മെറ്റ മ്യൂസ് ഗ്ലിമ്മർ
സ്വന്തം പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ 'മ്യൂസ് ഗ്ലിമ്മർ' എഐ മോഡൽ അവതരിപ്പിച്ച് മെറ്റാ.കൂടുതൽ ശക്തമായ എഐ സാങ്കേതികവിദ്യകൾ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമോ അതോ കർശന നിയന്ത്രണങ്ങളിൽ നിലനിർത്തണമോ എന്ന ആഗോള തലത്തിലെ ചർച്ചകൾക്ക് പുതിയ ഊർജ്ജം പകരുന്നതാണ് മെറ്റയുടെ ഈ നീക്കം.
30 ബില്ല്യൺ പാരാമീറ്ററുകളുള്ള മ്യൂസ് ഗ്ലിമ്മർ, സിസ്റ്റം ആവശ്യകതകൾ വളരെ കുറഞ്ഞ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ഒരു സാധാരണ ഗ്രാഫിക്സ് കാർഡ് ഉപയോഗിച്ച് തന്നെ ഇത് കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാം. ദിവസേനയുള്ള ഷെഡ്യൂൾ മാനേജ്മെന്റ്, ഫയലുകൾ ക്രമീകരിക്കൽ തുടങ്ങിയ വ്യക്തിഗത എഐ ജോലികൾക്കായാണ് ഈ മോഡൽ പ്രധാനമായും ഉപയോഗിക്കുക. ഇത് ഹഗ്ഗിംഗ് ഫേസ് പ്ലാറ്റ്ഫോം വഴി സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
മോഡൽ പുറത്തിറക്കിയതിനൊപ്പം മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പുറത്തുവിട്ട ലേഖനത്തിൽ എഐ സാങ്കേതികവിദ്യയെ സവിശേഷമായ നിയന്ത്രണങ്ങളിൽ നിർത്താൻ ആഗ്രഹിക്കുന്ന ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ എതിരാളികളുടെ നിലപാടുകളെ വിമർശിച്ചു.
എഐ സാങ്കേതികവിദ്യ ഏതാനും വൻകിട കമ്പനികളിലോ സർക്കാരുകളിലോ മാത്രം കേന്ദ്രീകരിക്കാതെ, ഓരോ വ്യക്തിക്കും അത് സ്വയം നിയന്ത്രിക്കാനുള്ള ശേഷി നൽകിക്കൊണ്ട് എല്ലാവർക്കും ലഭ്യമാകുന്ന "പേഴ്സണൽ സൂപ്പർഇന്റലിജൻസ്" നിർമിക്കുകയാണ് മെറ്റയുടെ ലക്ഷ്യമെന്ന് സക്കർബർഗ് വ്യക്തമാക്കി.
ചൈനീസ് സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള സൗജന്യ ഓപ്പൺ എഐ മോഡലുകൾ ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാൻ അമേരിക്കൻ ഓപ്പൺ സോഴ്സ് മോഡലുകളാണ് ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ടെക് കമ്പനികൾ എഐ വികസനത്തിനായി ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനിടയിലാണ് സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന പുതിയ എഐ മോഡലുമായി മെറ്റ രംഗത്തെത്തിയിരിക്കുന്നത്.
Tags : technology meta aimodel artificialintelligence