക സമയം പുലർച്ചെ 4 മണിക്ക് മൂന്ന് ഘട്ടങ്ങളായാണ് പിരിച്ചുവിടൽ അറിയിപ്പുകൾ അയച്ചത്. സിംഗപ്പുരിലെ ജീവനക്കാർക്കാണ് ആദ്യം നോട്ടീസ് ലഭിച്ചതെങ്കിൽ, യൂറോപ്പിലെയും യുഎസിലെയും ജീവനക്കാർക്ക് അവരുടെ സമയമേഖലകൾ അനുസരിച്ചാണ് വിവരങ്ങൾ കൈമാറിയതെന്ന് ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും എച്ച്ആർ മേധാവി ജാനൽ ഗെയിൽ അയച്ച ആഭ്യന്തര മെമ്മോ ചോർന്നുകിട്ടിയതിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.
ഈ ഘട്ടത്തിലെ പിരിച്ചുവിടലുകൾ പ്രധാനമായും എൻജിനിയറിംഗ്, പ്രോഡക്ട് ടീമുകളെയാകും ബാധിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം അവസാനത്തോടെ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
പിരിച്ചുവിടൽ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് എച്ച്ആർ മേധാവിയുടെ ആഭ്യന്തര മെമ്മോയിൽ പറയുന്നു. ചെറിയ ടീമുകൾക്ക് പ്രധാന്യം നല്കിക്കൊണ്ട് കന്പനിയിലെ മാനേജീരിൽ തസ്തികകളുടെ എണ്ണം കുറയ്ക്കാൻ പോകുകയാണെന്ന സൂചനയും ഗെയ്ൽ നൽകി.
Tech
ന്യൂയോര്ക്ക്: ഇന്നാണത്, മെറ്റയിലെ കൂട്ടപിരിച്ചുവിടൽ. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകള് നിര്ത്തലാക്കുകയും ചെയ്യും.
പിരിച്ചുവിടല് നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകള് പ്രാദേശിക സമയം രാവിലെ നാലിന് എത്തുമെന്നും ജോലിയില് തുടരുന്ന ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും അറിയിപ്പുകൾ ലഭിച്ചതായി റിപ്പോട്ടുകളുയരുന്നു.
പിരിച്ചുവിടല് ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വര്ധിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ.പല ടീമുകള്ക്കും നിലവില് ചെറിയ ഗ്രൂപ്പുകളായും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടും കൂടി പ്രവര്ത്തിക്കാന് കഴിയും. പല സ്ഥാപനങ്ങള്ക്കും ലളിതമായ ഘടനയോടെ പ്രവര്ത്തിക്കാന് കഴിയുന്ന ഘട്ടമാണിത്. പുനര്വിന്യാസിക്കുന്ന 7000 ജീവനക്കാരെ ഉള്ക്കൊള്ളുന്ന നാല് പുതിയ സംവിധാനങ്ങളും എഐയെ അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്നവ ആയിരിക്കുമെന്നും മെമ്മോയില് പറയുന്നു.
യുഎസില് പിരിച്ചുവിടപ്പെടുന്നവര്ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം ആനുകൂല്യമായി ലഭിക്കും. കൂടാതെ മെറ്റയില് ജോലി ചെയ്ത ഓരോ വര്ഷവും കണക്കിലെടുത്ത് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഹെല്ത്ത് കെയറും കരിയര് പിന്തുണയും മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎസിന് പുറത്തുള്ള ജീവനക്കാര്ക്ക് വ്യത്യസ്തമായ പാക്കേജുകള് ലഭിക്കും.
Movies
റിലീസ് ചെയ്ത് ദിവസങ്ങള് മാത്രം പിന്നിട്ട മള്ട്ടിസ്റ്റാര് ചിത്രം പേട്രിയറ്റ് അനധികൃതമായി റിക്കാര്ഡ് ചെയ്ത് പ്രചരിപ്പിച്ച കേസില് ലിങ്ക് കണ്ടെത്തുന്നതിനായി മെറ്റയ്ക്ക് കത്തയച്ച് കൊച്ചി സൈബര് പോലീസ്. ഇന്സ്റ്റഗ്രാം, ഫേസ് ബുക്ക്, വാട്സ്ആപ്പ് എന്നിവ വഴി പ്രചരിച്ച ചിത്രത്തിന്റെ ലിങ്ക് കിട്ടാനായിട്ടാണ് മെറ്റയ്ക്ക് ബുധനാഴ്ച കത്ത് നല്കിയത്.
ടെലഗ്രാം അധികൃതര്ക്കും പോലീസ് കത്ത് നല്കിയിട്ടുണ്ട്. നിര്മാതാവ് ആന്റോ ജോസഫിന്റെ പരാതിയില് കൊച്ചി സൈബര് പോലീസാണ് കേസെടുത്തത്. ഈ മാസം ആദ്യമാണ് സിനിമ അനധികൃതമായി റിക്കാര്ഡ് ചെയ്ത് വിവിധ ഓണ്ലൈന് സൈറ്റുകള് വഴി പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിര്മ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില് പറയുന്നു.
കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകള് പ്രകാരമാണ് കേസ്. വമ്പന് ബജറ്റില് മമ്മൂട്ടി, മോഹന്ലാല് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്.
Kerala
കൊച്ചി: റിലീസ് ചെയ്തു ദിവസങ്ങള് മാത്രം പിന്നിട്ട മള്ട്ടിസ്റ്റാര് ചിത്രം ‘പേട്രിയറ്റ്’ അനധികൃതമായി റെക്കോര്ഡ് ചെയ്തു പ്രചരിപ്പിച്ച കേസില് ലിങ്ക് കണ്ടെത്തുന്നതിനായി മെറ്റയ്ക്കു കത്തയച്ച് കൊച്ചി സൈബര് പോലീസ്.
ഇന്സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവ വഴി പ്രചരിച്ച ചിത്രത്തിന്റെ ലിങ്ക് കിട്ടാനായിട്ടാണു മെറ്റയ്ക്ക് ബുധനാഴ്ച കത്ത് നല്കിയത്. ടെലഗ്രാം അധികൃതര്ക്കും പോലീസ് കത്ത് നല്കിയിട്ടുണ്ട്.
നിര്മാതാവ് ആന്റോ ജോസഫിന്റെപരാതിയില് കൊച്ചി സൈബര് പോലീസാണു കേസെടുത്തത്. കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകള് പ്രകാരമാണു കേസ്.
International
മെൽബൺ: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണത്തിനൊരുങ്ങി ഓസ്ട്രേലിയ. മാധ്യമപ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കാനും ടെക് ഭീമന്മാർ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് നിയമനിർമാണം.
മെറ്റ, ഗൂഗിൾ, ടിക്ടോക് തുടങ്ങിയ ടെക് ഭീമന്മാർ പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ പങ്കുവെക്കുന്നതിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിർമാണം. രാജ്യത്ത് നിന്നുണ്ടാക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി നൽകണമെന്നാണ് നിയമം.
ഇതുസംബന്ധിച്ച കരടുനിയമം സർക്കാർ ചൊവ്വാഴ്ച പുറത്തുവിട്ടു. ജൂലൈ രണ്ടിന് നിയമം പാർലമെന്റിൽ അവതരിപ്പിക്കും. മാധ്യമപ്രവർത്തകർക്ക് അർഹമായ വിഹിതം ഉറപ്പാക്കാനും നിയമം ലക്ഷ്യമിടുന്നു.
വാർത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ടെക് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന് അനുശാസിക്കുന്ന ന്യൂസ് മീഡിയ ബാർഗെയ്നിംഗ് കോഡ് പാലിക്കാൻ കമ്പനികൾ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി.
എന്നാൽ നിർബന്ധിതമായി പണം നൽകാനാവശ്യപ്പെടുന്നത് ശരിയല്ലെന്നും മാധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരമാണ് ഉള്ളടക്കം പങ്കുവയ്ക്കുന്നതെന്നും മെറ്റ വ്യക്തമാക്കി.
Tech
ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്, തങ്ങളുടെ വ്യാജ പതിപ്പിലൂടെ സ്പൈവെയർ ആക്രമണം കണ്ടെത്തിയതിനെതുടർന്ന് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നല്കി. ഇറ്റലിയിൽ നിന്നുള്ള 200 വാട്സ്ആപ് ഉപയോക്താക്കൾ അപകടകരമായ സോഫ്റ്റ്വെയർ അടങ്ങിയ വ്യാജ വാട്സ്ആപ് ഡോൺലോഡ് ചെയ്തതായി മെറ്റ അറിയിച്ചു.
അവരുടെ അക്കൗണ്ടുകള്ളിൽ നിന്നു പുറത്താക്കുകയും വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പുകൾ നല്കുകയും ചെയ്തു. വ്യാജ ആപ് നീക്കം ചെയ്യാനും ഔദ്യോഗിക ആപ് ഡോൺലോഡ് ചെയ്യാനും നിർദേശം നല്കിയതായി മെറ്റ അറിയിച്ചു.
ഇറ്റാലിയൻ സ്പൈവെയർ നിർമാതാക്കളായ സിഐഒ ആണ് വ്യാജ പതിപ്പിനു പിന്നിലെന്ന് മെറ്റ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഔദ്യോഗിക നോട്ടീസ് അയക്കുമെന്നും വാട്സ്ആപ് വ്യക്തമാക്കി.
ഔദ്യോഗിക സൈറ്റുകൾ മാത്രം ഉപയോഗിച്ച് ആപ്പുകൾ ഡോൺലോഡ് ചെയ്യുക, അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക, മോഡിഫൈഡ് പതിപ്പുകൾ ഒഴിവാക്കുക, ഡേവലപ്പറെ പരിശോധിക്കുക, ആപ്പ് പെർമിഷനുകൾ പരിശോധിക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്പോൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ മെറ്റ പങ്കുവെച്ചു. വ്യാജചതിക്കുഴികളിൽ പെട്ട്പോകാതെയിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെറ്റ അറിയിച്ചു.
Tech
മെറ്റാ പ്ലാറ്റ്ഫോംസ് തങ്ങളുടെ പുതിയ രണ്ട് പ്രിസ്ക്രിപ്ഷൻ സ്മാർട്ട് ഗ്ലാസുകൾ ഔദ്യോഗികമായി വിപണിലിറക്കിയതായി അറിയിച്ചു. മെറ്റായും റേയ്ബാനും സംയുക്തമായി പുറത്തിറക്കുന്ന ഈ സ്മാർട്ട് ഗ്ലാസുകൾ കാഴ്ച പരിമിതിയുള്ളവർക്ക് നിത്യേന ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റേയ്ബാൻ മെറ്റ ബ്ലയ്സർ ഒപ്റ്റിക്സ്, റേയ്ബാൻ മെറ്റ സ്ക്രൈബർ ഒപ്റ്റിക്സ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡലുകളിലാണ് ഇവ ലഭ്യമാകുന്നത്. ഈ ഗ്ലാസുകൾ മാറ്റ് ബ്ലാക്ക്, ട്രാൻസ്പരന്റ് മാറ്റ് ഐസ് ഗ്രേ, ട്രാൻസ്പരന്റ് സ്റ്റോൺ ബീജ് എന്നീ ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. അതോടൊപ്പം, ഈ ഗ്ലാസുകൾക്ക് അനുയോജ്യമായ ഡാർക്ക് ബ്രൗൺ ചാർജിംഗ് കേസുകളും മെറ്റാ അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ മൂക്കിന്റെയും ചെവിയുടെയും അളവുകൾക്ക് അനുസൃതമായി ഈ ഗ്ലാസുകൾ ക്രമീകരിക്കാൻ സാധിക്കും.
ഈ സ്മാർട്ട് ഗ്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ഫീച്ചറുകൾ കാമറയിലൂടെ നിങ്ങൾ കാണുന്ന കാര്യങ്ങൾ വിശകലനം ചെയ്യാനും ഭക്ഷണത്തിന്റെ ചിത്രം നോക്കി അതിലെ കലോറി കണക്കാക്കാനും സഹായിക്കും. വാട്സ്ആപ് പോലുള്ള ആപ്പുകളിൽ നിന്നുള്ള സന്ദേശങ്ങൾ ചുരുക്കി വായിച്ചു തരാനും ശബ്ദ നിർദ്ദേശങ്ങളിലൂടെ മറുപടി നൽകാനും ഈ ഗ്ലാസുകൾക്ക് സാധിക്കും.
ഇൻസ്റ്റാഗ്രാം റീൽസുകൾ കാണാനും സ്പോട്ടിഫൈ വഴി സംഗീതം ആസ്വദിക്കാനും ഇതിൽ സൗകര്യമുണ്ട്.499 ഡോളർ (ഏകദേശം 46000 രൂപ)വില വരുന്ന ഈ സ്മാർട്ട് ഗ്ലാസുകൾക്ക് ഇപ്പോൾ യുഎസിൽ പ്രീഓർഡറുകൾ നൽകാം. ഗൂഗിൾ കലണ്ടർ, ഔട്ട്ലുക്ക് എന്നിവയുമായി ബന്ധിപ്പിക്കാവുന്ന കലണ്ടർ ആപ്പും കാലാവസ്ഥ, സ്റ്റോക്ക് വിവരങ്ങൾ അറിയാനുള്ള പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 14 മുതൽ അമേരിക്കയിലും മറ്റ് പ്രമുഖ അന്താരാഷ്ട്ര വിപണികളിലും ഈ സ്മാർട്ട് ഗ്ലാസുകൾ നേരിട്ട് ലഭ്യമായിത്തുടങ്ങും.
International
ടെഹ്റാൻ: പ്രമുഖ അമേരിക്കൻ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് അമേരിക്കൻ കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ 18 മുൻനിര അമേരിക്കൻ കമ്പനികൾക്കെതിരെ ആക്രമണം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ആപ്പിൾ, മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഐബിഎം, ഡെൽ, ടെസ്ല, എൻവിഡിയ, ബോയിംഗ്, എച്ച്പി, സിസ്കോ, ഒറാക്കിൾ, പാലാന്റിർ, ജെ.പി മോർഗൻ, ജിഇ, സ്പയർ സൊല്യൂഷൻസ്, ജി42 എന്നീ കമ്പനികൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.
അമേരിക്കൻ കമ്പനികൾ കൊലപാതകങ്ങളിൽ പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നു. ജീവൻ രക്ഷിക്കാനായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്ന് ഇറാൻ നിർദേശിച്ചു.
ഇതുകൂടാതെ അമേരിക്കൻ കമ്പനികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശമുണ്ട്. ഇറാൻ സമയം ഏപ്രിൽ ഒന്ന് ബുധനാഴ്ച രാത്രി 8 മുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു.
Tech
ഇൻസ്റ്റാഗ്രാമിൽ പുതിയ പ്രീമിയം സബ്സ്ക്രിപ്ഷനായ ഇൻസ്റ്റാഗ്രാം പ്ലസ് ഏതാനും രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മെറ്റ അവതരിപ്പിച്ചതായി റിപ്പോർട്ട്. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രം ലഭിക്കുന്ന നിരവധി സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്റ്റോറി പോസ്റ്റ് ചെയ്ത വ്യക്തി അറിയാതെ തന്നെ അത് കാണാനുള്ള സൗകര്യം, സ്വന്തം സ്റ്റോറികൾ എത്രപേർ വീണ്ടും കണ്ടുവെന്ന് അറിയാനുള്ള ഫീച്ചർ എന്നിവ ഇതിലുണ്ട്.
നിലവിലുള്ള ക്ലോസ് ഫ്രണ്ട്സ് പട്ടികയ്ക്ക് പുറമെ അൺലിമിറ്റഡ് ഓഡിയൻസ് ലിസ്റ്റുകൾ നിർമിക്കാനും ഓരോ സ്റ്റോറിയും ആരെല്ലാം കാണണമെന്ന് പ്രത്യേകമായി തീരുമാനിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.
കൂടാതെ, സ്റ്റോറികളുടെ കാലാവധി അധികമായി 24 മണിക്കൂർ കൂടി നീട്ടാനും ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി സ്പോട്ട്ലൈറ്റ് ചെയ്യാനും ഇതിലൂടെ കഴിയും.
മറ്റുള്ളവരുടെ സ്റ്റോറികൾക്ക് അനിമേറ്റഡ് സൂപ്പർലൈക്ക് നൽകാനും വ്യൂവർ ലിസ്റ്റിൽ പ്രത്യേക വ്യക്തികൾ ഉണ്ടോ എന്ന് സെർച്ച് ചെയ്ത് കണ്ടെത്താനുമുള്ള സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്.
മെക്സിക്കോ, ജപ്പാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് നിലവിൽ ഇതിന്റെ പരീക്ഷണം നടക്കുന്നത്. വെരിഫൈഡ് ബാഡ്ജിനായി നൽകുന്ന മെറ്റാ വെരിഫൈഡ് സബ്സ്ക്രിപ്ഷനിൽ നിന്നും വ്യത്യസ്തമായി സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇൻസ്റ്റാഗ്രാം പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ രാജ്യത്തും വ്യത്യസ്ത നിരക്കിലായിരിക്കും ഈ സേവനം ലഭ്യമാകുക. മെക്സിക്കോയിൽ ഏകദേശം 2.20 ഡോളറും, ജപ്പാനിൽ രണ്ട് ഡോളറും ഫിലിപ്പീൻസിൽ ഏകദേശം 1.07 ഡോളറുമാണ് എന്ന നിരക്കിലുമാണ് ഇതിനായി ഈടാക്കുന്നത്.
പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ആഗോളതലത്തിൽ ഇത് പുറത്തിറക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
International
ലോസ് ഏഞ്ചല്സ്: അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തൽ ലോകമെങ്ങും ചർച്ചയായിരിക്കെ ചരിത്ര വിധിയുമായി യുഎസ് കോടതി.
വ്യക്തികളില് ആസക്തിയുണ്ടാക്കുന്ന വിധത്തില് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് പ്രവര്ത്തിക്കുന്നെന്ന പരാതിയില് മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കയിലെ കോടതി 56 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.
ഇന്സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള് എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 ദശലക്ഷം ഡോളറും ഗൂഗിള് 1.8 ദശലക്ഷം ഡോളറും നഷ്ടപരിഹാരം നല്കണമെന്നാണു കോടതിയുടെ ഉത്തരവ്. മെറ്റയും യുട്യൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.
ചെറുപ്പം മുതലുള്ള സോഷ്യല് മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള് നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്ണിയ സ്വദേശിനിയായ കാലെ(20)യാണു കോടതിയെ സമീപിച്ചത്. പരാതിയില് ഒമ്പതു ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്ക്കു ശേഷമാണ് കോടതി വിധി പറഞ്ഞത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവയും ഗൂഗിളും യുവതിയുടെ മാനസികാരോഗ്യത്തിനു ഹാനികരമായ ആസക്തി ഉളവാക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മനഃപൂർവം നിർമിച്ചതായി കോടതി കണ്ടെത്തി.
കുട്ടികളുടെ മനസിനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യല് മീഡിയ മേഖലയിലെ ഭീമന് കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിലും ഇപ്പോള് ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമനടപടികള്ക്കു തുടര്ച്ചയുണ്ടാകും.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ മെറ്റ കുറ്റക്കാരാണെന്ന് ന്യൂ മെക്സിക്കോയിലെ ജൂറിയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉള്ളടക്കത്തേക്കാൾ, ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം 'ആസക്തി' ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി.വിധിയിൽ സന്തോഷമുണ്ടെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന 'മനഃസാക്ഷിക്കു നിരക്കാത്ത' ബിസിനസ് രീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് മെറ്റ മേധാവികൾ പൊതുമധ്യത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ കമ്പനിക്കെതിരേ ഉയർത്തിയത്.അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളുംകോടതിവിധിക്കെതിരേ അപ്പീല് നല്കുമെന്ന് മെറ്റയും ഗുഗിളും വ്യക്തമാക്കി.
കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാകില്ലെന്നും മെറ്റ വ്യക്തമാക്കി. യുട്യൂബ് ഒരു സോഷ്യൽ മീഡിയ സൈറ്റല്ലെന്നും മറിച്ച് ഉത്തരവാദിത്വത്തോടെ നിർമിച്ച ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണെന്നും ഈ കേസിൽ യുട്യൂബിനെ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തതെന്നും ഗൂഗിൾ പറഞ്ഞു.
National
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വ്യാജരേഖകൾ, ഡീപ് ഫേക്ക് വീഡിയോകൾ എന്നിവയുൾപ്പെടെയുള്ള ഉള്ളടക്കങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. പരാതി ലഭിച്ചാലോ കോടതികൾ നിർദ്ദേശിച്ചാലോ അത്തരം ഉള്ളടക്കങ്ങൾ വെറും മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
നേരത്തെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് മൂന്ന് മണിക്കൂറായി കുറച്ചു. ഫെബ്രുവരി 20 മുതൽ ഈ നിയമം നിലവിൽ വരും. തെരഞ്ഞെടുപ്പ് അട്ടിമറികൾ, വ്യക്തിഹത്യ, വർഗീയ സംഘർഷങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾക്കും എഐ ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങൾക്കും തടയിടുകയാണ് ലക്ഷ്യം.
എഐ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവയിൽ 'എഐ ജനറേറ്റഡ്' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങൾ, ലൈംഗിക വൈകൃതങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകൾ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ എന്നിവ തനിയെ കണ്ടെത്തി നീക്കം ചെയ്യാൻ പ്രത്യേക സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഏർപ്പെടുത്താനും പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Business
കൊച്ചി: ഓണ്ലൈന് തട്ടിപ്പുകള് തിരിച്ചറിയാനും ചോദ്യം ചെയ്യാനും റിപ്പോര്ട്ട് ചെയ്യാനും ആളുകളെ സഹായിക്കുന്നതിനായി മെറ്റ തങ്ങളുടെ സ്കാം സേ ബചോ എന്ന പുതുക്കിയ ഡിജിറ്റല് അവബോധ പ്രചാരണം ആരംഭിച്ചു.
ഇന്ത്യന് സൈബര് ക്രൈം കോ-ഓര്ഡിനേഷന് സെന്റര് (ഐ4സി), സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ (സെബി) എന്നിവയുമായി സഹകരിച്ചാണു പ്രചാരണം.
മുന്കൂര് ഫീസ് ആവശ്യപ്പെടുന്ന വ്യാജ ജോലി ഓഫറുകള്, ഗവണ്മെന്റ് അല്ലെങ്കില് നിയമനിര്വഹണ ഉദ്യോഗസ്ഥരെ അനുകരിക്കുന്ന ഡിജിറ്റല് അറസ്റ്റ് തട്ടിപ്പുകള്, ഉറപ്പ് നല്കുന്ന അല്ലെങ്കില് ഒറ്റരാത്രികൊണ്ട് വരുമാനം വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ നിക്ഷേപപദ്ധതികള് എന്നിവയുള്പ്പെടെ ഏറ്റവും പ്രചാരത്തിലുള്ള തട്ടിപ്പുരീതികളെക്കുറിച്ച് അവബോധം പകരുന്നതാണ് പ്രചാരണം.
Tech
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉപയോക്താ ക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാൻ മെറ്റ ഒരുങ്ങുന്നു. പണമടച്ചുള്ള സേവനങ്ങളിലെ കമ്പനിയുടെ ഏറ്റവും പുതിയ പരീക്ഷണമാണിത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഫീച്ചറുകൾ ഈ പുതിയ സേവനത്തിലൂടെ ലഭ്യമാകും.
ഇതിനൊപ്പം പ്ലാറ്റ്ഫോമുകളുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമായും ഉപയോഗിക്കാം. വേരിഫൈഡ് അക്കൗണ്ടുകളിൽനിന്നു വ്യത്യസ്തമായിരിക്കും ഇത്തരം അക്കൗണ്ടിൽ ലഭ്യമാകുന്ന സേവനങ്ങൾ. സാധാരണ അക്കൗണ്ട് ഉടമകൾക്കു ലഭിക്കാത്ത പല എക്സ്ക്ലൂസീവ് ഫീച്ചറുകളും പ്രീമിയം ഉപയോക്താക്കൾക്കു ലഭിക്കും.
മാനുസ് എഐ
വൈബ്സ് വീഡിയോ ജനറേഷൻ ആപ്പ് പോലുള്ള ഫീച്ചറുകൾക്കായി സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ എഐ വിഷ്വൽ ക്രിയേഷൻ ടൂളുകൾ ഉപയോഗിച്ചു നിങ്ങളുടെ ആശയങ്ങൾക്കു ജീവൻ നൽകാൻ ഇതിനു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മെറ്റ എഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ മെറ്റ വൈബ്സ് സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ഏകദേശം 200 കോടി ഡോളറിനു വാങ്ങാൻ ധാരണയായ ചൈനീസ് എഐ കമ്പനിയുടെ മാനുസ് എഐ, സേവനങ്ങളും തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഉൾപ്പെടുത്താൻ മെറ്റ ലക്ഷ്യമിടുന്നു. ബിസിനസുകൾക്കായി മാനുസ് എഐയുടെ സേവനങ്ങൾ മെറ്റ തുടർന്നും ലഭ്യമാക്കും.
കൂടുതൽ കഴിവുകൾ
ചൈനയിൽനിന്നു സിംഗപ്പൂരിലേക്ക് ആസ്ഥാനം മാറ്റിയ മാനുസ്, പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഏജന്റാണെന്ന് അവകാശപ്പെടുന്നുണ്ട്. പല ചാറ്റ്ബോട്ടുകളെ പോലെ ആഗ്രഹിച്ച ഉത്തരം നല്കുന്നതിനു വീണ്ടും വീണ്ടും നിർദേശങ്ങൾ നല്കുന്നതു പോലെയല്ല മാനുസിന്റെ സേവനം. ഉപയോക്താവിന്റെ നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും പ്രാപ്തമാണ് മാനനുസ് എഐ എന്നു കമ്പനി പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു പ്രതിമാസ ഫീസോടെ ബ്ലൂ ടിക്ക് നൽകുന്ന പെയ്ഡ് വെരിഫിക്കേഷൻ സേവനം 2023ൽ മെറ്റ ആരംഭിച്ചിരുന്നു.
Business
കലിഫോർണിയ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ റിയാലിറ്റി ലാബിൽ ജോലി ചെയ്യുന്ന 10 മുതൽ 15 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
15,000 ത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്ന റിയാലിറ്റി ലാബ്സിലെ ജോലിക്കാരെയാകും പറഞ്ഞുവിടുന്നത്. മെറ്റാവേഴ്സ് യൂണിറ്റിലെ വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലും വിർച്വൽ സോഷ്യൽ നെറ്റ്വർക്കുകളിലും ജോലി ചെയ്യുന്നവരെയാണ് ഇതു കൂടുതൽ ബാധിക്കുകയെന്നു റിപ്പോർട്ടുകൾ പറയുന്നു.
സിഇഒമാർക്ക് സുക്കർബർഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വലിയ പദ്ധതിയായിരുന്നു മെറ്റാവേഴ്സ്. ഇതിനായി അദ്ദേഹം വൻതോതിൽ പണം ചെലവഴിച്ചെങ്കിലും 2020ന് ശേഷം സംരംഭത്തിന് 60 ബില്യൺ ഡോളറിലധികം (ഏകദേശം അഞ്ച് ലക്ഷം കോടി) നഷ്ടം സംഭവിച്ചു.
മെറ്റാവേഴ്സിനു പുറമെ, മെറ്റയുടെ ക്വസ്റ്റ് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ, എസിലർ ലക്സോട്ടിക്കയുമായി ചേർന്നു നിർമിച്ച റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ, ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ എന്നിവയും റിയാലിറ്റി ലാബാണ് നിർമിക്കുന്നത്.
റിയാലിറ്റി ലാബ്സിന്റെ ചുമതല വഹിക്കുന്ന മെറ്റാ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്വർത്ത് ജീവനക്കാരോടു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു യോഗം വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
Kerala
തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. പാട്ട് നീക്കണമെന്ന് മെറ്റയോടും യുട്യൂബിനോടും പോലീസ് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ നീക്കം.
കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സതീശൻ പറഞ്ഞു. അതേസമയം പാട്ടിനെതിരെ പരാതി നൽകിയ ആളുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.
പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല് സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പോലീസിൽ പരാതി നൽകിയത്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പാട്ടിന്റെ അണിയ പ്രവർത്തകർ പറഞ്ഞു.
ഗാനരചയിതാവ് ഉൾപ്പെടെ നാലു പേരെ പ്രതി ചേർത്താണ് കേസ്. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ. ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുള്ളയാണ് പാട്ടെഴുതിയത്.