ടെഹ്റാൻ: പ്രമുഖ അമേരിക്കൻ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് അമേരിക്കൻ കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ 18 മുൻനിര അമേരിക്കൻ കമ്പനികൾക്കെതിരെ ആക്രമണം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ആപ്പിൾ, മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഐബിഎം, ഡെൽ, ടെസ്ല, എൻവിഡിയ, ബോയിംഗ്, എച്ച്പി, സിസ്കോ, ഒറാക്കിൾ, പാലാന്റിർ, ജെ.പി മോർഗൻ, ജിഇ, സ്പയർ സൊല്യൂഷൻസ്, ജി42 എന്നീ കമ്പനികൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.
അമേരിക്കൻ കമ്പനികൾ കൊലപാതകങ്ങളിൽ പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നു. ജീവൻ രക്ഷിക്കാനായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്ന് ഇറാൻ നിർദേശിച്ചു.
ഇതുകൂടാതെ അമേരിക്കൻ കമ്പനികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശമുണ്ട്. ഇറാൻ സമയം ഏപ്രിൽ ഒന്ന് ബുധനാഴ്ച രാത്രി 8 മുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു.